Image

ചക്രധാര (കഥ- മനോഹർ തോമസ്)

Published on 18 November, 2022
ചക്രധാര (കഥ- മനോഹർ തോമസ്)

തനി കർഷകനായ കോശിച്ചേട്ടൻ തൊടങ്ങനാട് എന്ന മലയോര ഗ്രാമത്തിൽ എത്തുമ്പോൾ ആരും ആയിരുന്നില്ല . വർഷങ്ങളുടെ അധ്വാനം അയാളെ കണ്ണായ അറുപതേക്കർ ഭൂമിയുടെ ഉടമസ്ഥനാക്കി .ഭാര്യ വിത്തക്കും രണ്ടാൺ മക്കൾക്കും ,രണ്ടു പെണ്മക്കൾക്കും അയാളുടെ നേട്ടത്തിൽ ഒരു വലിയ പങ്കുണ്ട് .

രണ്ടാമനായ മാത്തുക്കുട്ടിക്ക് ഫുട്ട്‌ബോളുകളിയിലായിരുന്നു കമ്പം. ഓലപന്തിൽ തുടങ്ങി , ഒട്ടുപാല് പന്തുവഴി സ്‌കൂളിലെ സെന്റർ ഫോർവേഡ്‌  കളിക്കാരൻ വരെ എത്തി .കോളേജിലെത്തുമ്പോൾ ഡിസ്ട്രിക്ട് ലെവലിൽ കളിക്കാൻ കഴിഞ്ഞിരുന്നു . ഒന്നാം വർഷ എം .എ .ക്കു പഠിക്കുമ്പോഴാണ് , തൊടങ്ങനാട് ഗ്രാമത്തെ നടുക്കിയ ഉരുൾ പൊട്ടൽ ഉണ്ടായത് .കോശി ചേട്ടൻറെ  കാതലായ പല കൃഷി ഇടങ്ങളും ഒലിച്ചുപോയി .എത്ര കഷ്ടപ്പെട്ടിട്ടും തിരിച്ചുപിടിക്കാനാകാതെ വലഞ്ഞും  വിഷമിച്ചും നിന്ന കോശിച്ചേട്ടൻ പ്രാർത്ഥനയോടെ മാത്തുകുട്ടിയെ ഒരു പുരോഹിതനാക്കാൻ , അങ്ങിനെ  ദൈവത്തിനു സമർപ്പിക്കാൻ , തീരുമാനിച്ചു .

അങ്ങിനെയാണ് മാത്തുക്കുട്ടി എന്ന ഫുട്‍ബോളുകളിക്കാരൻ  ഒരുപാട് സ്വപ്നങ്ങളുടെ തിരുമുറ്റത്തുനിന്ന് ഫാ . മാത്യു മേലേടത്തു എന്ന  വൈദികനാകുന്നത് . ന്യൂയോർക്കിലെ ഒരു ചെറിയ ഇടവകയിൽ അസിസ്റ്റൻറ്
വികാരിയായി സ്ഥാനം ഏൽക്കുമ്പോൾ പള്ളി  ഭരണത്തിൽ അധികം പരിചയമില്ലാത്ത മാത്യൂഅച്ചന്‌ വരാനിരിക്കുന്ന വിപത്തുകളെപ്പറ്റി വലിയ  ജ്ഞാനം ഉണ്ടായിരുന്നില്ല . ഇടവകക്കാരുമായി കഴിയുന്നത്ര സ്നേഹത്തിൽ ഇടപെട്ടിരുന്ന അച്ചൻ അവരുടെ കുടുംബ പ്രശ്നങ്ങളിലും ഭാഗഭാക്കായിരുന്നു.

എന്നും നടക്കാനിറങ്ങുന്ന അച്ചൻ ഏതു ഗ്രൗണ്ട് വഴി കടന്നുപോകുമ്പോഴും ,ആളുകൾ പന്തുകളിക്കുന്നതു കാണുമ്പോൾ അറിയാതെ നിന്നുപോകുന്നു . ഓർമകളുടെ തിരത്തള്ളലിൽ, പഴയ പന്തുകളിക്കാരൻ
മാത്തുകുട്ടിയായി ഒരു നിമിഷം മാറിപ്പോകുന്നു . സെന്റർ ഫോർവേഡ്  കളിച്ചിരുന്ന മാത്തുക്കുട്ടി , പന്തുമായി കയറുമ്പോൾ കാണികളുടെ ഇടയിൽനിന്നും ഉയരുന്ന  “  മാത്തുകുട്ടിയെ  “ എന്ന വിളികേൾക്കുമ്പോൾ ബോധം പോകും . പിന്നെ ഒന്നും കാണാൻ കഴിയില്ല . ഒറ്റ ലക്ഷ്യം മാത്രം
ഗോൾപോസ്റ്റ് .

അങ്ങിനെ ഉള്ള ഒരു നടപ്പുദിവസത്തിന്റെ ഇടയിൽ വച്ചാണ് , അച്ചൻ ഒരാൾ മദ്യപിച്ചു,  നിൽക്കാൻ നിവൃത്തിയില്ലാതെ ഫെൻസിൽ തുങ്ങി നിൽക്കുന്നത് കണ്ടത് . അടുത്തു ചെന്നപ്പോൾ ,ആള് മലയാളിയാണെന്നും , പള്ളിയിൽ ഇടക്ക് വരാറുള്ള ബെന്നിയാണെന്നും മനസ്സിലായത് .കാറെടുത്തു
ബെന്നിയെയും കൂട്ടി വീട്ടിൽ ചെന്നതും ഭാര്യയും ,കുട്ടികളും കൂട്ടനിലവിളി , ഭാര്യ ഒരു വക്കിൽ ഓഫീസിൽ ക്ലാർക്കായി പണിയെടുക്കുന്നു .ഡെയിസിക്ക്  വക്കിലുമായി അവിഹിത ബന്ധമുണ്ടെന്ന് പറഞ്ഞാണ് തുടക്കം . കുടിയായി , അടിയായി , വഴക്കായി .പലരും ഇടപെട്ടിട്ടും ഫലമൊന്നും ഉണ്ടായില്ല . മാത്യു അച്ചൻ അറിയാതെ ഈ  വഴക്കിന്റെ ഇടനിലക്കാരനാകേണ്ടി വന്നു .  

അച്ചൻ ഈ പ്രശ്‍നം തീർത്തത് എങ്ങിനെയാണെന്ന് ആർക്കും അറിയില്ല . പക്ഷെ പ്രശനം തീർത്തു എന്നറിയാം . ആ  സംഭവം അച്ചന് പള്ളിയിൽ ഒരു പേരുണ്ടാക്കികൊടുത്തു .അങ്ങിനെ പലരുടെയും കുടുംബ സംബന്ധിയായ അലോസരങ്ങളിൽ അച്ചൻ ഒരു കണ്ണിയായി .

എല്ലാ ഞായറാഴച്ചകളിലും പള്ളികഴിയുമ്പോൾ അച്ചൻ പുറത്തിറങ്ങി നിൽക്കുകയും , ഇടവകക്കാരുമായി കൂടുതൽ അടുത്തു ഇടപഴകുകയും ചെയ്യുന്നത് പതിവായി .
 
എമിലി എന്നൊരു പെൺകുട്ടി ,ആയിടക്കാണ് പുതുതായി പള്ളിയിൽ വരാൻ തുടങ്ങിയത് .അടക്കവും , ഒതുക്കവും , കാണാൻ ഒരുപരിധിയിലേറെ  സൗന്ദര്യവുമുള്ള എമിലിയെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങി . ഒരു ഞായറാഴ്ച പോലും മുടങ്ങാതെ പള്ളിയിൽ വന്നിരുന്ന എമിലിയുടെ ,പള്ളി കഴിഞ്ഞുള്ള നടയിലെ നിൽപ്പിൽ നിന്നും , മാത്യുഅച്ചന് പിടികിട്ടി ,അവൾക്കു തന്നോട് എന്തോ പറയാനുണ്ടെന്ന് .

ആ സംശയം ശരിയാണെന്ന് താമസിയാതെ അച്ചന് മനസ്സിലായി .അവൾ അടുത്തുവന്നതും, നീരാടിയ കണ്ണുകളിൽ ഒരു വൈഡൂര്യ തിളക്കം .കുറച്ചു വാക്കുകളിൽ തൻ്റെ കുടുംബ പശ്ചാത്തലവും, ജീവിത സാഹചര്യങ്ങളും പറഞ്ഞൊതുക്കി . അമ്മയും , രണ്ടനിയത്തിമാരും അടങ്ങുന്ന ഒരു ചെറിയ കുടുംബത്തിന്റെ ഭാരം തൻ്റെ ചുമലിലാണെന്ന് വ്യക്തമായി . ആദ്യത്തെ കൂടികാഴ്ച്ചയിൽ, പറയാനുള്ളതു മുഴുവൻ പറയാതെ , എന്തൊക്കെയോ  തന്നിൽ അവൾ ഒതുക്കിയിട്ടുണ്ടെന്ന് അച്ചന് മനസ്സിലായി .

അടുത്ത ആഴ്ചയിലും പള്ളിപിരിയുമ്പോൾ എമിലി അവിടെ നിൽപ്പുണ്ടായിരുന്നു .അച്ചനെ കണ്ട മാത്രയിൽ അവൾ ഓടിവന്നു .” എന്നെ ഒന്ന്  സഹായിക്കണം  “ എന്ന് പറഞ്ഞാണ്‌ തുടങ്ങിയതുതന്നെ .
“ഒരാൾ തൻ്റെ പുറകെ നടന്ന് ബുദ്ധിമുട്ടിക്കുകയാണെന്നും, വിവാഹം കഴിച്ചോളാം എന്നൊക്കെ പറയുന്നുണ്ടെങ്കിലും ,അതിൽ എന്തോ അപകടം മണക്കുന്നതായി തോന്നുന്നുണ്ടെന്നും  “ അവൾ  പറഞ്ഞു .   അയാളുടെ സംസാരത്തിൽ ക്രൂരത നിറഞ്ഞു നിൽക്കുന്നുണ്ടെന്നും , താക്കിതിന്റെ പരിവേഷം വാക്കുകളിൽ വ്യക്തമാണെന്നും അറിയിച്ചു .  “ ഞാനൊന്നു ആലോചിക്കട്ടെ  “എന്ന മറുപടിയിൽ അച്ചൻ നിർത്തി .

ഇങ്ങനത്തെ സാഹചര്യത്തിൽ പ്രിയോരച്ചനോട് ഒന്നാലോചിക്കുന്നതാണ് ബുദ്ധി എന്ന് മനസ്സുപറഞ്ഞു . ഇടവക വികാരിയായ ഫാ . ഫ്രാൻസിസ് പാപ്പാളി ജീവിതാനുഭവങ്ങൾ ഉള്ള പ്രായം ചെന്ന ഒരു വൈദികനാണ് . അദ്ദേഹത്തോട്  മാത്യു അച്ചൻ വിവരം അറിയിച്ചു .

“ഇടവകക്കാരുടെ സിവിലും , ക്രിമിനലും ആയ കാര്യങ്ങളിൽ ഇടപെടാൻ നമുക്ക് അധികാരമില്ല , ആത്മീയ പ്രശനങ്ങൾ മാത്രമാണ് നമ്മുടെ വിഷയം . അതിന് പോലീസും , സർക്കാരും ഉണ്ട് . അങ്ങിനെ ഇടപെട്ട് അബദ്ധത്തിൽ ആയിപോയ ഒരുപാട് അനുഭവങ്ങൾ എനിക്കുണ്ട് . മാത്രമല്ല നമ്മൾ അന്യനാട്ടിൽ
ആണ് . വളരെ സൂക്ഷിച്ചു വേണം പ്രശ്നങ്ങൾ അഭിമുഖീകരിക്കാൻ . പിന്നെ എല്ലാം അച്ചന്റെ ഇഷ്ടം  .”

ഏതോ ഗാനമേള ട്രൂപ്പിൻറെ കൂടെ തബലക്കാരനായി വന്ന് മുങ്ങിയ  പീറ്റച്ചനാണ് പിന്നീട് പീറ്റർ ഫെർണാണ്ടസ് ആയി രംഗപ്രവേശം ചെയ്യുന്നത് . കൊല്ലം തങ്കശ്ശേരിക്കാരനായ പീറ്റർ തുടക്കത്തിൽ ഇന്ത്യൻ റെസ്റ്റോറന്റിൽ  പത്രം കഴുകിത്തുടങ്ങി ; അവിടന്നങ്ങോട് പച്ചപിടിച്ചു പ്രോണോ കടയിലെ
സെയിൽസ്മാനായി . അവിടം ഡ്രഗ്ഗ് കച്ചവടത്തിന് പറ്റിയ ഭൂമികയാണെന്ന്  കണ്ടെത്തിയതോടെ പീറ്ററിന്റെ ജാതകം കുത്തനെ മാറി .

ആ പീറ്ററാണ് എമിലിയുടെ പുറകെ വിവാഹ അഭ്യർത്ഥനയുമായി നടക്കുന്നത് .പല പ്രാവശ്യം ഒഴിഞ്ഞു മാറിയിട്ടും യാതൊരു രക്ഷയുമില്ല .
വീണ്ടും , വീണ്ടും അയാൾ എമിലിയെ കാണാൻവന്നു .

മാത്യു അച്ചൻ തനിക്കുവേണ്ടി എന്തെങ്കിലും ചെയ്യാതിരിക്കില്ല എന്നവൾ വിശ്വസിച്ചു .അച്ചനാണെങ്കിൽ എമിലിയോട് എന്ത് പറഞ്ഞൊഴിയും എന്ന ധർമ്മസങ്കടത്തിലും . പല ദിവസങ്ങളിലും അവൾ അകലെ നിൽക്കുന്നത് കാണുമ്പോൾ അച്ചൻ വെട്ടിമാറും. പിന്നീട് അച്ചൻ എമിലിയെ കാണുമ്പോൾ അവളാകെ പരിക്ഷീണയായിരുന്നു .  .

 “ നാളെ രാവിലെ ഒമ്പതുമണിക്ക് അയാൾ വീട്ടിൽ വരുമെന്നാണ് പറഞ്ഞിരിക്കുന്നത് .അച്ചൻ നാളെ അവിടം വരെ ഒന്ന് വരണം . എനിക്ക് ഇക്കാര്യം പറയാൻ മറ്റാരുമില്ലച്ചോ .”  കണ്ണീരിൽ ചാലിച്ച വാക്കുകൾക്ക് യാചനയുടെ ആവരണം  .അതിനുമുകളിൽ ഏതോ നിശ്ച്ചയദാർഢ്യത്തിന്റെ  മേലാപ്പ്‌ .

വലിയച്ചന്റെ താക്കിതും ,അന്യ നാടാണെന്ന തിരിച്ചറിവും , എമിലിയുടെ യാചന തിങ്ങിയ മുഖവും അച്ചന്റെ ഉറക്കം കെടുത്തി .

മാത്യു അച്ചന്റെ ഉള്ളിൽ പഴയ ഫുട്‍ബോളുകളിക്കാരൻ മാത്തുക്കുട്ടി ആർത്തിരമ്പി .പിറ്റേ ദിവസം അതിരാവിലെ എഴുന്നേറ്റ് ഓട്ടം കഴിച്ചു.  എമിലിയുടെ വീട്ടിലേക്ക് നടന്നു .നട കയറി ചെല്ലുമ്പോൾ പീറ്റർ എമിലിയോട് തർക്കിച്ചു നിൽക്കുന്നതാണ് കണ്ടത് .

എമിലിയോട് വളരെ ശാന്തമായി ചോദിക്കുന്നു  “ എന്താ എമിലി പ്രശ്നം ? “
അതിന് മറുപടി പറഞ്ഞത് പീറ്ററാണ് .  ‘ അച്ചൻ പള്ളി ഭരിച്ചാൽ മതി . മറ്റു കാര്യങ്ങളിൽ ഇടപെടേണ്ട . ഞാൻ തീരെ വെടക്കാണ് . അഥവാ ഇടപെട്ടാൽ  അച്ചനാണെന്നുള്ള ബഹുമാനം ഞാനങ്ങ് മറക്കും . “

അച്ചന് പിന്നെ ഒന്നും ഓർമയില്ല .രണ്ടു ചെവിയിലും മുഴങ്ങുന്ന  “മാത്തുക്കുട്ടിയേ “ എന്ന വിളി മാത്രം . ആളുകൾ ചുറ്റും  ആർത്തിരമ്പുന്നു .
പന്തുമായി ഗോൾപോസ്റ്റിലേക്ക് പാഞ്ഞടുക്കുന്ന മാത്തുക്കുട്ടി .ആരവം  ഉച്ചസ്ഥായിയിൽ ആകുന്നു .ഒരു നിഷാർത്ഥം .അച്ചൻ ളോഹയുടെ അടി മടക്കിക്കുത്തുന്നു . ശരവേഗത്തിൽ നീങ്ങിയ അച്ചൻ പീറ്ററിന്റെ കഴുത്തിന് കുത്തിപ്പിടിച്ചു ചുമരിലേക്ക് ചേർത്തുനിർത്തുന്നു .ഫുട്ബാൾ കളിച്ചു തഴമ്പിച്ച  മുട്ടുകാലുപൊക്കി പീറ്ററിന്റെ മർദവസ്വകാര്യതയിൽ ഒറ്റ ഇടി .അലർച്ച  അന്തരീക്ഷത്തിൽ മുറിപ്പാട്ഉണ്ടാക്കി തരിച്ചുനിന്നു .

ഒരു വൈദികനിൽ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത ഈ നീക്കത്തിനു മുമ്പിൽ പീറ്റർ പതറുന്നു . ഒന്ന് കുതറാൻപോലും ആകാതെ അയാൾ നടുങ്ങി നിൽക്കുന്നു .അച്ചൻ  ആകെ അരച്ചുകലക്കി ഒരു വാചകമേ പറഞ്ഞുള്ളു .

“നാളെ ഒരു സൂര്യോദയമുണ്ടെങ്കിൽ നിന്നെ ഈ ന്യൂയോർക്കിൽ കണ്ടുപോകരുത് .  “

അച്ചൻ ഒന്നും സംഭവിക്കാത്തപോലെ ശാന്തമായി നടന്നകലുന്നു !!

# kadha written by Manohar Thomas

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക