Image

പ്രണയാന്വേഷണങ്ങളുടെ തീരാഊഴങ്ങള്‍ (പ്രമീളാ ദേവി)

Published on 24 November, 2022
പ്രണയാന്വേഷണങ്ങളുടെ തീരാഊഴങ്ങള്‍ (പ്രമീളാ ദേവി)

ഫ്രഞ്ച് സാഹിത്യകാരനായ ആന്ദ്രേ മുര്‍വാ പറയുന്നു, 'പ്രണയത്തിലെന്നപോലെ സാഹിത്യത്തിലും ഒരാളുടെ തിരഞ്ഞെടുപ്പുകള്‍ നമ്മെ ആശ്ചര്യപ്പെടുത്തുന്നു.' എന്ന് എന്തുകൊണ്ട് ഒരെഴുത്തുകാരി/എഴുത്തുകാരന്‍ ഒരു വിഷയം തെരഞ്ഞെടുത്തുവെന്നത് യുക്തിസഹമായി വിശദീകരിക്കാന് കഴിയില്ല; പ്രണയത്തിലെ തിരഞ്ഞെടുപ്പു പോലെ തന്നെ. ശ്രീമതി എം.പി ഷീല തിരഞ്ഞെടുത്തത്, മഹാഭാരത്തിലെ കരകാണാക്കടലിലെ മണിമുത്തുകളില്‍ ചിലതാണ്. 'ഇതിലുള്ളത് പലതും എവിടെയും കാണും; പക്ഷെ ഇതിലില്ലാത്തതൊന്നും എവിടെയുമുണ്ടാവില്ല' എന്നു വിഖ്യാതമായ മഹാഭാരത കഥാസരിത് സാഗരത്തില്‍ നിന്ന് ഒരു കുമ്പിള്‍ വെള്ളം കോരിയെടുത്ത് തന്റെ സ്വപ്നങ്ങള്‍ക്കും ആശനിരാശകള്‍ക്കും ലോകവീക്ഷണത്തിനും പാകപ്പെട്ട വിധത്തില്‍ ഭാവനയുടെ നിറച്ചാര്‍ത്തണിയിച്ച് അവതരിപ്പിക്കുകയാണ് 'മൂന്നാമൂഴം' എന്ന ഈ നോവലില്‍. ജ്ഞാനപീഠ ജേതാവായ  മലയാളത്തിന്റെ അനശ്വര കഥാകാരന്‍ ശ്രീ എം.ടി വാസുദേവന്‍ നായരുടെ ലോക പ്രശസ്തമായ രണ്ടാമൂഴത്തെ പിന്‍പറ്റി നടക്കലാണോ ഷീലയുടെ കൃതി ചെയ്യുന്നതെന്ന് സംശയിക്കുന്നതെന്ന് സംശയിക്കുന്നവരുണ്ടാകും. ഒരേ വസ്തുവിനെ തന്നെ വ്യത്യസ്ത കോണുകളില്‍ നിന്ന് ചിലര്‍ കാണുന്നത് , ഒരേ കാഴ്ചയല്ലല്ലോ; രണ്ടാമൂഴത്തിന്റെ കാഴ്ചവട്ടത്തിലുള്ളത് ബാഹുവിക്രമനായ ഭീമന്റെ പ്രണയ ജീവിതത്തിലെ മോഹനൈരാശ്യങ്ങള്‍ക്ക് ഊന്നല്‍ കൊടുക്കുന്ന സമീപനമാണെങ്കില്‍ ഷീലയുടെ മൂന്നാമൂഴം പഞ്ചപാണ്ഡവരുടെ പത്‌നിയായി ജീവിക്കുമ്പോഴും ഉള്ളില്‍ അടങ്ങാത്തൊരെരിച്ചില്‍ -തന്റെ നിത്യകാമുകനെ തിരയുന്ന വിരഹിണിയുടെ നീറ്റല്‍- പുകയുന്ന ദ്രൗപദിയെ കേന്ദ്രീകരിച്ചുള്ള കഥാഗതിയാണ്. ഓരോ ജീവിതവുമെന്നല്ല, ജീവിതത്തിലെ ഓരോ അനുഭവവും പോലും ഓരോ കഥയാണല്ലോ. ദ്രൗപദി കടന്നുപോയ സംഭവബഹുലമായ ജീവിത സന്ദര്‍ഭങ്ങളിലോരോന്നിലും ഒരു കഥയല്ല, ഒരായിരം കഥകള്‍ക്കുള്ള 'സത്ത്' ഒളിഞ്ഞിരിപ്പുണ്ടെന്നത് യാഥാര്‍ഥ്യമാണല്ലോ. അവയില്‍ ചിലത് കോര്‍ത്തെടുത്തുണ്ടാക്കിയ രമ്യഹാരമാണ് ഷീലയുടെ മൂന്നാമൂഴം. 

അഞ്ചു കാമുകന്മാര്‍ക്കിടയിലും അസംതൃപ്തയായി, അടങ്ങാത്ത അന്വേഷണത്തിന്റെ വഴിയിലെ ഏകാന്ത സഞ്ചാരിണിയായി അലയുന്ന യാജ്ഞസേനിക്ക്, മൂന്നാമൂഴക്കാരനോടുള്ള ഹൃദയാര്‍ദ്രതയും, അതിനുമപ്പുറം തന്റെ ജന്മാന്തര പ്രണയിതാവിനെ വീണ്ടെടുക്കാനുള്ള വ്യഗ്രതയുമൊക്കെയാണ് നോവിലിന്റെ ഉള്ളടക്കം. ഒരു സ്ത്രീക്കാണ് മറ്റൊരു സ്ത്രീയുടെ മനോവ്യാപാരങ്ങള്‍ കൃത്യമായി തിരിച്ചറിയാനാവുന്നതെന്ന സമാന്യ തത്വം ഇവിടെ പ്രസക്തമാകുന്നു. രാധയായും താപസകന്യയായും ദ്രൗപദി ജീവിക്കുമ്പോള്‍, മൂന്നാമൂഴത്തിലും തന്റെ പ്രിയപ്പെട്ടവനില്‍ നിന്നുള്ള വിരഹത്തിലുരുകുന്ന ഒരുവളുടെ മനസ് നോവലിലുടനീളം ചാരുതയോടെ വരച്ചു ചേര്‍ത്തിരിക്കുന്നു. അവസാനിക്കാത്ത അന്വേഷണമാണ് മനുഷ്യജീവിതം എന്ന പൊതുവായ തിരിച്ചറിവ് നായികാ കഥാപാത്രത്തിന്റെ കാര്യത്തില്‍ അക്ഷരാര്‍ത്ഥത്തില്‍ സത്യമായിത്തീരുന്നു. അന്വേഷണത്തിനൊടുവില്‍ തന്റെ സത്വം വീണ്ടെടുക്കുന്ന സ്ത്രീയുടെ ജന്മസാഫല്യത്തിന്റെ കഥകൂടിയാണ് മൂന്നാമൂഴം. 'ഒരു പെണ്‍ജന്മവും വീഴാത്ത ചുഴി, വിധിയുടെ നീരാളി നീന്തുന്ന ചുഴി' എന്നു തന്റെ ജീവിതതെ തിരിച്ചറിഞ്ഞ ഒരുവളുടെ ആള്‍ക്കൂട്ടത്തില്‍ തനിയെയുള്ള യാത്രയെ ഹൃദ്യമായി, അനുഭവവേദ്യമായി ചിത്രീകരിക്കുന്നതില്‍ നോവലിസ്റ്റ് വിജയിച്ചിരിക്കുന്നു. 

വാക്കുകള്‍ മനോഹരമായി കൊരുത്ത് ദൃശ്യങ്ങള്‍ ഒരുക്കുന്ന കല ഷീലയ്ക്ക് വശമുണ്ട്. നോവലിലെമ്പാടും ഇതള്‍വിരിയുന്നത് രമ്യമായ ദൃശ്യാവിഷ്‌കാരങ്ങളാണ്. പ്രണയകാല മോഹനൈരാശ്യങ്ങളുടെ തീക്ഷ്ണപ്രവാത്തില്‍പ്പെട്ട് അലഞ്ഞുലയുന്ന ദ്രൗപദിയുടെ കഥാരചനയിലുമുണ്ട് ക്രാഫ്റ്റിന്റെ ശോഭ. അമ്പരപ്പും ആവേശവും അവിശ്വസനീയതയുമൊക്കെ ചേര്‍ന്ന് വരഞ്ഞിട്ട മനസുകളാണ് പാണ്ഡവന്മാരിവിടെ; ശ്രദ്ധയോടെയാണ് കഥാകാരി ഇവര്‍ അഞ്ചുപേരേയും സൃഷ്ടിച്ചിട്ടുള്ളത്. യോഗേശ്വരനായ കൃഷ്ണന്റെ നിസംഗത്വവും മാനുഷികഭാവങ്ങളനുകരിക്കുമ്പോഴുള്ള ഹൃദയാര്‍ദ്രതയും ഒരേപോലെ ആവിഷ്‌കരിക്കപ്പെടുന്നുണ്ട് ഈ നോവലില്‍. കഥാപാത്രസൃഷ്ടിയിലെ ആര്‍ജവം, സമര്‍പ്പണം എടുത്തുപറയേണ്ടതുതന്നെ. 

'ഇനിയും കഥകള്‍ ബാക്കിയാണ്' എന്നു നിരീക്ഷിക്കുന്നുണ്ട് ഷീല നോവലിലൊരിടത്ത്. ഇതു തന്നെയാണ് പ്രിയ കഥാകാരിയുടെ രചനാലോകത്തെക്കുറിച്ചും എനിക്ക് പറയാനുള്ളത്. കഥകളുടെ അനന്തമായ ഖനി നിറയട്ടെ ഷീലയുടെ തൂലികത്തുമ്പില്‍. 

തുടക്കംമുതല്‍ ഒടുക്കംവരെ വായനക്കാരെ പിടിച്ചിരുത്തുന്ന, പാരായണക്ഷമതയുള്ള സുന്ദരമായ മൂന്നാമുഴത്തിന്റെ കഥാലോകം മൂന്നാം പതിപ്പിലൂടെ വീണ്ടും വായനക്കാരിലെത്തുന്നതിന്റെ ആഹ്ലാദിരേകം പങ്കുവെച്ചുകൊണ്ട് ,
(പ്രമീളാ ദേവി)

 sheela M. P Book Riview by prameeladevi

 

Join WhatsApp News
Sudhir Panikkaveetil 2022-11-24 21:32:49
അമേരിക്കൻ മലയാളി എഴുത്തുകാരി ശ്രീമതി എം പി ഷീലയുടെ "മൂന്നാമൂഴം" എന്ന നോവലിന്റെ മൂന്നാം പതിപ്പ് ഇറങ്ങുന്നുവെന്നത് അമേരിക്കൻ മലയാളികൾക്ക് അഭിമാനമാണ്. ഈ കൃതിയെക്കുറിച്ച് ധാരാളം അഭിപ്രായ/നിരൂപണ കുറിപ്പുകൾ വന്നുകൊണ്ടിരിക്കുന്നുവെന്നത് പുസ്തകത്തിന്റെ മേന്മയും പ്രചാരവും കാണിക്കുന്നു.എഴുത്തുകാരിക്കും നിരൂപകക്കും അഭിനന്ദനങ്ങൾ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക