അലയുകയായിരുന്നു
പുറംരാജ്യങ്ങളിലൂടെ ഞാൻ
പോകണം , എന്നു
നീ അയച്ച
സന്ദേശം
കണ്ടതിപ്പോഴാണ്..
ദിവസങ്ങൾ കഴിഞ്ഞതു കൊണ്ട്
അവിടെയുണ്ടോ നീ
എന്ന് കുറിച്ചയച്ചത്
വിറയലോടെയും
ഉടൻ വന്നു
കണ്ണ് നിറഞ്ഞുചിരിക്കുന്ന സ്മൈലി
പോയില്ല,
ഇത്രയേറെ നാളുകൾ
നീന്തിക്കയറിയപ്പോൾ
നിശ്ചയിച്ചു
പോകേണ്ടതില്ല ..
നിന്റെ ചോദ്യങ്ങളിലും
ഉത്തരങ്ങളിലും
തൂങ്ങി - പ്പോകാമെന്ന്
കരുതിയെങ്കിലും
പോകേണ്ടതില്ലെന്ന്
തീരുമാനിച്ചൊരു
നീന്തു നീന്തി..
കരുതി നടക്കണേ
അറിയാത്തിടങ്ങളിൽ,
നീയേ ഉള്ളെനിക്കെപ്പഴും ...
കരച്ചിൽ
വന്നു നിന്റെ മറുപടിയിൽ
ഭാനുമതീ
എന്നു വിളിക്കട്ടെയിപ്പോൾ
ഓരോരോ പേരുകൾ
നിന്നെ വിളിക്കുന്നതോർത്തു ...
മരിച്ചാലോ എന്ന് ആശിക്കുമ്പോഴൊക്കെയും
നീ മാത്രമരികിലോർമ്മയായ്
ഒരിക്കലെങ്കിലും
മരിക്കണമെന്ന്
ഓർത്തിടാത്തവരുണ്ടോ..!
നീ നീന്തിക്കയറിയ പോലെ
എനിക്കും പഠിക്കണം
നീന്തിടാൻ
കുഞ്ഞിലേ മുതൽ
തങ്കമെന്നും
അമ്മുവെന്നും
വിളിക്കാറുള്ള
നിന്നെ
ഹൃദയം നിറയെ
ഭാനുമതീന്നു
വിളിക്കട്ടെ
ഞാനിപ്പോൾ ...
POEM ANCY SAJAN