MediaAppUSA

മിന്നാമിനുങ്ങുകൾ: കഥ , മിനിസുരേഷ്

Published on 20 November, 2022
മിന്നാമിനുങ്ങുകൾ: കഥ ,  മിനിസുരേഷ്

 

ളപ്പുരക്കൽ വീട്ടിൽ പോളച്ചൻപെണ്ണുകാണാനെത്തുമ്പോൾ 
റോസമ്മഅൻപത്തിയഞ്ചിന്റെ പടി കടന്ന് മെല്ലെ മുന്നോട്ട്
നീങ്ങുകയായിരുന്നു. പോളച്ചന്റെ കൂടെ അനന്തിരവൻ ഇട്ടിയുമുണ്ടായിരുന്നു.റോസമ്മയുടെ നല്ല പ്രായത്തിൽ അപ്പച്ചൻ ഭൂമി വിട്ടങ്ങ് പോയി. പിന്നെ പെങ്ങളെ കെട്ടിച്ചു വിടേണ്ട കാര്യം ആങ്ങള
സേവിച്ചനങ്ങ് സൗകര്യപൂർവ്വം മറന്നു.
അടുത്തുള്ള കോൺവെൻറിലെ കുശിനിയിൽപെങ്ങള് 
പകലന്തിയോളം ചോര നീരാക്കിക്കിട്ടുന്ന കാശു കൊണ്ട് സേവിച്ചൻ മെയ്യനങ്ങാതെ പിള്ളാരുട കാക്കക്കേട് മാറി വല്യപഠിത്തക്കാരാക്കി. അതുങ്ങളങ്ങ്അമേരിക്കയിലേക്ക് ചേക്കേറിയപ്പോൾ ഏഴാംകടലു കടന്ന് മക്കളുടെ കൂടെയൊന്ന് സുഖിച്ച് ജീവിക്കണമെന്നൊരു പുതി ഭാര്യക്കും,ഭർത്താവിനും മൊട്ടിട്ടു. സ്വാഭാവികമായും റോസമ്മ ഒരധികപ്പറ്റായി.
നാട്ടുകാരേക്കൊണ്ട് പറയിപ്പിക്കാതിരിക്കാൻ സേവിച്ചന്റെ ഭാര്യ ചൊല്ലിക്കൊടുത്ത ബുദ്ധിയിലാണ്  അവരുടെ അകന്ന ബന്ധുവായ പോളച്ചന്റെ ആലോചന തഴച്ചു വളർന്നത്. ഒരു വർഷംമുൻപായിരുന്നു അയാളുടെ ഭാര്യ ക്യാൻസർ  ബാധിച്ചു മരിച്ചത്. 
മക്കളില്ലാത്തതു കൊണ്ട്പോളച്ചന്റെ കാലം കഴിഞ്ഞാൽ സ്വത്തൊക്കെ വേറെയെങ്ങും പോകുകയില്ലെന്നൊരു ദീർഘ വീക്ഷണവുമുണ്ടായിരുന്നു.
"ഒരു കാര്യം മുന്നേ കൂട്ടിപ്പറഞ്ഞേക്കാം .ഞങ്ങടെ
വീടും,പറമ്പുമൊന്നും കണ്ടാരും മനപ്പായസമുണ്ണണ്ട.
എന്റെ കാലം കഴിഞ്ഞാലതെല്ലാം ഇവനുള്ളതാ"
പെണ്ണു കാണാനിറങ്ങുമ്പോഴും അപ്പാപ്പൻ നൽകിയ ഉറപ്പിന് ആയം കൂട്ടിക്കിട്ടിയതു കണ്ട് ഇട്ടിച്ചൻ സോഫയിലൊന്നമർന്നിരുന്നു.
ചെറിയൊരു വൈക്ലബ്യം സേവിച്ചന്റെയും,ഭാര്യയുടെയും മനസ്സിൽ വേലിയേറ്റം നടത്തി.റോസമ്മക്ക് മംഗല്യയോഗം
പടിവാതിൽക്കൽ എത്തി നിന്നിരുന്നതിനാൽ
എല്ലാ പ്രതിബന്ധങ്ങളും തരണം ചെയ്ത് പള്ളിയിൽ
വച്ച് ലളിതമായ രീതിയിൽ കെട്ടു നടന്നു. കളപ്പുരക്കൽ  വീടിന്റെ മതിലിൽ നിരത്തി വച്ചിട്ടുള്ള വെള്ളം കാണാതെ വാടി നിന്നിരുന്ന
ബോഗയിൻ വില്ലകളും, കള കയറിക്കിടന്നിരുന്ന  മുറ്റവും,പറമ്പുമെല്ലാം നാളേറെ കഴിയുന്നതിനു മുൻപേ റോസമ്മ ടച്ചിൽ അടിപൊളിയായി പ്രസരിപ്പ് വീണ്ടെടുത്തു. അഞ്ചാറ് കോഴികളേയും,ഒരാടിനേയുമെല്ലാം സംഘടിപ്പിച്ച് വളർത്തുവാൻ തുടങ്ങിയപ്പോൾ ചുറ്റുവട്ടത്തെ മഹിളാമണികൾക്കുമതൊരു പ്രചോദനമായി.
നല്ല സ്വാദുള്ള മീൻ കറിയും,മോരു കാച്ചിയതും.തോരനുമൊക്കെ വച്ച് അവർ സ്നേഹത്തോടെ പോളച്ചനെ ഊട്ടി.അകൽച്ച കാട്ടി മാറി നടന്നിരുന്ന പോളച്ചന്റെയും ജീവിതത്തിൽ റോസമ്മ അങ്ങനെ ഒരവിഭാജ്യഘടകമായി മാറി.പ്രണയത്തിന്സുഗന്ധവും,മധുരവും പങ്കിട്ട് ശാന്തമായി ജീവിതം മുന്നോട്ട് പോകുന്നതിനിടയിലാണ് പോളച്ചൻ കർത്താവിൽ നിദ്ര പ്രാപിച്ചത്.
കാലം കണക്കു തീർത്ത പോലെ ആങ്ങളയും,നാത്തൂനുമങ്ങ് വിദേശത്ത് മക്കളുടെ അടുക്കളക്കാരായതിനാൽ പോളച്ചൻ യാത്രയാകുമ്പോൾ അവൾക്ക് ഒപ്പമിരുന്ന് കരയാനും,പിഴിയാനും ബന്ധുക്കളായി ആരുമില്ലായിരുന്നു.
റോസമ്മയെ ഇനിയും വച്ചോണ്ടിരുന്നാൽ ആപത്താണെന്ന ഉപദേശങ്ങളും,ഉൾവിളിയും കൊണ്ട് പരവശനായ ഇട്ടിച്ചൻ പുകച്ച് പുറത്താക്കൽ ചടങ്ങിന്റെ ആദ്യ പടിയായി നടത്തിയ പരാക്രമം
കോഴിക്കൂട് തല്ലിത്തകർക്കലായിരുന്നു. വായുവിൽ
പറന്നു നടക്കുന്ന കുക്കുടങ്ങളെയെല്ലാം ഒരു വിധത്തിൽ തിരികെതേങ്ങാക്കുട്ടിലേക്കിട്ടിട്ട് ഇരുകൈകളും കൊണ്ട് തണ്ടെല്ലിനൊരു താങ്ങ് കൊടുത്ത് റോസമ്മ
ഇട്ടിയോട് ആഞ്ജാപിച്ചു.
"ഈ കോഴിക്കൂട് നേരെയാക്കി വയ്ക്കാതെ നീയിന്നീ പടിയിറങ്ങില്ല മോനെ. ജനലിനപ്പുറത്ത്നിന്ന് സകലതും വീഡിയോയിലെടുത്തിട്ടുണ്ട്.ഭവനദേദനം,സ്ത്രീപീഡനം അങ്ങനെ വകുപ്പുകള് ഒരുപാടുണ്ട് മക്കളേ. നിന്നെപ്പോലൊരുത്തനെ പെറ്റില്ലന്നേയുള്ളൂ. മര്യാദക്ക് നിർത്താനേ എനിക്കറിയാം.അപ്പാപ്പൻ മരിച്ചതിന്റെ പിറ്റേന്ന് അക്രമം കാണിക്കാനവനെത്തിയിരിക്കുന്നു.കയ്യിലൊരുമടലുമെടുത്ത് നിൽക്കുമ്പോൾ കോൺവെൻറ് സ്കൂളിലെ  പത്താം ക്ലാസ്സ് ടീച്ചറായിരുന്ന മിസ്സ്.ഡേവിഡിന്റെ ആത്മാവ് തന്നിൽ ഒരു വിളയാട്ടം നടത്തുന്നില്ലേ എന്നൊരു പൊടിസംശയവും അവർക്ക് തന്നെ തോന്നാതിരുന്നില്ല.
വേദപുസ്തകവും,മാറത്തടുക്കി കളറു കുറഞ്ഞൊരു
കോട്ടൺ സാരിയുമുടുത്ത് പള്ളിയും,പ്രാർത്ഥനയുമായി നടന്നിരുന്ന പാവം അമ്മാമ്മ പെട്ടെന്ന് രൂപാന്തരം പ്രാപിച്ച് ബോബനും,മോളിയിലെ ചേട്ടത്തിയായി മാറിയതുകണ്ട് ഇട്ടിച്ചനൊന്നു വിരണ്ടു.എങ്കിലും ധൈര്യംസംഭരിച്ച് തിരിച്ചടിച്ചു.
"നിങ്ങളേത് കോത്താഴത്തുകാരത്തിയാ.രണ്ടാം കെട്ട്
ഒറപ്പിക്കാൻ വന്നപ്പോൾ അപ്പാപ്പൻ പറഞ്ഞത് മറന്നോ.ഈ വീട് ഇട്ടിച്ചനൊള്ളതാ.ഇത് കണ്ടാരുംപനിക്കണ്ടെന്ന്."ഇട്ടി വീറോടെ പറഞ്ഞു.
"അതിയാൻ നെന്നോട് പറഞ്ഞതല്ലേ ഒള്ള്.കാലശേഷം 'നിനക്കിരിക്കട്ടെടി റോസേന്നു 'പറഞ്ഞ് മരിക്കണേനു മുൻപ് എന്റെ പേരിലെഴുതി വച്ചിട്ടുണ്ട്.നിരാശപ്പനി വരാൻ പോണത് നിനക്കാടാ
കൊച്ചനേ"റോസമ്മയുട പ്രഖ്യാപനം കേട്ട്
ആകാശത്ത് രണ്ടിടി വെട്ടിയപോലെ ഇട്ടിയങ്ങ് ഞെട്ടി.
"പാവം അപ്പാപ്പനെ മയക്കിപറ്റിക്കൂടിയതിന്റെ പൊറകേ നിങ്ങളതങ്ങ് തട്ടിയെടുത്തല്ലേ."കിളവൻഇത്ര വേഗം തട്ടിപ്പോകുമെന്നാരറിഞ്ഞു.
വിൽപ്പത്രം എഴുതി വയ്ക്കാൻ ഞാനന്നേ പറഞ്ഞതാ. നിർബന്ധിച്ച് ചെയ്യിക്കാഞ്ഞത് വല്യഅബദ്ധമായിപ്പോയി".അയാൾ കലിപ്പ് തീർക്കാനായി വരാന്തയിൽ കിടന്നിരുന്ന കസേരക്കിട്ട് കാലു കൊണ്ടൊരു തട്ടു കൊടുത്തു.
 
"അതേടാ,അതിയാന്റെ ആദ്യത്തെ കെട്ട്യോള് സാറാമ്മ ച്ചേട്ടത്തി നോക്കിയേലും കാര്യായിട്ടും,ആത്മാർത്ഥമായിട്ടുമാ ഞാൻ നോക്കിയത്. സ്വത്തിനും,പണത്തിനുമല്ലാതെ എന്നേലും നീയപ്പാപ്പനെ സ്നേഹിച്ചിട്ടുണ്ടോ. റോസമ്മ ആരുടേയും ഒന്നുംആഗ്രഹിച്ചിട്ടല്ല ഇതു വരെ ജീവിച്ചിട്ടുള്ളത്.
നിനക്ക് തന്നെ എല്ലാം തിരിച്ചെഴുതിത്തന്ന് മoത്തിലേക്ക് തിരികെ പോകണമെന്ന് കരുതിയപ്പോളാണ് നിന്റെയീ ആക്രാന്തം..നാല്പത് തികയാനുള്ള ക്ഷമ പോലുമില്ലാതായല്ലോടാ നെനക്ക്"എടുത്ത് ചാട്ടമാണല്ലോ കാണിച്ചത് എന്ന ജാള്യത്തിൽ ഇട്ടിച്ചൻ അരഭിത്തിയിൽ കയറി ഇരുന്നു. 
"എടാ ,ചന്ദ്രപ്പനവിടൊണ്ടേൽ പോളപ്പാപ്പന്റെ വീട് വരെ വേഗം വരാൻ പറ.ഒരു കോഴിക്കൂട് നന്നാക്കാനൊണ്ട്". മൊബൈൽ ഫോണെടുത്ത്
ആർക്കോ അതിനിടയിൽ നിർദ്ദേശവും കൊടുത്തു.
"എടാ .മക്കളേ നീയെന്തിനാണിത്ര ആക്രാന്തം കാണിക്കുന്നത്.ആകെപ്പാടെ ഒരു ചെറുക്കനല്ലേ ഉള്ളൂ. ലക്ഷങ്ങള് കോഴ കൊടുത്ത് ലണ്ടനിൽ
പഠിപ്പിക്കുന്നുമുണ്ട്. അത് കഴിയുമ്പോൾ അവനവിടെയങ്ങ് താമസമുറപ്പിക്കും. കുറച്ചകഴിയുമ്പോൾ എന്റാങ്ങള സേവിച്ചൻ പോയതുപോലെ നീയുമങ്ങോട്ട് പോകും.അല്ലേൽ ആയുസ്സെത്തുന്നത് വരെ തിന്നും.കുടിച്ചുംനാട്ടിൽ കഴിയും. മനുഷ്യജീവിതമെന്ന് വച്ചാലിത്രയല്ലേ ഒള്ളടാ. നിഷേധിയെന്ന് നാട്ടുകാർ ചെറുപ്പത്തിലേ
മുദ്ര കുത്തിയിട്ടുള്ള ഇട്ടിയുടെ മനസ്സിൽ റോസമ്മ
വചനങ്ങൾകോളിളക്കംസൃഷ്ടിക്കുന്നുണ്ടായിരുന്നു.
എൻറാങ്ങള എന്നെ പറ്റിക്കുവാണെന്ന് അറിഞ്ഞോണ്ട് തന്നെയാടാ കൊച്ചേ നല്ല പ്രായംകളഞ്ഞത്. കൂടെ പൊറുപ്പിച്ചോളാന്ന് പറഞ്ഞ്
മൂന്നാല് പേര് പുറകേ നടന്നതാ.നട്ടെല്ലുള്ള ഒരുത്തനേം ഞാനതിൽ കണ്ടില്ല.നല്ലൊന്നാന്തരം കെട്ട്യോള് വീട്ടിലിരിക്കുമ്പം പഞ്ചാര വർത്താനോമായി വന്നവന്മാരെ ആട്ടിപ്പായിച്ചിട്ടൊണ്ട് ഈ റോസമ്മ. തൻ കാര്യം നോക്കി നടക്കുന്നവളായിരുന്നേൽ എമ്പിടി സമ്പാദിക്കാമായിരുന്നു.മരിച്ചു പോയഭാര്യയെ ജീവനു തുല്യം സ്നേഹിച്ച പോളച്ചായന്റെ നല്ല മനസ്സാ മോനെ ഞാൻ കണ്ടത്.അല്ലാതീ വീടും പറമ്പുമൊന്നുമല്ല."റോസമ്മ കണ്ണു തുടച്ചു.
"അമ്മാമ്മ എന്നോട് ക്ഷമിക്കണം. 
.പണത്തിന് മീതെ പരുന്തും പറക്കുകേലെന്ന് പഠിപ്പിച്ചാ എന്റെ അപ്പച്ചനെന്നെ വളർത്തിയത്.ചെറുപ്പത്തിലേ അമ്മച്ചി മരിച്ചു പോയതു കൊണ്ട് നല്ലത് ചൊല്ലിത്തരാനും ആരും ഉണ്ടായിരുന്നില്ല.ഇനി എന്റമ്മയായി അമ്മാമ്മയിവിടെത്തന്നെ കാണണം.മoത്തിലൊന്നും ഇനി പോകണ്ട.റോസമ്മയുടെ കൈ പിടിച്ചു ഇട്ടിച്ചൻ ഗദ്ഗദത്തോടെ പറഞ്ഞു.
"പഴയപോലെ എല്ലാവർക്കും വച്ചു വിളമ്പാനൊന്നും
ആവതില്ല.കയ്യിനും,കാലിനുമെല്ലാം രാത്രിയാകുമ്പം നല്ല കടച്ചിലാണ്.പിന്നെ വേണ്ടപ്പെട്ടവരുപേക്ഷിച്ച് അനാഥരാക്കിയ മഠം വക വൃദ്ധസദനത്തിലെ അപ്പച്ചന്മാരെയും,അമ്മച്ചിമാരെയും ശുശ്രൂഷിച്ച് അവരിൽ ഒരാളായി കഴിയാല്ലോ എന്നൊരു വിചാരം മാത്രേയുള്ളൂ. മറ്റുള്ളവരുടെ മിഴികളിലെ അണഞ്ഞു പോയ വെളിച്ചം തെളിക്കുന്നതാണ് മോനെ ഭൂമിയിൽ ജീവിച്ചിരിക്കുമ്പോൾ നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ നന്മ.
ഇടക്ക് അമ്മാമ്മേ കാണാൻ വരണം കേട്ടോടാ മക്കളേ.ആരുമില്ലെന്ന സങ്കടമിപ്പോൾ അമ്മാമ്മക്കും മനസ്സീന്നു പോയി. കുഞ്ഞിരിക്ക് അമ്മാമ്മ നല്ല ഏലക്കാചായ ഇട്ടു തരാം."നന്മയുടെ വെളിച്ചം പോലെ അവരുടെ മുഖം ഇളവെയിലിൽ തിളങ്ങി.
 
ചില ജന്മങ്ങളങ്ങനെയാണ്.ജീവിതത്തിൽ അവർക്കൊന്നും
പൊരുതി നേടുവാനാഗ്രഹമില്ല. മറ്റുള്ളവരുടെ ജീവിതത്തിൽ മിന്നാമിനുങ്ങിനെപ്പോലെ ഒരു നുറുങ്ങ് വെട്ടം വിതറാനാണെന്നുമിഷ്ടം.
 ഒരു മാലാഖയെ ആദ്യമായി കാണുന്ന അത്ഭുതത്തോടെ ഇട്ടി റോസമ്മയെ നോക്കി നിന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക