Image

നന്ദി ഒരു കെടാവിളക്ക് (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ Published on 24 November, 2022
നന്ദി ഒരു കെടാവിളക്ക് (ജ്യോതിലക്ഷ്മി നമ്പ്യാര്‍, മുംബൈ)

ആദ്യമായി ജന്മം തന്ന സര്‍വ്വേശ്വരനും മാതാപിതാക്കള്‍ക്കും നന്ദി പറഞ്ഞുകൊണ്ട് തുടങ്ങാം. തുടര്‍ന്ന്  ഇ-മലയാളിക്കും, എല്ലാ എഴുത്ത് സൗഹൃദങ്ങള്‍ക്കും, വായനക്കാര്‍ക്കും നന്ദി. 

 നമുക്ക്  ലഭ്യമായ സൗകര്യങ്ങളുടെ സ്രോതസ്സിനു നന്ദി പറയാന്‍ തയ്യാറാകുന്ന മനസ്സ് നന്മയുടെ ഒരു കെടാവിളക്കാണ്

അടുത്ത കാലംവരെ നന്ദിപ്രകടനത്തിനായുള്ള ദിവസത്തിന്റെ പ്രത്യേകത അമേരിക്കന്‍ ജനതയ്ക്കുള്ളില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയായിരുന്നു. എന്നാല്‍ സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനമോ, പാശ്ചാത്യ സംസ്‌കാരത്തോടുള്ള ആസക്തിയോ എന്തായാലും നന്ദിപ്രകടനത്തിനുള്ള ദിവസത്തെക്കുറിച്ച് ഇന്ന് ഇന്ത്യന്‍ ജനതയ്ക്കും അറിയാം. എന്നിരുന്നാലും ഇന്ത്യയില്‍ ഈ ദിവസം ഒരു ആഘോഷമാക്കാന്‍ തുടങ്ങിയിട്ടില്ല. എങ്കിലും വിദേശവല്‍കൃത ഇന്ത്യന്‍ സ്‌കൂളുകളില്‍ കുട്ടികള്‍ ഈ ദിവസം ഒരു  ആഘോഷമാക്കാന്‍ തുടങ്ങിയതോടെയാണ് ഇതേകുറിച്ച് കൂടുതലായി അറിയാന്‍ തുടങ്ങിയത് എന്നാണ് എനിക്ക് തോന്നുന്നത്.

അമേരിക്കന്‍ ജനതയുടെ നന്ദിപ്രകടനത്തിന്റെ   ഉത്സവലഹരിയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചപ്പോഴാണ്  ഭക്ഷണവിവരപ്പട്ടികയില്‍ കണ്ണുടക്കിയത്. പൊരിച്ച ടര്‍ക്കി, ഉള്ളിയും സെലെറിയും (celery), നിറച്ച് വേവിച്ച ടര്‍ക്കി,  ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ചത്, (mashed potatoes), രുചിക്കായി മസാലയോടൊപ്പം മാംസം ചേര്‍ത്ത കറിയുടെ ചാറു, പച്ച പയറു വേവിച്ചത്, , പാലില്‍ പുഴുങ്ങിയ ചോളത്തില്‍ ക്രീം ചേര്‍ത്തത്, ചോളം കൊണ്ടുണ്ടാക്കിയ അപ്പം, കേക്ക്, പായസം, ക്രാന്‍ബെറി ജൂസ് , പുപ്കിന്‍ പയ്. മുന്തിയ തരം  വീഞ്ഞ്, പലതരത്തിലുള്ള ലഹരി പാനീയങ്ങള്‍ തുടങ്ങിയ ഒരു വലിയ നിര കാണാന്‍ ഇടയായി. ഈ വിഭവങ്ങളൊന്നും കൃത്യമായി എന്താണെന്ന് അറിയില്ല എങ്കിലും ഒരുകാര്യം വ്യക്തമായി. ഇവയെല്ലാം സ്വാദിഷ്ടമായ വിഭവങ്ങളാണ്. മാത്രമല്ല  ഈ ഭക്ഷണങ്ങളുടെ പട്ടിക വായിച്ചപ്പോള്‍  നമ്മുടെ ഓണത്തിന്റെ വിഭവസമൃദ്ധമായ സദ്യ ഓര്‍മ്മവന്നു.   നന്ദിദിനത്തെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചപ്പോഴാണ് പ്രാജാതല്പരനായ മഹാബലി എന്ന രാജാവ് നഷ്ടപ്പെട്ടു എന്ന ദുഃഖം ഓണമെന്ന ആഘോഷത്തിനു പിന്നിലുള്ളതുപോലെ ഒരു വേദനയുടെ കഥ നന്ദിദിനത്തിനും പറയാനുണ്ടാകുമെന്ന് തോന്നിയത്

വെള്ളക്കാരായ മനുഷ്യര്‍ അമേരിക്കയില്‍ വന്നപ്പോള്‍ ഇവിടെ റെഡ് ഇന്ത്യന്‍സ് എന്ന അവര്‍ വിളിച്ച ആളുകള്‍ ഉണ്ടായിരുന്നു. അവരെ നിഷ്‌ക്കരുണം കൊന്നൊടുക്കി അവരുടെ വംശത്തിനു ഭീഷണി ഉണ്ടാക്കിയ അന്നത്തെ തീര്‍ത്ഥാടകര്‍ ദൈവത്തിനു നന്ദിപറയുമ്പോള്‍   റെഡ് ഇന്ത്യന്‍സിന് പറയാനുള്ളത് വിരഹത്തിന്റെ കഥയായിരിക്കാം. ഓരോ നന്ദി ദിനത്തിലും ആ വംശകാരില്‍ അവശേഷിച്ചവര്‍ തീര്ച്ചയായും ഖേദിക്കുന്നുണ്ടാകാം.  അവരുടെ ഭാഷ, സംസ്‌കാരം അവരുടെ സ്ത്രീകളുടെ പരിശുദ്ധി എല്ലാം തീര്‍ത്ഥാടകരായി വന്നവര്‍ കൊള്ളക്കാരെപോലെ നശിപ്പിച്ച   ചരിത്രത്തിന്റെ ഒരു ഓര്‍മ്മദിനം കൂടിയാണ് നന്ദി പ്രകടനത്തിനായുള്ള ഈ ദിവസം എന്ന് വേണമെങ്കില്‍ പറയാം.  തെക്കു കിഴക്കന്‍ മസാച്ചുസെറ്റ്‌സ് മുതല്‍ റോഡ് ഐലന്‍ഡിലെ പല ഭാഗങ്ങള്‍ വരെ നീണ്ടുകിടന്ന മുപ്പതി നായിരം മുതല്‍ ഒരു ലക്ഷം വരെ ജനസംഖ്യ ഉണ്ടായിരുന്ന ഒരു ജനത ഭൂമുഖത്ത് നിന്നും നാമാവശേഷമായത് വളരെ ദയനീയമായ അന്നത്തെ ഒരു സ്ഥിതിവിശേഷമാണ്. ഒരു പക്ഷെ നന്ദിദിനാഘോഷങ്ങള്‍ റെഡ് ഇന്ത്യന്‍സ് ദുഃഖാചരണത്തിന്റെ ദിനമായിരിക്കാം. ചരിത്രം പറയുന്ന കഥകള്‍ മാത്രമാണല്ലോ നമുക്കുമുന്നില്‍ സത്യം.  

ജാതി വിവേചനങ്ങളും, സവര്‍ണ്ണ മേല്‍ക്കോയ്മയും എല്ലാം ഇന്ത്യയിലും ഒരു കാലഘട്ടത്തില്‍ നിലനിന്നിരുന്നു എന്ന് ചരിത്രം പറയുന്നു. ചരിത്രാതീത സത്യങ്ങള്‍ എഴുതപ്പെട്ടവയോ, തെളിയിക്കാന്‍ കഴിയുന്നവയോ അല്ലാത്തതിനാല്‍ പലപ്പോഴും ചരിത്രത്തില്‍ വിശ്വാസമര്‍പ്പിക്കേണ്ടിവരുന്നു.  

നന്ദി എന്ന രണ്ടക്ഷരത്തിനു നിര്‍വചിക്കാനാവാത്ത പ്രഭാവശക്തിയുണ്ട്. അതൊരു ദീപമാണ്. അത് നല്‍കുംതോറും നമ്മില്‍ അനുഗ്രഹങ്ങള്‍ കൂടിവരുന്നു. സഹായം ചെയ്തവര്‍ക്ക് മാത്രമല്ല സഹായം വാഗ്ദാനം ചെയ്യുന്നവര്‍ക്കും  നന്ദി സമര്‍പ്പിക്കുന്നത് ഒരു നല്ല സംസ്‌കാരമാണ്. ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം സഹായം കൈപറ്റിയതിനുശേഷവും നന്ദി പറയുക എന്ന ഒരു സംസ്‌കാരം ഉണ്ടായിരുന്നില്ല എന്നുവേണമെങ്കില്‍ പറയാം. ' നന്ദി' എന്ന ഒരു വാക്ക് പറയുന്നത് അവരുടെ നിക്ഷേപത്തില്‍നിന്നും ഒരു വലിയ തുക നഷ്ടപ്പെടുന്ന ലാഘവത്തോടെയാണോ, അതോ ഞാന്‍ എന്തിനു നന്ദി പറയണം എന്ന മനോഭാവമാണോ എന്നറിയില്ല, ഇന്ത്യക്കാര്‍  ശീലിച്ചിരുന്നില്ല. എന്നാല്‍ ഇന്നത്തെ തലമുറയില്‍ ഈ മനോഭാവത്തിന് മാറ്റം വരാന്‍ തുടങ്ങി. അവര്‍ (മനസ്സില്‍ തട്ടിയല്ല ഒരു പ്രഹസനത്തിനായാലും) 'നന്ദി' എന്ന പവിത്രമായ വാക്കിനെ ധാരാളമായി ഉപയോഗിക്കാന്‍ തുടങ്ങിയിരിക്കുന്നു  പാശ്ചാത്യര്‍ നിസ്സാരകാര്യങ്ങള്‍ക്ക് പോലും നന്ദി പറയുമെങ്കിലും ഭാരതീയരില്‍ ആ സ്വഭാവം വളര്‍ന്നു വളര്‍ന്നുവരുന്നതേയുള്ളൂ.

സംസ്‌കൃതത്തില്‍ കൃതജ്ഞത എന്ന വാക്ക് രണ്ടു വാക്കുകള്‍ ചേര്‍ന്നുണ്ടായതാണ്. കൃത എന്നാല്‍ സംസ്‌കരിക്കപ്പെട്ട എന്നും 'ജ്ഞ' എന്നാല്‍ ബോധാവസ്ഥ എന്നുമാണ്. നമ്മള്‍ നമ്മുടെ സുബോധത്തെ സംസ്‌കാരസമ്പന്നമാക്കണം. എങ്കിലേ നന്ദി പറയാനും, സ്വീകരിക്കാനുമുള്ള മാനസികാവസ്ഥയുണ്ടാകുകയുള്ളു.

ഉപകാരസ്മരണ എന്നും പറയാവുന്ന ഈ വാക്കുകള്‍ നന്ദി, കൃതജ്ഞത, കടപ്പാട് ഇതൊക്കെ വരണമെങ്കില്‍ അറിവും സാംസ്‌കാരികമായ ഉയര്‍ച്ചയും ആവശ്യമാണ്.

വിശേഷങ്ങള്‍ മിക്കപ്പോഴും വിഭവസമൃദ്ധമായ ഒരു സദ്യയുടെ ഓര്‍മ്മ പുതുക്കുമെങ്കിലും അവയോരോന്നും നമ്മള്‍ ആഘോഷിക്കുമ്പോള്‍ അതിന്റെ അര്‍ത്ഥവും അത് നല്‍കുന്ന സന്ദേശവും സൂചനയും മനസ്സിലാക്കണം. ഇപ്പോള്‍ ഓരോ ദിവസവും സോഷ്യല്‍ മീഡിയ ഓരോ പ്രത്യേകദിനമായി കണക്കാക്കുന്നു. അങ്ങനെ ഒരു ദിവസമായി കടന്നുപോകാതെ നന്ദി ദിനം നമ്മള്‍ ഈശ്വരനോടും, നമ്മുടെ പ്രിയപ്പെട്ടവരോടും, പ്രകൃതിയോടും സകല ചരാചരങ്ങളോടും നന്ദിയുള്ളവരായിരിക്കണം എന്ന ചിന്തയോടെ അനുഷ്ഠിക്കാന്‍ കഴിഞ്ഞുവെങ്കില്‍ നന്ദി പ്രകടനദിനം അര്‍ത്ഥവത്തായിത്തീരും

Join WhatsApp News
P.R. 2022-11-24 15:31:21
സോഷ്യൽ മീഡിയ എല്ലാ ദിവസങ്ങൾക്കും പ്രാധാന്യം നൽകി ഓരോ പേര് വിളിക്കുമ്പോൾ നന്ദി ദിനവും അതിൽ ഒന്നാകരുതെന്ന എഴുത്തുകാരിയുടെ അഭിപ്രായത്തോട് യോജിക്കുന്നു. എന്നാലും ഇത് നഷ്ടപ്പെടാൻ സാധ്യതയുണ്ട്. കാരണം മനുഷ്യർക്ക് ഇപ്പോൾ നന്ദിയിൽ ഒന്നും വലിയ കാര്യമില്ല. സ്വന്തം കാര്യം നടക്കണം അത്ര തന്നെ. ലേഖനം ഹൃസ്യമെങ്കിലും വളരെ കാര്യങ്ങൾ പതിവ് പോലെ പറഞ്ഞു. ശ്രീമതി ജ്യോതിലക്ഷ്മിക്ക് അഭിനന്ദനം.
Das 2022-11-24 15:53:18
Yes, 'am fully endorsed your view points that it's so important to spend some time each day reflecting on things that fill with gratitude. Be happy, grateful & always have an attitude of GRATITUDE ! Keep writing awesome ...
Suresh Nair 2022-11-24 16:28:48
ലേഖനം നന്നായിട്ടുണ്ട്, നന്ദി.
BABU K RAGHAVAN 2023-04-02 17:37:39
ലേഖനം ആനുകാലിക പ്രാധാന്യമുള്ളതാണ് ! എങ്കിലും മലയാളിക്ക് നന്ദി എന്ന് സ്വന്തം മാതൃ ഭാഷയിൽ പറയാൻ മടിയനെന്നത് സത്യമാണ്. എങ്കിലും thanks എന്ന് പറയാൻ മടി യില്ല എന്നാണ്. എൻ്റെ മതം. രാജലക്ഷ്മി യുടെ ഭാഷ മെച്ചമാണ് . വീണ്ടും നല്ല എഴുത്തുകൾ പ്രതീക്ഷിക്കുന്നു ! Babu K Raghavan.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക