Image

ജയിക്കാനായി ജനിച്ച പിണറായി വെറുതെ തോല്‍ക്കണോ മാഷേ ? : (കെ.എ ഫ്രാന്‍സിസ്)

കെ.എ ഫ്രാന്‍സിസ്  Published on 24 November, 2022
ജയിക്കാനായി ജനിച്ച പിണറായി വെറുതെ തോല്‍ക്കണോ മാഷേ ? : (കെ.എ ഫ്രാന്‍സിസ്)

 

ഗോവിന്ദന്‍ മാഷേ, ഗവര്‍ണറില്‍ നിന്ന് ചാന്‍സലര്‍ പദവി വെട്ടിമാറ്റാന്‍ തിരക്കിട്ട് ഓര്‍ഡിനന്‍സ് ഇറക്കിയിട്ടോ  ബില്‍ കൊണ്ടുവരാന്‍ നിയമസഭ വിളിച്ചു കൂട്ടിയിട്ടോ ഒരു കാര്യവുമില്ല. സര്‍വകലാശാലകള്‍ക്ക് ഏകീകൃത ഘടന കൊണ്ടുവരാനുള്ള നിയമഭേദഗതി കേന്ദ്രം കൊണ്ടുവരും എന്ന് ഉറപ്പല്ലേ ? മാഷ് ബ്രാഞ്ച് കമ്മിറ്റികള്‍ വഴി 50 പേരെ കൊണ്ടുവന്ന് രാജ്ഭവന് മുന്നില്‍ ഒരു ലക്ഷം പേരെ അണിനിരത്തിയതും ഒരു സര്‍ക്കാര്‍ ഒന്നടങ്കവും  ഒരു പ്രധാന പാര്‍ട്ടി ഒറ്റക്കെട്ടായും  പിന്തുണ നല്‍കി നടത്തിയതൊക്കെ, സതീശന്‍ പറഞ്ഞതുപോലെ വീര്‍പ്പിച്ചു വച്ച ബലൂണില്‍ കേന്ദ്രം സൂചി കൊണ്ട് ഒരൊറ്റ കുത്ത് കുത്തിയാല്‍ പോരെ ? ഠേ ! ഇന്നലത്തെ മന്ത്രിസഭാ യോഗം ആ  ബില്ലിന്റെ കരട്  ഉണ്ടാക്കാതിരുന്നത് ബുദ്ധി. ആ നിയമ ഭേദഗതിയിലെ കാതലായ കാര്യം എന്താണെന്നോ ?  കേന്ദ്ര സംസ്ഥാന നിയന്ത്രണത്തിലുള്ള സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനം രാഷ്ട്രപതിക്കോ  ഗവര്‍ണര്‍ക്കോ  ആയിരിക്കും. നാം  ഇന്ത്യയിലാണെങ്കില്‍ അത് നമുക്കും  ബാധകം! വെറുതെ വേലിയില്ലുള്ളത് അവിടെ തന്നെ കിടന്നോട്ടെയെന്ന് വച്ചാല്‍ പോരേ മാഷേ. പണ്ടൊക്കെ മാഷ്ടെ വിജയന്‍ തൊട്ടതൊക്കെ പൊന്നാക്കുമായിരുന്നു. അദ്ദേഹം എപ്പോള്‍ വലിയ നിയമ ഉപദേശകരെ വച്ചോ, അപ്പോള്‍ മുതല്‍ തൊട്ടതൊക്കെ വെടക്കായി പോകുന്നത് മാഷും കാണുന്നില്ലേ ?  റേറ്റിങ് ടോപ്പിലായിരുന്ന ഒരാള്‍ ഇങ്ങനെ ഗ്രൗണ്ടില്‍ വീണ് ഇഴിയേണ്ടി വരുന്നത് വിജയനെ ചങ്കു പോലെ വിശ്വസിക്കുന്ന മാഷിനെങ്കിലും  ഹൃദയവേദനയുണ്ടാക്കുന്നില്ലേ ? 
 
ഭരണത്തിലിരിക്കുമ്പോള്‍ ഭരണത്തില്‍ ഫോക്കസ് ചെയ്താല്‍ പോരേ? ഒതുക്കത്തില്‍ കുറേ സഖാക്കള്‍ക്ക് ജീവിതമാര്‍ഗം ഉണ്ടാക്കി കൂടെ നിര്‍ത്തുക. പ്രധാനപ്പെട്ട സഖാക്കളുടെ ബന്ധുക്കള്‍ക്ക് വരെ ഗുണം കിട്ടുന്ന എന്തെങ്കിലുമൊക്കെ ചെയ്യുക. അതിനിടെ ഒന്ന് എല്ലാവരും കൂടി വിഷയമാക്കിയാല്‍ അത്  ഒഴിവാക്കി വിവാദം അവിടെ ഫുള്‍സ്റ്റോപ്പാക്കുക. അതായിരുന്നല്ലോ ശ്രീമതി ടീച്ചറുടെ മകന്റെ കാര്യത്തില്‍ ചിറ്റപ്പനെ കൊണ്ട് ചെയ്യിപ്പിച്ചത്. വൃത്തിയായി കാര്യങ്ങള്‍ ചെയ്യാന്‍ പറ്റാത്ത ആരാണെങ്കിലും അത് അവന്റെ തലയില്‍ തന്നെ ഇരിക്കട്ടെ. അതല്ലേ മാഷേ ഇ.പി യുടെ കാര്യത്തില്‍ നാം  ചെയ്തത്. താല്‍ക്കാലികമായി ഇ.പിക്ക് പിണറായിയോട് പിണക്കം ഉണ്ടായിയെങ്കിലും പറഞ്ഞു തീര്‍ക്കാന്‍ പലവഴികളില്ലേ ? ആ പോളിസി  തന്നെയാണ് മാഷേ ബെസ്റ്റ്. 
 
ഇപ്പോള്‍ പ്രിയ വര്‍ഗീസിന്റെ നിയമന കാര്യത്തില്‍ വലിയ പ്രശ്‌നം ഉണ്ടായി. അത് തെറ്റാണെന്ന് എല്ലാവരും പറഞ്ഞാല്‍ തെറ്റാണെങ്കില്‍ അപ്പോള്‍ തന്നെ ഒന്ന് തിരുത്തിയാല്‍ പോരേ ? അല്പനാള്‍ ക്ഷമിച്ചിരുന്നാല്‍  ജനം അതൊക്കെ മറക്കും. അതിനേക്കാള്‍ മികച്ച അവസരം പ്രിയയ്ക്ക് നമുക്ക് കൊടുക്കാമല്ലോ. പ്രിയയുടെ കാര്യത്തില്‍ വാശി വേണമെന്നു ഉപദേശിച്ചത് ശശി ആണെങ്കിലും വെള്ള മീശ ആണെങ്കിലും (ജയരാജന്മാരില്‍ മറ്റു രണ്ടു പേര്‍ ഒന്നു വെട്ടേറ്റത് മറ്റേത് വെടി കൊണ്ടത്) ആരാണെങ്കിലും അത് രാഗേഷിനെ മോശക്കാരന്‍ ആക്കാനുള്ള പണി തന്നെ. ഈ അടുത്തകാലത്ത് കണ്ണൂര്‍ ജില്ലയില്‍ നിന്ന് അഖിലേന്ത്യാതലത്തില്‍ പേരെടുത്ത നല്ലൊരു ചെറുപ്പക്കാരനാണ് രാഗേഷ്. ബ്രിട്ടാസിനു സീറ്റ് കൊടുക്കാന്‍ രാഗേഷിനെ പിണറായിയുടെ ഓഫീസിലേക്ക് മാറ്റി ഇരുത്തിയെങ്കിലും രാഗേഷ് പിണറായിക്ക് വേണ്ടപ്പെട്ടവന്‍ തന്നെ.
 
മരങ്ങള്‍ പലവിധം : 
 
മാഷേ ചാഞ്ഞ മരത്തിലെ നമുക്ക് ഓടിക്കയറാന്‍ പറ്റൂ  എന്ന് നമുക്ക് അറിയില്ലേ ? കേന്ദ്രം ഭരിക്കുന്നവരോടോ അവരുടെ പ്രതിനിധികളോടോ കളിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടേ?  ജയിക്കും എന്ന് ഉറപ്പുള്ള കളിക്കേ  മാഷിന്റെ വിജയനെ ഇനി ഇറക്കാവൂ. ചാടി പുറപ്പെട്ടാല്‍ വട്ടം കെട്ടിപ്പിടിച്ചു നിര്‍ത്താന്‍ മാഷിനേ പറ്റൂ. ഒന്നുമില്ലെങ്കില്‍ മാഷ് പഴയ കായിക അദ്ധ്യാപകനല്ലേ ? 
 
ബെവ്ക്കോയുടെ ലാഭവും : 
 
 അമ്മ പറഞ്ഞതനുസരിച്ച് ഞങ്ങളുടെ യേശുക്രിസ്തു വെള്ളം വീഞ്ഞാക്കിയതുപോലെ, പഴച്ചാര്‍ വൈനാക്കാമെന്ന് കാണിച്ചുതരാമെന്ന് ആയിരുന്നില്ലേ മാഷ് മന്ത്രിയായിരുന്നപ്പോള്‍ പറഞ്ഞു നടന്നത്. പിന്‍ഗാമി രാജേഷ് അത് നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധനായി. ഉത്തരവിറങ്ങിയിട്ട്  ഒരു മാസമായി. ഒരൊറ്റ അപേക്ഷ കിട്ടിയിട്ട് പോലും ഇല്ല. മദ്യം വിറ്റ് കാശുണ്ടാക്കി ഭരണ കാര്യങ്ങള്‍ നടത്താമെന്ന വ്യാമോഹം നമുക്കല്ലാതെ വേറെ ആര്‍ക്കുണ്ട് മാഷേ ? മദ്യത്തിന് 251 ശതമാനം നികുതി (1000 രൂപയുടെ കുപ്പിക്ക്  2510 രൂപ വില്പനനികുതി!) കൂട്ടിയിട്ടും ബെവ്കോയ്ക്ക് ലാഭമുണ്ടാക്കാനായോ ? അതാണ് മാഷേ സര്‍ക്കാരിന് ഒന്നും കൊണ്ട് നടക്കാനാവില്ല. നമ്മുടെ സഖാക്കള്‍ തന്നെ ജോലി കിട്ടിയാല്‍ പിറ്റേന്നുമുതല്‍ മര്‍ക്കട മുഷ്ടി ചുരുട്ടി ആകാശത്തേക്ക് എറിയില്ലേ ? നമ്മുടെ കെഎസ്ആര്‍ടിസി ഗുണം പിടിക്കുമോ ? നശിപ്പിക്കുന്നത് ആരാ? ഓരോ ആനത്തലവട്ടന്മാരും എളമരങ്ങളുമല്ലേ ? 
 
പറ്റില്ല മാഷേ, സര്‍ക്കാര്‍ ഭരിക്കുക  മാത്രം മതി. ക്ഷേമ പ്രവര്‍ത്തനങ്ങളും ആരോഗ്യ കാര്യങ്ങളും നോക്കി നടത്തുന്ന സല്‍ഭരണം നടത്തുക. അതേ നടപ്പുള്ളൂ മാഷേ. അതിന് നികുതിയും അതുപോലുള്ളത് കൂടുതല്‍ കിട്ടണം. അതിന് സംരംഭകര്‍ പുതുതായി വരണം. വ്യവസായ സ്ഥാപനങ്ങള്‍ ഉയരണം. അപ്പോഴേക്കും ചുവന്ന കൊടിയുമായി എത്തില്ലേ മാഷേ നമ്മുടെ സഖാക്കള്‍. സ്വന്തം കിഡ്നി മുറിച്ചു കൊടുത്തു ജനപക്ഷത്തു നില്‍ക്കുന്ന ചിറ്റിലപ്പള്ളി കൊച്ചൗസേപ്പ് (വി-ഗാര്‍ഡിന്റെ ഉടമ) ഇവിടെ ഫാക്ടറി നടത്താന്‍ കഴിയാതെ വാളയാറിനപ്പുറം  പോയി ഫാക്ടറി ഭംഗിയായി നടത്തുന്നു, മാഷേ. പതിനായിരങ്ങള്‍ക്ക് അവിടെ ജോലി കിട്ടി. 
 
കൊച്ചൗസേപ്പും  കുട്ട്യോളും : 
 
നമ്മുടെ സ്വന്തം ആളല്ലേ തമിഴ്‌നാട്ടിലെ സ്റ്റാലിന്‍. ഞാന്‍ ജോലി ചെയ്തിരുന്ന സ്ഥാപനത്തില്‍ ന്യൂസ് എഡിറ്റര്‍മാരെ വര്‍ഷത്തില്‍ ഒന്നോ രണ്ടോ മാസം ഇന്റര്‍ചേഞ്ച് ചെയ്യുമായിരുന്നു. സര്‍ക്കാര്‍ കാര്യത്തില്‍ അത് പറ്റില്ലെന്ന് അറിയാം. വ്യവസായ മന്ത്രിയേയോ ധനമന്ത്രിയേയോ തമിഴ്‌നാട്ടില്‍ ഒരു മാസം ഇന്റെണ്‍ഷിപ്പിനെങ്കിലും വിടാന്‍ മുഖ്യമന്ത്രിക്ക് പറ്റുമല്ലോ. ഇവിടെ മാഷിന് ഓര്‍മ്മയില്ലേ തമിഴന്‍ വന്നായിരുന്നല്ലേ നമ്മുടെ വൈറ്റ് കോളര്‍ അല്ലാത്ത പണിയൊക്കെ ചെയ്തിരുന്നത്? അന്നവരെ നാം പുച്ഛത്തോടെ 'പാണ്ടികള്‍' എന്നാണല്ലോ വിളിച്ചിരുന്നത്. ഇപ്പോള്‍ തമിഴ്‌നാട്ടിലെ പാണ്ടികള്‍ നമ്മളാ മാഷേ. എന്തിനാ കേന്ദ്ര അനുമതി വാങ്ങി നൂലാമാലകള്‍ ഒക്കെ തരണംചെയ്തു നാട്ടുകാരുടെ പഴിയും കേട്ട് വിദേശ പഠനയാത്ര നടത്തുന്നത് ? നമ്മുടെ സ്റ്റേറ്റ് കാറില്‍ തന്നെ രാജീവ് തമിഴ്‌നാട്ടില്‍ പോയി പഠിക്കട്ടെ. ഒരൊറ്റ മാസം  രാജീവ് അവിടെ നിന്ന് മാറി നിന്നാൽ, നമ്മുടെ സര്‍ക്കാറിന് ഒന്നും സംഭവിക്കാന്‍ പോകുന്നില്ല മാഷേ. കാര്യങ്ങള്‍ കണ്ടുപഠിക്കട്ടെ. പിണറായി വിളിച്ചുപറഞ്ഞാല്‍ അവിടുത്തെ വ്യവസായ മന്ത്രിയുടെ ഓഫീസില്‍ തന്നെ രാജീവിനു കസേര  ഇട്ടുകൊടുക്കും. 
 
നല്ല വലിയ കാറുകള്‍ : 
 
നാട് നന്നാകണമെങ്കില്‍ വ്യക്തികള്‍ വലുതാവണം. അവര്‍ വലിയ വലിയ കാറുകള്‍ വാങ്ങണം. കൂറ്റന്‍ കെട്ടിടം പണിയണം. എന്നാലേ സര്‍ക്കാര്‍ ഖജനാവിലേക്ക് കാശ് പോരൂ. പത്തുകോടിയുടെ ഒരു കാര്‍ നാട്ടിലെ  ഒരാള്‍ വാങ്ങിയാല്‍  30 ശതമാനം നികുതി ഖജനാവിലെത്തും. അതായത് ഒറ്റയടിക്ക് 3 കോടി ഖജനാവില്‍ എത്തും. അങ്ങനെ നൂറ് സംരംഭകര്‍ നമുക്ക് ഉണ്ടായാല്‍ 300 കോടി. 600 രൂപയുടെ ജവാന്‍! മാഷെ, ഇത്രയും കോടി കിട്ടാന്‍ എത്ര കുപ്പി നമ്മുടെ പാവം ജനം കുടിക്കണം. രാജീവിന്റെ കൂടെ മാഷും ഒന്ന്  തമിഴ്‌നാട്ടില്‍ പോണം. അവിടെ ഇത്തരം കാറുകള്‍ നൂറല്ല  ആയിരങ്ങളാണ്. 
 
സ്റ്റാലിന്‍ റോള്‍ മോഡല്‍ : 
 
സര്‍ക്കാരിന് ഒരു കച്ചവടവും വേണ്ട. ആരു നാട്ടിലത്  തുടങ്ങിയാലും സര്‍ക്കാറിന് കിട്ടില്ലേ പത്തു മുപ്പത് ശതമാനം. തൊഴിലാളികളെ വച്ചും  മാനേജര്‍മാരെ വച്ചും  ഓഡിറ്റ് നടത്തിയും നാമെന്ത് നടത്തിയാലും നികുതിയായി കിട്ടുന്ന പണത്തിന്റെ  ഒരംശം ലാഭം കിട്ടില്ല. പിന്നെന്തിനാ മാഷേ  നാം ഇത് നടത്തി നാറുന്നത്? സ്റ്റാലിന്‍ ചെയ്യുന്നത് കണ്ടില്ലേ ? നമ്മുടെ റോള്‍ മോഡല്‍ സ്റ്റാലിന്‍  ബസ്സ് യാത്ര പെണ്‍കുട്ടികള്‍ക്ക് ഫ്രീ! വിദ്യാര്‍ത്ഥികള്‍ക്ക്  കമ്പ്യൂട്ടര്‍ ഫ്രീ! ഇതൊക്കെ കൊടുക്കുന്നത് എങ്ങനെയാ ? അവിടെ നിറയെ വ്യവസായങ്ങളുണ്ട് , വ്യാപാരങ്ങളുണ്ട്.  തിരുപ്പതി വസ്ത്രങ്ങളുടെ ഹബ്ബ് ,കോയമ്പത്തൂര്‍ വ്യവസായ യന്ത്രങ്ങളുടെ ഹബ്ബ്, ചെന്നൈ സോഫ്റ്റ്വെയര്‍ ഉപകരണങ്ങളുടെ ഹബ്. ഇവിടെയോ ? മാഷേ സ്റ്റാലിന്‍ 'ജപ്പാനാ'ണ്. ലോകകപ്പില്‍ തിളങ്ങുന്ന ജര്‍മ്മനിയെ  ജപ്പാന്‍ കണ്ണുപൂട്ടി തുറക്കും മുന്‍പേ തോല്‍പ്പിച്ചില്ലേ ? പാലിനു കേരളം ആറ്  രൂപ  കൂട്ടിയപ്പോള്‍ തമിഴ്‌നാട് മൂന്ന് രൂപ കുറച്ചു. എന്നാല്‍ ക്ഷീരകര്‍ഷകര്‍ക്ക് കേരളത്തില്‍ ഉള്ളതിനേക്കാള്‍ വില അവിടെ കിട്ടുന്നു. 
 
വാല്‍ക്കഷണം : അപ്പോഴേ നമ്മള്‍ പറഞ്ഞതല്ലേ ? മോനെ സതീശാ, അമിതാവേശം കാട്ടരുതെന്ന്.   സൂചി പൊന്നു കൊണ്ടായാലും നെഞ്ചില്‍ കൊണ്ടാല്‍ നോവും. ഇന്നലെ സുധാകരന്റെ തട്ടകത്തില്‍ തരൂര്‍ താരമായത് സുധാകരന്റെ സമ്മതത്തോടെ അല്ലെന്ന് കരുതുന്നില്ലല്ലോ. അതിന്റെ തലേന്ന്  മുരളിയുടെ തട്ടകത്തിലും കുഞ്ഞാലിക്കുട്ടിയുടെ തട്ടകത്തിലും  തരംഗമായതൊന്നും  സതീശന്‍ അറിഞ്ഞില്ലേ ? ഇനിയിതാ  ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ കോട്ടയത്തും തരൂര്‍  നക്ഷത്രശോഭയോടെ തിളങ്ങാന്‍ പോകുന്നു! അവസാനം എതിര്‍പ്പ് വേണുവിനും വേണുവിന്റെ ശിങ്കിടികള്‍ക്കും മാത്രമാവില്ലേ? സതീശാ, തരൂര്‍ മുഖ്യമന്ത്രിയായാല്‍  താങ്കള്‍ക്ക് ആണ് ആഭ്യന്തരവകുപ്പ് തരുക. എതിര്‍ത്താല്‍ ആ പദവി രമേശിനു കിട്ടും. അത്  വേണോ  സതീശാ ? തരൂരിന്  ഒരു പ്ലാന്‍ ഉണ്ട്. ആദ്യം കേരളത്തില്‍ മുഖ്യമന്ത്രി. പിന്നെ ഇന്ത്യയുടെ പ്രധാനമന്ത്രി, അത് നല്ലതല്ലേ സതീശാ? 
 
 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക