Image

ഹൈസ്കൂൾ ഗ്രൗണ്ടിലെ പറന്നടി (ബോൾസ്റ്റാൾജിയ - 6 - പ്രകാശൻ കരിവെള്ളൂർ )

Published on 23 November, 2022
ഹൈസ്കൂൾ ഗ്രൗണ്ടിലെ പറന്നടി  (ബോൾസ്റ്റാൾജിയ - 6 - പ്രകാശൻ കരിവെള്ളൂർ )

കരിവെള്ളൂർ ഗവൺമെന്റ് ഹൈസ്കൂളിന്റെ ഗ്രൗണ്ട് Z ഷേയ്പ്പിൽ നീണ്ട് അങ്ങ് കൊമ്പൻ തെരുവോളം പരന്നുകിടക്കുകയാണ്. എട്ടിലും ഒമ്പതിലുമൊക്കെ പഠിക്കുമ്പോൾ പീട്ടിയും ഡബ്ള്യു ഈ യും ഒക്കെ കളിയായിരുന്നു. ഉച്ചയ്ക്ക് ശേഷം മൂന്നും നാലും ക്ളാസുകളെയൊക്കെ ഒന്നിച്ച് കളിക്കാൻ വിടും.

ഒരു ഫുട്ബോളുമായി പത്തറുപത് ആമ്പിള്ളേർ ഓഫീസിന്റെ മുന്നിൽ നിന്നേ ഒരിറക്കമുണ്ട്. തുടക്കത്തിൽ ടീമൊന്നുമില്ല. കളിച്ചു കളിച്ച് സ്കൂൾ മൈതാനത്തു നിന്ന് മുച്ചിലോട്ടേ നടയിലെത്തുമ്പോഴാണ് പലരും സ്വന്തം ടീം ഏതാണെന്ന് തീരുമാനിക്കുക.

ഞാൻ പലപ്പോഴും ഒരു തീരുമാനത്തിലെത്താറില്ല. കളിയിൽ വളരെ സീരിയസ്സായ കൊഴുമ്മലെ പ്രദീപനെപ്പോലെ ചിലരുണ്ട്. അവർ എന്നെ ഏതെങ്കിലും ഒരു ടീമിൽ പെടുത്തും. ഞാനതിന് വലിയ പ്രാധാന്യമൊന്നും കൊടുക്കാറില്ല. എതിർ ഭാഗത്തു നിന്ന് ഉയർന്നു പൊങ്ങി വരുന്ന ബോളിന് നേരെ ചാടി വീണ് ആഞ്ഞൊരടിയടിക്കുന്നതായിരുന്നു എന്റെ ഹരം .

അത്രയ്ക്കും ദൂരത്തേക്ക് കിട്ടിയ ആ ഷൂട്ട് ചിലർക്ക് എളുപ്പത്തിൽ ഗോളാക്കാൻ കഴിഞ്ഞു. പലപ്പോഴും ആ ഗോൾ വന്നു വീണത് എന്റെ ടീമിന് തന്നെയായിരുന്നു. കളിയെ കാര്യമായി കാണുന്നവരിൽ നിന്ന് ആ സമയത്ത് ഞാൻ കേട്ട ചീത്തയ്ക്ക് കണക്കില്ല. എന്നാൽ ഗോളടിക്കാൻ സഹായിച്ചതിന്റെ പേരിൽ എതിർ ടീം എന്നെ അഭിനന്ദിച്ചു.

എന്റെ ഈ ചാടിത്തുള്ളിയടി അന്ന് സഹപാഠികൾക്കിടയിൽ പറന്നടി എന്നറിയപ്പെട്ടിരുന്നു. ചില പറന്നടികൾ നേരെ പോയി ഗോളായ മഹാദ്ഭുതവും സംഭവിച്ചിട്ടുണ്ട്. അത്രത്തോളം ശല്യമായാൽ എന്റെ ടീം എന്നെ പുറത്താക്കും. എതിർ ടീം എന്നെ സന്തോഷത്തോടെ വരവേൽക്കും. കഷ്ടകാലത്തിന് ചിലപ്പോൾ എന്റെ പറന്നടി അവർക്ക് ഗോൾ വീഴുന്നതിന് കാരണമായാൽ അവരും എന്നെ പുറത്താക്കും.

ഇരുടീമിൽ നിന്നും ബഹിഷ്കൃതനായി മൈതാനത്തിന്റെ ഓരത്ത് വിഷണ്ണനായി നിൽക്കുമ്പോൾ കളിക്കിറങ്ങാത്ത കൂട്ടുകാർ കളിയാക്കും - ആവ്ന്ന പണിക്ക് പോയാപ്പോരേ ?

പഠിപ്പിസ്റ്റ് എന്ന പേരുണ്ടായിരുന്നെങ്കിലും കളിയിലെ പിന്നോക്കാവസ്ഥ എന്നെ വല്ലാതെ അപകർഷത്തിലാക്കിയ സന്ദർഭമായിരുന്നു അത്. എനിക്കും നേരാം വണ്ണം കളിക്കാനറിയുമെന്ന് തെളിയിക്കണം - അതൊരു വാശിയായിരുന്നു. അനിയൻ നല്ല കളിക്കാരനായിരുന്നു. അവനും ഞാനും കൂടി കരഞ്ഞുപറഞ്ഞ് അച്ഛനെക്കൊണ്ട് ഒരു ഫുട്ബോൾ വാങ്ങിപ്പിച്ചു. പിന്നെ വൈകുന്നേരം സ്കൂൾ വിട്ട് വന്ന ഉടൻ ചായ കുടിക്കാൻ പോലും നിൽക്കാതെ ബോളുമെടുത്ത് രണ്ടാളും കോട്ടത്തെ വളപ്പിലേക്കോടി . ഓരോ കല്ല് പെറുക്കി വച്ച് ഇരു ഭാഗത്തും പോസ്റ്റാക്കി ഡിഫന്ററും ഫോർവേർഡും ഗോളിയുമൊക്കെ ഒരാൾ തന്നെയായുള്ള ഏകാംഗടീമായി രണ്ടാളും . ബോൾ അടിച്ച് തെറിപ്പിക്കാതെ പാസ് ചെയ്ത് പോകേണ്ട മാതിരി അനിയനിൽ നിന്ന് ഞാൻ കണ്ട് പഠിച്ചു.

ഒമ്പതാം ക്ളാസിലെത്തുമ്പോഴേക്കും സഹപാഠികൾ എന്നെ കളിയിൽ നിന്ന് പുറത്താക്കാതെയായി. ഒറ്റയ്ക്ക് കളിച്ച് ഗോളടിക്കലാവരുത് ലക്ഷ്യം എന്നും കൂട്ടു ചേർന്ന് കളിച്ച് കൂടെയുള്ളവരെ ഗോളടിക്കാൻ സഹായിക്കുന്നതാണ് നല്ലത് എന്നുമുളള തിരിച്ചറിവ് എന്നെ അച്ചടക്കത്തിലേക്ക് നയിച്ചു.

അങ്ങനെ മര്യാദയ്ക്ക് കളിച്ച് ആദ്യമായി ഗോളടിച്ച നിമിഷം ഇന്നും എന്റെ ഓർമ്മയിലുണ്ട്. ഞാൻ ഒമ്പത് ഡി യിലായിരുന്നു. പ്രമോദ് കരുവാച്ചേരിയായിരുന്നു ഗോളി (ഇപ്പോഴില്ല) . അവന് ബോളിലൊന്ന് തൊടാൻ പോലും കഴിയാത്ത വിധം കൂർത്തതും കനത്തതുമായ ഒരു ഷൂട്ട് എനിക്ക് സാധിച്ചു. ഓർക്കുമ്പോൾ ഇപ്പോഴും കുളിരു കോരുന്നു. സ്കൂളിലെ തന്നെ മികച്ച കളിക്കാരനായ പ്രദീപൻ എനിക്ക് കൈ തന്നു. അതൊരു അവാർഡിനേക്കാൾ വലിയ അംഗീകാരമായിരുന്നു.

ബാലൻ മാഷും പീട്ടീ ജാനകിട്ടീച്ചറുമൊക്കെയുണ്ടായിരുന്നെങ്കിലും അവരാരും ഞങ്ങളെ ഗ്രൗണ്ടിൽ കൂട്ടിക്കൊണ്ടുപോയതായി എനിക്കോർമ്മയില്ല. കൂട്ടത്തിൽ മികച്ച കളിക്കാർക്ക് പരിശീലനം കൊടുക്കാനാണ് അവർ ശ്രദ്ധിച്ചത്. അതും ഫുട്ബോളിനെക്കാൾ പ്രധാനം ഓട്ടവും ചാട്ടവും ഏറുമായിരുന്നു. ഞാൻ എന്റെ ജീവിതത്തിൽ തിരിഞ്ഞു പോലും നോക്കിയിട്ടില്ലാത്ത മേഖലകൾ . കളിക്കാനായാലും കാണാനായാലും ഒരേ ഒരിഷ്ടം മാത്രം - ഫുട്ബോൾ ...

കൗമാരത്തിനപ്പുറത്തേക്ക് വളരാൻ കഴിയാതെ പോയ - വളർത്താൻ വേണ്ടി ഒന്നും ചെയ്തിട്ടില്ലാത്ത ഒരു പ്രണയം തന്നെയായിരുന്നു അത്. ഓരോ ലോക കപ്പ് വരുമ്പോഴും മനസ്സ് തുടിക്കുന്നത് ആ ഓർമ്മകളിലാണ് .

(തുടരും )

PRAKSHAN KARIVELLOOR # FOOTBALL NOSTALGIA

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക