Image

CC 8/AD 36 ജൂദാസ് ഇസ്‌ക്കാരിയോത്ത് (നോവല്‍-അധ്യായം : സലിം ജേക്കബ്) 

Published on 16 November, 2022
CC 8/AD 36 ജൂദാസ് ഇസ്‌ക്കാരിയോത്ത് (നോവല്‍-അധ്യായം : സലിം ജേക്കബ്) 

JBI യുടെ ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ ഇരുന്ന് ഡി.വൈ.എസ്.പി കൃഷ്ണന്‍ ഹോംസ് അഡ്വ. രാമന്‍ മേനോനെക്കുറിച്ചുള്ള ഫയലില്‍ കണ്ണോടിക്കുകയായിരുന്നു. മേനോനെ നിരീക്ഷിക്കാനായി നിയോഗിച്ചവരുടെ റിപ്പോര്‍ട്ടിംഗ് പ്രകാരം മേനോന്‍ ഇതുവരെ രണ്ടുപ്രാവശ്യം ആ വൃദ്ധയെ കണ്ടിരിക്കുന്നു. കേസ് വാദിക്കാമെന്ന് മേനോന്‍ ഏറ്റിട്ടില്ലെങ്കിലും അതു മുഖവിലയ്ക്ക് എടുക്കാന്‍ ഹോംസ് തയ്യാറല്ലായിരുന്നു. മേനോന്റെ മുന്‍കാല വാദങ്ങള്‍ പഠിച്ച ഹോംസിന് ഒരു കാര്യം തീര്‍ച്ചയായി. ഏതെങ്കിലും അഡ്വക്കേറ്റിന് ജൂദാസിനെ രക്ഷിക്കാന്‍ കഴിയുമെങ്കില്‍ അത് ഇയാള്‍ തന്നെ. ഒരു പഴുതുമില്ലാത്ത കേസുകളിലും മേനോന്‍ പഴുതു കണ്ടെത്തുന്നു. എന്തിനേറെ, മുമ്പൊരിക്കല്‍ മേനോനെതിരെ ട്രാഫിക് പോലീസ് എടുത്ത കേസില്‍ മേനോന്‍ നിരത്തിയ വാദം വായിച്ച ഹോംസ് അദ്ഭുതപ്പെട്ടു. വേറെ ഏതൊരാളും കുറ്റം സമ്മതിച്ചുപോകുന്ന ആ കേസ് ഈ വിധത്തിലായിരുന്നു.

തുടരെത്തുടരെ പോലീസ് കേസുകള്‍ ഭേദിച്ചിരുന്ന മേനോനോട് ഒരു പോലീസ് ഓഫീസര്‍ക്ക് പക തോന്നിയത്രേ. മേനോന്റെ മാതൃരാജ്യം അയല്‍രാജ്യവുമായി യുദ്ധം ചെയ്യുന്ന സമയം. എല്ലാ വാഹനങ്ങളും ഹെഡ്‌ലൈറ്റിന്റെ മുകളിലെ പകുതിഭാഗം കറുത്ത പെയിന്റ് അടിച്ചിരിക്കണം എന്ന് നിയമം. ട്രാഫിക്കിന്റെ മേല്‍നോട്ടം ഉണ്ടായിരുന്ന ആ പോലീസ് ഉദ്യോഗസ്ഥന് മേനോനെ കുടുക്കാന്‍ അങ്ങനെയാണ് അവസരം ലഭിച്ചത്. പകല്‍ 10 മണി. കോടതിയിലെത്താനായി വേഗം പോകുന്ന മേനോന്റെ കാര്‍ തടഞ്ഞ പോലീസ് ഹെഡ്‌ലൈറ്റില്‍ കറുത്ത പെയിന്റില്ല എന്ന കുറ്റത്തിന് കേസ് ചാര്‍ജ്ജു ചെയ്തു. രാജ്യദ്രോഹം, ചാരപ്പണി തുടങ്ങിയ വകുപ്പുകള്‍ വേറെയും. മിനിറ്റുകള്‍ക്കുശേഷം, മൊബൈല്‍ കോടതിയില്‍ വായിച്ചുകേള്‍പ്പിച്ച കുറ്റം മേനോന്‍ നിഷേധിച്ചു. താന്‍ ഗുരുവിനെപ്പോലെ കരുതുന്ന മേനോനെ ചെറുപ്പക്കാരനായ മജിസ്‌ട്രേറ്റ് കുറ്റത്തിന്റെ ഗൗരവം വിവരിച്ചുകൊടുത്തു. കുറ്റം സമ്മതിച്ചാല്‍ ചെറിയ ഒരു പിഴയില്‍ ശിക്ഷ ഒതുക്കാം എന്നും പറഞ്ഞു. പക്ഷേ, മേനോന്‍ വഴങ്ങിയില്ല. തന്റെ പേരിലുള്ള ചാര്‍ജ് നിലനില്‍ക്കുന്നതല്ല എന്നദ്ദേഹം വാദിച്ചു. വാദത്തിന്റെ രത്‌നച്ചുരുക്കം ഇതായിരുന്നു.

'ഈ കാര്‍ ഞാന്‍ പകല്‍ മാത്രം ഉപയോഗിക്കുന്നു. രാത്രിയില്‍ സഞ്ചരിക്കുവാന്‍ എനിക്ക് വേറെ കാര്‍ ഉണ്ട്. അതിപ്പോള്‍ എന്റെ വീട്ടില്‍ പാര്‍ക്ക് ചെയ്തിരിക്കുന്നു. ആ കാറില്‍ ഗവണ്‍മെന്റ് അനുശാസിച്ച പ്രകാരം കറുത്ത പെയിന്റ് അടിച്ചിട്ടുണ്ട്. ബഹുമാനപ്പെട്ട കോടതിക്ക് എന്റെ വാക്കുകള്‍ വിശ്വാസം ഇല്ലെങ്കില്‍ ഇപ്പോള്‍തന്നെ ആരെയെങ്കിലും വിട്ട് ഇതിന്റെ നിജസ്ഥിതി അറിയാവുന്നതാണ്. അതുകൊണ്ട് എന്റെ പേരിലുള്ള ആരോപണം നിലനില്‍ക്കുന്നതല്ല'. 

ഹോംസ് ഫയലുകള്‍ മടക്കിവെച്ചു. ഇനി താമസിക്കുവാന്‍ പാടില്ല. അടുത്തനീക്കം ഉടന്‍ നടത്തിയേ പറ്റൂ, ഇല്ലെങ്കില്‍....

ടെലഫോണ്‍ ഓപ്പറേറ്ററോട് അഡ്വ. രാമന്‍ മേനോന്‍ താമസിക്കുന്ന ഹോട്ടലിലേക്ക് കണക്ട് ചെയ്യാന്‍ ഹോംസ് ആജ്ഞാപിച്ചു. 

(തുടരും...)

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക