Image

മാന്യഗുരുസ്കൂളിലെ മോഹനൻ മാഷ് ( ബോൾസ്റ്റാൾജിയ - 4 - പ്രകാശൻ കരിവെള്ളൂർ )

Published on 20 November, 2022
മാന്യഗുരുസ്കൂളിലെ മോഹനൻ മാഷ് ( ബോൾസ്റ്റാൾജിയ - 4 - പ്രകാശൻ കരിവെള്ളൂർ )

നാലാംക്ളാസ് മുതലാണ് ഞാൻ കരിവെള്ളൂരുകാരനായത്. വയൽക്കരയിലായിരുന്നു വീട് . അങ്ങേക്കരയിൽ മഠത്തിൽ വീട് . തൊട്ടടുത്തു തന്നെ മാന്യഗുരുയൂ പിസ്കൂൾ . ഓലയും ഓടിട്ടതുമായ കെട്ടിടങ്ങൾക്കിടയിൽ നല്ലൊരു കളിസ്ഥലമുണ്ടായിരുന്നു. നടുക്ക് ഒരു വേപ്പ്മരവും .

ഞാൻ നാലാം ക്ളാസിൽ ചേർന്നപ്പോഴാണ് അവിടെ പുതിയൊരു പീട്ടീ മാഷ് വന്നെത്തിയത്. മോഹനൻ മാഷ്. നാലാം ക്ളാസ് രണ്ട് ഡിവിഷനുണ്ടായിരുന്നു. ഒന്നിടവിട്ട ദിവസങ്ങളിൽ മാഷ് ക്ളാസിൽ വന്ന് ഞങ്ങളെ ഗ്രൗണ്ടിൽ കൊണ്ടു പോയി. പെൺകുട്ടികളെ കുറേ റിങ്ങും സ്കിപ്പിങ് കയറും കൊടുത്ത് മാഷ് ഞങ്ങളുടെ കൂടെ ബോള് കളിച്ചു. കൂട്ടത്തിലെ മിടുക്കരെ മാഷ് വേഗം തന്നെ കണ്ടെത്തി. ഞാനൊന്നും ഒരിക്കലും ഒരു മിടുക്കനായിരുന്നില്ല. ഓട്ടത്തിന് സ്പീഡ് കുറവ്. പന്തടക്കവുമില്ല. മോശമല്ലാതെ ഷൂട്ട് ചെയ്യാനറിയുന്നത് കൊണ്ട് ആദ്യമൊക്കെ എന്നെയും മാഷ് പരിശീലിപ്പിക്കാൻ നോക്കിയിരുന്നു. നേരെയാവാത്തപ്പോൾ ചീത്തയും പറഞ്ഞു.

എന്റെ അനുജനെ മോഹനൻ മാഷിന് വലിയ ഇഷ്ടമായിരുന്നു. കാരണം അവൻ നന്നായി ഫുട്ബോൾ കളിക്കുമായിരുന്നു. പയ്യന്നൂര് നടക്കുന്ന മത്സരത്തിൽ (സബ് ജില്ലാ സ്പോർട്സ് ആയിരിക്കണം ) ഒരിക്കൽ അനിയനേയും കൂട്ടി. ടീമംഗങ്ങൾക്ക് ശനിയും ഞായറും പരിശീലനം കൊടുത്തു. അനിയന്റെ  കൂടെ ഞാനും പോയി. രണ്ട് പാർശ്വങ്ങളിലും ശ്രദ്ധിച്ചു കൊണ്ട് മുന്നോട്ടോടാൻ മാഷ് അവർക്ക് കാണിച്ചു കൊടുത്തത് ഇപ്പോഴും എന്റെ ഓർമ്മയിലുണ്ട്. ഞാനും കളിക്കുന്നതിനിടയിൽ അതു പോലെയൊക്കെ ഓടാൻ നോക്കി പല തവണ മറിഞ്ഞ് കെട്ടി വീണു.

പന്തുകളിയിൽ കൈയടക്കത്തിന്റെ പ്രാധാന്യത്തിലും മാഷ് ഊന്നിയിരുന്നു. കളിയുടെ തുടക്കത്തിൽ ഞാനും അതൊക്കെ പാലിക്കു മായിരുന്നു. എന്നാൽ കുറച്ച് കഴിയുമ്പോൾ എല്ലാം മറന്ന് ശരീരഭാഷ മാറിപ്പോവും. ബോൾ കൈയിൽ തട്ടിയത് മുഴുവൻ എതിർഭാഗക്കാർ കണ്ടിരുന്നെങ്കിൽ എന്റെ ഭാഗക്കാർക്ക് എത്രയെത്ര പെനാൾട്ടി വന്ന് ഭവിച്ചേനേ ! 

ത്രോ എറിയുമ്പോൾ കാല് രണ്ടും നിലത്തുറച്ച് ശരീരം മുന്നോട്ടാഞ്ഞ് ബലം മുഴുവൻ കൈകളിലേക്ക് വന്നു ചേരേണ്ടതിനെക്കുറിച്ച്, ബോള് എതിർകളിക്കാരന്റെ കാലിലേക്ക് അടിച്ച് സ്വന്തം കാലിൽ വരുത്തുന്നതിനെക്കുറിച്ചൊക്കെ മാഷ് അനിയനും കൂടെയുള്ളവർക്കും പറഞ്ഞു കൊടുക്കുന്നത് അവരേക്കാൾ മനസ്സിലായത് എനിക്കായിരുന്നു. എന്നാൽ മനസ്സിലാക്കിയത് പ്രയോഗിക്കാൻ ഞാൻ തീരെ പോരാ. ഫുട്ബോളിന്റെ കാര്യത്തിൽ മാത്രമല്ല, പല കാര്യത്തിലും ഇന്നും അങ്ങനെ തന്നെ. 
പെനാൾട്ടി അടിക്കുമ്പോൾ വേറൊരിടത്താണ് അടിക്കുക എന്ന് ഗോളിയെക്കൊണ്ട് തോന്നിച്ച് മറ്റൊരു ദിശയിൽ അടിക്കുന്ന തൊക്കെ മാഷ് ചെയ്ത് കാണിച്ചത് എത്ര വിദഗ്ധമായിട്ടാണ് ! 
ഫൗൾ കളിക്കുന്ന കുട്ടി എത്ര മിടുക്കനായാലും മാഷ് അവനെ വല്ലാതെ ചീത്ത പറഞ്ഞു. ഫൗളിന്റെ ഗൗരവത്തിനനുസരിച്ച് ചിലപ്പോൾ തല്ലുകയും ചെയ്തു. മാഷ് അനിയന്റെ ടീമംഗങ്ങളോട് ഒരിക്കൽ പറഞ്ഞത് ഞാൻ എക്കാലവും ഓർമ്മിക്കുന്നു - 
ഫവുള് കളിച്ച് ജയിക്കുന്നതിലും നല്ലത് നേരാംവണ്ണം കളിച്ച് തോൽക്കുന്നതാ. അതിന്റെ ഒരു ഭാഗം എന്നെ സംബന്ധിച്ച് പലപ്പോഴും ശരിയാവാറുണ്ട് . കളി നേരാംവണ്ണമായോ എന്നറിയില്ല. തോൽവിക്ക് ഒരു കുറവും സംഭവിക്കാറില്ല !

സംസാരം പൊതുവേ കുറവാണ് മാഷ്. സുഗുണന്റെ ഏട്ടൻ എന്ന നിലയ്ക്കാണ് മാഷ് എന്നെ കണ്ടത്. മുതിർന്നപ്പോഴും അങ്ങനെ തന്നെ. പഠിക്കുന്ന കുട്ടികളോട് അധ്യാപകർക്ക് തോന്നുന്ന ഒരു വാത്സല്യമുണ്ടല്ലോ , അത് കളിക്കുന്ന കുട്ടികളോടായിരിക്കും പീട്ടി മാഷിന് കൂടുതൽ എന്ന് മോഹനൻ മാഷിൽ നിന്ന് മനസ്സിലായി. ഇടക്കാലത്ത് മാഷ് പെൺകുട്ടികളെയും ഫുട്ബോൾ പരിശീലിപ്പിക്കാൻ ശ്രമിച്ചിരുന്നു. മറ്റു സ്കൂളുകളിലും അത്തരം ശ്രമം നടന്നിട്ടുണ്ടാവണം. എന്നിട്ടും കാര്യമായൊരു ഫുട്ബോൾ കളിക്കാരി എന്റെ നാട്ടിൽ നിന്ന് അന്നെന്നല്ല, ഇന്നും ഉണ്ടായിട്ടില്ല. 

പ്രത്യേക പരിശീലനത്തിനിടയിൽ ഫുട്ബോൾ ടീമംഗങ്ങൾക്ക് നൽകാൻ മോഹനൻ മാഷ് ഗ്ളൂക്കോസ് കൊണ്ടു വരാറുണ്ട്. കാണാൻ വന്ന എന്നെപ്പോലുളളവർക്കും അതു കിട്ടും. അതിന്റെ ആ തരിപ്പാർന്ന കുളിർമധുരമുണ്ടല്ലോ. വർഷങ്ങൾക്കു മുമ്പ് സർവീസിലിരിക്കെ തന്നെ മാഷ് കളമൊഴിഞ്ഞ് പോയപ്പോൾ എന്റെ മനസ്സിൽ നിറഞ്ഞത് അതായിരുന്നു

(തുടരും ) .

PRAKASHAN KARIVELLOOR  - FOOTBALL NOSTALGIA

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക