ഒരു സ്വതന്ത്ര ജനാധിപത്യരാജ്യത്തെ നിസ്സാരകാരണങ്ങള്‍ പറഞ്ഞ് ആക്രമിച്ച് നശിപ്പിച്ച് അവസാനം തോറ്റോടേണ്ടിവന്ന പുടിനെന്ന സ്വേശ്ചാധിപതി പരാജയത്തിന്റെ മുറിവുകള്‍ നക്കിത്തുടക്കുന്ന റഷ്യന്‍ കരടിയെയാണിപ്പോള്‍ ഓര്‍മിപ്പിക്കുന്നത്. ഇയാളുടെ പരാജയം പലരും തുടക്കത്തിലെ പറഞ്ഞതാണ്. എന്നാല്‍ അതൊന്നും കേള്‍ക്കാന്‍ കഴിയാതെവണ്ണം ഈ മനുഷ്യന്റെചെവി അടഞ്ഞതായിരുന്നു. പ്രസിഡണ്ടായിട്ടും പ്രധാനമന്ത്രിയായിട്ടും മാറിയുംതിരിഞ്ഞും ഇരുപത് വര്‍ഷങ്ങളോളം ഭരിച്ച് രാജ്യത്തെജനങ്ങളെ വിഢികളാക്കിയ മഹാനാണിപ്പോള്‍ പടക്കളത്തില്‍ വെടിയേറ്റുവീണിരിക്കുന്നത്. ഇത് ജനാധിപത്യത്തെയും സ്വാതന്ത്ര്യത്തെയും കാംക്ഷിക്കുന്ന എല്ലാവര്‍ക്കും സന്തോഷകരമായ വാര്‍ത്തയാണ്. എല്ലാ യുദ്ധക്കൊതിയന്മാരുടെയും അന്ത്യം ഇതുപോലെതന്നെ.
അതിക്രമിച്ചുകയറിയ റഷ്യന്‍പട്ടാളത്തെ തടയാന്‍ ആദ്യനാളുകളില്‍ ഉക്രേന്‍ പരാജയപ്പെടുകയായിരുന്നു. അവരുടെ കയ്യില്‍ കുറെപഴഞ്ചന്‍ തോക്കുകളും കാലിക്കുപ്പികളും മാത്രമേ ഉണ്ടായിരുന്നുള്ളു. ബിയര്‍കുപ്പികളില്‍ പെട്രോള്‍ നിറച്ച് റഷ്യന്‍ടാങ്കുകളുടെനേരെ എറിയാനാണ് സെലന്‍സ്‌കി നാട്ടുകാരോട് പറഞ്ഞത്. റഷ്യന്‍ പട്ടാളം അതിവേഗം ഉക്രേനിന്റെ തലസ്ഥാനമുള്‍പ്പെടെ കിഴക്കന്‍ പ്രദേശങ്ങള്‍ പിടിച്ചടക്കി. എന്തുചെയ്യണമെന്ന് അറിയാതെ പരിഭ്രമിച്ചുനിന്ന സെലന്‍സ്‌കിക്ക് സുരക്ഷിത അഭയംനല്‍കാമെന്ന് ബൈഡന്‍ പറഞ്ഞെങ്കിലും തന്റെ നാട്ടുകാരെവിട്ട് എങ്ങോട്ടുമില്ലെന്ന് ധീരനായ ആ കൊമേഡിയന്‍ തീരുമാനിച്ചു. ലോകത്തിനുമുന്‍പില്‍ വീരപുരുഷനാകാന്‍ അങ്ങനെ അയാള്‍ക്ക് സാധിച്ചു.
നേറ്റോയുടെയും അമേരിക്കയുടെയും ആയുധങ്ങള്‍ കിട്ടിയപ്പോളാണ് ഉക്രേന്‍ജനതക്ക് തിരിച്ചടിക്കാനുള്ള ശക്തികിട്ടിയത്. നേരിട്ട് യുദ്ധംചെയ്യാതെ ആയുധങ്ങളും പണവുംകൊടുത്ത് ഉക്രേനെ സഹായിച്ച അമേരിക്കയുടെ നയം പ്രശംസനീയമാണ്. അമേരിക്കന്‍ ആയുധങ്ങളുടെ മുന്‍പില്‍ തകര്‍ന്നടിഞ്ഞ റഷ്യന്‍ ടാങ്കുകളുടെയും കവചിത വാഹനങ്ങളുടെയും ശവപ്പറമ്പായി മാറിയിരിക്കയാണ് ഉക്രേന്‍മണ്ണ്. യുദ്ധംകഴിയുമ്പോള്‍ ഇതെല്ലാം ഇരുമ്പവിലക്കുവിറ്റ് കാശാക്കന്‍ ഉക്രേനിന് സാധിക്കും.
(ലോകശക്തിയായ റഷ്യക്കുമുന്‍പില്‍ കീഴടങ്ങുകയാണ് ഉേ്രകനിന് നല്ലതെന്ന് മുന്‍ അബാസിഡറായിരുന്ന ടി പി ശ്രീനിവസനുള്‍പ്പെടെ കേരളത്തിലെ ബുദ്ധിജീവികള്‍ ഉപദേശിച്ചത് ഉക്രേനിലേക്ക് ദൂരക്കൂടുതല്‍ ഉള്ളതുകൊണ്ട് സെലന്‍സ്‌കി കേട്ടില്ല. കേട്ടിരുന്നെങ്കില്‍ അദ്ദേഹം അതേപറ്റി ഗഹനമായി ചിന്തിക്കുമായിരുന്നു. എന്തായാലും അതിവിടെ പ്രസക്തമല്ല. കേരള ബുദ്ധിജീവികളെ തല്‍കാലം വെറുതെ വിടാം. ഇക്കൂട്ടരെപറ്റി ഒരുലേഖനം പിന്നീട് എഴുതാമെന്ന് വിചാരിക്കുന്നു.)
ഉക്രേനിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ റഷ്യന്‍ഭാഷ സംസാരിക്കുന്നവരാണ് കൂടുതല്‍ എന്നതായിരുന്നല്ലോ യുദ്ധപ്രഖ്യാപനത്തിനുള്ള കാരണങ്ങളില്‍ ഒന്ന്. റഷ്യന്‍ഭാഷ സംസാരിക്കുന്ന ജനങ്ങളുള്ള പ്രദേശങ്ങളെല്ലാം തങ്ങളുടെ ഭാഗമാകണമെന്ന വാദം അംഗീകരിച്ചാല്‍ ലോകത്തിന്റെ പലഭാഗങ്ങളും റഷ്യക്ക് അവകാശപ്പെടേണ്ടിവരും. ഉക്രേന്‍ നാറ്റോയില്‍ ചേരുമെന്നുള്ള പേടി മറ്റൊരു കാരണം. നിയോ നാസികളാണ് ഉക്രേന്‍ ഭരിക്കുന്നത് എന്നത് വേറൊന്ന്. ഇതൊക്കെയാണ് ഉക്രേനെ ആക്രമിക്കാന്‍ ചെന്നായുടെ ന്യായംപോലെ പുടിന്‍ പറഞ്ഞുകൊണ്ടിരുന്നത്. യധാര്‍ഥ ഉദ്ദേശം കീവ് കീഴടക്കി തന്റെ വരുതിയില്‍ നില്‍കുന്ന പാവഗവണ്മെന്റിനെ അവിടെ സ്ഥാപിക്കുക എന്നതായിരുന്നു., ബലാറൂസിലെപ്പോലെ.
സെലന്‍സ്‌കിയുടെ നേതൃത്വത്തില്‍ പോരാളികളായ ഉക്രേന്‍ജനത തിരച്ചടിക്കാന്‍ തുടങ്ങിയപ്പോള്‍ റഷ്യന്‍ഭടന്മാര്‍ക്ക് പിന്‍തിരിയേണ്ടിവന്നു. തങ്ങള്‍ എന്തിനുവേണ്ടി യുദ്ധംചെയ്യുന്നു എന്ന് അവര്‍ക്ക് അറിയില്ലായിരുന്നു. സ്വന്തംരാജ്യത്ത് അതിക്രമിച്ചുകയറിയ ശത്രുവിനെ തുരത്താന്‍ ഉക്രേന്‍ജനത കാട്ടിയ പോരാട്ടവീര്യം റഷ്യന്‍ പട്ടാളത്തിന് ഇല്ലാതെപോയത് അതുകൊണ്ടാണ്. റഷ്യ പിടിച്ചെടുത്ത കിഴക്കന്‍ പ്രദേശങ്ങളിലെ പ്രധാനപട്ടണമായ ഖേര്‍സണ്‍ മോചിപ്പിച്ചത് ഉക്രേനിന്റെ ആത്മവീര്യം വര്‍ദ്ധിപ്പിച്ചിരക്കയാണ്. പരാജയം നുണയാന്‍ തുടങ്ങിയപ്പോഴാണ് പുടിന്‍ അനുനയം എന്നവാക്ക് ഉച്ചരിച്ചുതുടങ്ങിയത്. റഷ്യപിടിച്ചടക്കിയ പ്രേദേശങ്ങള്‍ മുഴവന്‍ മോചിപ്പിക്കാതെ യാതൊരു വിട്ടുവീഴ്ച്ചക്കുമില്ലെന്നാണ് സെലന്‍സ്‌കിയുടെ വാക്കുകള്‍.
ഇന്‍ഡോനേഷ്യയില്‍ നടന്ന ജി 20 രാഷ്ട്രത്തലവന്മാരുടെ സമ്മേളനത്തിലേക്ക് റഷ്യക്ക് ഷണമുണ്ടായിരുന്നെങ്കിലും ലോകനേതാക്കന്മാരെ അഭിമുഖീകരിക്കനുള്ള ചമ്മല്‍കാരണം പുടിന്‍ പങ്കെടുത്തില്ല. പകരം വിദേശകാര്യമന്ത്രിയെയാണ് അയച്ചത്. സെലന്‍സ്‌കി അനുനയ—ത്തിന് വഴങ്ങുന്നില്ലെന്നാണ് പുടിന്റെ വാലാട്ടിയായ അയാളവിടെ പറഞ്ഞത്. ലോകജനതയെമൊത്തം റഷ്യാക്കാരെപ്പോലെ വിഢികളാക്കാമെന്നായിരിക്കാം അയാള്‍ ചിന്തിച്ചത്. റഷ്യയെ ഇത്രയധികം നാണംകെടുത്തിയ പുടിനെ ഇപ്പോഴും ആ നാട്ടുകാര്‍ സഹിക്കുന്നത് ലജ്ഞാകരം തന്നെയാണ്.
പോളണ്ടില്‍ ഒരു മിസൈല്‍വീണ് രണ്ടുപേര്‍ മരിച്ചെന്ന് ഇപ്പോള്‍ കേള്‍ക്കുന്നു. അത് റഷ്യ മനഃപൂര്‍വം അയച്ചതാണോ അതോ ഉക്രേന്‍ അബദ്ധത്തില്‍ വിട്ടതാണോയെന്ന അന്വേഷണം നടക്കുന്നതേയുള്ളു. മിസൈല്‍ തങ്ങളുടേത് അല്ലെന്ന് ക്രെംലിന്‍ പറയുന്നു. നല്ലതുതന്നെ., അങ്ങനെ വിശ്വസിക്കാനാണ് ലോകത്തിന് താത്പര്യം. ഉക്രേനിലേക്കുവിട്ട റഷ്യന്‍ മിസൈല്‍ അബദ്ധത്തില്‍ പോളണ്ടില്‍ വീണതാകാനാണ് കൂടുതല്‍ സാധ്യത.
മുറിവാല്.
ജി 20 സമ്മേളനത്തില്‍ ഏറ്റവും തിങ്ങിയത് ഇന്‍ഡ്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ലോകനേതാക്കന്മാരൊക്കെ അദ്ദേഹത്തോട് സംസാരിക്കാന്‍ മത്സരിക്കയായിരുന്നു. അക്കൂട്ടത്തില്‍ അമേരിക്കന്‍ പ്രസിഡണ്ടും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഉണ്ടായിരുന്നു. ലോകവേദിയില്‍ ഇന്‍ഡ്യക്കിപ്പോള്‍ സുപ്രധാനമായ സഥനമുണ്ടന്നാണ് മോദി തെളിയിച്ചിരിക്കുന്നത്. കേരളത്തിലെ കമ്മ്യൂണിസ്റ്റ്- കോണ്‍ഗ്രസ്സ് പുംഗവന്മാര്‍ക്ക് മാത്രമാണ് അദ്ദേഹത്തെ വിലയില്ലാത്തത്. കോണ്‍ഗ്രസ്സുകാരെപറ്റി പറയാതിരിക്കയാണ് ഭേദം. എന്തെങ്കിലും പറഞ്ഞിട്ട് പാണക്കാട്ടുപോയി ലീഗ് തങ്ങളോട് ക്ഷമചോദിക്കുന്ന കെ പി സി സി പ്രസിഡണ്ടിന്റെ ദുരവസ്ഥ എത്ര ആക്ഷേപകരമാണ്.
സാം നിലമ്പള്ളില്‍
samnilampallil@gmail.com.
# Vladimir Putin story by Sam nilampallil