Image

അക്ഷര മാഹാത്മ്യം (കവിത:ബാബു പാറയ്ക്കൽ)

Published on 21 November, 2022
അക്ഷര മാഹാത്മ്യം (കവിത:ബാബു പാറയ്ക്കൽ)

കത്തുകൾ കത്തുകൾ ഏതെല്ലാം കത്തുകൾ 
അച്ഛൻ ജയിലിൽ നിന്നയച്ചൊരാ കത്തുകൾ 
മകളെ രാഷ്ട്രത്തെ നയിക്കുവാൻ ഉതകിയോ
നൂറ്റാണ്ടിനപ്പുറം പ്രചോദനമേകുന്നൊരക്ഷരം 

ബൈബിളിൽ കാണുന്ന പൗലൊസിൻ കത്തുകൾ 
പതിനാലു തവണയായി പ്രശ്‌ന പരിഹാരാർഥം 
എഴുതിയാ ജനതയെ ഉയർത്തുവാൻ ഉതകിയോ 
സഹസ്രാബ്‌ദങ്ങൾക്കപ്പുറം കേൾക്കുന്നൊരക്ഷരം

മലയാള ജനത തൻ ആത്മാവാം കത്തുകൾ
മാനസം തേങ്ങും പ്രവാസി തൻ കണ്ണുനീർ
രക്ത ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാൻ ഉതകിയോ
ഹൃദയ സ്‌പന്ദനങ്ങളും കേൾക്കുന്നൊരക്ഷരം
    
ഏവരും ഓർക്കാൻ കൊതിക്കുന്ന കത്തുകൾ
പ്രേമ സ്വപ്നങ്ങൾക്കു ചിറകേന്തി പറന്നവ 
കരിഞ്ഞു വീണൊരാ കൗമാര സ്വപ്നങ്ങളെങ്കിലും 
ഇന്നും ജ്വലിക്കുന്നൊരുലയിലെ കനലു പോലക്ഷരം

ആരോ രചിക്കുന്നു സ്വാർത്ഥമാം കത്തുകൾ 
മാറിപ്പോയ് കത്തുകൾക്കർഥവും ലക്ഷ്യവും
പാവങ്ങൾക്കന്നം അന്യമായി തീർത്തിടാൻ 
അന്യായമായ് തിരുകി കയറ്റുന്നൊരക്ഷരം


ഹൃദയ വികാരങ്ങൾ തുടിക്കുന്ന കത്തുകൾ 
എന്നും മനുഷ്യനെ അറിയുവാൻ ഉതകണം
മൂല്യങ്ങൾ കൊല്ലുവാൻ ഉദ്യമം ചെയ്യുകിൽ    
സരസ്വതി നിന്ദയായ് തീർന്നിടുമോർക്കണം.

# kavitha by babu parackel

                                         

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക