Image

ബോൾസ്റ്റാൾജിയ - 1 - സ്വപ്നമായിരുന്നു ശരിക്കും : പ്രകാശൻ കരിവെള്ളൂർ

Published on 17 November, 2022
ബോൾസ്റ്റാൾജിയ - 1 - സ്വപ്നമായിരുന്നു ശരിക്കും  : പ്രകാശൻ കരിവെള്ളൂർ

ബോളൊന്ന് കാൽ കൊണ്ട് തട്ടാൻ കൊതിക്കാത്തൊരു കുട്ടി ലോകത്തെവിടെയെങ്കിലും ഉണ്ടാകുമോ ? സാധ്യതയില്ല.

കുഞ്ഞുന്നാളിൽ പെൺകുട്ടിയുടെയും പ്രിയകളിപ്പാട്ടം ഒരു ചെറിയ ബോള് തന്നെയായിരുന്നല്ലോ. കൈ കൊണ്ട് എറിഞ്ഞ് ഒടുവിൽ അവളും അവനെപ്പോലെ ആ ഓമനപ്പന്ത് കാൽ കൊണ്ട് തട്ടി. അതൊരു തട്ടിമാറ്റലായിരുന്നില്ല , തൊട്ട് തഴുകലായിരുന്നു.  

ലോകത്തിന് മുഴുവൻ ബാധകമാവുന്ന ഒരു ബോളേയുള്ളൂ - അത് വോളീബോളും ബാസ്കറ്റ് ബോളും ക്രിക്കറ്റ് ബോളും ടെന്നീസ് ബോളുമൊന്നുമല്ല, ഫുട്ബോളാണ്. അതുകൊണ്ട് വൻകരാ - രാജ്യ-സംസ്ഥാന - നഗര-ഗ്രാമഭേദമില്ലാതെ ഒരേയൊരാരവമായിത്തീരാൻ ഒരു ഉത്സവമേ യുള്ളു - ലോകകപ്പ് ഫുട്ബോൾ . അവിടെ മതം ഫുട്ബോളാണ്. ആരാധനാലയം പച്ചപ്പുല്ലിൽ വെളുത്ത ബോർഡർ വരഞ്ഞ , ഇരു വശത്തും വെളുത്ത വല കുലുങ്ങാൻ കാത്തിരിക്കുന്ന ഗോൾ പോസ്റ്റുള്ള ആ മോഹന മൈതാനമാണ്. ആചാരം കളിയാണ്. അനുഷ്ഠാനം ഒരു ബോള് തട്ടിക്കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും ജാഗ്രതയോടെ ഓടലാണ്.

ബാല്യത്തിൽ ഏറെ കളിച്ചും കൗമാരത്തിൽ ഒരു പാട് കണ്ടും കാലക്രമേണ നാലു വർഷത്തിലൊരിക്കൽ ടീ വി യിലെ ലോകകപ്പായും ഒരു ഫുട്ബോൾ പ്രണയം ഒരു വിധക്കാർക്കെയുണ്ടാവുമെന്ന് ഞാൻ വിചാരിക്കുന്നു. എനിക്കുണ്ട്. ചങ്കെടുത്ത് കാണിച്ചാലും ചെമ്പരത്തിപ്പൂവെന്നേ പറയൂ എന്ന പഴഞ്ചൊല്ലിനെ പുതുക്കി ഞാൻ , ഹൃദയമെടുത്ത് കാണിച്ചാലും ഫുട്ബോൾ ബ്ളാഡറെന്നേ പറയൂ എന്നാക്കിയിട്ടുണ്ട്.

ഐഷുക്കുട്ടി എന്ന കഥയിൽ ബഷീർ , ഗർഭപാത്രത്തിൽ കരണം മറിഞ്ഞ് കിടക്കുന്ന കുട്ടി അമ്മയുടെ ഹൃദയം ഫുട്ബോളായി തട്ടുന്നു എന്ന് നിരീക്ഷിച്ചിട്ടുണ്ട്. ഒരു പക്ഷേ , അവിടെ നിന്ന് കിട്ടിയതാകാം ബാല്യത്തിന്റെ ഹരമായ ആ പന്ത്തട്ടൽ മോഹം . ഭൂമിയും വലിയൊരു പന്തായതു കൊണ്ട് ഫുട്ബോളിൽ മനുഷ്യന്റെ ജീവിതാഭിനിവേശവും ധ്വനിക്കുന്നുണ്ട് .

ടെലിവിഷൻ ചാനലുകളൊരുക്കിയ സാർവ്വത്രികമായ പ്രേക്ഷണ സൗകര്യത്തിൽ പുതിയ തലമുറയിലെ ഫുട്ബോൾ പ്രേമികൾക്ക് ലോകത്തിന്റെ ഫുട്ബോൾ മിടിപ്പിനൊപ്പം തുടിക്കാൻ പണ്ടത്തെപ്പോലെ നാല് വർഷം കാത്തിരിക്കുകയൊന്നും വേണ്ട . കോപ്പ അമേരിക്ക, ക്ളബ്ബ് ഫുട്ബോൾ എന്നൊക്കെ പറഞ്ഞ് ഇടയ്ക്കിടെ കാണാനുണ്ട് ഫുട്ബോൾ ടൂർണമെന്റുകൾ . എന്നാൽ അതൊന്നും ലോകം മുഴുവൻ മനസ്സുകൊടുക്കുന്ന മത്സരങ്ങളാവുന്നില്ല. കളിക്കാരുടെയും കായികപ്രേമികളിൽ വളരെ കുറച്ച് പേരുടെയും കാര്യമായി അത് ചുരുങ്ങുന്നു. കൂടാതെ, ക്രിക്കറ്റിനും ലോകകപ്പുണ്ട് . ഫുട്ബോളിന്റെ നാ ലിലൊന്ന് പ്രേക്ഷകർ പോലും അതിനില്ല. അതുകൊണ്ട് കളിയെന്നാൽ ഫുട്ബോൾ - ഫുട്ബോൾ എന്നാൽ ലോകകപ്പ് . ഒരു എളിയ ഫുട്ബോൾ ആരാധകൻ എന്ന നിലയിൽ എനിക്ക് ഇങ്ങനെയേ ചിന്തിക്കാൻ കഴിയൂ.

ഇന്നത്തെ കുട്ടികൾക്ക് സ്കൂളിലായാലും വീട്ടിലായാലും അയൽ വക്കത്തായാലും കളിക്കോപ്പുകൾക്ക് പഞ്ഞമില്ല. ഷട്ടിലും ബാറ്റും. ക്രിക്കറ്റ് ബാറ്റും ബോളും സ്റ്റമ്പും , ഫുട്ബോളും പോസ്റ്റും നെറ്റും, വോളിബോൾ ... യൂ പി സ്കൂളിൽ വരെ എല്ലാമുണ്ട്. പീ ട്ടീ പിരീഡ് കളിക്കാൻ കിട്ടുന്നുമുണ്ട്. എന്നാൽ പത്ത് മുപ്പത് വർഷം മുമ്പ് ഞങ്ങളെത്ര ദരിദ്ര രായിരുന്നു !

മൂന്നാം ക്ളാസ് വരെ ഞാൻ പഠിച്ചത് അമ്മനാടായ ആലക്കാട്ടാണ്. സരസ്വതി വിലാസം സ്കൂൾ സൗകര്യങ്ങളെല്ലാം വിപുലീകരിച്ച് ഇപ്പോഴുമുണ്ട്. അന്ന് ഒന്നുമുണ്ടായിരുന്നില്ല. എന്തിന് , കളിക്കാൻ വിട്ടാൽ വെറുതേയൊന്ന് തട്ടിക്കളിക്കാൻ തരാൻ ചെറിയൊരു പന്ത് പോലും . അന്ന് എപ്പോഴും മനസ്സിൽ കൊണ്ടു നടന്ന പ്രിയപ്പെട്ട സ്വപ്നമായിരുന്നു ഞങ്ങൾക്ക് ഫുട്ബോൾ . ആ നിത്യ വിസ്മയം കളിക്കാനോ കാണാനോ പോയിട്ട് ഒന്ന് തൊടാൻ പോലും കിട്ടിയിരുന്നില്ല എന്നതാണ് സത്യം.

വൈകുന്നേരം അവസാനത്തെ പിരീഡ് എല്ലാ ക്ളാസുകാർക്കും കളിയാണ്. ഇന്റർവെല്ലിന് ബെല്ലടിച്ചാലുടൻ എല്ലാവരും സ്കൂളിന് മുന്നിലെ പൂഴി മൈതാനത്തേക്കോടും . അവിടെ വലിയൊരു മാവുണ്ട്. അതിന്റെ ചോട്ടിലാണ് - പൂന്ത് , അത്തളി ഇത്തളി, കൊത്തങ്കല്ല്, എട്ടാം കട്ടം ... ഇത്തരം ബിപിഎൽ കളികളേ ഞങ്ങൾക്ക് വിധിച്ചിട്ടുള്ളൂ. അപ്പോഴാണ് തൊട്ടടുത്ത യൂ പി സ്കൂളിലെ ഏട്ടന്മാർ ഓടി വരിക. അവർക്ക് കളിക്കാനും ഇതേ മൈതാനമാണ്. ഒരു വ്യത്യാസമുണ്ട്. അവർ ഏ പീ എല്ലുകാരാണ്. കാരണം കൈയ്യിൽ ഫുട്ബോളുണ്ട് ! 
നിധി പോലുള്ള ആ സാധനം അവരുടെ കൈയിൽ നിന്ന് തട്ടിപ്പറിച്ചെടുത്ത് പടിഞ്ഞാറ്റിയിൽ പൂജിക്കാൻ വച്ചാലോ എന്ന് വരെ തോന്നിയിട്ടുണ്ട് അന്ന് .

ഏട്ടന്മാർ കളിക്കുന്നത് ഏറെ കൊതിയോടെയും ചെറിയ അസൂയയോടെയും ഈ അനിയന്മാർ നോക്കി നിന്നു. അവർ കളിക്കുന്നതിനിടയിൽ പുറത്തേക്ക് തെറിച്ചു പോകുന്ന ബോൾ അവർക്ക് എടുത്തു കൊടുക്കാനായി ഞങ്ങളിൽ ചിലർ മത്സരിച്ചിരുന്നു. ആ നേരത്ത് അതൊന്ന് തട്ടുന്നത് മാത്രമല്ല, തൊടുന്നത് പോലും സ്വർഗീയാനുഭവമായിരുന്നു. തെറിച്ചു പോകുന്ന ബോൾ വളരെ ദൂരെപ്പോയി വീഴണേ എന്നാണ് ഞങ്ങൾ പ്രാർത്ഥിച്ചത്. കാരണം തിരിച്ച് വരുമ്പോൾ കുറച്ച് കൂടുതൽ നേരം തട്ടിക്കളിക്കാലോ ?

ഒരിക്കൽ അതു പോലെ കളി തുടങ്ങിയതേയുള്ളൂ. ഒരുത്തൻ ഷൂട്ട് ചെയ്തു. ബോൾ തെറിച്ച് അകലെ കുറ്റിക്കാട്ടിൽ പോയി വീണു. എന്റെ കൂടെ പഠിക്കുന്ന സുരേശനും വേറൊരുത്തനുമാണ് അതിന്റെ പിറകേ മത്സരിച്ചോടിയത്. കുറച്ച് നേരം കഴിഞ്ഞിട്ടും രണ്ടാളെയും കാണുന്നില്ല.

അക്ഷമരായ കളിക്കാരോടൊപ്പം ഞങ്ങളിൽ ചിലരും പോയി. നോക്കുമ്പോഴേക്ക് എന്താ കഥ ? ബോളിന് വേണ്ടി അടി പിടി കൂടി കടി പിടിയായി നിലത്ത് വീണുരണ്ട് കലമ്പാണ് രണ്ടാളും ! 

( തുടരും... )

PRAKASHAN KARIVELLOOR # FOOTBALL NOSTALGIA

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക