Image

ജീവന്‍ (കവിത : മാര്‍ഗരറ്റ് ജോസഫ് )

മാര്‍ഗരറ്റ് ജോസഫ് Published on 21 November, 2022
ജീവന്‍ (കവിത : മാര്‍ഗരറ്റ് ജോസഫ് )

ജീവന്‍ മഹത്തരം, പഞ്ചഭൂതാത്മകം,
ചേതോഹരം, ക്ഷണഭംഗുരം ഹാ!
ജീവന്‍, നിഗൂഢമാമേതോ നിയോഗമായ്,
ഭൂമിക്കനാദിയാം ദിവ്യദാനം;
ജീവന്‍, ജനിമൃതിക്കാധാരമാകുന്ന-
ജീവിതമാകുന്ന ജാലവിദ്യ;
ജീവനുണര്‍ത്തുപാട്ടാകുന്ന വിസ്മയം,
ജീവികള്‍ക്കുണ്മയേകുന്ന ശക്തി;
രൂപഭാവങ്ങള്‍ വിഭിന്നങ്ങളായെത്ര-
ജീവജാലങ്ങളരുമകളായ്,
താനെ ചലിക്കുന്നു, മുന്നോട്ട്....മുന്നോട്ട്...
യാനം നിലയ്ക്കുന്നിടയ്ക്കിടയ്ക്ക്.
സര്‍വചരങ്ങളില്‍ ബുദ്ധിക്കുടമകള്‍,
സര്‍വമടക്കിഭരിക്കുന്നവര്‍;
ദേഹിദേഹങ്ങളനുഗ്രഹമായവര്‍,
ഭോഗങ്ങള്‍ മാടിവിളിക്കുന്നവര്‍;
ഇന്നലെ,യിന്നായി, നാളെകള്‍ നീളെയായ്,
ജന്മങ്ങള്‍ ജന്മാന്തരങ്ങളായി,
സൃഷ്ടിമകുടങ്ങളാമിരുകാലികള്‍,
മര്‍ത്തയരല്ലാതെ മറ്റാരിവിടെ?
ദുഃഖസുഖങ്ങളും സ്‌നേഹദ്വേഷങ്ങളും,
മോഹങ്ങളും മോഹഭംഗങ്ങളും,
മിഥ്യയും തഥ്യയും നന്മയും തിന്മയും,
സങ്കീര്‍ണ്ണമാകുന്ന ജീവിതങ്ങള്‍,
പ്രായം വളര്‍ച്ച തളച്ചയാക്കുന്നവര്‍,
സ്വപ്‌നരഥകങ്ങളിലേറുന്നവര്‍,
ചോരനായ് ചോരത്തണയും മരണത്തിന്‍,
കാലൊച്ച കാതോര്‍ത്തിരിക്കേണ്ടവര്‍,
കൊല്ലും കൊലയുമായ് താണ്ഡവമാടുന്നു,
കത്തിയോങ്ങുന്ന പരന്റെ നേര്‍ക്ക്.
വഞ്ചനയുള്ളിലൊളിപ്പിച്ചടുപ്പിച്ച്-
പുഞ്ചിരിച്ചമ്പേ, തകര്‍ത്തിടുന്ന;
വൈകാരികത്തിരയേറിപ്പൊടുന്നനെ-
ആത്മഹത്യക്കിരയായിടുന്ന;
സാഹസകര്‍മ്മങ്ങള്‍ക്കുത്തരവാദികള്‍-
മര്‍ത്ത്യരല്ലാതെ മറ്റാരിവിടെ?
മന്നില്‍ ചിരിച്ചും കരഞ്ഞുമേകാകിയായ്,
വേര്‍പിരിയാന്‍ വരുമുള്ളതാര്‍ക്ക്?
ജീവിതം സമ്മാനമത്രെ മനുഷ്യന്,
ആര്‍ക്കധികാരം നശിപ്പിക്കുവാന്‍?
ജീവിക്കുക,ന്യനെ ദ്രോഹിച്ചിടാതെ നാം
ജീവിക്കുവാനുമനുവദിക്കിന്‍.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക