Image

മ്മ്ടെ ഭാഷ; ന്താ, ല്ലേ! (വിജയ് സി.എച്ച്)

Published on 20 November, 2022
മ്മ്ടെ ഭാഷ; ന്താ, ല്ലേ! (വിജയ് സി.എച്ച്)

താൻ പഠിച്ച പാലക്കാട് വിക്ടോറിയ കോളേജിൽ, ഒ. വി. വിജയൻ ഒരിയ്ക്കൽ സന്ദർശിച്ചപ്പോൾ, അവിടെ അന്ന് മാസ്റ്റർ ഡിഗ്രിയ്ക്ക് പഠിച്ചിരുന്ന 'ചെത്ത്' പെൺപിള്ളേർ പറഞ്ഞത്രേ, ഖസാക്കുകാരൻ ധരിച്ചിരുന്ന ഷർ‍ട്ട്‌ ചെത്തിയിട്ടുണ്ടെന്ന്! അപ്പോൾ വിജയൻ്റെ  മറുപടി ഇങ്ങനെയായിരുന്നു: "ഞാനൊക്കെ ഇവിടെ പഠിച്ചിരുന്ന കാലത്ത്, തെങ്ങിൻ്റെ മണ്ടയിൽ കയറിയിരുന്നാണ് ചെത്തിയിരുന്നത്, നിങ്ങടെ കാലമായപ്പോൾ കുപ്പായത്തിലും കയറി ചെത്തിത്തുടങ്ങിയോ?" 
ചെത്തി മിനുക്കിയെടുത്ത ഭാഷയായിരുന്നല്ലൊ വിജയൻ്റെ ഏറ്റവും വലിയ കരുത്ത്! പാവം കാലം ചെയ്തത് നന്നായി. അല്ലെങ്കിൽ, ഒന്നും മിണ്ടാനും എഴുതാനും കഴിയാതെ, തസ്റാക്കിൽ അങ്ങനെ 'പോസ്റ്റായി' കഴിയേണ്ടിവന്നേനെ! അന്ന് 'കിടു' ആയിരുന്ന ഇതിഹാസത്തിലെ മലയാളം, ഇന്ന് ആർക്കെങ്കിലും മനസ്സിലാകുമോ? 
നർമ്മം തുളുമ്പുന്ന ഭാഷാ പ്രയോഗങ്ങളാൽ പോകുന്നിടത്തെല്ലാം പുരുഷാരത്തെ പതിവായി ഇളക്കിമറിയ്ക്കാറുള്ള ജയരജ് വാര്യർ, ഈ 'ചെത്ത്' കഥ കേട്ടു ചിരിയോടുചിരി. കൂടാതെ താനിപ്പോൾ 'കണ്ടം വഴി ഓടുമെന്ന്' ഈ ലേഖകനൊരു മുന്നറിയിപ്പും നൽകി! 
"ഇപ്പോൾ ചെത്തും നിർത്തി. ഈയിടെ അതിന് ഫേഷൻ അൽപം കൊറവാ, 'ക്യൂട്ട്' അല്ലെങ്കിൽ 'ഫ്രീക്കിങ്' എന്നൊക്കെ പറയണം. കാലം മാറീലേ? നമ്മള് കൊറെ കാലായിട്ട് ഊണുകഴിക്കാറേയില്ലല്ലൊ, റൈസ് അല്ലേ ഉണ്ണുന്നത്; ചാക്കീന്ന് നേരിട്ട്! എവിടേയ്ക്കും ഒന്നും അയക്കാറുമില്ല, എല്ലാം 'സെൻഡ്' ചെയ്യുകയല്ലേ ചെയ്യുന്നത്," ജയരാജ് പറഞ്ഞത് അരിയാഹാരം കഴിയ്ക്കുന്നവർക്ക് എതിരെയുള്ള ഒരു ഊക്കൻ അക്ഷേപഹാസ്യം! 
ഏറെ മികച്ചതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്ന ഇത്തരം 'തള്ള്' രീതികൾ മലയാളത്തിനൊരു നുള്ളായി ഇന്ന് ഭാഷയുടെ സമസ്‌ത മേഖലകളിലും സ്വാധീനം ചെലുത്തുന്നു. 


നവമാധ്യമങ്ങളിലെ വ്യവഹാരങ്ങൾക്ക് നവീകരിച്ച പദസമ്പത്ത് വേണമെന്നതൊരു യാഥാർത്ഥ്യം. പോസ്റ്റുക, ലൈക്കുക, കമൻ്റുക, ടേഗുക, ഷേറുക, എഡിറ്റുക, ഡിലീറ്റുക മുതലായ വരത്തൻ പ്രയോഗങ്ങൾക്കൊപ്പം, ന്യൂജെൻ ഭാഷാപ്രേമികളുടെ 'കട്ട' സപ്പോർട്ടുമായി, മച്ചു, പൊളിച്ചു, തേച്ചു തുടങ്ങിയവയും അതിമാത്രം കാലിക യാത്ര തുടരുന്നു. അമിതോപയോഗം കൊണ്ടു പ്രസക്തി കുറഞ്ഞു വരുന്നവയിൽ കിക്കിടുവും, കിടുകാച്ചിയും ഉൾപ്പെടുന്നു. പക്ഷെ, ഉപേക്ഷിച്ചു പോകുന്ന പഴയ ഉപഭോക്താക്കളേക്കാൾ എത്രയോ കൂടുതലാണ് അവയെ ഏറ്റെടുക്കാനെത്തുന്ന പുതിയവർ!  
"വാമൊഴിയിൽ ഇക്കാലങ്ങളിൽ ഉപയോഗിയ്ക്കുന്ന പുതിയ പദങ്ങൾ, പ്രത്യേകിച്ചു ന്യൂജെൻ വ്യവഹാര വാക്കുകൾ, ഇന്നല്ലെങ്കിൽ നാളെ നിഘണ്ടുവിൽ പ്രവേശിക്കുക തന്നെ ചെയ്യും. ക്യൂവിൽ നിന്ന് 'പോസ്റ്റാകാതെ', കാര്യം കാണുന്നത് 'വേറെ ലെവലി'ലുമായിരിയ്ക്കും! ശങ്കിച്ചു നിൽക്കാതെ എത്രയും പെട്ടെന്ന് കൂടെ കൂടുന്നതാണ് ബുദ്ധി," ജയരാജ് മുന്നറിയിപ്പു നൽകി. 


സമകാലിക വൈജ്ഞാനിക വ്യാവഹാരിക ആവശ്യങ്ങൾ‍ നിറവേറ്റുന്നതിന് മലയാളത്തെ സജ്ജമാക്കേണ്ടത് നമ്മുടെ ചുമതലയാണ്. ഭാഷാ പിതാവിൻ്റെ നാമത്തിൽ ആരംഭിച്ച മലയാളം സർവകലാശാലയുടെ (TEMU) സുപ്രധാന ലക്ഷ്യങ്ങളിൽ ഒന്നുമാണിത്.  
'മലയാള ഭാഷയിലെ പുതിയ പ്രവണതകളും, തൽഭവ പദങ്ങളും' എന്ന ഒരു പ്രബന്ധത്തിന്, ഒരു എം.ഫിൽ ചുള്ളന് TEMU ഡോക്റ്ററേറ്റ് കൊടുത്തെന്ന വാർത്ത വായിക്കാൻ ഇനി അധിക കാലം കാത്തിരിക്കേണ്ടി വരില്ല! ഭാഷയുടെ തനിമ, സ്വത്വം മുതലായവയൊന്നും ഇന്ന് അത്ര കിടുവായ കാര്യങ്ങളേയല്ല!  
"സീനിയർ സിറ്റിസെൻസ് അവരുടെ കുട്ടിക്കാലത്ത്, ആഡംബരത്തിനായി, ഭാഷയിൽ വ്യാകരണം എന്നൊരു 'കുരിശ്' ഉപയോഗിച്ചിരുന്നുവത്രെ! ആ കാലത്തിൻ്റെ സ്മാരക ചിഹ്നങ്ങളാണ് കാലഹരണപ്പെട്ട തനിമയും, സ്വത്വവും! എന്നാൽ, ഭാഷയ്ക്ക് പുതു തലമുറ പുരോഗമനപരമായ സംഭാവനകൾ നൽകിക്കൊണ്ടിരിയ്ക്കുന്ന ഇക്കാലത്താണ് അമ്മ മലയാളം ശ്രേഷ്ഠഭാഷയായത്. മലയാളത്തിന് ക്ലാസ്സിക് പദവി ലഭിച്ചിട്ട് പത്തു വർഷം പോലും ആയില്ല. ഇത് തള്ളല്ല, പത്തരമാറ്റ് പരമാർത്ഥം," വ്യക്തമാക്കി ജയരാജ്.  


കാവിലെ കല്ലറയിൽ കിടന്നു ഹെർമൻ ഗുണ്ടർട്ടു ഞെട്ടുന്ന ഈ വക പദവിന്യാസങ്ങളോടെ, നമ്മുടെ 'ചങ്ക്സ്' മലയാളം അങ്ങനെ 'കിടുക്കി തിമിർക്കു'ന്നതു കേൾക്കാൻ ഒരു പ്രത്യേക രസം തന്നെയാണ്. എന്നാൽ, ഇതു കേട്ടു നടുങ്ങി, ആദ്യത്തെ മലയാള നിഘണ്ടു സംഗ്രഹിച്ചു നമുക്കു സമ്മാനിച്ച മഹാൻ, തൻ്റെ കുഴിമാടത്തിൽ നിന്നു തന്നെ 'സ്കൂട്ട്' ആകുമോയെന്നറിയില്ല! അല്ലെങ്കിലേ അദ്ദേഹം പ്രതിഷേധത്തിലാണ്. നമ്മുടെ പ്രശസ്ത എഴുത്തുകാരിൽ പലരും മധ്യപടിഞ്ഞാറൻ ഇംഗ്ലണ്ടിലെ വാർവിക്ഷെയറിൽ പോയി, മലയാളവുമായി നേരിട്ടൊരു ബന്ധവുമില്ലാത്ത ഷേക്സ്പിയറിൻ്റെ സ്‌മൃതിമണ്ഡപത്തിൽ ആദരവ് അറിയിക്കുന്ന വിവരം, തെക്കൻ ജർമനിയിലെ കാവ് (Calw) എന്ന അതിപുരാതന നഗരത്തിലെ അന്ത്യവിശ്രമത്തിനിടയിൽ ഗുണ്ടർട്ട് അറിയുണ്ട്! 
ശരി, ഇത് സൈബർ യുഗം. നേരിട്ടു കാണുന്നവരെ നാം അത്ര കാര്യമാക്കേണ്ടതില്ല. ലോകം മുഴുവൻ വ്യാപിച്ചു കിടക്കുന്ന അജ്ഞാതരായ കൂട്ടുകാരുമായാണ് ഈയിടെയായി നമുക്കു സഹവാസം. മുഖപുസ്തകത്തിലും, ട്വിറ്ററിലും, ഇൻസ്റ്റയിലും മറ്റുമായി ആയിരക്കണക്കിൽ ചങ്ങാതിമാരോ അനുയായികളോ നമുക്കുണ്ട്. ആഗോളവൽക്കരണം നമുക്കു നേടിത്തന്നതാണ് അതിരുകളില്ലാത്ത ഈ സ്നേഹബന്ധം!  
"ഈ പുതുപുത്തൻ സാമൂഹിക വ്യവസ്ഥിതിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് സ്വവസതിയിൽ കഴിയുന്നവരുമായി പോലും നാം സാമൂഹിക മാധ്യമങ്ങൾ വഴി വിവര വിനിമയം നടത്തുന്നത്. കുറച്ചു കാലമായി എഫ്ബി-യിൽ പോസ്റ്റിയാണ്, ബൗദ്ധികമായ കാര്യങ്ങളെല്ലാം നാം ഷേറുന്നത്; ന്താ, ല്ലേ!" ജയരാജ് എല്ലാവരേയും ചേർത്തു നിർത്തി ഒന്നു തേച്ചു! 
പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും, ജനപ്രതിനിധികളും ഇന്ന് അവർക്കു പറയാനുള്ള പലതും ജനങ്ങളിലേയ്ക്ക് എത്തിക്കുന്നത് സാമൂഹിക മാധ്യമങ്ങൾ വഴിയല്ലേ?
അതുകൊണ്ടു തന്നെയാണല്ലോ, 'ഞാൻ പോസ്റ്റി, അവൻ ലൈക്കി' എന്ന പരിഷ്‌കൃതിയ്ക്ക് ഇത്രയും ആധികാരികത ലഭിച്ചത്! 
"അതെ, അച്ചടി മീഡിയക്കു പോലുമുള്ള ഇൻപുട്ട്സ് പലപ്പോഴും ട്വിറ്ററും, എഫ്ബിയും മറ്റുമാണ്," ജയരാജ് അടിവരയിട്ടു. 
അൽപ നേരത്തെ ആലോചനയ്ക്കു ശേഷം അദ്ദേഹം  തുടർന്നു: "ഈ വക ഹൈ-ഫൈ സാങ്കേതിക വിദ്യകളെല്ലാം പതിനഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന നമ്മുടെ ഭാഷാപിതാവിന് ഗ്രാഹ്യമുണ്ടായിരുന്നുവെന്ന് പലർക്കും അറിയില്ല. എഫ്ബി-യിൽ എഴുത്തച്ഛ൯ അത്ര പോരായിരുന്നുവെങ്കിലും, ട്വിറ്ററിൽ ബഹുമിടുക്കനായിരുന്നു. എഴുത്തച്ഛനല്ലേ കിളിപ്പാട്ട് പ്രസ്ഥാനത്തിൻ്റെ ഉപജ്ഞാതാവ് തന്നെ. കൊള്ളാം, കിളിപ്പാട്ട് തന്നെയല്ലേ ട്വിറ്റർ!" 


ജയരാജ് ഒരു സമ്പൂർണ്ണ ഹാസ്യ-വിദൂഷക കലാകാരനെന്നതിൽ രണ്ടഭിപ്രായമില്ല. 
ഓട്ടൻതുള്ളലിൽ കലാജീവിതം തുടങ്ങിയ ഈ തൃശ്ശൂരുകാരന്, ചെറുപ്പക്കാരുടെ ഇടയിലെ പുത്തൻ പ്രവണതകളിലും, ഭാഷയിൽ വന്നുകൊണ്ടിരിക്കുന്ന രൂപാന്തരങ്ങളിലുമുള്ള ഊടറിവ് ഒന്നു വേറെത്തന്നെയാണ്. സാധാരണക്കാരൻ്റെ അഭിരുചിക്കനുസരിച്ചു നർമ്മം ചേർത്തു സാമൂഹ്യ വിമർശനം നടത്തുന്നതാണല്ലൊ ആക്ഷേപഹാസ്യം.  അനുവാചകർക്ക് 'കലിപ്പ്' തോന്നാതിരിയ്ക്കാൻ നർമ്മോക്തി വേണ്ടുവോളമുണ്ട് പുള്ളിക്കാരൻ്റെ  അവതരണങ്ങളിൽ. 
സൂക്ഷമായി വിലയിരുത്തിയാൽ, ജയരാജ് അന്നും ഇന്നും ചെയ്യുന്നത് പ്രാഥമികമായി ഒന്നുതന്നെ -- കൊള്ളിവാക്കും, കളിയാക്കലും പരിഹാസവും! എല്ലാം എല്ലാവരും ആസ്വദിയ്ക്കുന്ന അളവിൽ ഹാസ്യം ചേർത്തുകൊണ്ട്. ഇതൊരു പുരാതനവും ആദരണീയവുമായ പ്രദർശന കലയാണ്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക വിശകലനവും, പോരായ്മകൾക്ക് പ്രതിവിധി മാർഗ്ഗങ്ങളും! 
നാടൻ സംസാര ശൈലിയും, ജീവിത സമ്പ്രദായവും, മേനറിസം എന്നു വേർതിരിച്ചിട്ടുള്ള പെരുമാറ്റ രീതിയും, പ്രകടമായ ശീലവൈകൃതവുമെല്ലാം ജയരാജിൻ്റെ വിഷയങ്ങളാണ്. പട്ടികയിൽ ഇപ്പോൾ തള്ളും, തേപ്പും പുതിയതായി ചേർത്തിട്ടുണ്ട്. ആ പഴയ തുള്ളലു കൊണ്ടു മാത്രം ഇന്ന് ജനപ്രിയത നേടാനൊക്കില്ല. പക്ഷെ, തുള്ളലും, തള്ളും, തമാശയും തരം തിരിച്ച്, ഇവക്കെല്ലാം തനതായ താളമിടുകയാണ് ഈ അഭിനവ കുഞ്ചൻ നമ്പ്യാർ! സംശയമില്ല, ഓട്ടൻ തുള്ളലിന് രൂപം നൽകിയത് നമ്പ്യാരെങ്കിൽ, വാര്യരാണ് കേരികേച്ചർ എന്ന അവതരണ കലയുടെ പിതാവ്!  
പ്രാദേശിക സംവാദ രീതികളും, അനൗപചാരിക വാങ്‌മയവുമാണ് ജയരാജിൻ്റെ സ്വത്വമായി പലരും കരുതുന്നത്. ശരിയാണ്, ആറു നാട്ടിൽ നൂറു ഭാഷ എന്നാണല്ലൊ പണ്ഡിതന്മാരുടെ പക്ഷം. അപ്പോൾ, ഒരു മലയാള നാട്ടിൽ, എത്ര മലയാളങ്ങൾ? 
"അത് അനായാസം ഗണിക്കാമല്ലോ! നൂറിനെ ആറുകൊണ്ട് ഹരിച്ചാൽ പോരേ?," ജയരാജ് മലയാളത്തിൻ്റെ കണക്ക് ലളിതമാക്കി. 
ഇതനുസരിച്ച്, നമ്മുടെ നാട്ടിൽ പതിനാറിൽ ചില്വാനം മലയാളങ്ങളേ വരുന്നുള്ളൂ. ആകെ പതിനാല് ജില്ല. അങ്ങനെയാകുമ്പോൾ, ഒന്നിൽ ചില്വാനം മലയാളമാണ് ഒരു ജില്ലയ്ക്ക് അവകാശപ്പെട്ടത്. 
അത്രയേയുള്ളൂ? ആറു മലയാളിയ്ക്ക് നൂറു മലയാളം എന്നാണല്ലൊ കുഞ്ഞുണ്ണി മാഷ് പറഞ്ഞത്? 
"കുഞ്ഞുണ്ണി മാഷ്ടെ കണക്കനുസരിച്ച്, കേരളത്തിലെ ജനസംഖ്യയെ ആറുകൊണ്ടു ഹരിച്ച്, നൂറു കൊണ്ടു ഗുണിക്കണം, അല്ലേ?" ജയരാജ് കണക്കുകൂട്ടി, ഞെട്ടി! 


"അത് സ്വൽപം കൂടുതലാ... കേരികേച്ചർ ഷോ-യിൽ, ഒരു ജില്ലയ്ക്ക് ഒരു സ്ലേംഗ് എന്ന തോതിലാണ് ഞാൻ ഇതുവരെ കഥിച്ചിട്ടുള്ളത്." 
തിരുവിതാംകൂർ, മധ്യതിരുവിതാംകൂർ, ഓണാട്ടുകര,  മധ്യകേരളം, ഏറനാടൻ, വള്ളുവനാടൻ, കിഴക്കൻ, മലബാർ, കോലത്തുനാടൻ മുതലായവയെല്ലാം പൊതുവായ ചില തരം തിരിക്കലുകൾ മാത്രമാണ്. ഓരോ ദിക്കിലും മലയാളത്തിൻ്റെ പ്രാദേശിക-ഗ്രാമ്യ വകഭേദങ്ങൾ നിരവധിയുണ്ട്. വരമൊഴി തോറ്റു പോകുന്ന ഉച്ചാരണ വൈവിധ്യങ്ങൾ വേറെയും! ഇവയെല്ലാം യാഥാർത്ഥ്യങ്ങളാണെങ്കിലും, ജില്ലയ്ക്ക് ഒന്നു വീതം പതിനാലു തരത്തിൽ മലയാളം പറഞ്ഞവസാനിപ്പിക്കുവാൻ തന്നെ മൂന്നു മണിക്കൂറെങ്കിലും താൻ പിന്നിടാറുണ്ടെന്ന് കലാകാരൻ സ്പഷ്ടമാക്കി. 
"ഇക്കണ്ട മലയാളങ്ങളെല്ലാം മൊഴിഞ്ഞു തീരേണ്ടേ? തിരുവനന്തപുരത്തുകാരുടെ സുഖങ്ങളെല്ലാം തിരക്കി തുടക്കമിട്ട്, കൊല്ലം കറങ്ങി, ആലപ്പുഴയിലെയും പത്തനംതിട്ടയിലെയും വൃത്താന്തങ്ങൾ ആവേശത്തിലൊന്നു തിട്ടപ്പെടുത്തി, കോട്ടയത്തുകാരെ കേടില്ലാതെയൊന്നു കളിയാക്കി, ഇടുക്കിക്കാരോട് നേരിട്ട് ഉടക്കാതെ, എറണാകുളത്തൊന്നു കുറുക്കി, പാലക്കാട്ടൊന്നു പരത്തി, തൃശ്ശൂരുകാരെ എട്ടു നിലയിൽ പൊട്ടിച്ച്, മലപ്പറോം കോഴിക്കോടും വയനാടും കഴിഞ്ഞ്, കണ്ണൂരൊന്നു കണ്ണോടിച്ച്, പയ്യേ പയ്യന്നൂരു വഴി കാസർഗോഡ് എത്തുമ്പോഴേയ്ക്ക് പ്രേക്ഷകരുടെ ചിരി ശേഖരത്തിൻ്റെ നെല്ലിപ്പടി കണ്ടു തുടങ്ങും," ജയരാജിൻ്റേത് ഒരു തെക്കുവടക്കൻ വായ്മൊഴിയാത്ര! 
കലയുടെ പരിവേഷമുണ്ടെങ്കിലും, സറ്റയർ, സർകാസം, മോക്കറി എന്നിങ്ങനെ നിർവചിക്കാവുന്ന ഈ ശകാര സാഹിത്യം, വ്യക്തികളെയോ, അല്ലെങ്കിൽ ഒരു പ്രത്യേക പ്രദേശത്തുള്ളവരെയോ സസ്സൂക്ഷ്മം തിരഞ്ഞെടുത്ത്, ഭാഷാപരമോ, സാമ്പ്രദായികമോ, സാമൂഹികമോ ആയി വിമർശിക്കുന്ന ഏർപ്പാടല്ലേ? കൊള്ളാം, തള്ള് രൂപേണെയുള്ള ഈ തല്ല് കൊണ്ട് ആർക്കെങ്കിലും ഇതു വരെ വേദനിച്ചതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? 


"ഇല്ല. 'മിടുക്കത്തരങ്ങൾ' വേറെ നൂറൂട്ടം ഉണ്ടെങ്കിലും, സ്വയം വിമർശിക്കപ്പെടുന്നതിന് ഏറ്റവും റിസപ്റ്റീവ് ആയ ഒരു ജനവിഭാഗമാണ് മലയാളികൾ! സമകാലീന കാര്യങ്ങൾ കൊടും വിദൂഷണത്തിന് വിധേയമാകുന്നത് അവർ ഹൃദ്യമായി സ്വാഗതം ചെയ്യുന്നു. ഇത്രയും ഹ്യൂമർ സെൻസുള്ള പ്രേക്ഷകർ‍ മറ്റൊരു സംസ്ഥാനത്തും ഇല്ലതാനും. ഹ്യൂമർ ആണ് അവരുടെ ഏറ്റവും വലിയ ദൗർബ്ബല്യം -- വിമർശിക്കപ്പെടുന്നത്, താനായാലും മറ്റുള്ളവരായാലും," ജയരാജ് ആവേശം കൊണ്ടു. 
ഏകതാന ഭാഷയും, ജനപ്രിയധാരയും, പ്രാദേശികതയും ഒരിയ്ക്കലും ഒരുമിച്ചു പോകുന്നവയല്ലെന്നും, ഓരോരുത്തർക്കും താൻ സംസാരിയ്ക്കുന്നതാണ് ഇഷ്ടമലയാളമെന്നും ജയരാജ് ഉറപ്പിച്ചു പറഞ്ഞു. 
"ഒരിയ്ക്കൽ ഇ. കെ. നായനാർ പങ്കെടുത്ത ഒരു പരിപാടിയിൽ, ഞാൻ അദ്ദേഹത്തിൻ്റെ കല്ല്യാശ്ശേരി സംസാര രീതി അനുകരിച്ചു. സംഗതി ഹിറ്റായി. പക്ഷെ, സഖാവിൻ്റെ  പ്രതികരണം എന്തൂട്ടാവും എന്നോർത്ത് ഞാൻ ഇത്തിരി സമ്മർദ്ദത്തിലായിരുന്നു. ഷോ കഴിഞ്ഞപ്പോൾ, നായനാർ എന്നെ അടുത്തു വിളിച്ചു പറഞ്ഞു, 'ഇയ്യ് എത്ര വേണേലും ഇന്നെ 'ആക്കിക്കൊ', ഇനിക്കൊരു ദേഷ്യോം ല്ല്യാ. അൻ്റെ ആക്കലൊക്കെ എനിയ്ക്ക് വല്ല്യേ പബ്ലിസിറ്റിയാണ്.' ഹാ... സഖാവിൻ്റെ വാക്കുകൾ കേട്ടപ്പോൾ എനിയ്ക്ക് വലിയ ആശ്വാസം തോന്നി. വാസ്തവത്തിൽ, ഏറ്റവും കൂടുതൽ കാലം കേരളം ഭരിച്ച മുഖ്യമന്ത്രിയുടെ കാപട്യമില്ലാത്ത വാക്കുകൾ എനിക്കൊരു കിടുകാച്ചി പ്രോത്സാഹനമായി മാറുകയാണുണ്ടായത്! പിന്നീടുള്ള സ്റ്റേജുകളിലെല്ലാം 'സഖാവ് നായനാർ' എൻ്റെ ഒരു സ്ഥിരം ഐറ്റം ആയി മാറുകയും ചെയ്തു," ജയരാജ് വിവരിച്ചു. 
1983-ൽ, ഡെൽഹിയിൽ വെച്ചു നടന്ന അഖിലേന്ത്യാ നാടകോത്സവത്തിൽ, 'മുദ്രാരാക്ഷസം' എന്ന നാടകത്തിലെ ചാണക്യൻ എന്ന കഥാപാത്രത്തിന് മികച്ച നടനുള്ള പുരസ്കാരവും, 2011-ൽ, നാടകാഭിനയത്തിനും കേരികേച്ചറിനും കേരള സംഗീത നാടക അക്കാദമി പുരസ്‌കാരവും, അഭിനയത്തിനും ഹാസ്യത്തിനുമായി ഒട്ടനവധി മറ്റു സമ്മാനങ്ങളും നേടിയ നർമ്മകലയുടെ ഒറ്റയാൾപ്പട്ടാളം, 'ഒരു യാത്രാ മൊഴി' (1997) യിൽ തുടങ്ങിയ തൻ്റെ വെള്ളിത്തിരയിലെ പടയോട്ടം, 2021-ൽ റിലീസായ 'വൺ' എന്നതിനപ്പുറവും തുടരുന്നു. നിർമ്മാണത്തിലിരിയ്ക്കുന്ന അഞ്ചു 
ചലച്ചിത്രങ്ങളുടെ സെറ്റുകളിലേയ്ക്കാണ് ഇപ്പോൾ നെട്ടോട്ടം. 
ലോകരാഷ്ട്രങ്ങളിലെയെല്ലാം ചേർത്തു ഏഴായിരത്തിൽപരം സ്റ്റേജുകളും, പ്രാഞ്ചിയേട്ടനും, സ്വപ്ന സഞ്ചാരിയും, തിരുവമ്പാടി തമ്പാനും, പോപ്പിൻസും, സെല്ലുലോഡും, ജോമോൻ്റെ സുവിശേഷങ്ങളും, ചാർളിയും, അനാർക്കലിയും, ഉട്ടോപ്യയിലെ രാജാവും, മരുഭൂമിയിലെ ആനയും, ആമിയും, ഇളയരാജയും, പൊറിഞ്ചു മറിയം ജോസും ഉൾപ്പെടെ നൂറോളം പടങ്ങളും! ഷാലിൽ കല്ലൂർ സംവിധാനം ചെയ്ത കാട്ടുമാക്കാനിൽ, കേട്ടവരെല്ലാം കൊള്ളാമെന്നു പറഞ്ഞൊരു ഗാനവും ജയരാജ് ആലപിച്ചു.  
സിനിമയും സ്റ്റേജും തമ്മിലെങ്ങനെ? 
"വ്യത്യാസങ്ങൾ പലതുമുണ്ടെങ്കിലും, ഒരു കലാകാരനെ സംബന്ധിച്ചിടത്തോളം ഏറ്റവും സാരമായത്, സ്റ്റേജിൽ ഓരോ ഷോ-യ്ക്കും പുതിയ തയ്യാറെടുപ്പുകളും പുതിയ പെർഫോർമൻസും വേണമെന്നുള്ളതാണ്. നാടക നടനായാലും സാറ്ററിസ്റ്റായാലും, നൂറു ഷോ ചെയ്യാൻ, നൂറു പ്രാവശ്യം പ്രയത്നിക്കണം. ലൈവ് ആയതിനാൽ, കറക്ഷനും ഇംപ്രൂവ്മെൻ്റിനും അവസരവുമില്ല," ജയരാജ് വ്യക്തമാക്കി. 
"എന്നാൽ, സിനിമയിൽ ഇംപ്രൊവൈസേഷനാണ് വർക്കിനെ കുറ്റമറ്റതാക്കുന്നത്. ഒരിക്കൽ ചെയ്തവസാനിപ്പിച്ചാൽ, എത്ര ഷോ വേണമെങ്കിലും, എത്ര വർഷം വേണമെങ്കിലും, ആ പടം ഓടിക്കൊണ്ടിരിയ്ക്കും." 
തൃശ്ശൂരിനെ കേരളത്തിൻ്റെ സാംസ്കാരിക തലസ്ഥാനമാക്കി വികസിപ്പിച്ചു, അവിടെ പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരം തുടങ്ങിയത്, ശ്രീ. ശക്തൻ തമ്പുരാൻ! ഭൂമിയിൽ നടക്കുന്ന ഏറ്റവും വർണ്ണശബളമായ സംഭവമെന്ന് യുനെസ്കോ വിലയിരുത്തിയ ഈ ഉത്സവത്തിന് തത്സമയ വിവരണം ആരംഭിച്ചതും ഇപ്പോഴും പൂരമെന്തെന്ന് പൂരപ്രേമികൾക്ക് പരിചയപ്പെടുത്തുന്നതും, അവതാരകന്മാരുടെ അവതാരകനായ, മ്മ്ടെ ഗഡി -- ശ്രീ. ജയരജ് വാര്യർ!  

# Jeyaraj warrior interview by vijai CH

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക