Image

വെള്ളമടിക്കുന്ന പെണ്ണുങ്ങള്‍ ബലാല്‍സംഗം ചെയ്യപ്പെടുമ്പോള്‍.... (ജോളി അടിമത്ര- ഉയരുന്ന ശബ്ദം-69)

Published on 19 November, 2022
വെള്ളമടിക്കുന്ന പെണ്ണുങ്ങള്‍ ബലാല്‍സംഗം ചെയ്യപ്പെടുമ്പോള്‍.... (ജോളി അടിമത്ര- ഉയരുന്ന ശബ്ദം-69)

ഓടുന്ന കാറില്‍ പീഡനം വീണ്ടും !. ഓടാത്ത കാറുകളിലെ പീഡനത്തിനു പുറമേയാണിത്. കൊച്ചിയിലെ ഒരു  ഡാന്‍സ്ബാറില്‍ രാത്രിയിലെത്തി മദ്യപിച്ച  യുവതി  ബോധരഹിതയാവുകയായിരുന്നു. 19 വയസ്സ് മാത്രമുള്ള അവളൊരു മോഡലാണ്. മോഹാലസ്യം കണ്ടുനിന്ന മൂന്നു സേവനനിരതരായ യുവാക്കള്‍ ഓടിച്ചെല്ലുകയും യുവതിയെ കോരിയെടുത്ത്  തങ്ങളുടെ വാഹനത്തില്‍ കയറ്റുകയുമായിരുന്നു. ബോധമറ്റ യുവതിക്കൊപ്പം   നിന്ന രാജസ്ഥാന്‍കാരിയായ  കൂട്ടുകാരിയോട് കാറില്‍ കൂടെ ചെല്ലാന്‍ യുവാക്കള്‍ ആവശ്യപ്പെട്ടെങ്കിലും  അവര്‍ വിസമ്മതിച്ചുവത്രേ. യുവതിയുടെ സുഹൃത്ത്  പിറ്റേന്ന് പൊലിസില്‍ വിവരം അറിയിച്ചപ്പോഴാണ് പുറംലോകം കാര്യമറിഞ്ഞത്. തലേ രാത്രി മൂന്നര മണിക്കൂറോളം കൊച്ചിനഗരം പ്രദക്ഷിണം വയ്ക്കുകയായിരുന്നു ആ കാര്‍. കാറിനുള്ളിലിട്ട് മൂന്നു യുവാക്കളും പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊണ്ടിരുന്നു. ഒടുവില്‍ അവളുടെ താമസസ്ഥലത്ത് 'സുരക്ഷിതമായി ' കൊണ്ട് ഉപേക്ഷിക്കയും ചെയ്തു. ആശ്വാസം !, കൊന്നില്ലല്ലോ ...

പ്രശസ്ത നടിയെ ഓടുന്ന കാറില്‍, ക്വട്ടേഷനെടുത്ത് പീഡിപ്പിച്ച സംഭവം മലയാളികളെ നടുക്കിയതാണ്. കേസ് ഇതുവരെ എങ്ങും എത്താതെ ആടിത്തൂങ്ങി നില്‍ക്കുന്നു. അടുത്തത് രണ്ടു മോഡലുകള്‍  ഇതുപോലൊരു ബാറില്‍നിന്ന് എന്തിനെയോ ഭയന്ന് രക്ഷപ്പെടുമ്പോള്‍ കാറപകടത്തില്‍ കൊല്ലപ്പെട്ട സംഭവമാണ്. കുറേ ഒച്ചപ്പാടുകള്‍ക്കു ശേഷം ആ കേസും തണുത്തു. 

ഇതെല്ലാം  പുറത്തുവന്ന സംഭവങ്ങളില്‍ ചിലതു മാത്രം. പരാതി നല്‍കാത്തതിനാല്‍ ആരും അറിയാതെ പോകുന്ന പീഡനങ്ങള്‍ എത്രയോ ഇരട്ടിയാണ്. അപമൃത്യു സംഭവിച്ചതും ആത്മഹത്യയില്‍ അവസാനിച്ചതുമായ സംഭവങ്ങളും ധാരാളം. കൊച്ചി ഒരു അധോലോകമായിട്ട് നാളുകള്‍ ഏറെയായി. രാവേറെയാകും മുമ്പുതന്നെ അനാശാസ്യങ്ങളും ലഹരിമാഫിയയും വേശ്യകളും കൂട്ടിക്കൊടുപ്പുകാരും അരങ്ങുതകര്‍ക്കുന്ന ലോകമാണത്. രാസലഹരിയുടെ ഉന്‍മാദത്തില്‍ ആണ്‍പെണ്‍ വ്യത്യാസമില്ലാതെ കെട്ടിമറിയുന്ന നവകാഴ്ച. ഈ നഗരക്കാഴ്ചയിലേക്ക് എങ്ങുനിന്നോ എത്തുന്ന കുറേ പെണ്‍ശലഭങ്ങള്‍.. മിന്നുന്നത് പൊന്നല്ല ആളിക്കത്തുന്ന തീയാണെന്നത് മനസ്സിലാകുമ്പോഴേക്ക് ചിറകുനഷ്ടപ്പെട്ട ഈയാംപാറ്റകളായി അവര്‍ കൊഴിഞ്ഞുവീഴുന്നു. സിനിമാ-മോഡലിംഗ് സ്വപ്‌നങ്ങളുമായി വരുന്നവരാണ് ഏറെയും. വെറും 19 വയസ്സു മാത്രമാണ് ഇന്നലെ നടന്ന കാറിലെ കൂട്ടബലാസംഗത്തിനിരയായ പെണ്‍കുട്ടിയുടെയും പ്രായം. വടക്കന്‍ കേരളത്തില്‍നിന്ന് മോഡലിംഗ് സ്വപ്‌നങ്ങളുമായി എത്തിയതാണ് ഇവളും.
                         
എവിടെയാണ് കേരളത്തിലെ പെണ്‍കുട്ടികള്‍ക്കു ചുവടു പിഴയ്ക്കുന്നത്. പെട്ടെന്ന് പ്രശസ്തി കിട്ടാനുള്ള മാര്‍ഗ്ഗം മോഡലിംഗിലോ സിനിമയിലോ പേരെടുക്കുകയാണെന്ന് ഇവരൊക്കെ ധരിച്ചുവച്ചിട്ടുണ്ട്. ഫെമിനിസം ചുമ്മാ വിളിച്ചുകൂവി നടക്കുന്ന കുറേ അവതാരങ്ങള്‍ അരങ്ങിലുണ്ട്. ചുംബനസമരം , തുണിയുടുക്കാതെ മത്തിക്കറിവയ്ക്കുക, മക്കളെക്കൊണ്ട് അമ്മയുടെ നഗ്നമേനിയില്‍ ചിത്രരചന നടത്തുക തുടങ്ങിയ ആവിഷ്‌കാര സ്വാതന്ത്രങ്ങള്‍ പ്രചരിപ്പിച്ച് പേരെടുത്ത കുബുദ്ധികള്‍.

' എന്റെ ശരീരം എന്റെ അവകാശം' എന്നൊക്കെ വലിയവായില്‍  വിളിച്ചുപറഞ്ഞ് തോന്നിയപോലെ ജീവിതം നയിക്കുന്ന മറ്റുചിലര്‍. അതിനിടയിലാണ് ലഹരിയുടെ മായക്കാഴ്ചകളിലേക്ക് കൈപിടിച്ചുനടത്താനെത്തുന്ന കുറേ ചെകുത്താന്‍മാര്‍. അവര്‍ പ്രഖ്യാപിക്കുന്നു, സ്വാതന്ത്ര്യം വേണോ , ആണിനെപ്പോലെ രാവുകളില്‍ ഡാന്‍സ് ബാറുകളില്‍ എത്തുക, മദ്യം, ലഹരി എല്ലാം ഒപ്പത്തിനൊപ്പം അനുഭവിക്കുക. രാസലഹരിയുടെ അനുഭൂതികള്‍ക്കിടയില്‍ ബോധം നഷ്ടപ്പെടുന്ന പെണ്‍കുട്ടികള്‍. അടുത്ത മണിക്കൂറുകളില്‍ എന്തു സംഭവിച്ചെന്നോ ആരൊക്കെ തന്റെ ശരീരത്തെ മെതിച്ചുതകര്‍ത്തെന്നോ അവര്‍ അറിയുന്നല്ല. ബ്‌ളാക്ക്‌മെയിലിംഗിനു വിധേയമാകുമ്പോഴാണ് പലരും നടുങ്ങിപ്പോകുന്നത്. എല്ലാറ്റിനുമിടയില്‍പ്പെട്ട് ജീവിതം കോഞ്ഞാട്ടയാകുന്നത് സാധുപ്പെണ്‍കുട്ടികള്‍ക്കാണ്.

മാറുമറയ്ക്കാന്‍ സമരം നടത്തിയ മുത്തശ്ശിമാരുടെ നാലാം തലമുറയാണിത്. പോരാടിക്കിട്ടിയ അവകാശത്തില്‍ അവര്‍ ആഹ്‌ളാദത്തോടെ റൗക്കയണിഞ്ഞു. പില്‍ക്കാലത്ത് അവരുടെ പേരക്കുട്ടികള്‍ ബ്രാ വലിച്ചെറിഞ്ഞ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. ഇപ്പോഴിതാ എന്റെ ശരീരം, എന്റെ  അവകാശം എന്ന പ്രഖ്യാപനവുമായി  നാലാം തലമുറ തെരുവിലിറങ്ങുന്ന കാഴ്ച. രാവേറുന്നതുവരെ   നഗരത്തിലിറങ്ങാനുള്ള അവകാശം പെണ്ണിന്റേതു കൂടിയാണ് എന്നതിനു തര്‍ക്കമില്ല. പക്ഷേ അവകാശ പ്രഖ്യാപനം കൊണ്ടുമാത്രം കാര്യമില്ലല്ലോ. പെണ്ണുങ്ങള്‍ പൊലീസ് കാവലില്‍ വര്‍ഷത്തിലൊരിക്കല്‍ രാത്രി നടത്തം  നടത്തുന്ന കേരളമാണിതെന്ന് ഓര്‍മിക്കേണ്ടതുണ്ട്. പൊലിസില്ലാതെ , കൂട്ടമായിപ്പോലും സ്ത്രീകള്‍ക്ക്  രാത്രിയില്‍ നടക്കാന്‍ സുരക്ഷിതത്ത്വം ഇല്ലാത്ത നാട്. ആ രാവിലേക്കാണ് പരസ്യമദ്യപാനത്തിനായി ബാറിലേക്ക് പെണ്‍കുട്ടികള്‍ നടന്നടുക്കുന്നത്. ഗൗരവം അറിയാഞ്ഞിട്ടല്ല. അറിഞ്ഞുകൊണ്ടുതന്നെ മിക്കവരും എടുത്തുചാടുകയാണ്. ഉന്നതരുമായി ബന്ധം ഉണ്ടാക്കാനും അവസരം നേടാനും ഇത്തരം ബാറുകള്‍ പല പെണ്‍കുട്ടികളും വേദിയാക്കുന്നു. സാമൂഹ്യവിരുദ്ധരുടെയും കൂട്ടിക്കൊടുപ്പുകാരുടെയും വ്യഭിചാരികളുടെയും ലഹരിമാഫിയയുടെയും അരങ്ങാണെന്ന് അറിഞ്ഞുകൊണ്ടുതന്നെ തീയിലേക്കു നടന്നടുക്കുകയാണ് പലരും. വീടുമായുള്ള ബന്ധംപോലും പലര്‍ക്കും മെല്ലെ ചതുര്‍ത്ഥിയാകുന്നു. ബാറില്‍പോകുന്നത് മോരുംവെള്ളംകുടിച്ചു മടങ്ങാനല്ലെന്ന് മലയാളിക്കറിയാം. 

ഇത്തിരിപ്പോന്ന ഈ പെണ്‍കുട്ടികള്‍ എന്തു ധൈര്യത്തിന്റെ പേരിലാണ് ' വെള്ളമടിക്കാന്‍ 'ഈ പുലിമടയിലേക്ക് ചെന്നു കയറുന്നത്. അടുത്ത കാലത്ത്  ബാറുകള്‍ കേന്ദ്രീകരിച്ച്  കൊച്ചിനഗരത്തില്‍ നടന്ന പല പീഡനക്കേസുകളും അപകടമരണങ്ങളും  കേട്ടറിഞ്ഞിട്ടും അതേ പാതയിലൂടെ പിന്‍തുടരുന്നവര്‍ക്ക് ദുരന്തം സംഭവിച്ചില്ലെങ്കിലല്ലേ അത്ഭുതമുള്ളൂ.
                           
എന്തായാലും ഒന്നു പറയാതെ വയ്യാ.മാനംമര്യാദയായി വളരുന്ന ഒരു പെണ്‍കുട്ടിയ്ക്കും സ്വാതന്ത്രത്തിന്റെ പേരില്‍  രാത്രികളെ പകലാക്കി ബാറില്‍ നിരങ്ങാന്‍ പോകാനാവില്ല. ശിഥിലമായ കുടുംബബന്ധങ്ങള്‍, പണത്തോടുള്ള ആര്‍ത്തി, പ്രശസ്തിയോടുള്ള അഭിനിവേശം, മൂല്യബോധങ്ങളോടുള്ള പുച്ഛം എല്ലാം കൂടിയാകുമ്പോള്‍ വേറിട്ട വഴി തേടാനുള്ള യാത്രയാരംഭിക്കുന്നു.
            
സത്യം പറഞ്ഞാല്‍ കേരളാപൊലിസിനു മടുത്തുകാണണം. എന്തെന്തു പീഡനങ്ങളാണ് ദിവസവും പുറത്തുവരുന്നത്. ഒറ്റപ്പാലത്തെ പതിനേഴുകാരിയെ രാസലഹരി നല്‍കി പീഡിപ്പിച്ച കേസ് ഏറ്റവും അടുത്തുനടന്ന സംഭവമാണ്. പഴയ സൂര്യനെല്ലിക്കേസുപോലെ ഒന്ന്. 14 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. 25-ലേറെ പ്രതികള്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ എത്തിച്ചു പീഡിപ്പിച്ച ശേഷം പെണ്‍വാണിഭ സംഘത്തിന് പെണ്‍കുട്ടിയെ വിറ്റെന്ന കേസാണിത്. പതിവുപോലെ ഒരു സ്ത്രീ ഇത്തവണയും പെണ്‍വാണിഭ സംഘത്തിലുണ്ടായിരുന്നു. ഇത്തരം വമ്പന്‍ കേസുകള്‍ കിടന്നു പുളയ്ക്കുന്ന കേരളത്തിലാണ് രാത്രിയില്‍ സ്വയം ബാറില്‍പോയി  മദ്യപിച്ച പെണ്ണിനെ പീഡിപ്പിച്ച ചീളുകേസ്. 

യൂറോപ്യന്‍ രാജ്യങ്ങളെ കുറ്റം പറഞ്ഞുനടന്ന ആര്‍ഷസംസ്‌ക്കാരത്തിന്റെ ഈറ്റില്ലത്തുതന്നെയാണ് ചുവടുകള്‍ പിഴച്ചിരിക്കുന്നത്. ഇങ്ങനെ പീഡനപരമ്പര നടന്നാല്‍ നാളെ മുതല്‍ രാത്രിയില്‍ ബാറിലോ പബ്ബിലോ പോയി എങ്ങനെ കുടിക്കുമെന്നതാണ് പുതിയ തലമുറയുടെ ആകുലത. അനുദിനം തൊഴില്‍ നഷ്ടമാകുന്ന പതിനായിരങ്ങളുടെ കണക്കൊന്നും അവരെ പേടിപ്പിക്കുന്നില്ല  കാല്‍ച്ചുവട്ടിലെ മണ്ണ് ഒഴുകുന്നതൊന്നും അവര്‍ക്കൊരു വിഷയമേ അല്ലാത്ത അവസ്ഥ. കഷ്ടംതന്നെ,അല്ലാതെ എന്തു പറയാന്‍... 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക