Image

വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

ജോബിന്‍സ് Published on 24 November, 2022
വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ - വ്യാഴാഴ്ച (ജോബിന്‍സ്)

തലശേരിയില്‍ ലഹരി മാഫിയാ സംഘത്തെ ചോദ്യംചെയ്ത സിപിഐഎം ബ്രാഞ്ചംഗമടക്കം രണ്ടുപേരെ കൊന്നക്കേസില്‍ മൂന്നു പേര്‍ കസ്റ്റഡിയില്‍. തലശേരി സ്വദേശികളായ ജാക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവരെയാണ് കസ്റ്റഡിയില്‍ എടുത്തിട്ടുള്ളത്. കേസില്‍ മുഖ്യ പ്രതിയായ പാറായി ബാബുവിനായി അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
*********************************
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയലിനെ നിയമിച്ച സംഭവത്തില്‍ ചോദ്യങ്ങളുമായി സുപ്രീം കോടതി. നിയമനവുമായി ബന്ധപ്പെട്ട ഫയലുകള്‍ അറ്റോര്‍ണി ജനറല്‍ സുപ്രീം കോടതിക്ക് നല്‍കി. നിയമനത്തിന് എന്തായിരുന്നു അടിയന്തര പ്രാധാന്യമെന്ന് സുപ്രീം കോടതി ചോദിച്ചു.യോഗ്യതാടിസ്ഥാനത്തില്‍ പരിഗണിക്കപ്പെട്ട നാല് പേരില്‍ നിന്നും ഒരാളിലേക്ക് എങ്ങനെയെത്തിയെന്നും ചോദിച്ചു. 
********************************
എഐസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും താരമാവുകയും ഇപ്പോള്‍ ഹൈക്കമാന്‍ഡിന്റേയും സംസ്ഥാന നേതൃത്വത്തിന്റേയും വിലക്കുകള്‍ മറികടന്ന് മലബാര്‍ പര്യടനം വിജയകരമായി പൂര്‍ത്തിയാക്കുകയും ചെയ്ത ശശി തരൂര്‍ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കില്ല.2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് നിന്നോ വട്ടിയൂര്‍ക്കാവ് നിന്നോ നിയമസഭയിലേക്ക് മല്‍സരിക്കാനാണ് തരൂര്‍ ഉദ്ദേശിക്കുന്നതെന്നാണ് അറിയുന്നത്.
********************************
തലശ്ശേരി ജനറല്‍ ആശുപതിയില്‍ ചികില്‍സ തേടിയ 17 വയസ്സുകാരന്‍ സുല്‍ത്താന്റെ കൈ മുറിച്ച് മാറ്റേണ്ടി വന്ന സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ കേസെടുത്ത് പൊലീസ്.തലശ്ശേരി ജനറല്‍ ആശുപതിയില്‍ സുല്‍ത്താനെ ചികില്‍സിച്ച എല്ലു രോഗ വിദഗ്ദന്‍ ഡോ. വിജു മോനെതിരെയാണ് കേസ്. ചികില്‍സ പിഴവിനാണ് കേസെടുത്തത്. സുല്‍ത്താന്റെ പിതാവിന്റെ പരാതിയില്‍ ആണ് കേസ് തലശേരി പൊലിസ് കേസെടുത്തത്.
****************************
എസ്.എസ്.എല്‍.സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെയായി നടക്കും. നാലര ലക്ഷം വിദ്യാര്‍ത്ഥികള്‍ ഈ വര്‍ഷം പരീക്ഷയെഴുതും. ഏപ്രില്‍ 3 മുതല്‍ മൂല്യനിര്‍ണയകം ആരംഭിച്ച് മെയ് 10നകം ഫലം പ്രഖ്യാപിക്കും.
പ്ലസ്ടു, പ്ലസ് വണ്‍ പരീക്ഷകളും മാര്‍ച്ച് 10 മുതല്‍ 30 വരെ നടക്കും. 2 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണ് മൂന്നു പൊതു പരീക്ഷകളും ഒരുമിച്ചുനടത്തുന്നത്.
*****************************
കോഴിക്കോട് കോതിയില്‍ മാലിന്യ സംസ്‌കരണ പ്ലാന്റ് നിര്‍മാണത്തിനെതിരെ സ്ത്രീകളുടെ നേതൃത്വത്തില്‍ വന്‍പ്രതിഷേധം. പദ്ധതി പ്രദേശത്തേക്കുള്ള റോഡ് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് പ്രദേശവാസികളായ സ്ത്രീകളുടെ നേതൃത്വത്തില്‍ ഉപരോധിച്ചത്. പ്രതിഷേധിച്ച സ്ത്രീകളെയും കുട്ടികളെയും പൊലീസ് ബലംപ്രയോഗിച്ച് നീക്കി. പൊലീസ് ബലപ്രയോഗിച്ചതോടെ സ്ഥിതിഗതികള്‍ സംഘര്‍ഷാവസ്ഥയിലേക്ക് എത്തി.
*****************************
മദ്യത്തിന് വില കൂട്ടിയതിനു പിന്നില്‍ അഴിമതിയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മദ്യ ഉല്‍പാദകര്‍ സിപിഎമ്മുമായി ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് നികുതി ഒഴിവാക്കിയതെന്നും തീരുമാനം പിന്‍വലിക്കണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു . ഇന്ത്യന്‍ നിര്‍മ്മിത മദ്യത്തിന്റെ നീകുതി ഒഴിവാക്കിയതിന്റെ നേട്ടം കിട്ടിയത് വന്‍കിട മദ്യനിര്‍മ്മാതാക്കള്‍ക്ക് ആണ്. ടിപി രാമകൃഷ്ണന്‍ ചെയ്യാന്‍ മടിച്ചത് എം ബി രാജേഷ് ചെയ്യുന്നു. ഇന്ത്യയില്‍ മദ്യത്തിന് ഏറ്റവും വിലകൂടിയ സംസ്ഥാനമായി കേരളം മാറുമെന്നും ചെന്നിത്തല പറഞ്ഞു.
****************************
ലോകകപ്പ് ഫുട്‌ബോളില്‍ വീണ്ടും ഏഷ്യന്‍ അട്ടിമറി. ഏഷ്യന്‍ കരുത്തരായ ജപ്പാന്റെ മിന്നാലാക്രമണത്തിന് മുന്നില്‍ 2-1ന് മുന്‍ ലോക ചാമ്പ്യന്‍മാരായ ജര്‍മനിയാണ് ഒടുവിലായി അടിയറവുപറഞ്ഞത്. ഗ്രൂപ്പ് ഇയിലെ പോരാട്ടത്തില്‍ 75 മിനുറ്റുകള്‍ വരെ ഒറ്റ ഗോളിന്റെ ലീഡില്‍ തൂങ്ങിയ ജര്‍മനിക്കെതിരെ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് അട്ടിമറി ജയം സ്വന്തമാക്കുകയായിരുന്നു ജപ്പാന്‍. മറ്റൊരു മത്സരത്തില്‍ കോസ്റ്റാ റിക്കയെ ഏഴ് ഗോളിന് പരാജയപ്പെടുത്തി സ്‌പെയിന്‍ കരുത്തറിയിച്ചു. എന്നാല്‍ കാനഡയ്‌ക്കെതിരെ വിയര്‍ക്കുന്ന ബെല്‍ജിയത്തെ കണ്ടത്. കേവലം ഒരു ഗോളിനായിരുന്നു ബല്‍ജിയത്തിന്റെ വിജയം. 
*************************

MAIN NEWS-KERALA -INDIA 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക