കാസര്‍ഗോഡ് ബളാൽ സ്വദേശി സുരേന്ദ്രന്‍ കെ. പട്ടേല്‍ ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടിയില്‍ (ഹൂസ്റ്റണ്‍) 240 -മത് ജുഡീഷ്യല്‍ ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ഒരു 'ഗ്ലാസ് സീലിംഗ്' (മറികടക്കാൻ വിഷമമുള്ള തടസം) കൂടി തകര്‍ന്നു. ഇതാദ്യമായി അമേരിക്കയിൽ ഒരു മലയാളി ഡിസ്ട്രിക്ട് കോര്‍ട്ട് ജഡ്ജി ആയിരിക്കുന്നു. വധശിക്ഷ വരെ വിധിക്കാന്‍ അധികാരമുള്ള കോടതി. ഇന്ത്യയിലെ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതിയോട് ഏകദേശം ഉപമിക്കാം.
രണ്ടാമത്തെ ശ്രമത്തില്‍ 194 വോട്ട് ഭൂരിപക്ഷത്തിനാണ് വിജയം. എതിര്‍ സ്ഥാനാര്‍ഥി ആവശ്യപ്പെടുകയും പണം കെട്ടിവയ്ക്കുകയുമൊക്കെ ചെയ്താല്‍ റീ കൗണ്ട് നടത്താം. വീണ്ടും വോട്ടെണ്ണിയാലും ഫലത്തില്‍ മാറ്റമൊന്നും പ്രതീക്ഷിക്കുന്നുല്ലെന്നു നിയുക്ത ജഡ്ജ്.
കേരളത്തിലെ കുഗ്രാമത്തില്‍ നിന്നു വന്ന ഒരാള്‍ ഈ വിജയം കൈവരിച്ചത് അതിശയിപ്പിക്കുന്നു. അതിലുപരി അഭിമാനമുണര്‍ത്തുന്നു. മലയാളി സമൂഹം ഒന്നടങ്കം അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നു.
മത്സരം കടുത്തതായിരുന്നുവെങ്കിലും ജയത്തെപ്പറ്റി സംശയമില്ലായിരുന്നുവെന്ന് നിയുക്ത ജഡ്ജ് പട്ടേൽ. ഡമോക്രാറ്റിക് പ്രൈമറിയില്‍ സിറ്റിംഗ് ജഡ്ജിനെയാണ് തോല്‍പിച്ചത്. നവംബര്‍ എട്ടിലെ ഇലക്ഷനില്‍ റിപ്പബ്ലിക്കന്‍ എതിരാളി ഏറെ ശക്തനായിരുന്നു. അദ്ദേഹം അഡ്വക്കേറ്റും, സി.പിഎയും ആണ്. പോരെങ്കില്‍ അദ്ദേഹത്തിന്റെ ഭാര്യ ജഡ്ജിയും. എങ്കിലും ലക്ഷ്യബോധത്തോടെയും നിശ്ചയദാര്‍ഢ്യത്തോടെയുമുള്ള പ്രവര്‍ത്തനം എതിര്‍പ്പുകളെ മറികടന്നു. കഴിയാവുന്നത്ര ആളുകളെ നേരില്‍ കണ്ടു. ഫോണ്‍ ചെയ്യാനും ആളുകളെ ബന്ധപ്പെടാനും ടീമിനെ നിയോഗിച്ചു. എതിരാളി ഒരു വീട് കയറുമ്പോള്‍ നാം അഞ്ചു വീട് കയറണം എന്ന അവസ്ഥയുണ്ട്.
ഡമോക്രാറ്റിക് പാനലിലുള്ള എല്ലാ സ്ഥാനാര്‍ഥികളും ജയിച്ചില്ല. രണ്ടു പാര്‍ട്ടിയില്‍ നിന്നും പകുതി വീതം ആളുകള്‍ ജയിച്ചുവെന്നു പറയാം.
മത്സരം കടുത്തതായിരുന്നതിനാല്‍ ഏറ്റവും അധികം വോട്ട് വീണത് 240-ാം ഡിസ്ട്രിക്ടിലാണ്. മറ്റു ഡിസ്ട്രിക്ടുകളേക്കാള്‍ ആയിരത്തില്‍പ്പരം വോട്ടുകൾ ഇവിടെ ചെയ്‌തു.
കൗണ്ടി കോര്‍ട്ട് രണ്ടര ലക്ഷം ഡോളര്‍ വരെയുള്ള കേസുകളും, മിസ്‌ഡെമിനര്‍ കേസുകളും കേള്‍ക്കുമ്പോള്‍ പ്രമാദമായ കേസുകള്‍ ഡിസ്ട്രിക്ട് കോടതിയാണ് പരിഗണിക്കുക. രണ്ടര ലക്ഷത്തിനുമുകളിലുള്ള തുക ഉള്‍പ്പെടുന്ന കേസുകള്‍, ഫെലനി കേസുകള്‍ - കൊലപാതകം ഉള്‍പ്പടെ-ഡിസ്ട്രിക്ട് കോടതിയുടെ പരിഗണനയില്‍ വരുന്നു. കുറ്റക്കാരനാണോ എന്നു ജൂറി തീരുമാനിക്കുമ്പോള്‍ ശിക്ഷ വിധിക്കുന്നത് ജഡ്ജിയാണ്. ന്യൂയോര്‍ക്കിലും അങ്ങനെ തന്നെ. എന്നാല്‍ ഫ്‌ളോറിഡയില്‍ പാര്‍ക്ക് ലാന്റ് കൂട്ടക്കൊല പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം വിധിച്ചത് ജൂറിയാണ്.
പയ്യന്നൂര്‍ കോളജില്‍ നിന്ന് ബിരുദവും 1995 ൽ കോഴിക്കോട് ലോ കോളജില്‍ നിന്ന് നിയമബിരുദവുമെടുത്ത നിയുക്ത ജഡ്ജ് പത്തുവര്‍ഷത്തോളം ഹോസ്ദുര്‍ഗില്‍ അഡ്വക്കേറ്റായി പേരെടുത്തു. തുടര്‍ന്ന് ചിറ്റാരിക്കല്‍ പാലാവയല്‍ സ്വദേശിനിയും ഡൽഹിയിൽ നഴ്‌സുമായ ശുഭയെ വിവാഹം കഴിച്ചതോടെ പ്രാക്ടീസ് ഡല്‍ഹിയിലേക്ക് പറിച്ചു നട്ടു. സുപ്രീം കോടതിയില്‍ മൂന്നു ഡസനോളം കേസുകള്‍ വാദിച്ചു.
ഭാര്യയ്ക്ക് 2007-ല്‍ യു.എസിലേക്ക് ഇമിഗ്രന്റ് വിസ ലഭിച്ചു. അങ്ങനെ പട്ടേല്‍ കുടുംബം, ഭാര്യയും രണ്ടു മക്കളും - അനഘയും സാന്ദ്രയും- ഹൂസ്റ്റണിലെത്തി.
ബ്രിട്ടണിലെ കോമണ്‍ ലോ പ്രാക്ടീസ് ചെയ്യുന്ന രാജ്യങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ടെക്‌സസില്‍ നേരിട്ട് ബാര്‍ എക്‌സാമിനിരിക്കാം. ലോ സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കേണ്ടതില്ല. പക്ഷെ വന്ന് രണ്ടു വര്‍ഷത്തിനകം പരീക്ഷ എല്ലാവര്‍ക്കുമൊപ്പം പാസാകണം. അത് ആദ്യ തവണ തന്നെ പാസായതോടെ ആത്മവിശ്വാസമായി. തുടര്‍ന്ന് ഇന്റര്‍നാഷണല്‍ ലോയില്‍ മാസ്റ്റേഴ്‌സ് ബിരുദമെടുത്തു (എല്‍.എല്‍.എം). നിയമ സംബന്ധമായ പ്രബന്ധങ്ങളും വോയിസ് ഓഫ് ഏഷ്യ പത്രത്തിൽ വിവിധ വിഷയങ്ങളെപ്പറ്റി ഇംഗ്ലീഷ് ലേഖനങ്ങളും ഇക്കാലത്ത് പ്രസിദ്ധീകരിച്ചു.
2019-ല്‍ ആദ്യമായി ഇലക്ഷന്‍ രംഗത്തിറങ്ങി. അത് പരാജയപ്പെട്ടുവെങ്കിലും അതിൽ നിന്ന് പാഠങ്ങൾ പഠിച്ചു. ഇത്തവണ അത് ഉപകരിച്ചു. അങ്ങനെ വിജയം കൈവരിച്ചു.
അമേരിക്കയിൽ വന്നിട്ട് പതിനഞ്ച് വര്‍ഷമേ ആയുള്ളു എന്നത് ഈ വിജയത്തിനു തിളക്കം കൂട്ടുന്നു.
നാട്ടിലായിരുന്നെങ്കില്‍ ജഡ്ജി ആകുമായിരുന്നോ?
അത് ഉറപ്പില്ല. പക്ഷെ അഭിഭാഷകനെന്ന നിലയില്‍ ഉന്നതിയില്‍ എത്തുമായിരുന്നു എന്നതില്‍ സംശയമില്ല. ജഡ്ജി ആകണമെന്ന് ആഗ്രഹമുണ്ടായിരുന്നു.
ഇവിടെ ജഡ്ജിയെ ജനങ്ങള്‍ തെരഞ്ഞെടുക്കുന്നു. നാട്ടില്‍ പരീക്ഷയും ഇന്റര്‍വ്യൂവും വഴി തെരഞ്ഞെടുക്കുന്നു. രണ്ടിനും ഗുണവും ദോഷവുമുണ്ട്. പരീക്ഷയില്‍ നമ്മുടെ അറിവാണ് പരിശോധിക്കപ്പെടുന്നത്. എന്നാല്‍ ഇലക്ഷനില്‍ നമ്മുടെ പരിചയവും കഴിവും വിലയിരുത്തപ്പെടുന്നു. നമ്മള്‍ ആരെന്ന് ജനത്തിനു മുന്നില്‍ തെളിയിക്കണം.
പാര്‍ട്ടി സ്ഥാനാര്‍ഥി ആയതുകൊണ്ടു മാത്രം ജയിക്കാന്‍ സാധ്യതയില്ല. കാരണം പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിത്വം ലഭിക്കണമെങ്കില്‍ പ്രൈമറിയിൽ കടുത്ത മത്സരം തന്നെ ഉണ്ടാവും. പാര്‍ട്ടി സ്ഥാനാര്‍ഥിത്വം കിട്ടിയാല്‍ ജനറല്‍ ഇലക്ഷനില്‍ എതിര്‍ സ്ഥാനാര്‍ഥിയെ നേരിടണം. ഇവിടെയെല്ലാം ഒരു 'സ്‌ക്രീനിംഗ്' നടക്കുന്നുണ്ട്.
പാര്‍ട്ടിക്കാരനായി ജയിച്ചതുകൊണ്ട് പാര്‍ട്ടിക്കോ പാര്‍ട്ടിക്കാര്‍ക്കോ അനുകൂലമായി നിലകൊള്ളേണ്ടതില്ല. അത്തരമൊരു കാര്യം തന്റെ ഭാഗത്തുനിന്നും ഒരിക്കലും ഉണ്ടാവുകയുമില്ല. ജുഡീഷ്യറി ഏറ്റവും ഉന്നത നിലവാരവും നിഷ്പക്ഷതയും പുലര്‍ത്തണമെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. ആര്‍ക്കെങ്കിലും വഴങ്ങുന്നത് തന്റെ സ്വഭാവമല്ല. ഒരു ജഡ്ജിയും അങ്ങനെ ആവാന്‍ പാടില്ല. ജഡ്ജി സ്വതന്ത്രനായിരിക്കണം.
പ്രചാരണത്തില്‍ പോലും ഒരു പോസിറ്റീവ് കാമ്പെയ്‌നാണ് നടത്തിയത്. ചെളിവാരിയെറിയാനോ കുറ്റം കണ്ട് പിടിക്കാനോ ഒന്നും പോയില്ല. എന്നാല്‍ തന്റെ ഉച്ഛാരണവും പുതിയ കുടിയേറ്റക്കാരനെന്നതുമൊക്കെ എതിരാളി തനിക്കെതിരേ ഉപയോഗിച്ചു. പക്ഷെ ജനം അത് അവഗണിച്ചു.
പാവപ്പെട്ടവരാണ് കൂടുതല്‍ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതെന്ന ഒരു ധാരണ പരക്കെയുണ്ട്. എന്നാല്‍ ഏറ്റവും അധികം കുറ്റകൃത്യങ്ങള്‍ വൈറ്റ് കോളര്‍ വിഭാഗങ്ങളില്‍ നിന്നാണ്. വയലന്റ് ക്രൈം ഒരു പക്ഷെ താഴെ തട്ടിലുള്ളവരിലായിരിക്കും കൂടുതല്‍ ചെയ്യുന്നത്. അത് സെന്‍സേഷണലാകുന്നു. വൈറ്റ് കോളര്‍ ക്രൈമുകളില്‍ ഉന്നതരാകുമ്പോള്‍ അത് അവഗണിക്കപ്പെടുന്നു. മിക്കപ്പോഴും അവർ രക്ഷപ്പെടുന്നു.
ജഡ്ജി റിപ്പബ്ലിക്കന്‍ ആണെങ്കില്‍ കുറ്റകൃത്യം കുറയുമെന്നു പറയുന്നതില്‍ വാസ്തവമൊന്നുമില്ല. കുറ്റകൃത്യം നിയന്ത്രിക്കുന്നത് പോലീസ് സംവിധാനമാണ്. ഡിസ്ട്രിക്ട് അറ്റോര്‍ണി അത് ചാര്‍ജ് ചെയ്യുന്നു. ജഡ്ജി ചെയ്യുന്നത് നീതിപൂര്‍വ്വമായ വിചാരണ നടത്തി തീരുമാനമെടുക്കുന്നു എന്നു മാത്രമാണ്. അവിടെയും നീതിപൂര്‍വ്വം മാത്രം തീരുമാനം. അത് ഏതു പാർട്ടിക്കാരനായാലും ഒരു പോലെ ആയിരിക്കും
വിചാരണ സമയത്ത് തന്റെ പരസ്യ ബോർഡുകൾ വികൃതമാക്കുകയോ നശിപ്പിക്കുകയോ ഒക്കെ ചെയ്തു. പക്ഷെ അതൊന്നും ഗൗനിക്കാതെ ജനങ്ങളുമായി നേരിട്ട് ബന്ധപ്പെടാനാണ് ശ്രമിച്ചത്.
പ്രചാരണം ശക്തിപ്പെട്ടപ്പോള്‍ സാമ്പത്തിക ബാധ്യത കൂടി. കടം വന്നു. സമൂഹമൊക്കെ ഏറെ തുണച്ചതാണ്. പക്ഷെ അത് കൊണ്ട് ആയില്ല.
നമ്മുടെ ഒരാളെ നാം തുണച്ചില്ലെങ്കിൽ ആര് തുണക്കും?
തന്റെ പോരായ്മകളെപ്പറ്റി താന്‍ ഏറെ ബോധമുള്ളവനാണെന്ന് നിയുക്ത ജഡ്ജ് പറഞ്ഞു. അതായിരിക്കാം അദ്ദേഹത്തിന്റെ ഏറ്റവും വലിയ മികവും. ജഡ്ജ് പദത്തിലേക്കെത്തിയെങ്കിലും സംസാരത്തിലും പെരുമാറ്റത്തിലും വിനയം കൈമോശം വരുന്നില്ല. വലിയൊരു പദവി കൈവന്ന ഭാവവുമില്ല.
ഇന്ത്യക്കാര്‍ നേതൃരംഗത്ത് വന്നാല്‍ വലിയ മാറ്റം ഉണ്ടാവുമെന്ന് സുരേന്ദ്രൻ പട്ടേൽ കരുതുന്നു. നമ്മുടെ മികവും നിസ്വാര്ഥതയും അർപ്പണബോധവുമാണ് കാരണം. തെളിവായി മിസൂറി സിറ്റി മേയര്‍ റോബിന്‍ ഇലക്കാട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ അദ്ദേഹം ചൂണ്ടിക്കാട്ടി. രണ്ടു വര്‍ഷത്തിനിടെ മിസൂറി സിറ്റിയില്‍ വലിയ മാറ്റങ്ങളാണ് റോബിന്‍ കൊണ്ടുവന്നത്.
മലയോര മേഖലയാണ് ബളാൽ. കാസർകോട് നിന്നാണ് കുടുംബം അങ്ങോട്ട് മാറിയത്. പട്ടേൽ എന്നത് വീട്ടുപേരാണ്. കര്‍ഷകനായ പിതാവ് കോരന്‍ നേരത്തെ മരിച്ചു. അമ്മ ജാനകിയും രണ്ടു സഹോദരരും രണ്ട് സഹോദരിമാരും നാട്ടിലുണ്ട്. ഇലക്ഷൻ വാർത്തയറിഞ്ഞ് അവരെല്ലാം ത്രില്ലിൽ തന്നെ.
ഭാര്യയുടെ ബന്ധുക്കളുമെല്ലാം നാട്ടിലാണ്. ബെയ്ലര്‍ സെന്റ് ലൂക്ക് ഹോസ്പിറ്റലില്‍ നഴ്‌സ് ആണ് ഭാര്യ ശുഭ സുരേന്ദ്രൻ. മക്കള്‍ അനഘ റണ്ടൽ ഹൈസ്‌കൂളില്‍ പതിനൊന്നിലും, ഇളയ മകള്‍ സാന്ദ്ര ഒമ്പതിലും പഠിക്കുന്നു.
ഫോർട്ട് ബെൻഡിൽ സിവിൽ, ക്രിമിനൽ കേസുകൾ ഒരു പോലെ ജഡ്ജി കൈകാര്യം ചെയ്യണം. ചില സ്ഥലങ്ങളിൽ ഏതെങ്കിലും ഒരു വിഭാഗം മാത്രം മതി.
കോഴിക്കോട് ലോ കോളജിൽ നിന്ന് പാസായപ്പോഴത്തെ ഫോട്ടോ വല്ലതും കയ്യിലുണ്ടോ എന്ന് ഇ-മലയാളി ചോദിച്ചു. എന്നാൽ അമേരിക്കയിൽ വരുമെന്നോ ജഡ്ജി ആകുമെന്നോ ഇ-മലയാളി ഫോട്ടോ ചോദിക്കുമെന്നോ എന്നൊന്നും അന്ന് ഒരു ധാരണയുമില്ലായിരുന്നല്ലോ, അതിനാൽ ഫോട്ടോയും ഇല്ല എന്നായിരുന്നു സരസമായ മറുപടി.
ജഡ്ജ് സുരേന്ദ്രൻ പട്ടേലിന് നമുക്ക് വിജയങ്ങൾ ആശംസിക്കാം.
Surendran Pattel, District Judge, Fort Bend County, Texas