MediaAppUSA

കാളീശ്വരത്തെ ബ്രസീലും അർജന്റീനയും (ബോൾസ്റ്റാൾജിയ -2 - പ്രകാശൻ കരിവെള്ളൂർ )

Published on 18 November, 2022
കാളീശ്വരത്തെ ബ്രസീലും അർജന്റീനയും (ബോൾസ്റ്റാൾജിയ -2 - പ്രകാശൻ കരിവെള്ളൂർ )

ആലക്കാട്ട് നാട്ടിൽ നിന്ന് ഞാൻ ബ്രസീൽ, അർജന്റീന എന്നൊന്നും കേട്ടിട്ടേയില്ല. നെയ്മറും മെസ്സിയൊന്നും ജനിച്ചിട്ടില്ല. മാറഡോണ പോലും കളിച്ചിട്ടില്ല. 1980 കൾക്ക് മുമ്പേയാണ്.

അന്ന് ഞങ്ങളൊക്കെ കാളി ശ്വരത്തെ വായനശാലടീമിന്റെ ആരാധകരായിരുന്നു. സ്കൂൾ വിട്ടാൽ ഞങ്ങളുടെ മൈതാനം അവരുടെ കളിസ്ഥലമാണ്. അവർ പണിയൊക്കെ കഴിഞ്ഞ് എല്ലാവരും എത്തിച്ചേരാൻ വൈകും .

മൂന്നാല് ഏട്ടന്മാർ കളിക്ക് മുമ്പുള്ള പ്രാക്ടീസിന് നേരത്തെ വരുമായിരുന്നു. ഒരു ചുവപ്പ് നിറമുള്ള ടീ ഷർട്ടും നീല ട്രൗസറുമായിരുന്നു അവരുടെ ജേൾസി എന്നാണോർമ്മ. തെറ്റുണ്ടെങ്കിൽ അവർ തിരുത്തട്ടെ . കൂട്ടത്തിൽ ഒന്നു രണ്ടാൾക്ക് ബൂട്ട്സ് ഒക്കെയുണ്ടായിരുന്നു. അവർ അതിട്ട് ലേസ് കെട്ടുന്നതൊക്കെ ആരാധനയോടെ നോക്കി നിന്നിട്ടുണ്ട്.

ബോള് തട്ടാനും മുട്ടാനും കിട്ടാത്ത കുട്ടികളോട് അവർ കരുണ കാണിച്ചു. കളി തുടങ്ങും വരെ ഞങ്ങൾക്ക് തന്നു. അതിന് വേണ്ടി ഞങ്ങളിൽ ചിലർ സ്കൂൾ വിട്ട ഉടൻ പോകാറില്ല. മൈതാനത്ത് തന്നെ ചുറ്റിപ്പറ്റി നിൽക്കും . വായനശാലയിലെ ഏട്ടന്മാരെത്താൻ വൈകിയാൽ അക്ഷമരാകും. വല്ല ജാഥയോ മീറ്റിങ്ങോ ഉള്ള ദിവസം കാണില്ല. അപ്പോൾ വരുന്ന സങ്കടം പറഞ്ഞറിയിക്കാനാവില്ല. ആരാണ് ഈ ജാഥയും പ്രസംഗവും കണ്ട് പിടിച്ചത് ? അവരെ ശപിച്ചു കൊണ്ടാണ് അന്ന് വീട്ടിൽപ്പോവുക.

ഫുട്ബോൾ എന്താണെന്ന് തൊട്ടും തട്ടിയും പിടിച്ചും അടുത്തറിഞ്ഞത് ആ ഏട്ടന്മാർ മുഖേനയാണ്. പുറമേ കാണുന്ന തുകൽ കെയ്സ് മാത്രമല്ല - അകത്ത് ഓറഞ്ച് നിറത്തിലുള്ള ഒരു റബ്ബർ ബ്ളാഡറുമുണ്ടെന്ന് അന്ന് മനസ്സിലായി. അതിൽ കാറ്റടിക്കാനായി സൈക്കിൾ പമ്പും അവർ കൊണ്ടു വന്നിരുന്നു. 

സമീപ പ്രദേശങ്ങളിലെ ചില ടീമുമായി ഇടയ്ക്ക് മാച്ച് നടത്താറുണ്ടായിരുന്നു കാളീശ്വരക്കാർ. കാങ്കോലിൽ നിന്നും കുണ്ടയം കൊവ്വലിൽ നിന്നും വൈപ്പിരിയത്തു നിന്നുമൊക്കെ ടീമുകൾ വന്നു. ഞാനെപ്പോഴും കാളീശ്വരം ടീം ജയിക്കാൻ ആഗ്രഹിച്ചു. 

ഫുട്ബോളിന്റെ കളി നിയമങ്ങൾ കുറച്ചു കുറച്ചായി മനസ്സിലാവാൻ തുടങ്ങിയത് ആ മാച്ചുകൾ കണ്ടാണ്. ആദ്യമാദ്യം ത്രോ, പെനാൾട്ടി , കോർണർ ... ഇതൊക്കെ എന്താണെന്ന് മനസ്സിലാവാതെ അമ്പരന്നിട്ടുണ്ട്. 

അന്ന് ആലക്കാട്ട് മാത്രമല്ല എല്ലാ നാട്ടുമ്പുറങ്ങളിലും ഇത്തരം ഫുട്ബോൾ മത്സരങ്ങൾ ഉണ്ടായിട്ടുണ്ടാവും. ഇന്നിപ്പോൾ പല സ്കൂളും മതില് കെട്ടി ഗേയ്റ്റടച്ചില്ലേ ? പല മൈതാനങ്ങളും ഇല്ലാതായില്ലേ ? എന്നാൽ കാളീശ്വരം മൈതാനം ഇപ്പോഴുമുണ്ട്. അന്നത്തെയത്രയും കളിയാവേശം ഇപ്പോൾ കാണാനില്ല. കളിക്കേണ്ട പ്രായക്കാർ രാപ്പകൽ മൊബൈലിലും സന്ധ്യ കളിൽ വേറെ തിരക്കുകളിലുമായില്ലേ ? നാട്ടുമ്പുറത്തെ പല ഫുട്ബോൾ മൈതാനങ്ങളും ബോളുമായി കുതിച്ചു വരുന്ന മറ്റൊരു യുവത്വത്തിന് കാതോർക്കുന്നുണ്ടാവും .

രഞ്ജൻ പ്രമോദിന്റെ രക്ഷാധികാരി ബൈജു എന്ന സിനിമ ഓർമ്മ വരുന്നു - കാലങ്ങളായി നാട്ടിലെ കുട്ടികളും ചെറുപ്പക്കാരും ഫുട്ബോളും ക്രിക്കറ്റും കളിച്ചു കൊണ്ടിരുന്ന മൈതാനമാണ്. ഇപ്പോൾ സ്ഥലത്തിന്റെ ഉടമസ്ഥർ സ്ഥലത്തിന് മതില് കെട്ടി അവിടെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റൽ പണിയാനുള്ള ആലോചനയിലാണ്. ആ നേരത്ത് കുട്ടികളുടെ കളികൾക്ക് നേതൃത്വം കൊടുക്കാറുളള ബിജു മേനോന്റെ കഥാപാത്രം തൊണ്ടയിടറി പറയുകയാണ്. കുട്ടികൾ ഓടിയും ചാടിയും കളിച്ചും ആരോഗ്യത്തോടെ വളർന്നാൽ നമ്മുടെ എംബിബിഎസ് മക്കൾ ഡോക്ടറായിട്ട് ആരെ ചികിത്സിക്കും. ? എഞ്ചിനീയറിങ്ങ് മക്കൾ എങ്ങനെ ആശുപത്രി കെട്ടും ? നമുക്ക് മൈതാനങ്ങൾ വേണ്ട - ആശുപത്രികൾ മതി.

കൃത്യമായും ആ സിനിമ വിളിച്ചു പറഞ്ഞത് കളിയുടെ രാഷ്ട്രീയമാണ്.

അന്ന് കളി മുടങ്ങുമ്പോൾ ജാഥയേയും മീറ്റിങ്ങിനെയും ശപിച്ച ഞങ്ങൾ കുട്ടികൾക്ക് അതറിയില്ലായിരുന്നു. ഇന്ന് മുതിർന്നിട്ടും പലരുമതറിയുന്നില്ലല്ലോ .

തുടരും....

( ഭാഗം 3 - ഞങ്ങളുടെ കാൽപ്പന്തുകളി )

prakashan  karivelloor # footbal nostalgia

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക