നന്ദികെട്ട ലോകമെന്ന് നമ്മള്‍ കേള്‍ക്കുന്ന ഈ ലോകത്ത് നന്ദി ദിനമാഘോഷിക്കാന്‍ അമേരിക്ക പോലുള്ള സമ്പന്നരാഷ്ട്രം ഒരു ദിവസം ഒഴിച്ച് വച്ചിരിക്കുന്നുവെന്നുള്ള വിവരം എത്രയോ ആഹ്ലാദദായകമാണു്. സമ്പത്ത് കൈവരുമ്പോള്‍ പലര്‍ക്കും അഹങ്കാരം വരുന്നതും നന്മകള്‍ അവരെ കൈവിട്ട് പോകുന്നതും നമ്മള്‍ക്കറിയാവുന്ന സംഗതിയാണു. ഒരു ദിവസം നന്ദിയാഘോഷിച്ച് പിന്നെ വരുന്ന ദിനങ്ങളില്‍ അത് മറന്ന് പോകുന്നതിലും അര്‍ഥമില്ല. അങ്ങനെ സംഭവിക്കുന്നത് ഭൗതിക സുങ്ങള്‍ക്ക് നേരെയുള്ള പ്രയാണത്തില്‍ ഈശ്വരനെ കൈവിടുന്നത്‌കൊണ്ടാണു്. ഇതിനുദാഹരണമാണു് നന്ദിദിനത്തിന്റെ പിറ്റെദിവസം കൊണ്ടാടുന്ന കരിവെള്ളിയാഴ്ച. (ങ്ങരൂപ ന്റ്യ ഞ്ചത്സദ്ധന്റ്രത്‌ന). അന്ന് വാണിജ്യക്കാര്‍ക്കും ഉപഭോക്താക്കള്‍ക്കും 'ചാകര''. വിലയില്‍ ഇളവ് വരുത്തി സാധനങ്ങള്‍ വില്‍ക്കുന്ന ഒരു കച്ചവടതന്ത്രം. പൊതുജനത്തിനു നന്ദിദിനത്തേക്കാള്‍ കരിവെള്ളിയാഴ്ച്ചക്ക് പ്രിയമേറുന്നു.
അമേരിക്ക കുടിയേറ്റക്കാരുടെ നാടാണു്. ഇവിടേക്ക് ആദ്യം വന്നവര്‍ (ആദ്യം താമസിച്ചിരുന്നവര്‍ എന്നല്ല) തീര്‍ഥാടകരായിരുന്നു. അവര്‍ ബൈബിള്‍ വചനങ്ങള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ട് ഒരു പുതിയ ഭൂമിയും, പുതിയ ആകാശവും ഉണ്ടാകാന്‍ ആഗ്രഹിച്ചു. ഇവിടത്തെ കറന്‍സി നോട്ടുകളില്‍ ' ദൈവത്തില്‍ ഞങ്ങള്‍ വിശ്വസിക്കുന്നു'' എന്നെഴുതി വച്ചിട്ടുണ്ട്. അത് ഇവിടത്തെ ദേശീയഗാനത്തിന്റെ നാലാമത്തെ സ്റ്റാന്‍സയില്‍ നിന്നെടുത്തതാണു്. ദൈവത്തില്‍ അധിഷ്ഠിതമായ ഒരു ജീവിത ശൈലി നമ്മള്‍ പാകപ്പെടുത്തുമ്പോഴാണു് നന്ദിദിനം പോലുള്ള ദിവസങ്ങള്‍ക്ക് പ്രാധാന്യമേറുന്നത്. അല്ലെങ്കില്‍ അവ വെറും നേരമ്പോക്കുകളായി മാറിപോകും. ഈശ്വരനില്‍ വിശ്വസിക്കുമ്പോഴാണു് നന്മകള്‍ ജനിക്കുന്നത്. മലയാളികളെ സംബന്ധിച്ചേടത്തോളം അമേരിക്കന്‍ മണ്ണില്‍ പ്രവാസികളായി വേരുറപ്പിച്ചപ്പോള്‍ ഇവിടത്തെ പല ജീവിതശൈലികളും അനുകരിക്കാന്‍ അവര്‍ നിര്‍ബന്ധിതരായി. എന്നാല്‍ അവയെല്ലാം നന്മയോട് ചേര്‍ന്ന് നില്‍ക്കുന്നുവെന്നത്‌കൊണ്ട് അതിനെയൊക്കെ അവര്‍ സ്വാഗതം ചെയ്തു. അക്കൂട്ടത്തില്‍ വളരെ അര്‍ഥപൂര്‍ണ്ണമായ ഒരു ആഘോഷമാണു് നവംബര്‍ മാസത്തിലെ അവസാനത്തെ വ്യാഴാഴ്ച്ച, 'താങ്ക്‌സ് ഗിവിംഗ് ഡെ''. നമുക്ക് ലഭിച്ചിരിക്കുന്ന എല്ലാ നന്മകള്‍ക്കും ക്രുതജ്ഞത അര്‍പ്പിക്കുന്ന ദിവസം. കുടുംബാഗങ്ങളും സ്‌നേഹിതരും ഭക്ഷണത്തിനായി മേശക്ക് ചുറ്റുമെത്തുമ്പോള്‍ ക്രുതജ്ഞതാര്‍പ്പണ സമയമാകുന്നു. സ്രുഷ്ടാവിനു നന്ദികരേറ്റുന്നതിനോടൊപ്പം സഹജീവികള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുന്നു. ഇത്തരം ആഘോഷങ്ങളിലൂടെ നമ്മള്‍ പുതുതലമുറക്ക് ഒരു സന്ദേശം പകര്‍ന്ന് കൊടുക്കുന്നു. ഈശ്വരവിശ്വാസത്തോടെ നന്മകള്‍ ചെയ്ത്‌കൊണ്ട് ഈ അനര്‍ഘമായ ജീവിതം ജീവിച്ച് തീര്‍ക്കണമെന്ന സന്ദേശം. വിശ്വമഹാകവി രബീന്ദ്രനാഥ് ടാഗോര്‍ ഒരു കവിതയില്‍ എഴുതി, ഓരോ ശിശു പിറന്നു വീഴുമ്പോഴും അത് ദൈവം മനുഷ്യനില്‍ സന്തുഷ്ടനാണെന്നതിന്റെ തെളിവാണെന്ന്. ഈ ലോകത്തില്‍ എത്രമാത്രം ക്രൂരതകള്‍ വര്‍ദ്ധിച്ചാലും ദൈവഭയത്തോടെ ജീവിക്കുന്ന മനുഷ്യരില്‍ നന്മകള്‍ എന്നും നില നില്‍ക്കുന്നു. നന്മകള്‍ എന്നും ബാക്കിയാണു് അത് ഒരിക്കലും തീരുന്നില്ല. അതിന്റെ പ്രതീകമല്ലേ പ്രതിവര്‍ഷം നമ്മള്‍ ആഘോഷിക്കുന്ന നന്ദിദിനം.
നന്ദിദിനത്തെക്കുറിച്ച് ആരോ എഴുതിയ ഒരു കുറിപ്പ് ഓര്‍മ്മ വരുന്നത് വായനക്കാരുമായി ഞാന്‍ പങ്ക് വയ്ക്കട്ടെ, ജോലിയില്‍ ഉന്നതപദവി അലങ്കരിച്ചിരുന്ന ഒരാളുടെ ചിരകാലാഭിലാഷമായിരുന്നു ഒരു വിദേശപര്യടനം. അത് ഒത്ത് വന്നപ്പോള്‍ അയാളില്‍ ശാരീരികമായ ചില അസ്വാസ്ഥ്യങ്ങള്‍ അനുഭവപ്പെടാന്‍ തുടങ്ങി. ഡോക്ടരെ കണ്ടപ്പോള്‍ അറിഞ്ഞു അദ്ദേഹത്തിന്റെ ശ്വാസകോശങ്ങളെ കാന്‍സര്‍ കാര്‍ന്ന് തിന്നാന്‍ തുടങ്ങിയെന്ന്. രോഗം പൂര്‍ണ്ണമായി വിട്ട് മാറുമെന്ന് പ്രതീക്ഷയില്ലായിരുന്നെങ്കിലും ചികിത്സ ആരംഭിച്ചു. ആ വര്‍ഷത്തെ നന്ദിദിനത്തില്‍ അദ്ദേഹം ഇങ്ങനെ നന്ദി അര്‍പ്പിച്ചു. 'എന്റെ പുകവലി മാറ്റി തന്നതിനു സ്‌തോത്രം. ഉത്തമസുഹുത്തുക്കളെ തിരിച്ചറിയാന്‍ അവസരം തന്നതിനായി സ്‌തോത്രം. ജോലിത്തിരക്കില്‍ നിന്നും മോചനം പ്രാപിച്ച്, കുടുംബാഗങ്ങളുമായി സമയം ചിലവഴിക്കാന്‍ അവസരം ലഭിച്ചതിനു സ്‌തോത്രം. ഭൗതികചിന്തകളില്‍ മാത്രം ആക്രുഷ്ടനാകാതെ അത്മീയതിലേക്ക് തിരിച്ച് വരാന്‍ അവസരം തന്നതിനായി സ്‌തോത്രം'.പ്രതിസന്ധികളിലും ദൈവത്തിനു സ്‌തോത്രം ചെയ്യുവാനും തന്റെ കുടുംബാംഗങ്ങള്‍ക്കും സ്‌നേഹിതര്‍ക്കും അത് മാത്രുകയായി കാണിച്ച്‌കൊടുക്കുവാനും ഇത്തരം കൂടിവരവുകള്‍ അവസരം ഒരുക്കുന്നു.
ആധുനികമനുഷ്യന്റെ വലിയ പ്രശ്‌നം അവനെ അലട്ടുന്ന ആകുലതകളാണു്. ഉള്ളതിനെക്കുറിച്ചും, ഇല്ലാത്തതിനെക്കുറിച്ചുമെല്ലാം വേവലാതിപ്പെടുന്ന സ്വഭാവം പലരും വളര്‍ത്തിയെടുത്തിയിരിക്കുന്നു. മാനസികാസ്വസ്ഥ്യം മാത്രമല്ല ശാരീരികരോഗങ്ങളും അത് മൂലം ഉണ്ടാകുന്നു. അവയെ തരണം ചെയ്യുന്നതിനുള്ള ഏക പ്രതിവിധി കരുണാസമ്പന്നനും സര്‍വ്വപരിപാലകനുമായ സ്രുഷ്ടാവില്‍ വിശ്വാസം അര്‍പ്പിച്ച്‌കൊണ്ട് അവിടുന്നു നല്‍കുന്ന എല്ലാ നന്മകള്‍ക്കും നന്ദി പറയുക എന്നതാണു്. ഒപ്പം സഹജീവികളെ സ്‌നേഹിക്കുവാനും കരുതാനുമുള്ള അവസരമായി ഈ സുദിനത്തെ കാണണം. സമാഗതമായി കൊണ്ടിരിക്കുന്ന നന്ദിദിനം അതിനുള്ള അവസരം ഏവര്‍ക്കും പ്രദാനം ചെയ്യട്ടെ.
എല്ലാ വായനക്കാര്‍ക്കും സന്തോഷപ്രദമായ താങ്ക്‌സ് ഗിവിംഗ് ദിനം ആശംസിക്കുന്നു.
# Thanksgiving article by saroja Varghese