MediaAppUSA

പിയെറ്റ (കഥ- മനോഹർ തോമസ്)                    

Published on 23 November, 2022
പിയെറ്റ (കഥ- മനോഹർ തോമസ്)                    

സ്വികരണമുറിയുടെ ഒത്ത മധ്യത്തിലായി സ്റ്റാൻഡിൽ ആ  പ്രതിമ സ്ഥാപിച്ചു കഴിഞ്ഞപ്പോൾ ആശ്വാസമായി . വെറും പ്രതിമ എന്നു  വിളിച്ചാൽ ആ അതുല്യ സൃഷ്ടിയെ വല്ലാതെ താഴ്ത്തി പറഞ്ഞപോലെ തോന്നും . " വെണ്ണക്കല്ലിൽ ഒരു ദുരന്തകാവ്യം " അങ്ങിനെ എന്തെങ്കിലുമാണ് പറയേണ്ടത് . വീട്ടിൽ വരുന്ന ആർക്കും അത് കാണാം . അതുപോലെ ഒരു ദിവസം പോലും വിടാതെ എനിക്കും കാണാം .

മുറ്റിയ  ഇലക്കളിർപ്പുമായി നിൽക്കുന്ന മേപ്പിൾ മരങ്ങളുടെ നിര അവസാനിക്കുന്നത് വളഞ്ഞു പുളഞ്ഞു പോകുന്ന താറിട്ട റോഡിന്റെ അറ്റത്താണ് .പിന്നെ പുതുതായി പണിത ഓഫീസ് കെട്ടിടം .മുള്ളുവേലി തുടങ്ങുന്നതിന്  പിന്നിലായി , ഗെയിറ്റിനോട് ചേർന്ന്  സെക്യുരിറ്റിക്കാരൻറെ അറ . റോഡിൻറെ വലതുവശത്തായി തുറസ്സായ വെളിമ്പ്രദേശവും ,ബെയ്സ്ബോൾ കോർട്ടും .
തടസ്സങ്ങളില്ലാതെ ബഹുദൂരം സാഞ്ചെരിച്ചെത്തുന്ന കാറ്റ് മേപ്പിൾമരച്ചില്ലകളിൽ മേളമുയർത്തുന്നു .

നഗരമധ്യത്തിലാണെങ്കിലും തിരക്കൊഴിഞ്ഞ ഈ പുതിയ ഓഫീസിലേക്ക് മാറ്റം കിട്ടിയപ്പോൾ മനസ്സിന് അറിയാതെ ഒരു കുളിർമ .എന്നും രാവിലെ എത്തുന്നതുകൊണ്ട് സെക്യുരിറ്റിക്കാരൻറെ അറക്കു  മുന്നിൽ ,മുള്ളുവേലിക്ക് പുറത്തു കാർ നിർത്താൻ കഴിയുന്നു .
ഭാവഭേദങ്ങൾ വീഴാത്ത കറമ്പനോട് " ഒരു കണ്ണുവേണം " എന്ന് പറഞ്ഞകലുമ്പോൾ മുഖത്തു അർദ്ധമന്ദഹാസം .

എന്നും ഉച്ചക്ക് ,കാറിൻറെ ട്രങ്കിൽ സൂക്ഷിക്കുന്ന ചാരുകസേര എടുത്തു , പുറത്തിട്ട്  മേപ്പിൾചുവട്ടിലെ വായന പതിവാക്കി .അതിനു പിന്നിൽ ഒരു ജന്മാന്തരബന്ധത്തിന്റെ കഥയുണ്ട് .നിതാന്ത മർമരമുയർത്തുന്ന മേപ്പിളിലകൾ ആലില കണക്കാണ് . ചിറ്റേത്തെ  സരസവാരസ്യാരുടെ മകൻ ഉറങ്ങിയതും വളർന്നതും വലുതായതും ,ആലിലകളുടെ മർമരം കേട്ടാണ് .കാലകപോലത്തിലൊരു കണ്ണുനീർ തുള്ളിപോലെ ഒഴുകി എത്തുന്ന കുറിഞ്ഞി പുഴ അമ്പലത്തിൻറെ താഴെ എത്തുമ്പോൾ വടക്കോട്ടൊന്ന് ചെരിയുന്നു .അവിടെ കല്ലിടുമ്പിൽ കടവിൽ നിന്നാണ് ആൽത്തറവരെ എത്തുന്ന നട കെട്ടിപ്പൊക്കിയിരിക്കുന്നത് . ആനക്കൊട്ടിലും നടുമുറ്റവും കഴിഞ്ഞാൽ  കൃഷ്ണൻറെ അമ്പലമായി .
അമ്പലത്തിന് പടിഞ്ഞാറുഭാഗത്തു ,ഒരു വിളിപ്പാടകലെയായി ,വാര്യത്തെ വീട് .വീട്ടിൽ കണ്ണീരുറഞ്ഞു ദുഃഖം  ഘനീഭവിച്ച  മുഖവുമായി 'അമ്മ .ഒരു ചിത്രം പൂർത്തിയാവുന്നു .

വായനക്കിടക്ക് കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു ബെയ്‌സ്‌ബോൾ കോര്ടിന്റെ  മുന്നിൽ പച്ചനിറത്തിലുള്ള വാൻ നിർത്തിയിട്ടിരിക്കുന്നു .നാലു ടയറിന്റെയും കാറ്റഴിച്ചുവിട്ട അതിൽ നിന്ന് ,ഒരു സ്ത്രീയും പുരുഷനും ഇറങ്ങി  നടന്നു പോകുന്നു .നഗരത്തിലെ ഈ സാധാരണ ദൃശ്യങ്ങൾക്കൊക്കെ എന്ത് പ്രാധാന്യം .പക്ഷെ പോകെ പോകെ ഒരു കാര്യം മനസ്സിലായി .ആ വാനിനുള്ളിൽ ഒരു കുടുംബം സ്ഥിരതാമസം തുടങ്ങിയിരിക്കയാണ് . ആഴ്ചയിൽ രണ്ടുവട്ടം റോഡുവൃത്തിയാക്കാനെത്തുന്ന വണ്ടി ,ഒരിഞ്ചുപോലും പോലും അനക്കാത്ത വാനിനെ മറികടന്ന് പോകുന്നത് പതിവാക്കി .

ഒരു മുരടനക്കം കേട്ടാണ് മയക്കത്തിൽനിന്ന് ഞെട്ടി ഉണർന്നത് .പച്ചയും ,കറപ്പും കലർന്ന പുള്ളികളുള്ള പഴയ പട്ടാളക്കാരന്റെ വേഷം .കുറ്റിത്താടിയും ,ചെമ്പൻ മുടിയും .മുൻവശത്തെ പല്ല് പോയിരിക്കുന്നു .  ആറടിയിലേറെ പൊക്കമുള്ള ബലിഷ്ഠമായ മനുഷ്യൻ .
" ഞാൻ നിങ്ങളുടെ ഒരു നല്ല അയൽക്കാരനാണ് .എഡ്‌ഡി അൽവാരെസ് " മസിലും , ഞരമ്പുകളും , കെട്ടുപിണഞ്ഞു കിടക്കുന്ന കൈ എൻ്റെ നേരെ നീണ്ടു .യാന്ത്രീകമായി ഞാനത് പിടിച്ചു കുലുക്കി .  അയാൾ താഴെ സിമൻറ് തറയിൽ ഇരുന്നു .എന്നിട്ട് മുഖവുര കൂടാതെ തുടങ്ങി .

 " ഞാനും ഭാര്യയും ആ വാനിലാണ് താമസം . പഴയ പുസ്തകങ്ങൾ വിറ്റു ജീവിക്കുന്നു . നിങ്ങൾക്ക് വിരോധമില്ലെങ്കിൽ ഞാനീ കാറ് കൈകൊണ്ട് കഴുകി തരാം .എന്തെങ്കിലും തന്നാൽ മതി . പല ദിവസങ്ങളിലും ഒന്നും വിൽക്കില്ല . ആളുകൾക്ക് വായിക്കാനെവിടെ സമയം .നിങ്ങൾക്കറിയാമല്ലോ
തെരുവിലെ  ജീവിതം . ഏറ്റവും ചുരുങ്ങിയത് ഭക്ഷണത്തിനെങ്കിലും ......എന്തെങ്കിലും !

പാതിയടഞ്ഞ , ഉറക്കം തൂങ്ങുന്ന കണ്ണുകളിൽ ദൈന്യഭാവം .സുഭിക്ഷതയുടെ ഈ രാജ്യത്തു അയാൾ വിശപ്പിനെപ്പറ്റി സംസാരിക്കുന്നു .അതൊരു പുതിയ അനുഭവമായിരുന്നു .

'അമ്മ കൊണ്ടുവരുന്ന നിവേദ്യച്ചോറിൻറെ ബാക്കി പലപ്പോഴും അര വയറുനിറയില്ല " എൻ്റെ കണ്ണന് വിശപ്പടങ്ങില്ല അല്ലെ " നേർത്ത കൈവിരലുകൾ തലമുടിയിൽ ഇഴയുമ്പോൾ മുഖമുയർത്തില്ല ; ആ  നിറകണ്ണുകൾ ഒരിക്കൽകൂടി കാണാനാവില്ല .

എന്തുകൊണ്ടാണെന്നറിയില്ല  ആദ്യം എഡ്‌ഡിയെ എനിക്ക് തീരെ ഇഷ്ടപ്പെട്ടില്ല . പരുക്കൻ മുഷിപ്പൻ എന്നൊക്കെയാണ് തോന്നിയത് .

അയാൾ വീണ്ടും വന്നു . " നിങ്ങളൊരു നല്ല വായനക്കാരനാണല്ലോ ! സാഹിത്യ ലോകത്തെ എല്ലാ അതികായന്മാരും എൻ്റെ  അടുത്തുണ്ട് .നിങ്ങൾ എൻറെയൊരു നല്ല വിപണിയായി മാറാനുള്ള സാധ്യതയുണ്ട് .

ആ പ്രയോഗം എനിക്ക് നന്നേ പിടിച്ചു .എഡ്ഡി ഓരോദിവസവും ഉച്ചക്ക് , ഓരോ പുസ്തകങ്ങളുമായെത്തുന്നു . അതിൻറെ ഉള്ളടക്കത്തെപ്പറ്റി , എഴുത്തുകാരനെപ്പറ്റി ,അയാളുടെ ശൈലിയെപ്പറ്റി പോരായ്മകളെപ്പറ്റി , വിശദമായി ആഴത്തിൽ സംസാരിക്കുന്നു .അയാളുടെ സ്വാഭാവത്തിന്റെ ഈ വിചിത്ര ഭാവം എന്നെ വല്ലാതെ അമ്പരപ്പിച്ചു .

ഈ  തെരുവ് തെണ്ടി ഒരു നല്ല വായനക്കാരനോ ? സിൽവിയ പ്ലാത്തും , ജെ .ഡി .സാലിങ്കറും ,ജോൺ അപ്ഡേയ്കും ,ഷോൾ സെനിത് സെന്നും , എഡ്ഡിയെ സംബന്ധിച്ചിടത്തോളം കുട്ടുകാരെപോലെയാണ് . അറിയാതെ ചോദിച്ചുപോയി   " നിങ്ങൾ ഈ പുസ്തകങ്ങൾ ഒക്കെ വായിക്കുമോ "
" അല്ലാതെ എനിക്ക് എന്താണ് ചെയ്യാനുള്ളത് ? "  

ഞാനെന്നാണ് വായന ശീലമാക്കിയത് ? കുറിഞ്ഞിപ്പുഴക്ക് അക്കരെയുള്ള ഗ്രാമീണ വായനശാല . നാട്ടുകാർ  "അമ്പല ജീവി " എന്ന് ഓമനപ്പേരിട്ട് വിളിക്കുന്നകാലം . തൻ്റെ തട്ടകത്തിൽ നിന്നും ഒളിച്ചോടാൻ ചെറിയൊരവസരം . വേദസാധകം ചെയ്യുന്ന അരയാലിലകൾക്ക്  താഴെ , പൊട്ടിപ്പൊളിഞ്ഞ
ആൽത്തറയിൽ , മലർന്ന്കിടന്നു അറിവിൻറെ  അജ്ഞാതസാമ്രാജ്യങ്ങൾ വെട്ടിപ്പിടിക്കുന്ന കാലം .

അയാൾ എന്നും വന്ന് സിമന്റു  തറയിൽ പതിഞ്ഞിരിക്കും . അകലെ ആകാശപരപ്പിൽ കണ്ണും നട്ട് ആരോടെന്നില്ലാതെ  പറഞ്ഞുകൊണ്ടിരിക്കും .

നോർത്ത് കരോളിനയിലെ ഹൈസ്‌കൂളിൽ അധ്യാപകനായി പണിയെടുക്കുന്ന കാലം . ഡ്രാഫ്റ്റിൽ പെട്ടാണ് വിയറ്റ്നാമിൽ പോകാനിടയായതു . പാവം ഒരധ്യാപകന് പറ്റാത്ത പണി . അകെ രക്തത്തിൽ കുതിർന്നുപോയി . ജീവിതം പോലും രക്തത്തിൽ ചാലിച്ചു എഴുതേണ്ടിവന്നു .

എഡ്ഡി വികാരങ്ങളെ നിയന്ത്രിക്കാൻ വല്ലാതെ പാടുപെട്ടു .മുഖത്തെ മാംസപേശികൾ വലിഞ്ഞു മുറുകി ." ഞങ്ങളുടെ ഗ്രുപ് ലീഡർ ക്യാപ്റ്റൻ ബ്രയൻ എന്ന ഒരു പന്നിയുടെ മോനായിരുന്നു . ഞാനൊരു പാവമാണെന്നറിഞ്ഞു എന്നെക്കൊണ്ട് ചെയ്യരുതാത്തതൊക്കെ ചെയ്യിക്കുക അയാൾക്കൊരു ഹരമായി ."  

നാം ഫ്യൂങ്ങിൽ നിന്ന് കാട്ടിലൂടെയുള്ള യാത്ര . ചെറിയൊരു വെള്ളച്ചാല് നീന്തിക്കടന്നു പന്ത്രണ്ടു പേരുള്ള ഞങ്ങളുടെ സംഘം ഗ്രാമാതിർത്തിയിൽ എത്തി .അകലെ ആളുകൾ വയലിൽ പണിയെടുക്കുന്നത് കാണാമായിരുന്നു . വൈക്കോൽ കൂനകളുടെ മറപറ്റി ഞങ്ങൾ മുന്നോട്ട് നീങ്ങി .
മഞ്ഞിൻറെ  നൂലിഴ പോലെ നാമിലെ പ്രഭാതം ശാന്തമായിരുന്നു .

എവിടെ നിന്നാണ് വെടിപൊട്ടിയത് എന്നറിയില്ല സംഘത്തിലെ മുന്ന് മുൻനിര പട്ടാളക്കാർ മരിച്ചു വീണു . രണ്ടാമത്തെ വെടി ബ്രയൻറെ ഒരത്തിൽ , കൈയറ്റു  തുങ്ങി .തെങ്ങിൻ മുകളിലിരുന്ന ഒളിപ്പോരു പടയാളിയെ ഞങ്ങളിലാരോ ഒറ്റ വെടിക്ക് താഴെയിട്ടു .
 
ഒരു കുടിൽ വളഞ്ഞപ്പോൾ കുട്ടികളും , രണ്ടു ഗർഭിണികളും അടക്കം ഇരുപത്തിരണ്ടു പേർ പുറത്തിറങ്ങി വന്നു . വേദനയും ,കോപവും കൊണ്ട് ക്യാപ്റ്റന്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു .
"  വെക്കടാ  വെടി  " അയാളെന്നെ നോക്കി അലറി .ആ ഇരുപത്തിരണ്ടു പാവങ്ങളെ എൻ്റെ ഈ കൈകൊണ്ട് .............
വല്ലാത്തൊരു ശീൽക്കാരത്തോടെ , എഡ്ഡി പൊട്ടിക്കരഞ്ഞു .സാവധാനം അയാളെ പിടിച്ചെഴുനേൽപ്പിച്ചു , ഞങ്ങൾ വാനിനു നേരെ നടന്നു.

എഡ്ഡി വല്ലപ്പോഴും വന്ന് കാറ് കഴുകുകയും , കിട്ടുമ്പോൾ നല്ല പുസ്തകങ്ങൾ കൊണ്ടു വരുകയും ചെയ്തു . അതിനൊക്കെ അപ്പഴപ്പോൾ പണം വാങ്ങുന്ന പതിവില്ല .ഇടക്ക് വന്ന് കുറച്ചു പണം ചോദിക്കും . മറ്റൊരു ദിവസം ഭാര്യയെ കൊണ്ടുവന്ന് എന്നെ പരിചയപ്പെടുത്തി .
 ' ഇവൾ എൻ്റെ ഭാര്യ കാതറിൻ മെക്ബേൺ  ഐറിഷുകാരിയാണ് ' . അതുപറയുമ്പോൾ അയാളുടെ കണ്ണുകളിൽ അഭിമാനത്തിൻറെ തിളക്കം .വെളുത്തു തുടുത്ത അവരുടെ മുഖം നിര് വന്ന് വിങ്ങിയ
പോലിരുന്നു . കാലിലും അതുപോലെ തന്നെ .ഒരു തികഞ്ഞ രോഗിയുടെ എല്ലാ ലക്ഷണങ്ങളൂം .

എൻ്റെ ലാസ്റ്റ് നെയിമിൽ നിന്ന് നിങ്ങൾ മനസ്സിലാക്കി കാണും ഞാനൊരു സ്പാനിഷുകാരനാണെന്ന് .പക്ഷെ ഒരു കാര്യം മറന്നു പോകരുത് .ഞാൻ സ്‌പെയിനിൽ നിന്നാണ് . എൻ്റെ കൈയിൽ രക്തം പറ്റിയിട്ടുണ്ടെങ്കിലും ഒരിക്കലും കറുപ്പ് കലർന്നിട്ടില്ല . മദ്യത്തിനോ , മയക്കുമരുന്നിനോ ,പെണ്ണിനോ വേണ്ടി ഒരു ചീത്ത  പ്രവർത്തിയും ചെയ്തിട്ടില്ല .ഒറ്റ ഡോളർ ആവശ്യം വരുമ്പോൾ അന്യൻറെ കാർ ബാറ്ററി സ്വപ്നം കാണുന്ന പോട്ടറിക്കനല്ല ഞാൻ .

തികഞ്ഞ വായനക്കാരനും , കൂർമബുദ്ധിയുമാണ് ,എഡ്ഡി എന്നറിഞ്ഞപ്പോൾ അയാളെ എന്നും കാണാനാഗ്രഹിച്ചു .അയാളുടെ ജീവിതാനുഭവങ്ങൾ പുതിയ അറിവിന്റെ വാതിലുകൾ തുറന്നിട്ടു . അറിയാതെ അറിയാതെ അയാളെന്നിലേക്ക് നടന്നടുക്കുകയായിരുന്നു .

എഡ്ഡി ഒരിക്കലും തൻ്റെ അഭിപ്രായങ്ങൾ തുറന്നു പറയാൻ മടിച്ചിരുന്നില്ല . പട്ടാളത്തിൽ ഞാൻ ധാരാളം ഇന്ത്യക്കാരെ കണ്ടിട്ടുണ്ട് .ശാന്ത പ്രകൃതക്കാരും ,നല്ലവരുമാണവർ .
നിങ്ങൾക്ക് എല്ലാ വെള്ളക്കാരോടും വലിയ ബഹുമാനമാണ് . ഇരുനൂറുവർഷത്തെ അടിമത്വത്തിന്റെ
ബാക്കിപത്രം .ചോദിക്കുന്നതിൽ ഒന്നും വിചാരിക്കരുത് ," നിങ്ങൾ ഏതെല്ലാം രാജ്യങ്ങളിൽ
പോയിട്ടുണ്ട് ? "

 "എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ശില്പകലകളാണ് .അത് നിറഞ്ഞ റോമൻ നഗരങ്ങളാണ് പ്രിയം .മൈക്കലാഞ്ചലോയും ,ഡൊണറ്റല്ലോയും, ഡാവിഞ്ചിയും , തങ്ങളുടെ കരവിരുതുകളാൽ അനശ്വരമാക്കിയ കൊത്തുപണികളുടെ  സാമ്രാജ്യം .1996 ലാണെന്നാണ് എൻ്റെ ഓർമ്മ .സെൻറ് പീറ്റേഴ്‌സ് കത്തീഡ്രലിന്റെ പ്രകാശമാനമായ പൂമുഖം .വലതു ഭാഗത്തായി വെണ്ണക്കല്ലിൽ " ആ കദനകാവ്യം -"  പിയെറ്റ . എത്ര മണിക്കുറുകൾ അതിനുമുമ്പിൽ ചിലവഴിച്ചു എന്ന് പറയാനാകില്ല .

പീഡാനുഭവ പാരമ്പരകളാൽ തകർന്ന് , അവസാനം ക്രൂശിക്കപ്പെട്ട് , കന്യാമറിയത്തിന്റെ മടിയിൽ
ശയിക്കുന്ന ,നിതാന്ത രക്തസാക്ഷിത്വത്തിന്റെ കരുണാർദ്രമായ മുഖം . പത്തടി മാറിനിന്ന് സൂക്ഷിച്ചു
ശ്രദ്ധിച്ചാൽ ,വെളുത്ത തുടയിലെല്ലാം ,അടിയേറ്റ് കാരമുള്ളുകൾ കുത്തികയറിയിരിക്കുന്നപോലെ
തോന്നും . എന്നാൽ അടുത്തുചെന്ന് നോക്കിയാലോ , മിനുക്കിയ വെണ്ണക്കല്ലിന്റെ പ്രഭാപൂരം . അവിടെയാണ് അതുല്യനായ ഒരു ശില്പിയുടെ കരവിരുതിനു മുമ്പിൽ നാം പ്രണമിക്കുന്നത് .

പിയറ്റയെ പറ്റിയുള്ള അംഗപ്രത്യഗ   വർണ്ണന കേട്ട് എഡ്ഡി തരിച്ചിരുന്നു .അയാളുടെ മുഖത്ത് ഒരു ചിരി ഓളം വെട്ടിയിരുന്നോ എന്നോരുസംശയം .  " പിയറ്റ ഞാനും കണ്ടിട്ടുണ്ട് .എങ്കിലും നിങ്ങൾ കാണുന്ന ആ കണ്ണുകൊണ്ട് കാണാൻ കഴിഞ്ഞില്ലെന്നു മാത്രം ."

ഓർത്തുപോവുകയായിരുന്നു , എങ്ങിനെയാണ് ശിൽപ്പകല എന്നിൽ ആവസിച്ചതെന്ന് . കൃഷ്ണൻറെ അമ്പലത്തിനുചുറ്റും , ഏതോ അജ്ഞാത ശില്പി ദാരുശില്പങ്ങൾ കൊണ്ട് നിറച്ചിരുന്നു . ഗന്ധർവനും ,  മോഹിനിയും ,തൂണുകൾ തോറും നര്ത്തനമാടി  നിന്നു .വളർച്ചയുടെ കല്പടവുകളിലെവിടെയോവച്ചു , മോഹിപ്പിക്കുന്ന ആ ചിത്രത്തൂണുകൾ ,മനസ്സറിയാതെ , ആഴത്തിൽ  പതിഞ്ഞുപോയിട്ടുണ്ട് .

ഇലപൊഴിയും കാലം , പ്രകൃതി വർണ്ണക്കുപ്പായം മാറ്റുന്നതിന്റെ ഭംഗി ആസ്വദിച്ചു ചാരുകസേരയിൽ കിടക്കുകയായിരുന്നു .
എഡ്ഡി ഒരു ചെറുപ്പക്കാരിയുടെ കൂടെ  അകലെ നിന്ന് നടന്നുവരുന്നത് കണ്ടു . എന്നെ ഒന്ന് ശ്രദ്ധിക്കുകപോലും ചെയ്യാതെ അവർ വാനിനകത്തേക്ക്  നടന്നു കയറി .ഏതാനും നിഷങ്ങൾ !  വാനിന്റെ  താളാത്മകമായ ചലനം ! മനസ്സ് ഭീതിയെ പുണർന്നു നിന്നു .
അരുതാത്തതെന്തോ സംഭവിക്കാൻ പോകുന്നപോലെ . ഒരു നിമിഷാർദ്ധം കടന്നുപോയി . അകലെ വഴിയോരത്തു കാതറിന്റെ തുടുത്തു ചുവന്ന മുഖം . കൊടുംകാറ്റുവീശിയപോലെ അവർ വാനിനടുത്തേക്ക്  ഓടിയെത്തി . അവളെത്തിയപാടെ എഡ്‌ഡിയും ചെറുപ്പക്കാരിയും പുറത്തിറങ്ങി . ഒരിടിവാളിന്റെ വേഗത്തിലാണ് കാര്യങ്ങൾ നീങ്ങിയത് . കാതറിൻ കൈ ആഞ്ഞുവീശി പെണ്ണിന്റെ കവിളത്തൊന്നു
കൊടുത്തു .പുളയുന്ന വേദനയുമായി അവൾ നിലത്തിരുന്നു .എഡ്‌ഡിയെ അടിക്കാനോങ്ങിയ കൈ തട്ടിമാറ്റി അയാൾ പുറകോട്ടുമാറി .

ചാരുകസേരയിൽ നിന്ന് ഞാനങ്ങിയില്ല .വേറൊരു കുടുംബത്തിന്റെ സ്വകാര്യ പ്രശ്നങ്ങളിൽ എനിക്കെന്തുകാര്യം .
കാറ്റിന്റെ താളത്തിലലിഞ്ഞു കരിയിലകൾ ചാഞ്ചാടി നടന്നു .അന്തരീക്ഷത്തിന്റെ കനപ്പ് അപ്പോഴും വിട്ടുമാറിയിരുന്നില്ല .കാതറീൻ കരയുകയും , പിറുപിറുക്കുകയും ,തെറി വിളിക്കുകയും  ചെയ്തുകൊണ്ടിരുന്നു .ചെറുപ്പക്കാരി എങ്ങോട്ടോ രക്ഷപ്പെട്ടു .ഏറ്റവും അതിശയിപ്പിച്ച കാര്യം എഡ്‌ഡിയുടെ നിലപാടാണ് . ഒരക്ഷരം മിണ്ടാതെ , നിർന്നിമേഷനായി ,കമ്പിവേലിയുടെ ഓരം ചാരി അയാൾ നിന്നു . അയാളെപ്പറ്റിയുള്ള ധാരണ പൊളിച്ചെഴുതാൻ മനസ്സ് പാടുപെടുകയായിരുന്നു .

എല്ലാം കെട്ടടങ്ങിയപ്പോൾ അയാൾ മെല്ലെ നടന്നുവന്ന് താഴെ ഇരുന്നു .അർത്ഥഗർഭമായ മൗനം നിമിഷങ്ങളുടെ തേരിലേറി നടന്നു . അയാളുടെ മുഖത്തെ മുറുക്കം ,എങ്ങിനെ തുടങ്ങണം എന്നറിയാതെ , ഉഴലുന്ന മനസ്സിന്റെ പ്രതിഫലനമായിരുന്നു .
തന്നോട് തന്നെ എന്തോ പറയുന്നപോലെയാണ് തുടങ്ങിയത് .

 " രക്തത്തിൽ കുളിച്ച മനസ്സും ശരീരവുമായാണ് , നാമിൽനിന്നു മടങ്ങിയെത്തിയത് .മനസ്സിന്റെ സമനില തെറ്റിയിരുന്നു . ഓർമ്മകളെ ഞെക്കിക്കൊല്ലാൻ , മയക്കുമരുന്നുകളുടെ സഹായം തേടി . ബാക്കിയുണ്ടായിരുന്നത് ബലിഷ്ഠമായ ഒരു ശരീരം മാത്രമാണ് . തെരുവ് ബോക്സിങ് തുടങ്ങിയത് അങ്ങിനെയാണ് . വൈകുന്നേരങ്ങളിൽ , ആളുകൂടുന്നിടത്തു , വാതുവെച്ചു ആരോടെങ്കിലും  ഏറ്റുമുട്ടുന്നു . കിട്ടുന്ന തുകൊണ്ട് കുറച്ചുദിവസം കഴിയും ."

ഒരു മഴക്കാല സായാഹ്നം .ബ്രോങ്ക്സിലെ ഏതോ സ്ലോട്ടർ ഹൌസിൻറെ  മുൻവശം .എന്നെക്കാളും രണ്ടിരട്ടിയുള്ള കറമ്പനായിരുന്നു എതിരാളി . മണിക്കൂറോളം നീണ്ടുനിന്ന മൽസരത്തിൽ തോൽവി എനിക്ക് തീർച്ചയായിരുന്നു .പക്ഷെ , അശ്രദ്ധമായ ഒരു നിമിഷം!   മുൻനിരയിലെ എന്റെയൊരു പല്ലൊടിഞ്ഞു.   വായുവിൽ  ചോരയുടെ കെട്ടുമണം , വായിൽ അതിന്റെ രുചി .
നാമിലെ ഓർമ്മകൾ എന്നിൽ ഭൂതാവേശമുണ്ടാക്കി .  കറമ്പനെ ഞാൻ ഇഞ്ചിഞ്ചായി ചതച്ചു .അവൻ്റെ കുട്ടുകാർ കത്തിയുമായി ഗോദയിലേക്കു ചാടിവീണു .വാതുപണം തരാതെ എന്നെ ഓടിക്കാനായിരുന്നു അവരുടെ ശ്രമം .  അത് നടന്നില്ല .  അന്തരീക്ഷത്തിൽ നിന്ന് പൊട്ടിവീണപോലെ ഒരുത്തി തോക്കുമായി ആൾക്കൂട്ടത്തിൽ നിന്ന് പ്രത്യക്ഷപ്പെട്ടു . പണവും വാങ്ങി ഞങ്ങൾ ഓടി . അവളാണ് കാതറിൻ !!!
     
ഓർമകളിൽ നഷ്ടപ്പെട്ടപോലെ എഡ്ഡി വിദൂരതയിൽ കണ്ണും നട്ടിരുന്നു .അവ്യക്തവും, ദുരൂഹവുമായ ഒരായിരം കഥകൾ , അയാളുടെ മുഖത്തു മാറിമാറി വരുന്ന ഭാവങ്ങൾ വിളിച്ചു പറഞ്ഞു .
" അവളൊരു തെരുവിൻറെ സൃഷ്ടിയാണ് . രോഗങ്ങൾ അവളെ എന്നേ  കിഴടക്കിയിരുന്നു .സത്യം പറയാമല്ലോ , അവളെക്കൊണ്ട് ഒന്നിനും ആകില്ല .എൻ്റെ  ശരീരത്തിൻറെ  ആവശ്യങ്ങൾ ഇനിയും ബാക്കിയാണ്  "  എഡ്ഡിയുടെ  വാക്കുകൾക്ക് ന്യായികരണത്തിന്റെ ലാഞ്ചന .

സത്യം എന്തുതന്നെ ആയിരുന്നാലും , ആ  സംഭവം കാതറീനെ മാനസികമായി വല്ലാതെ തളർത്തി .തികഞ്ഞ ഒരു  രോഗിണി ആയിമാറി .പുസ്തകങ്ങൾ വിൽക്കാൻ തീരെ പോകാതായി .ചിലപ്പോൾ വാനിനു വെളിയിൽ വെയിൽ കാഞ്ഞിരിക്കുന്നത്  കാണാം .

ഒരു ദിവസം ഓഫീസിൽ വന്നപാടെ എഡ്ഡി ഓടിവന്ന് പറഞ്ഞു ,  " കാതറിന് തീരെ സുഖമില്ല .നൂറ്റിപ്പതിനേഴാം  തെരുവിലെ ആശുപത്രി വരെ ഒന്ന് കൊണ്ടുപോയി വിടാമോ ? "
വാനിൽ നിന്ന് അവളെ പൊക്കിയെടുത്തു കാറിൻറെ പുറകിലെ സീറ്റിൽ കിടത്തുകയായിരുന്നു . ശിൽക്കാരത്തോടെ ,ശക്തിയായി അവൾ ശ്വാസം വലിച്ചിരുന്നു . കാര്യങ്ങൾ അത്ര സുഗമമായി
തോന്നിച്ചില്ല .

സ്‌ട്രെച്ചറിൽ അവളെ അകത്തേക്ക് കൊണ്ടുപോയ ശേഷം ,പുറത്തുനിന്ന എൻ്റെ കൈയിൽ എഡ്ഡി എന്തോ വച്ച് മടക്കി .ചുക്കിച്ചുളിഞ്ഞ ഇരുപതു ഡോളറിന്റെ ഒരു നോട്ട് . ഒരു നൂറിന്റെ നോട്ട് പോക്കറ്റിൽ നിന്നെടുത്തു , അതുംകൂടി ചേർത്ത് മടക്കി അയാളുടെ കൈയിൽ വച്ചുകൊടുത്തിട്ടു പറഞ്ഞു , " ഇപ്പോൾ  പണത്തിനാവശ്യം എനിക്കല്ല നിങ്ങൾക്കാണ് " അയാൾ എൻ്റെ കണ്ണിലേക്ക് ഒരു നിമിഷം സൂക്ഷിച്ചു നോക്കി ,എന്നിട്ട് ഒരു കൊച്ചുകുട്ടിയെ പോലെ കെട്ടിപ്പിടിച്ചു തേങ്ങി .  " നിങ്ങളുടെ മുമ്പിൽ ഞാൻ പരാജയപ്പെടുകയാണ് .ഈ  തെരുവിൽ എന്നെ ആരും സ്നേഹിച്ചിട്ടില്ല  "  .

കുറച്ചു ദിവസത്തേക്ക് എഡ്‌ഡിയെ അവിടെയെങ്ങും കണ്ടില്ല .പച്ച നിറമുള്ള വാനിലേക്ക് നോക്കുമ്പോഴെല്ലാം , ഒരു ജീവിതത്തിന്റെ നിറമുള്ള നിമിഷങ്ങൾ മനസ്സിലൂടെ മിന്നി മാഞ്ഞു. എല്ലാ ജീവിതവും അങ്ങിനെ തന്നെയാണ് .അകലെ നിന്ന് നോക്കുമ്പോൾ ഹൃദ്യം ! അടുത്തു ചെല്ലുമ്പോൾ സമസ്യയായി മാറുന്നു .

ഉറക്കാത്ത ചുവടുകളുമായി എഡ്ഡി നടന്നടുത്തപ്പോൾ തന്നെ മനസ്സിലായി ,രാവിലെ തന്നെ അകത്താക്കിയിട്ടുണ്ടെന്ന് . അകെ കരുവാളിച്ച മുഖവുമായി ,മുമ്പിലിരുന്നിട്ടും ഒന്നും മിണ്ടിയില്ല . ചതഞ്ഞ വാക്കുകൾ ഇങ്ങനെയാണ് പുറത്തുവന്നത് , " എന്നെ തനിച്ചാക്കിയിട്ട് , കാതറിൻ പോയി . അവൾക്ക് എയ്‌ഡ്‌സ്‌ ആയിരുന്നു എന്ന് നിങ്ങൾ ഊഹിച്ചുകാണും .എന്നാലും ഇത്രയും വേഗം ............ "
                                                       
 അമ്പലത്തിലെ  ഉത്സവം അടുക്കുകയായിരുന്നു. വെള്ളവലിക്കാൻ  ആളുകൾ വരുന്നതിനു മുമ്പ് ,  ചുക്കിലിയും , മാറാമ്പലും അടിച്ചു കളയാൻ ഞാനമ്മയെ സഹായിച്ചു .വൈകുന്നേരമായപ്പോൾ
അമ്മ എന്നെ വീട്ടിൽ പറഞ്ഞയച്ചു .
ശീതക്കാറ്റടിക്കുകയും ,മിന്നാമിനുങ്ങുകൾ ,താണു പറക്കുകയും ചെയ്യുന്ന ത്രിസന്ധ്യ .ദേഹം നിറയെ  കരിയുമായി , അമ്മ കടവിലേക്ക് നടന്നുപോകുന്നത് , ചാരുപടിയിൽ കിടന്നു വായിക്കുന്ന ഞാൻ കണ്ടിരുന്നു . ദിപാരാധന  കഴിഞ്ഞു ആളുകൾ മടങ്ങി . അകലെ എങ്ങോ മഴപെയ്യുന്നു . ഇടിവാളിന്റെ പ്രഭയിൽ ചുറ്റമ്പലം തിളങ്ങി .സന്ധ്യയുടെ നിശബ്ദതയെ കിറിമുറിച്ചുകൊണ്ട് , അമ്മയുടെ നിലവിളി കടവിൽ നിന്ന് കേട്ടു .

ഒറ്റ കുതിക്കു ഞാൻ കടവിൽ ഓടിയെത്തി . സോപ്പുപെട്ടിയും , അലക്കിയ മുണ്ടും കടവിലെ താഴെ പടിയിൽ ഇരുപ്പുണ്ട് . ആളനക്കം എങ്ങുമില്ല .ഒന്നും സംഭവിക്കാത്തപോലെ ചെറിയ ഓളങ്ങളുമായി കുറിഞ്ഞിപ്പുഴ ഒഴുകുന്നു . എൻ്റെ  ഹൃദയം പൊട്ടിയ നിലവിളി ആ  നിറസന്ധ്യയുടെ മാറിൽ ആഴ്ന്നിറങ്ങി .

ഗ്രാമം മുഴുവൻ കടവിലേക്ക് ഓടിയെത്തി .  കല്ലിടുമ്പി  കടവും ,താഴെ കയവും , മുങ്ങുകാർ
അരിച്ചുപെറുക്കി .  വെളുപ്പിനെ നാലുമണിക്കാണ് , ദേഹം മുഴുവൻ ചോരപ്പാടുകളുമായി , അമ്മയുടെ വിറങ്ങലിച്ച ശരീരം കയത്തിൽ നിന്ന് പൊക്കിയെടുത്തത് .  

ഒരുജീവിതകാലം മുഴുവൻ , ഭജന പാടി , മാല  ചാർത്തി ,ദിപാരാധന തൊഴുത ആ പ്രതിഷ്ഠയുടെ നടയിൽ വച്ചു തന്നെ , എൻ്റെ  അമ്മയെ .................!
 
ഒന്നു തിരിഞ്ഞുനോക്കുക പോലും ചെയ്യാതെ ഞാൻ നടന്നകലുകയായിരുന്നു.

എഡ്ഡി കൂടുതൽ അവശനും , ക്ഷിണിതനുമായി കാണപ്പെട്ടു . എപ്പോഴും ഒരു കുപ്പിയുമായി വാനിനു പുറത്തിരിക്കുന്നതു കാണാം .ഒരു ദിവസം പത്രക്കടലാസ്സുകൊണ്ട്  പൊതിഞ്ഞ ഭാരമുള്ള എന്തോ ഒരു
സാധനം , കാറിൻറെ  ട്രങ്കിനടുത്തു കൊണ്ടുവെച്ചു .
   " എൻ്റെ  കൈലുള്ള ഏറ്റവും വിലപിടിപ്പുള്ള സാധനം ഇതാണ് . നിങ്ങൾക്കിതു ഞാൻ പ്രതിഫലമില്ലാതെ
തരാനാഗ്രഹിക്കുന്നു . ചെയ്യേണ്ട ഒരുകാര്യം ,വീട്ടിൽ ചെന്നതിനുശേഷമേ എന്താണെന്ന് തുറന്ന് നോക്കാവു . അപ്പോൾ നിങ്ങൾക്കതിന്റെ ഒരു തകരാറു മനസ്സിലാകും .

അലബസ്റ്ററിൽ തീർത്ത മൂന്നടി ഉയരമുള്ള , " പിയറ്റ  " യിലെ  കന്യാമറിയത്തിന്റെ കൈ പൊട്ടി പൊയിരുന്നു . പിറ്റേ ദിവസം വാനിൽ ചിതറിക്കിടക്കുന്ന പുസ്തകകെട്ടുകൾ ചുണ്ടി അയാൾ പറഞ്ഞു , " അതിവിടെ ഈ  ജീവിതകൂമ്പാരങ്ങൾക്കിടയിലെവിടെയോ  ഉണ്ട് . തിരഞ്ഞു പിടിച്ചു തരാം ."

മദ്യപിക്കാത്ത സമയങ്ങളില്ലാതായപ്പോൾ ഒരിക്കൽ പറഞ്ഞു ,  " നിങ്ങളിങ്ങനെ കുടിച്ചാൽ  "

  "അധികകാലം ജീവിച്ചിരിക്കില്ല എന്നല്ലേ ? ഞാനെന്നേ  മരിച്ചവനാണ് . കാലത്തിന്റെ ഇരുൾ മടക്കുകളിലൂടെ ഞാൻ തിരിഞ്ഞു നടക്കുകയാണ് . നേരം വെളുക്കുന്നുണ്ടെങ്കിലും വെളിച്ചം എനിക്കെന്നേ അന്യമായി "
ഇടറിയ കാലടികളുമായി മേപ്പിൾമരച്ചുവടുപറ്റി അയാൾ നടന്നു പോയി .

അവിചാരിതമായാണ് ,ദേവസ്വം സെക്രട്ടറിയും ,അമ്പലത്തിലെ പൂജാരിയും ചേർന്നെഴുതിയ കത്ത് കിട്ടുന്നത് . അതിൻ്റെ ഉള്ളടക്കം ഇതായിരുന്നു .അമ്പലത്തിൻറെ സ്ഥിതി ഇപ്പോൾ കുറച്ചു മെച്ചപ്പെട്ട അവസ്ഥയിലാണ് .
വാര്യരെ വീടും , പറമ്പും , അമ്പലക്കാർ വാങ്ങാനാഗ്രഹിക്കുന്നു .നിങ്ങൾ ഒന്നിവിടം വരെ വന്നു , കാര്യങ്ങൾ തീരുമാനിക്കണം .

ഞാനിവിവരം എഡ്‌ഡിയോട് സംസാരിച്ചു . " പോകണോ വേണ്ടയോ , എന്ന അഭിപ്രായം ചോദിക്കുകയല്ല
എന്നാലും .........."

" കാലം എന്നും ഒരു കാലിക വേദാന്തത്തിൻറെ  പണിപ്പുരയിലായിരിക്കും .ഞാൻ തിരഞ്ഞെടുത്തത്
ഒരു വേദാന്തവും സ്വികരിക്കാതിരിക്കുക എന്ന വേദാന്തമാണ്‌ .നിങ്ങൾ വായിച്ചും ,അറിഞ്ഞും, അനുഭവിച്ചും
പഠിച്ചവനാണ് . എന്നാലും പറയുന്നു ; പോകേണ്ട ഒരു കടമ കൂടി ബാക്കിയുണ്ടെന്ന് .

നാട്ടിൽ പോയി പുരയും പറമ്പും , അമ്പലത്തിന് ഇഷ്‌ടദാനം എഴുതികൊടുത്തിട്ടു മടങ്ങുമ്പോൾ , അമ്മയുടെ പേരിൽ അവസാനമായി ഒരുദയാസ്തമന പൂജ കൂടി കഴിച്ച പ്രതീതി .

മടങ്ങി എത്തുമ്പോഴേക്കും ,തണുപ്പുകാലം തുടങ്ങിയിരുന്നു .ഇലകളെല്ലാം പൊഴിച്ച് ,നഗ്നമായി നിൽക്കുന്ന
മേപ്പിൾ മരങ്ങളുടെ നിര , ശോകാന്തരീക്ഷത്തിനു മേലങ്കി ചാർത്തി .

എഡ്ഡി മാനസികമായും ,ശാരീരികമായും  ആകെ  തളർന്നിരുന്നു . കനത്ത കരിമ്പടം കൊണ്ട് മൂടിപ്പുതച്ചു , താടിയും, മുടിയും , നീട്ടി വളർത്തി ,വാനിന്റെ ഓരത്തു ,ഒരു സന്യാസിയെപ്പോലെ കുത്തിയിരിക്കുന്നു .
പുസ്തകങ്ങൾ വിൽക്കാനായി മേശപ്പുറത്തു കൂട്ടിയിട്ടിരിക്കുന്നു .എന്നെ കണ്ടപാടെ ഓടിവന്ന്  കെട്ടിപ്പിടിച്ചു .
" ഞാൻ നിങ്ങളെ കാത്തിരിക്കുകയായിരുന്നു . മറ്റാരെയും പ്രതീക്ഷിക്കാൻ ഇല്ലാത്തതുകൊണ്ട് ............"

" വൈകുന്നേരം ഓഫീസ് കഴിയുമ്പോൾ ശരിക്കൊന്ന് ഒരുങ്ങിയിരിക്കണം .നമുക്കൊരിടം വരെ പോകാനുണ്ട് ."
പട്ടാളക്കാരെന്റെ ഇസ്തിരിയിട്ട  പുള്ളോവർ .ഭംഗിയായി പുറകോട്ടു ഒതുക്കി ചികി വച്ച മുടി .ക്ളീൻഷേവ് ചെയ്തു തിളങ്ങുന്ന മുഖത്ത് മേൽമീശ .മിന്നിമറയുന്ന പുഞ്ചിരിയുമായി എഡ്ഡി കാത്തുനിൽക്കുന്നു .ഞങ്ങളൊരു ജർമ്മൻ റെസ്റ്റോറന്റിൽ പോയി .കോണിയാക്കിന്റെ മേമ്പൊടിയോടെ ,വിശദമായി ഡിന്നർ കഴിച്ചു . ഡിസേർട്ടിന് കാത്തിരിക്കുമ്പോൾ ,ബാറിലിരുന്ന സ്പാനിഷുകാരിയെ ക്ഷണിച്ചു ,അവളോടൊപ്പം യഥാർത്ഥ സ്പാനിഷുകാരൻറെ ദ്രുതതാളങ്ങളോടെ എഡ്ഡി ഡാൻസ് ചെയ്തു .

വാനിനടുത്തു തിരിച്ചുകൊണ്ടുപോയി വിടുമ്പോൾ കൈയിൽ മുറുകെ പിടിച്ചിട്ട് അയാൾ പറഞ്ഞു
 "  ഇന്നൊരു   ദിവസത്തേക്കെങ്കിലും  ഞാൻ പഴയ എഡ്ഡി അൽവാരസ്സായി .എ മില്യൺ താങ്ക്സ് ".

പിറ്റേ ദിവസം ഓഫീസിലെത്തുമ്പോൾ റോഡുനിറയെ ആളുകൾ .പോലീസ് കാറുകൾ ,ആംബുലൻസ്
കാറൊന്നൊതുക്കിയിട്ടു ആൾക്കൂട്ടത്തിലൂടെ മുന്നോട്ട് നടന്നു .ഒരു പോലീസ് ലുട്ടനെന്റ് എന്നെ തടഞ്ഞു നിർത്തി.
" നിങ്ങളറിയുമോ ആ  വനിലെ താമസക്കാരനെ?  "
 " എന്തു  പറ്റി  ? "

അയാളെന്നെയും കുട്ടീ വാനിനു പുറകിലെത്തി . പുറകു വശത്തെ രണ്ടു വാതിലും മലർക്കെ തുറന്നു കിടന്നിരുന്നു .
വാതിൽ പടിയിൽ തലയും , ഒരു കൈയും , വിറുങ്ങലിച്ചു തൂങ്ങിക്കിടക്കുന്നു . മടക്കിയ ഉള്ളംകൈയിൽ പൊട്ടിപ്പോയ പിയറ്റയിലെ കൈപ്പത്തി മുറുകെ പിടിച്ചിരുന്നു .

# Piyetta- kadha by Manohar Thomas

josecheripuram 2022-11-23 01:38:17
A noble story , A touch of true life seen through out the writing , well done my friend. expecting more such writing.
Raju Thomas 2022-11-23 13:49:12
ഇതെന്തൊരു കമന്റാണ് ചെരിപുറം മാഷേ ? Frame-നപ്പുറത്തേക്കു ചാടിക്കിടക്കുന്ന ഈ കഥ എനിക്ക് മനസ്സിലായതേയില്ല!
Alady Sukumar 2022-11-23 16:37:09
Wonderful story, Manoharji. It has the scope of a novella or a novel! മാനുഷിക മൂല്യങ്ങളിൽ ഭാഷയ്ക്കും സമയത്തിനും ദേശത്തിനും അതീതമായ എന്തോ ഉണ്ടെന്ന് അടയാളപ്പെടുത്തുന്ന നല്ലൊരു കഥ. കലാകൌമുദിയിൽ വായിക്കണം ഇത്.
Sudhir Panikkaveetil 2022-11-23 19:59:23
ഏകദേശം ഇരുപതു വർഷങ്ങൾക്ക് മുമ്പ് ന്യുയോർക്കിൽ നിന്നിറങ്ങിയിരുന്ന മലയാളം പത്രത്തിൽ ഇത് വായിച്ചിരുന്നു, അന്ന് കുറച്ചു വായനക്കാർക്കൊപ്പം (ഈ ഞാനും) ഇതിനെ പ്രശംസിച്ചിരുന്നു. കാലം കഴിഞ്ഞാലും കഥയുടെ ഗുണം കുറയുന്നില്ല. അഭിനന്ദനം ശ്രീ തോമസ്.
Joseph chandy 2022-11-23 23:58:12
ഒരു പാട് കഥകൾ . എവിടെയൊക്കെയോ കണ്ടുമറന്ന കേട്ടുമറന്ന കഥാപാത്രങ്ങൾ . കടമെടുത്തിട്ടില്ലെന്നുവിശ്വസിക്കാൻ ആഗ്രഹിക്കുന്നു . ഭാരതപ്പുഴയിൽ കുളിച്ചുകയറി നനഞ്ഞ വസ്ത്രങ്ങളുമായി നടന്നുപോകുന്ന വാരസ്യാരെ കാണാൻ ആവോളം ശ്രമിച്ചിട്ടുണ്ട് ബാംഗ്ലൂർ ട്രെയിനിൽ നിന്നും . പുഴയുടെ മുകളിലേ ബ്രിഡ്ജിലൂടെ കടന്നു പോകുമ്പോൾ ഉറക്കച്ചടവോടെ എത്തിനോക്കും , നേർത്ത വെളുത്ത നനഞ്ഞ മേനിയൊന്ന്‌ കാണാൻ . അങ്ങ് താഴെ ഒരു പൊട്ടുപോലെ അവർ കടന്നുപോകുമ്പോൾ മനസ്സിൽ ഒരു നിരാശ . എം ടി യുടെ പാദസ്പർശം കണ്ടുവോ ഈ കഥയിൽ . സംശയം മാത്രം . എന്തായാലും ഒറ്റയിരുപ്പിൽ ഞാനിതു വായിച്ചു തീർത്തു . മനോഹറിനെന്റെ അഭിനന്ദനം .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക