Image

എയര്‍ സുവിധ നടപടി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

Published on 22 November, 2022
 എയര്‍ സുവിധ നടപടി കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കി

 


ന്യൂഡല്‍ഹി: ഇന്ത്യയില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള പുതിയ നിയമങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ പുതുക്കി നിശ്ചയിച്ചു. ഇതനുസരിച്ച് എയര്‍ സുവിധ പോര്‍ട്ടലില്‍ ഇന്‍കമിംഗ് അന്താരാഷ്ട്ര യാത്രക്കാര്‍ പൂരിപ്പിക്കേണ്ട കോവിഡ് വാക്‌സിനേഷനായുള്ള സ്വയം പ്രഖ്യാപന ഫോമുകള്‍ ഇനി ആവശ്യമില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. തീരുമാനം നവംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.

ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം, ഓണ്‍ലൈന്‍ എയര്‍ സുവിധ പോര്‍ട്ടല്‍ സ്‌ററാന്‍ഡില്‍ സ്വയം പ്രഖ്യാപന ഫോം സമര്‍പ്പിക്കുന്നത് നിര്‍ത്തിയതായി വ്യോമയാന മന്ത്രാലയം അറിയിച്ചത് പ്രവാസികള്‍ക്ക് ആശ്വാസമായി.

 

ഇന്‍കമിംഗ് അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് വ്യോമയാന മന്ത്രാലയത്തിന്റെ എയര്‍ സുവിധ പോര്‍ട്ടലിലെ ഫോം നിര്‍ബന്ധമായിരുന്നു. അതില്‍, യാത്രക്കാര്‍ അവരുടെ വാക്‌സിനേഷന്‍ സ്‌ററാറ്റസ്, സ്വീകരിച്ച ഡോസുകളുടെ എണ്ണവും അവയുടെ തീയതിയും ഉള്‍പ്പെടെ പ്രഖ്യാപിക്കണം എന്നായിരുന്നു നിബന്ധന.മിക്ക രാജ്യങ്ങളിലെയും നിയമങ്ങള്‍ക്ക് അനുസൃതമായിരുന്നു ഇത്.


എന്നാല്‍ യാത്രക്കാര്‍ പൂര്‍ണമായും പ്രതിരോധ കുത്തിവയ്പ് എടുക്കുന്നതാണ് അഭികാമ്യമെന്ന് മന്ത്രാലയം അറിയിച്ചു. വിമാനത്താവളങ്ങളില്‍ മാസ്‌കുകളുടെ ഉപയോഗവും സാമൂഹിക അകലം പാലിക്കുന്നതും ഉള്‍പ്പെടെ, കൊവിഡിനുള്ള എല്ലാ മുന്‍കരുതല്‍ നടപടികളും തുടരുന്നതാണ് അഭികാമ്യം.ഇന്ത്യയില്‍ എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള പുതിയ നിയമങ്ങളില്‍ വിമാന യാത്രയില്‍ ഇനി മാസ്‌ക് നിര്‍ബന്ധമല്ലെന്ന് വ്യോമയാന മന്ത്രാലയം കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക