Image

ഒരു കുഞ്ഞുടര്‍ക്കിയുടെ ആത്മഗതങ്ങള്‍! (സുധീര്‍ പണിക്കവീട്ടില്‍)

Published on 23 November, 2022
ഒരു കുഞ്ഞുടര്‍ക്കിയുടെ ആത്മഗതങ്ങള്‍! (സുധീര്‍ പണിക്കവീട്ടില്‍)

'യഹോവ എനിക്ക് ചെയ്ത സകല ഉപകാരങ്ങള്‍ക്കും ഞാന്‍ അവനു എന്തു പകരം കൊടുക്കും.' (ബൈബിള്‍)

കരിയിലകള്‍ കാറ്റില്‍ പറക്കുന്ന സായാഹ്നത്തിന്റെ നിഴല്‍പ്പറ്റി ടര്‍ക്കികോഴികള്‍ ഒളിച്ചു നടന്നു. മനുഷ്യന്റെ കാല്‍പ്പെരുമാറ്റം അവയെ പേടിപ്പിക്കുന്നു. ടര്‍ക്കികള്‍ക്ക് മറ നല്‍കാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ത്ത് ഇലപൊഴിഞ്ഞ മരങ്ങളും ചെടികളും സ്വന്തം നഗ്നതയും തണുപ്പും മറന്ന് നിശ്ശബ്ദം നിന്നു. നേരിയ വിഷാദത്തിന്റെ നീഹാരം തൂകി സമയരഥം കടന്നുപോയി.. 

ഇരുട്ട് പരക്കുകയാണു. പ്രാര്‍ഥിക്കാനറിയാത്ത പക്ഷികള്‍ പേടിച്ച് വിറപൂണ്ട് നില്‍ക്കെ ചന്ദ്രരശ്മികള്‍ അരിച്ചിറങ്ങി. നേരത്തെ സന്ധ്യ മയങ്ങിപോകുന്ന നവംമ്പര്‍ മാസത്തിലെ നാലാമത്തെ വ്യാഴാഴ്ച്ച കുറെ മനുഷ്യര്‍ നന്ദിയുള്ളവരാണെന്ന കാര്യം ദൈവത്തെ അറിയിക്കുന്നു. നന്ദിസൂചകമായി അവര്‍ കഥ കഴിക്കുന്ന  ടര്‍ക്കികളുടെ ജീവന്‍ ഭൂമിയില്‍നിന്ന് പറന്നുപോകുന്ന ദിവസം. ടര്‍ക്കികോഴികളുടെ ദുഃവ്യാഴാഴ്ച്ച!! ഈശ്വരപ്രീതിക്കുവേണ്ടി പാവം പക്ഷികളേയും മ്രുഗങ്ങളേയും പണ്ടത്തെ മനുഷ്യര്‍ കശാപ്പുചെയ്തിരുന്നു. ഭക്തനു തന്നോടുള്ള വിശ്വാസത്തിന്റെ അളവു പരിശോധിക്കാന്‍ ദൈവം പോലും നരബലി ആവശ്യപ്പെട്ടിട്ടുണ്ടല്ലോ. ഏബ്രാഹാം എന്ന ഭക്തനു അത് ദൈവത്തിന്റെ ക്രൂരതയായി തോന്നിയില്ല. ഒരക്ഷരം ദൈവത്തിനെതിരെ അദ്ദേഹം ഉരിയാടിയില്ല. അദ്ദേഹത്തിന്റെ പരിദേവനങ്ങളിലും പരാതികളിലും നിറഞ്ഞു നിന്നത് പുത്രനെ നഷ്ടപ്പെടുന്ന വ്യസനമായിരുന്നു. ബാലനായ ഐസക്കാകട്ടെ  നിഷ്‌കളങ്ക ഹ്രുദയനായ് ചോദിച്ചു കാണും. ''എന്തെങ്കിലും കുറ്റം ചെയ്‌തെങ്കില്‍ എന്നെ അടിച്ചാല്‍ പോരെ? എന്തിനാണു കൊല്ലുന്നത്? എന്നാല്‍ അവിടേയും ഒരു കുഞ്ഞാട്ടിന്‍ കുട്ടി പ്രത്യക്ഷപ്പെട്ടു. ബലിയാടാകാന്‍...

ദൈവത്തിനു നന്ദി പറയാന്‍ ഏബ്രാഹാമിനു വാക്കുകള്‍ തികഞ്ഞുകാണില്ല.. മനുഷ്യനോട് ദൈവത്തിനു എന്തുമാത്രം സ്‌നേഹമാണു. (ഇവിടെ ആധുനിക  മനുഷ്യന്റെ മനസ്സില്‍ ഒരു സാത്താനിക് ചിന്ത കടന്നുകൂടാം. ദിനം പ്രതി ആടിനെ കൊല്ലുന്നവരുടെ ആണ്മക്കള്‍ അകാലത്തില്‍ മരിക്കയില്ലെന്നു) ദൈവത്തിനു നന്ദി പറയേണ്ടത് ആവശ്യം തന്നെ.

എന്നാല്‍ സ്വന്തം ഉദരപൂരണം ലക്ഷ്യമാക്കി അതിനു ദൈവികപരിവേഷം ചാര്‍ത്തുകയാണു മനുഷ്യന്‍ എന്ന രഹസ്യം പാവം ടര്‍ക്കികള്‍ അവര്‍ക്കറിയാവുന്ന ശബ്ദത്തില്‍ ''കൊക്കി, കൊക്കി' പറഞ്ഞെങ്കിലും ദൈവമോ മനുഷ്യനോ അതു ശ്രദ്ധിച്ചില്ല. പക്ഷികള്‍ നിഷ്പ്രയാസം മനുഷ്യന്റെ പിടിയില്‍പ്പെട്ടു. അവരുടെ മരണ നിരക്ക് കൂടിക്കൊണ്ടിരുന്നു.

മനുഷ്യനു പിടികൊടുക്കാതെ ഒരു കുഞ്ഞു ടര്‍ക്കി ചുറ്റിക്കറങ്ങവെ അത് തള്ള പക്ഷികളിലാരൊ പറഞ്ഞുകേട്ട കഥയാലോചിച്ചു. അതിന്റെ പൂര്‍വ്വികരില്‍ ഒരാള്‍ വഴിതെറ്റി വിശന്നുപൊരിഞ്ഞ മനുഷ്യരുടെ മുമ്പില്‍ പോയി ചാടി. അവര്‍ അതിനെ തിന്നു കളഞ്ഞു. കുഞ്ഞു ടര്‍ക്കി സമാധാനിച്ചു. അതില്‍ ന്യായമുണ്ട്.

എന്നാല്‍ ആ പേരും പറഞ്ഞ് വര്‍ഷം തോറും ഞങ്ങളെ പിടിച്ച് തിന്നുന്നത് ശരിയാണോ? ഒരു പക്ഷെ ഈ തീറ്റിതുടങ്ങിയാല്‍ ഞങ്ങളുടെ വംശനാശം തന്നെ വരില്ലേ? ഈ സംഭവം നടന്നത് ഭാരതം എന്ന ദേശത്തിലായിരുന്നെങ്കില്‍ സംഗതികള്‍ വേറെ വിധത്തിലാകുമായിരുന്നേനെ. അരയന്നങ്ങളുടെ വകയിലെ ഒരു ബന്ധുവായ, ഒറ്റപ്പെട്ട ഞങ്ങളുടെ പൂര്‍വ്വികന്‍ അന്നമായി വിശന്നിരിക്കുന്നവരുടെ  മുമ്പില്‍ പ്രത്യക്ഷപ്പെട്ടതിന്റെ സ്മരണപുലര്‍ത്താന്‍ അല്ലെങ്കില്‍ നന്ദി പ്രകടിപ്പിക്കാന്‍ അവര്‍ ഞങ്ങളെ കൊല്ലുന്നതിനു പകരം ആരാധിച്ചേനെ. ഇവിടെ മനുഷ്യര്‍ ഞങ്ങളെ തിന്നു മുടിക്കുന്നല്ലൊ? പാവം കുഞ്ഞു ടര്‍ക്കി ഒരു വിപ്ലവകാരിയെപോലെ ബലം പിടിച്ചുനിന്നു. അഭയം തേടിവന്ന പ്രാവിനെ രക്ഷിക്കാന്‍ സ്വന്തം തുടയില്‍നിന്നും മാംസം മുറിച്ചുകൊടുത്ത ഭാരതത്തിലെ സിബി ചക്രവര്‍ത്തിയുടെ കഥകുഞ്ഞുടര്‍ക്കി ഓര്‍ത്തു. കസിന്‍ ദേവദത്തനുമൊത്ത് കാട്ടിലൂടെ നടക്കുമ്പോള്‍ പക്ഷിയെ അമ്പെയ്ത് വീഴ്ത്തിയ ദേവദത്തനെ ശാസിച്ചു കൊണ്ടു  സിദ്ധാര്‍ത്ഥ രാജകുമാരന്‍ (പില്‍ക്കാലത്ത് ബുദ്ധന്‍) അതിന്റെ ജീവന്‍ രക്ഷിച്ച കഥയും കുഞ്ഞുടര്‍ക്കി ഓര്‍ത്തു നെടുവീര്‍പ്പിട്ടു. മനുഷ്യജീവനെക്കാള്‍ അവര്‍ പശുവിനെ സ്‌നേഹിക്കുന്നു. ഈ ലോകം എത്ര വിചിത്രമെന്നു ഒരു തത്വചിന്തകനെപ്പോലെ കുഞ്ഞുടര്‍ക്കി ഗൗരവംപൂണ്ടു.

പര്‍വതങ്ങളും, സകല കുന്നുകളും, ഫലവ്രുക്ഷങ്ങളും, സകല ദേവദാരുക്കളും, മ്രുഗങ്ങളും, സകല കന്നുകാലികളും, ഇഴജന്തുക്കളും, പറവ ജാതികളും, ഇവയൊക്കെയും യഹോവയുടെ  നാമത്തെ സ്തുതിക്കട്ടെ. പാവം കുഞ്ഞു ടര്‍ക്കി ദൈവത്തിന്റെ വഴികളും, ന്യായവിധികളും അറിയാത്ത പാവം പക്ഷി സങ്കടപ്പെട്ടു സ്വയം ചോദിച്ചു. മേല്‍പ്പറഞ്ഞവയില്‍ ഞങ്ങള്‍ പെടുകയില്ലേ?

ആ കുഞ്ഞു ടര്‍ക്കിയെ സമാധാനിപ്പിക്കാന്‍ നമുക്ക് കാത്രീന്‍ ടൈനന്‍ സിങ്ക്‌സണ്‍ എന്ന ബ്രിട്ടീഷ്- ഐറിഷ് കവയത്രിയുടെ കവിതയിലേക്ക് ഒന്നു കണ്ണോടിക്കാം. കവിതയുടെ ഇതിവ്രുത്തം ഒരു കഴുതയുടെ ചിന്തകളാണു. അതിന്റെ ഏകദേശ വിവര്‍ത്തനം ഇങ്ങനെ പോകുന്നു. '' ഞാന്‍ മിശിഹായുടെ കഴുതക്കുട്ടിയാണു. അവന്‍ ജനിക്കുന്നതിനു മുമ്പെ അവനെ ഞാന്‍ മുതുകിലേറ്റിയിരിക്കുന്നു. ഓശാന ഞായറാഴ്ച്ച എന്റെ പുറത്ത് കയറിയാണു ദൈവപുത്രന്‍ സഞ്ചരിച്ചത്.

സ്‌നാപക യോഹന്നാന്റെ ജന്മസമയത്ത് അമ്മ എലിസബത്തിനെ കാണാന്‍ യേശുവിന്റെ മാതാവ് എന്റെ പുറത്ത്  കയറിയാണ് അവരുടെ വീട്ടിലേക്ക് പോയത്. വഴികള്‍ കല്ലും മുള്ളും നിറഞ്ഞതും, താഴ്‌വരകള്‍ കുത്തനെയുള്ളതും, വളഞ്ഞ് പുളഞ്ഞതുമായിരുന്നു. അമ്മയുടെ വയറ്റിലായിരുന്ന ഉണ്ണിയേശുവിന്റെ സ്വര്‍ഗ്ഗീയഭാരവും പേറി ഞാന്‍ നടന്നപ്പോള്‍ എനിക്ക് ഒട്ടും പ്രയാസം അനുഭവപ്പെട്ടില്ല. ഉണ്ണിയേശുവിന്റെ ജനനത്തിനുശേഷവുംആ തിരുവുടലു താങ്ങി ഞാന്‍ നടന്നു. കര്‍ത്താവിന്റെ സ്പര്‍ശനത്താല്‍ എനിക്കും മഹത്വമുണ്ടായി. ഞാന്‍ ധന്യയായി.. ഞാന്‍ സ്‌നേഹസ്വരൂപനായ യേശുദേവനു വേണ്ടി സേവനമനുഷ്ഠിച്ച കഴുത, എന്നെ നന്ദികെട്ട മനുഷ്യന്‍ അടിക്കുന്നു. ശപിക്കുന്നു. എനിക്ക് ആവശ്യത്തിനു ഭക്ഷണം പോലും തരുന്നില്ല. 

മനുഷ്യനു ദൈവത്തോട് മാത്രമെ നന്ദി കാണിക്കേണ്ടതുള്ളു.ടര്‍ക്കിയും, കഴുതയും തമ്മില്‍ പറഞ്ഞുകൊണ്ടിരുന്നു. 

അപ്പോള്‍ ഉല്ലാസത്തിന്റേയും ജയത്തിന്റേയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളില്‍ നിന്നും വന്നു. തപ്പിനോടും, ന്രുത്തത്തോടും കൂടെ യഹോവയെ അവര്‍ സ്തുതിക്കുന്നു. അത്യുച്ച നാദമുള്ള കൈത്താളങ്ങളോടെ അവനെ അവര്‍ സ്തുതിക്കുന്നു. ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ. 

കഴുതയും, ടര്‍ക്കിയും പരസ്പരം മും നോക്കി ചോദിച്ചു.. നമ്മുടെ ജീവന്‍ മനുഷ്യരുടെ കയ്യിലാണോ? അതോ യഹോവയുടെ കയ്യിലോ?

ശുഭം

# thanks giving article by Sudheer panikkaveettil

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക