Image

ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് മത്സരം പ്രസ്റ്റണില്‍; ഇന്ത്യന്‍ കരുത്തു തെളിയിക്കുവാന്‍ കെ.സി. വിനോദ്

Published on 20 November, 2022
 ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് മത്സരം പ്രസ്റ്റണില്‍; ഇന്ത്യന്‍ കരുത്തു തെളിയിക്കുവാന്‍ കെ.സി. വിനോദ്


ലണ്ടന്‍: ആഗോളതലത്തിലുള്ള ബോക്‌സിംഗ് മത്സരത്തിന് യുകെയിലെ പ്രസ്റ്റണ്‍ വേദിയാകുന്‌പോള്‍ മെയ്ക്കരുത്തിനുള്ള കിരീടം ഉയര്‍ത്തുവാന്‍ ഇന്ത്യക്കായി ഇറങ്ങുക മലയാളി മല്ലന്‍ കെ.സി .വിനോദ്. ആഗോള തലത്തില്‍ ഏറെ പ്രശസ്തമായ ഡബ്ല്യുസിബിഇ ബോക്‌സിംഗ് ഇവന്റിലേക്ക് ഇന്ത്യന്‍ പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ഏക മത്സരാര്‍ഥി എന്ന നിലയില്‍ വിനോദിന് കിട്ടിയ ഈ സുവര്‍ണാവസരത്തില്‍ മുഷ്ടിയുടെ കരുത്തിനുള്ള കിരീടം ഉയര്‍ത്തുവാന്‍ കഴിഞ്ഞാല്‍ മലയാളികള്‍ക്കിതു അഭിമാന നിമിഷമാവും.

ആരോഗ്യകരമായ സമതുലിത ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന 'എവര്‍ലാസ്റ്റ് ജിം' എന്ന ആരോഗ്യ സംരക്ഷണ വേദിയാണ് ഇംഗ്ലണ്ടില്‍ ഡബ്ല്യുസിബിഇ ബോക്‌സിംഗ് ഇവന്റ് സ്‌പോണ്‍സര്‍ ചെയ്യുക. ഇംഗ്ലണ്ടില്‍ നടക്കുന്ന തീ പാറുന്ന മത്സരത്തിന് ശേഷം, മുഷ്ടിയുദ്ധം ദുബായിലും ഓസ്‌ട്രേലിയയിലും അടക്കം സമാനമായ ഇവന്റുകള്‍ സംഘടിപ്പിക്കുവാന്‍ എവര്‍ലാസ്റ്റ് ജിം ലക്ഷ്യമിടുന്നുണ്ട്.

ജൂനിയര്‍ മിസ്റ്റര്‍ ഇന്ത്യ കിരീടം നേടിയിട്ടുള്ള കെ.സി, വിനോദ്, ഗോള്‍ഡന്‍ വിന്‍ഡ് ഗ്രൂപ്പ്, ടൈറ്റില്‍ ബോക്‌സിംഗ് ക്ലബ്, കേരള പ്രൊഫഷണല്‍ ബോക്‌സിംഗ് കൗണ്‍സില്‍, പ്രോജക്ട് വിന്‍ കണ്‍സള്‍ട്ടന്‍സി, എഡ്യൂക്കേഷണല്‍ ഹെല്‍പ്പ് ക്ലബ് എന്നീ ഇന്ത്യന്‍ ഓര്‍ഗനൈസേഷനുകള്‍ക്കു പുറമെ, ഓസ്‌ട്രേലിയയിലെ സേവ്ഡ് ഡ്രീംസ്, ഗ്രീന്‍വേ ഇന്‍വെസ്റ്റേഴ്‌സ്, വേ മേക്കര്‍ തുടങ്ങിയ നിരവധി സംഘടനകളുടെ ഡയറക്ടര്‍ കൂടിയാണ്.


ഐസിഎം ജനല്‍ സെക്രട്ടറി, ആള്‍ ഇന്ത്യ ഹ്യൂമന്‍ റൈറ്‌സ് ഫൗണ്ടേഷന്‍ വൈസ് പ്രസിഡന്റ്, ഡബ്ല്യുസിബി ബോക്‌സിംഗ് ചാന്പ്യന്‍ (ലണ്ടന്‍), കെആര്‍എവി മെഗാ സെര്‍ട്ടിഫൈഡ് കോച്ച് എന്നീ നിലകളിലും, വിവിധങ്ങളായ ശ്രദ്ധേയമായ ബിസിനസ് സംരംഭങ്ങള്‍ക്കൊപ്പം, ജീവകാരുണ്യ സംഘടനകള്‍ക്കും വിനോദ് നേതൃത്വം വഹിച്ചു വരുന്നു.

ന്യൂനപക്ഷ യുവ വ്യവസായി, ജീവ കാരുണ്യ പ്രവര്‍ത്തകന്‍, മികച്ച സ്‌പോര്‍ട്‌സ്മാന്‍, നല്ല സംരംഭകന്‍ എന്നീ നിലകളിലും നിരവധിയായ അവാര്‍ഡുകള്‍ നേടുകയും ചെയ്തിട്ടുള്ള 'ഇന്ത്യന്‍ മല്ലന്‍' നാനാവിധ മേഖലകളില്‍ തന്റെ കയ്യൊപ്പും അംഗീകാരവും നേടിയിട്ടുണ്ട്.

 

അപ്പച്ചന്‍ കണ്ണന്‍ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക