Image

പുസ്തകങ്ങളുടെ പുസ്തകങ്ങൾ: ഡോ. കുഞ്ഞമ്മ ജോർജ്

Published on 18 November, 2022
പുസ്തകങ്ങളുടെ പുസ്തകങ്ങൾ: ഡോ. കുഞ്ഞമ്മ ജോർജ്

ഈയിടെ കുറച്ചു പുസ്തകങ്ങൾ വായനയ്ക്കെടുത്തു. എല്ലാം പുസ്തകങ്ങളുടെ പുസ്തകങ്ങളാണ്.

പികെ രാജശേഖരന്റെ വാക്കിന്റെ മൂന്നാംകര,എസ് ജയചന്ദ്രന്റെ റോസാ ദളങ്ങൾ. ഇവ രണ്ടും 600 ഓളം  പേജുകളിൽ പരന്നുകിടക്കുന്നു. 200 ഓളം എഴുത്തുകാർ,അതിലധികം പുസ്തകങ്ങൾ ഇവയിൽ പരിചയപ്പെടുത്തിയിരിക്കുന്നു. അതുകൊണ്ടുതന്നെ ഒറ്റ വായനയിൽ ഇവ തീർക്കുവാൻ സാധിക്കുകയില്ലല്ലോ.  ഒന്നോ രണ്ടോ ചാപ്റ്റേഴ്സ്, ഇപ്പോൾ കൈകൊണ്ടിരിക്കുന്ന ഒരു രീതി അതാണ്.

അജയ് മങ്ങാടിന്റെ 'പറവയുടെ സ്വാതന്ത്ര്യം ' ഏറ്റവും ലളിതമായി തോന്നി. ബെന്നി ഡൊമിനിക്കിന്റെ 'ആത്മശൈലങ്ങളിലെ യാത്രികർ' പല കാരണങ്ങളാലും വേറിട്ട് നിൽക്കുന്നു.  രണ്ട് കൈകൾ കൊണ്ടും മാറിമാറി ചിത്രം വരയ്ക്കുന്ന ഒരു കുസൃതി കുട്ടിയെ പോലെ ബെന്നി ഇതിലെ അധ്യായങ്ങളെല്ലാം സമഗ്രമായി മലയാളവും ഇംഗ്ലീഷും മാറിമാറി ഉപയോഗിച്ച് കുറിച്ചിട്ടിരിക്കുന്നത് വായനക്കാരെ അത്ഭുതപ്പെടുത്തും..

പി കെ രാജശേഖരന്റെ തന്നെ' ഇരുൾ സന്ദർശനങ്ങൾ' എന്ന പുസ്തകം ക്രൈം ഫിക്ഷൻ വായനകളെ വിശദമായി പരിശോധനയ്ക്ക് വിധേയമാക്കിയിരിക്കുന്നു. ഡോക്ടർ പോൾ തേലക്കാട്ടിന്റെ 'സാഹിത്യത്തിന്റെ താത്വികാഖ്യാനങ്ങൾ ' ഈ ഗണത്തിൽ വായിച്ച മറ്റൊരു പുസ്തകമാണ്.

 പറഞ്ഞുവരുന്നത് ഈ വായനകൾ പുസ്തക ആസ്വാദനം കുറിച്ചിടുവാനുള്ള എന്റെ ആവേശത്തെ, ആത്മ ധൈര്യത്തെ, അമർത്തി കളഞ്ഞിരിക്കുന്നു എന്നാണ് . എല്ലാ പുസ്തകങ്ങൾക്കും ആസ്വാദനം എഴുതുവാൻ കഴിവുള്ള ഒരാൾ ഒന്നുമല്ല ഞാൻ. ചില പുസ്തകങ്ങൾ വായിക്കുമ്പോൾ അതിനെക്കുറിച്ച് രണ്ടക്ഷരം എഴുതുവാൻ ഒരാവേശം തോന്നാറുണ്ട്. അതു വെറും ആസ്വാദനമാണ്,  വിമർശിക്കുക തെറ്റുകൾ കണ്ടുപിടിക്കുക ഇതൊന്നും അതിൽ പെടുകയില്ല. ഒരു സാധാരണ വായനക്കാരന് വായനയിൽ ഉടനീളം തോന്നുന്ന ഒരാവേശമാണ് ആസ്വാദനം എഴുത്തിന് എന്നെ പ്രേരിപ്പിക്കുന്നത്. എഴുതാതിരുന്നാൽ ചിലപ്പോൾ എന്റെ തുടർവായനയെ അത് അലോസരപ്പെടുത്തും. അങ്ങനെ രണ്ടുവരി കുറിക്കണമെന്ന് വായനയിൽ ഉടനീളം തോന്നിയ പുസ്തകമാണ് വി.ജി തമ്പിയുടെ 'പഴയ മരുഭൂമിയും പുതിയ ആകാശവും.' തമ്പി മാഷിന്റെ ഞാൻ വായിച്ചിട്ടുള്ള പുസ്തകങ്ങൾ കുറച്ചു മാത്രം. തച്ചൻ അറിയാത്ത മരം, ഹവ്വ മുലപ്പാൽ കുടിക്കുന്നു - ഇവ വർഷങ്ങൾക്കു മുമ്പേ വായിച്ചവ. പിന്നീട് വായിക്കുന്നത്  'യൂറോപ്പ് ആത്മചിഹ്നങ്ങൾ'  എന്ന മനോഹരമായ യാത്രാ പുസ്തകമാണ്. അദ്ദേഹം എഡിറ്റ് ചെയ്ത് സമാഹരിച്ച 'ക്ലാസിക്കുകളും നവ ഭാവുകത്വവും' എന്ന പുസ്തകത്തെക്കുറിച്ച് ഞാനൊരു റിവ്യൂ എഴുതിയിരുന്നു.
       

എഴുത്തുകാരൻ ഈ പുസ്തകത്തിന്റെ ആമുഖ വരികൾ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്.

" ഈ പുസ്തകത്തോടും ഇനി വരാൻ പോകുന്ന പുസ്തകങ്ങളോടും എനിക്ക് അളവില്ലാത്ത സ്നേഹമുണ്ട്. ഭൂമിയിലെ ഒരൊറ്റ ദുരന്തത്തിനും ഉള്ളിലെ ആനന്ദത്തെ കെടുത്തി കളയാനാവില്ല. അക്ഷരങ്ങളുടെ ഔഷധ ശക്തിയാണ് എഴുത്തുകാരന്റെ വിശ്വാസപ്രമാണം". ഈ വരികളിൽ എന്തോ എന്റെ മനസ്സ് വല്ലാതെ കിടുങ്ങിപ്പോയി.
       

വായനയ്ക്കൊടുവിൽ ബെന്യാമിൻ അവതാരികയിൽ എഴുതിയതിനോട് വായനക്കാരനും ചാഞ്ഞു പോകുന്നു.അതെ. പല വിഷയങ്ങളെക്കുറിച്ച് എഴുതുമ്പോഴും
 

ഇത് സഞ്ചാരങ്ങളുടെ പുസ്തകമാണ്. ദേശങ്ങളിൽ നിന്ന് ദേശങ്ങളിലേക്ക് നടത്തിയ യാത്രകൾ കൊണ്ട് മാത്രമല്ല, മനുഷ്യരിലേക്കും സൗഹൃദങ്ങളിലേക്കും പുസ്തകങ്ങളിലേക്കും എഴുത്തുകാരിലേക്കും ആത്മീയതയിലേക്കും വിശുദ്ധ ഗ്രന്ഥങ്ങളിലേക്കും  അകത്തേക്കും പുറത്തേക്കുമുള്ള യാത്രകൾ കൂടി ആകുന്നത് കൊണ്ടാണത് . ഒരാളുടെ ഉള്ളിലെ കടലിളക്കങ്ങളെക്കുറിച്ച് നമുക്കെന്തു ധാരണയുണ്ട്?   അതുകൊണ്ടാവും ബെന്യാമിൻ  'പൊള്ളുന്ന ഉൾ സഞ്ചാരങ്ങൾ'  എന്ന് ഇതിനെ പേരിട്ടു വിളിച്ചിരിക്കുന്നത്.
       

ഭാഷയുടെ സൗന്ദര്യമാണ് ഈ പുസ്തകം വായിച്ചു തീർക്കുവാൻ എനിക്ക് ആവേശം പകർന്ന ഏറ്റവും പ്രധാന ഘടകം. മധുരം തുളുമ്പി നിൽക്കുന്ന കവിത പോലെ വരികൾ.

പ്രപഞ്ചം നിറഞ്ഞിരിക്കുന്നത് കഥകൾ കൊണ്ടാണ്. ദേശങ്ങൾക്ക് കഥകൾ ഉണ്ട്. രണ്ടു തവണ വിശുദ്ധനാടുകൾ സന്ദർശിച്ച എഴുത്തുകാരന്റെ ഉൾനടപ്പുകൾ അവിടുത്തെ കുന്നുകളും താഴ്വാരങ്ങളും, കടലും തീരങ്ങളും, കായലോരങ്ങളും അവിടുത്തെ പ്രണയി കളും പ്രണയങ്ങളും ഗാഢ സൗഹൃദങ്ങളും, മരണവും, ജീവനും, ഉയി ർപ്പും പറഞ്ഞുകൊടുത്ത കഥകളിലൂടെയാണ്. മലകളുടെ പേരുകൾ ഒക്കെ എത്ര മനോഹരങ്ങൾ. ഒലിവുമല,സീനായി, ഹെർമോൺ,കു മ്രാൻ മലകൾ, നെബോ, ഗാഗുൽത്താ.  പലതരം കഥകൾ.  അവയൊക്കെ ജീവന്റെ തുടിപ്പുകളെ ബന്ധിപ്പിക്കുന്നു. കടന്നുപോയ ദേശങ്ങൾ ആകട്ടെ ബദലഹേം, നസ്രത്ത് ,എൽകരീം, കാന, ഗലീലി, കഫർണ്ണാം, ജോർദാൻ, ബെത് സൈത,തക്ബ, മഗ്ദലന, ബദനി, ശമരിയ, ജെറീക്കോ, ജെറുസലേം, എമ്മാവൂസ്.

ജെറുസലേം തന്നെ പ്രധാനം. ജെറുസലേം ഒരു  ഒട്ടുചെടിയാണെന്ന് എഴുത്തുകാരൻ. "പല വിശ്വാസങ്ങളും പാരമ്പര്യങ്ങളും മതങ്ങളും ഭാഷകളും വേർപെടുത്താൻ ആകാത്ത വിധം അതിന്റെ സംസ്കാര ശരീരത്തിൽ ഒട്ടി ചേർന്നിരിക്കുന്നു".

മനുഷ്യരിലേക്ക് വന്നാൽ ആരാണ് അവിടെ ഇല്ലാത്തത്? ദാവീദ് മുതൽ യേശു വരെ. അവർക്കിടയിലൂടെ സഞ്ചരിച്ചവർ, ജീവിച്ചവർ. മഗ്ദലന, സമരിയ കാരി, മർത്ത, മറിയം, എല്ലാവർക്കും ഉപരി യേശുവിന്റെ അമ്മ മറിയം, മാലാഖമാർ.  ഇവർ നടന്ന വഴിയിലെ മണൽ തരികൾ , വെള്ളം കോരിയ കിണറ്റിലെ ഇളക്കങ്ങൾ. സൗഹൃദങ്ങളും വിരുന്നുകളും ഇഷ്ടപ്പെട്ട യേശുവിന്റെ ഏറ്റവും വലിയ സ്നേഹിതൻ ലാസർ.  ഇവിടെ കഥകൾ പറയുന്നു

പഴയ നിയമത്തിലെ റൂത്തും അമ്മായിയമ്മ നവോമിയും ബോവാസും ഒക്കെ കുടുംബബന്ധങ്ങളുടെയും പ്രണയത്തിന്റെയും പ്രണയസാക്ഷാത്കാരത്തിന്റെയും നേർരൂപങ്ങൾ ആകുന്നു. മരുഭൂമികളുടെ

ആഴമേറിയ നിശബ്ദതയും ഏകാന്തതയും ആവോളം ആസ്വദിച്ച് എഴുത്തുകാരൻ ഈ അധ്യായം അവസാനിപ്പിക്കുന്നു. മനോഹരമായ ഈ അവസാന പാരഗ്രാഫ് ഞാനിവിടെ കുറിക്കുന്നില്ല, അതു വായിച്ചു തന്നെ അറിയുക.

ഇനിയുള്ള അധ്യായം ഏകാകികളുടെയും വിഷാദികളുടെയും ഗുരുനാഥനായ ബോബി ജോസ് ക പ്പൂച്ചിനെ കുറിച്ചാണ്. ഏത് ആപത്തിലും നിനക്ക് ഞാനുണ്ട് എന്നൊരാളെങ്കിലും ഈ ഭൂമിയിൽ നിന്നോട് പറയാൻ ഉണ്ടെങ്കിൽ നീ ധന്യനാണ്. അങ്ങനെ പറയാൻ പറ്റുന്ന അവദൂതന്മാരെ പോലെ ജീവിച്ച രണ്ടുപേരെ കൂടി ഈ അധ്യായം പരിചയപ്പെടുത്തുന്നുണ്ട്. അത് ബാലചന്ദ്രൻ ചുള്ളിക്കാടും എ. അയ്യപ്പനും ആണ്. മദ്യം മണക്കുമ്പോഴും സ്നേഹിതനെ ചേർത്തു പിടിക്കാൻ ആവുക പാപത്തേക്കാൾ പുണ്യമാണെന്ന് കരുതുന്നവരും ഈ ഭൂമിയിൽ ഉണ്ടെന്ന് വെറുതെ ഓർത്തുവയ്ക്കുക.... മരണപ്പെട്ടവരുടെ ആത്മാക്കളുടെ മേൽ ജീവിച്ചിരിക്കുന്നവർ വീണ്ടും അശാന്തി വിതറേണ്ടതുണ്ടോ.... സ്വർഗ്ഗരാജ്യത്തെത്തുമ്പോൾ അവിടെ സർവ്വപ്രതാപങ്ങളോടും കൂടിയിരിക്കുന്ന ദുര്യോധനനെ കണ്ട് വിവിധ വികാരങ്ങൾക്കടിമപ്പെട്ടു നിൽക്കുന്ന യുധിഷ്ഠരൻ പലപ്പോഴും എന്നെ ഭയപ്പെടുത്തുന്നു.

കുറേ മഴക്കാല ഓർമ്മകൾ, ദുഃഖങ്ങൾ, ഈ പുസ്തകത്തിന്റെ അഴകു കൂട്ടുന്നതേയുള്ളു.

വർദ്ധക്യത്തിന്റെ മഹാ സൗന്ദര്യങ്ങളിൽ  എലിസബത്തും സക്കറിയയും ഉണ്ട്. ശിമയോനും അന്നയും ഉണ്ട്. നിത്യ ചൈതന്യ യതി വാർദ്ധക്യത്തിലും സൗന്ദര്യവും യുവത്വവും തുളുമ്പുന്ന പുരുഷ പര്യായമായി ഇതിൽ അവതരിക്കുന്നു. എം എൻ വിജയനും, അഴീക്കോടും, എം ഗോവിന്ദനും, ജോൺ സി ജയിക്കബും, സ്വന്തം അമ്മയും വാർദ്ധക്യത്തിലെ സൗന്ദര്യങ്ങൾ തന്നെ.

'ആൺ നോട്ടത്തിനുള്ളിലെ നയനരതിയും ആത്മരതിയും' എന്ന അദ്ധ്യായത്തിലെ നിരീക്ഷണങ്ങൾ ഒരുപക്ഷേ സ്ത്രീകൾ ഇതുവരെ ആലോചിക്കാത്തത് പോലും ആണെന്നു തോന്നുന്നു. പുരുഷൻ നോക്കുകയല്ല, തുറിച്ചു നോക്കുകയാണ്, ഒളിഞ്ഞു നോക്കുകയാണ് എന്നാണ് സാർത്ര പറയുന്നത് . പുരുഷൻ സ്ത്രീയെ 'ശകലങ്ങൾ' ആയിട്ടാണ് പോലും കാണുന്നത്. ആൺ നോട്ടങ്ങളെ കുറിച്ച് പ്രശസ്ത വ്യക്തികൾ  പലതും പറയുന്നുണ്ട്  ഈ അധ്യായത്തിൽ. വായിച്ചുതന്നെ മനസ്സിലാക്കുന്നത് ആയിരിക്കും നന്ന് എന്നു തോന്നുന്നു. ഈ അധ്യായം വായിച്ചു തീരുമ്പോൾ ജ്ഞാനോദയം വന്ന ഒരു പുരുഷന്റെ പക്വതയാർന്ന വെളിപ്പെടുത്തലായി ഇതിനെ എനിക്കു മനസ്സിലാവുന്നു.. ഇതു വായിക്കാതിരിക്കുക ഒരു വലിയ നഷ്ടമാണ്. 

'മതങ്ങൾ കൊണ്ട് എന്ത് പ്രയോജനം' എന്ന ഒരു അധ്യായവും ഇതിലുണ്ട്. ഈ ജീവിതം സ്വതന്ത്രവും സുന്ദരവും അന്തസ്സുള്ളതുമാക്കാൻ മതങ്ങൾക്കും ദൈവങ്ങൾക്കും ഇനിയും ഒരു ഊഴം ഉണ്ടെന്ന് എഴുത്തുകാരൻ വിശ്വസിക്കുന്നു. ബഹുത്വത്തെ ആദരിക്കുന്ന മാനവികതയുടെ ഏറ്റവും ഉയർന്ന നീതിബോധമായി മതങ്ങൾ മാറണമെന്ന ആഹ്വാനവും ഇതിലുണ്ട്.

വായന എന്ന  അവസാന അധ്യായം 'കവിതയുടെ കാലങ്ങളിൽ' ആരംഭിക്കുന്നു.വിവർത്തന കലയുടെ സാഹിത്യ അർത്ഥം വിപുലായി പ്രതിപാദിക്കുന്നുണ്ട്  ഇവിടെ.കഴിഞ്ഞ രണ്ടു നൂറ്റാണ്ടിൽ  എഴുതപ്പെട്ട ഇരുപത്തി രണ്ടു മഹാകവികളുടെ  മുപ്പത്തി നാല് രചനകളെ ബാലചന്ദ്രൻ ചുള്ളിക്കാട് വിവർത്തനം ചെയ്തിരിക്കുന്നതിനെ ഇവിടെ വിശദമായി നിരൂപണം ചെയ്യപ്പെട്ടിരിക്കുന്നു. രാമാനുജം, പാബ്ലോ നെരൂദ, ഡബ്ലിയു ബി യേറ്റ്സ്,, ബോദ്  ലെയർ, ലോർക്ക, ആൽഫ്രണ്ട് ടെന്നീസൺ ഇനിയും ചില അന്യ ഭാഷാ കവികളെ ആണ് ചുള്ളിക്കാട് വിവർത്തനം ചെയ്തിരിക്കുന്നത്. ഭാഷാ വിദ്യാർത്ഥികൾക്കും, കവിതയെ സ്നേഹിക്കുന്നവർക്കും ആസ്വദിക്കാൻ പറ്റിയ ഒരു അധ്യായമാണിത്.

മണ്ണും വിണ്ണും പെണ്ണ് പാടുമ്പോൾ ബൈബിളിലെ പല സ്ത്രീകഥാപാത്രങ്ങളെയും മുൻനിരയിൽ നിർത്തുന്നു. ബാബിലോണിന്റെ മുഴുവൻ  പ്രകൃതിയും  ഉടലിൽ ഉൾക്കൊള്ളുന്ന ഉത്തമ ഗീതത്തിലെ  പ്രണയ നായികയിൽ വല്ലാതെ കുടുങ്ങിപ്പോയ ഒരു മനസ്സ് എഴുത്തുകാരനുണ്ട്. താഴ്വരയിലെ ലില്ലി പൂവ് എന്ന അർത്ഥം വരുന്ന' ശോശന്ന' എന്ന പേരാണ് ഉത്തമ
ഗീത നായികയ്ക്ക് എൻ പി ചന്ദ്രശേഖരൻ ചാർത്തി കൊടുത്തിരിക്കുന്നത് .'അബീശഗൻ' എന്ന് വേദപുസ്തകത്തിലെ ശൂനോൻ കാരിയുടെ ഈ നാമം ബെന്യാമിൻ അദ്ദേഹത്തിന്റെ നോവലിന്റെ പേരായി നിലനിർത്തിയിരിക്കുന്നു. തികഞ്ഞ ഉന്മാദത്തോടെ അല്ലാതെ ഈ അധ്യായം ആർക്കും വായിച്ചു തീർക്കുവാൻ ആവുകയില്ല.

തീർത്ഥയാത്രകളുടെ  ലാവണ്യം വെളിപ്പെടുത്തികൊണ്ടുള്ള അധ്യായം അതീവ ഹൃദ്യമാണ്. ഫ്രാൻസിസ്കൻ സന്യാസിയായ ജസ്മണ്ടച്ചന്റെ ഫ്രാൻസിസ് ഓഫ് അസിസി എന്ന അകത്തേക്കും പുറത്തേക്കും ഒരേസമയം തുറന്നടയുന്ന വാതിലുകൾ ഉള്ള ഒരു പുസ്തകത്തെ കൂടി ഇവിടെ പരിചയപ്പെടുത്തുന്നു. 800 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് സാന്റിയാഗോവിലെത്തുന്ന ഈ സന്യാസി മനസ്സിൽ നിന്ന് ഉടനെയൊന്നും മാഞ്ഞു പോകുന്നില്ല.

നിക്കോസ് കസ്സന്ത്‌ സാക്കിസിന്റെ 'റിപ്പോർട്ട് ടു ഗ്രേക്കോ' പഠന വിഷയ മാ ക്കാതെ ഈ പുസ്തകം അവസാനിപ്പിക്കുവാൻ തമ്പി മാഷക്ക് സാധിക്കാതെ വരുന്നു.                ചേതോഹരമായ ഈ പുസ്തകത്തിന്റെ രണ്ടാം പതിപ്പ് ഇറങ്ങി എന്നറിയുന്നതിൽ സന്തോഷം.

Dr. Kunjamma george.17/11/2022

Dr KUNJAMMA GEORGE WORLD OF BOOKS

പുസ്തകങ്ങളുടെ പുസ്തകങ്ങൾ: ഡോ. കുഞ്ഞമ്മ ജോർജ്
പുസ്തകങ്ങളുടെ പുസ്തകങ്ങൾ: ഡോ. കുഞ്ഞമ്മ ജോർജ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക