Image

കേരളം പന്തുകളിക്കാരുടെ നാട്  (വിജയ് സി. എച്ച്)

Published on 27 November, 2022
കേരളം പന്തുകളിക്കാരുടെ നാട്  (വിജയ് സി. എച്ച്)

നവംബർ 20 മുതൽ ഡിസംബർ 18 വരെ നടക്കുന്ന ഫിഫ ലോകകപ്പ് ഫൂട്ബാൾ ടൂർണമെൻ്റിനു സാക്ഷ്യം വഹിക്കാൻ മകൻ ആരോമലിനോടൊപ്പം ഖത്തറിലേക്കു പുറപ്പെടുന്നതിനു തൊട്ടുമുന്നെ, ഇന്ത്യൻ കാൽപന്ത് ഇതിഹാസം ഐ. എം. വിജയൻ അർജൻ്റീനയുടെ വിജയമാണ് പ്രവചിച്ചത്. ഫൂട്ബാളിൻ്റെ വിശ്വമാമാങ്കത്തിനൊടുവിൽ ഇക്കുറി ലയണൽ മെസ്സി കോപ്പയിൽ മുത്തമിടുമെന്നതിൽ അദ്ദേഹത്തിന് യാതൊരു സംശയവുമില്ല!  
"മലയാളികൾക്ക് അർജൻ്റീന സ്വന്തം നാടുപോലെയാണ്," ആൾ ഇന്ത്യ ഫൂട്ബാൾ ഫെഡറേഷൻ (AIFF) ടെക്ക്നിനിക്കൽ കമ്മിറ്റി ചെയർമാനും കൂടിയായ വിജയൻ നിരീക്ഷിച്ചു. വാശിയേറിയ നിരവധി അന്തർദേശീയ മത്സരങ്ങളിൽ രാജ്യത്തെ വിജയത്തിലേയ്ക്കു നയിച്ചു, പന്തുകളി പ്രേമികളുടെ കണ്ണിലുണ്ണിയായി മാറിയ ദേശീയ താരത്തിൻ്റെ വാക്കുകളിലൂടെ... 
🟥 ലോകകപ്പിൽ ഇത് ആറാം സാന്നിദ്ധ്യം 
മെസ്സിയ്ക്ക് ഖത്തർ അഞ്ചാം ലോകകപ്പ് ഊഴമാണ്. എന്നാൽ, ഇത് ആറാം തവണയാണ് ഞാൻ ലോകകപ്പിന് പോകുന്നത്. ഫിഫ ടൂർണമെൻ്റുകൾ കണ്ടേ മതിയാകൂ. ഈ കാഴ്ചകളാണ് ഒരു ഫൂട്ട്ബാളറെ പരിഷ്കരിയ്ക്കുന്നത്. ലോക നിലവാരമുള്ള കളികൾ വിട്ടുകളയുമ്പോൾ ഫൂട്ട്ബാളിൽ നിന്ന് അകന്നു പോകുന്നതു പോലെയൊരു തോന്നലാണ്. ജപ്പാനിൽ, 2002-ൽ നടന്നതായിരുന്നു ഏഷ്യയിൽ ഒടുവിൽ നടന്ന ലോകകപ്പ്. അന്ന് ബ്രസീലാണ് കപ്പ് നേടിയത്. ജെർമനി റണ്ണറപ്പും. ഇരുപതു വർഷങ്ങൾക്കു ശേഷം ലോകകപ്പ് വീണ്ടും ഏഷ്യയിലെത്തി. മലയാളികൾ ധാരാളമുള്ളൊരു ഗൾഫുരാജ്യമാണ് ഖത്തർ. അതിനാൽ നമുക്ക് കൂടുതൽ അടുപ്പം തോന്നുന്നത് സ്വാഭാവികമാണ്. ഒരു കൊച്ചു രാജ്യമാണ് ഖത്തർ, പക്ഷെ തയ്യാറെടുപ്പുകൾ അതിഗംഭീരമാണ്. AIFF-യുടെ റവ്യൂ മീറ്റിങ്ങുകളിൽ ഇക്കാര്യം പലകുറി വിലയിരുത്തപ്പെട്ടിട്ടുണ്ട്. ഞാൻ ഇന്ത്യയ്ക്കു വേണ്ടി ഖത്തറിൽ കളിച്ചിട്ടുണ്ട്. അവിടെ ഇഷ്ട രാജ്യത്തിൻ്റെ വിജയം ഏകദേശം ഉറപ്പുള്ളതുകൊണ്ടാണ് ഈ യാത്രയ്ക്ക് ഇത്രയും ആവേശം! 


🟥 അർജൻ്റീന ഒരു ആവേശം 
അർജൻ്റീന 1986-ലെ ലോകകപ്പ് നേടിയതു മുതൽ ഡീഗോ മറഡോണ നമ്മുടെ ശ്രദ്ധയിലുണ്ട്. 1986-നു മുമ്പും അദ്ദേഹം ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതിനു കാരണം ഗ്രൗണ്ടിലെ പെർഫോമൻസു തന്നെയാണ്. ഒരു മാന്ത്രികനെപ്പോലെയാണ് മറഡോണ കാൽപന്തിനെ കൈകാര്യം ചെയ്തിരുന്നത്! മദ്ധ്യനിരയും മുന്നേറ്റനിരയിലും അദ്ദേഹത്തിൻ്റെ ആക്രമണത്തെ നേരിടുകയെന്നത് ആർക്കും അത്ര ലളിതമായിരുന്നില്ല. നാലു ലോകകപ്പുകളിൽ അർജൻ്റീനയ്ക്കു വേണ്ടി അദ്ദേഹം കളിച്ചു. തൻ്റെ നാടിനു വേണ്ടി കളിച്ച 91 രാജ്യാന്തര ടൂർണമെൻ്റുകളിൽ, 34 ഗോളുകൾ സ്വന്തമായി നേടി. നീണ്ട കാലയളവിൽ മറഡോണയുടെ ഇത്തരം പ്രകടനങ്ങൾ കേരളത്തിലെ കളിക്കാരും ആസ്വാദകരും ആരാധനയോടെയാണ് കണ്ടത്. ഈ നൂറ്റാണ്ടിലെ ഏറ്റവും മികച്ച പന്തു കളിക്കാരൻ എന്ന ഫിഫയുടെ ബഹുമതി, ബ്രസീലുകാരൻ പെലെക്കൊപ്പം, മറഡോണ പങ്കുവയ്ക്കുകയും ചെയ്തു.  അർജൻ്റീനയും മറഡോണയും അങ്ങനെയാണ് നമ്മുടെ മനസ്സുകളിൽ സ്ഥാനം പിടിച്ചത്. കേരളത്തിൽ മാത്രമല്ല, ലോകമെമ്പാടും അദ്ദേഹത്തിന് ആരാധകരുണ്ട്. മെക്സിക്കോയിൽ വെച്ച് വെസ്റ്റ് ജെർമനിയെ 1986-ൽ അർജൻ്റീന പരാജയപ്പെടുത്തുന്നതിനു മുന്നെത്തന്നെ മറഡോണ എൻ്റെ വികാരമായി മാറിയിട്ടുണ്ടായിരുന്നു! അദ്ദേഹത്തിൻ്റെ പിൻഗാമി എന്ന നിലയിലാണ് ഫൂട്ബാൾ പ്രേമികൾ ഇന്ന് മെസ്സിയെ വീക്ഷിയ്ക്കുന്നത്. 
🟥 മെസ്സിയ്ക്കു ജയിക്കാതെ കഴിയില്ല 
ഇതു തൻ്റെ അവസാനത്തെ ലോകകപ്പ് ആകുമെന്ന് മെസ്സി തന്നെ പറയുന്നുണ്ട്. പ്രായം മുപ്പത്തിയഞ്ചായി; ഇനി ഒരങ്കത്തിനു ബാല്യമില്ല. 1978-ലും, 86-ലുമാണ് അർജൻ്റീന കിരീടം നേടിയത്. 2014-ൽ, മാറക്കാനയിൽ ജർമനിയോടു തോറ്റു, കിരീടം നഷ്ടപ്പെട്ടപ്പോൾ, മെസ്സി പൊട്ടിക്കരഞ്ഞു. അദ്ദേഹത്തിൻ്റെ ആരാധകർക്കും, നാട്ടുകാർക്കും, എനിയ്ക്കും ആ ദൃശ്യം അത്യന്തം ഹൃദയഭേദകമായിരുന്നു. അതിനാൽ അർജൻ്റീനയുടെ  ടീം അംഗങ്ങൾ മെസ്സിയുടെ വിജയത്തിനു വേണ്ടിയാണ് ദോഹയിൽ ബൂട്ടുകെട്ടുന്നത്. 


🟥 ഏറ്റവും ആസ്വദിച്ചത് ബ്രസീലിലെ കളി 
കാണാൻ കഴിഞ്ഞ അഞ്ചു ലോകകപ്പുകളിൽ ഏറ്റവും ആവേശം പകർന്നത് ബ്രസീലിൽ വെച്ച് 2014-ൽ ജർമനി കിരീടം നേടിയ കളിയാണ്. അർജൻ്റീന റണ്ണറപ്പായിരുന്നു. തലനാരിഴയ്ക്കാണ് അർജൻ്റീനയ്ക്ക് കപ്പ് നഷ്ടപ്പെട്ടത്. ഇത്രയും ഉദ്വേഗം ജനിപ്പിച്ച  മറ്റൊരു കളിയും ജീവിതത്തിൽ ഞാൻ കണ്ടിട്ടില്ല. യഥാർത്ഥത്തിൽ, ഓരോ ലോകകപ്പും പ്രചോദിപ്പിയ്ക്കുന്നത് നിലവാരമുള്ള ഇത്തരം കളികൾ ഒരിയ്ക്കലും നഷ്ടപ്പെടുത്തരുതെന്നാണ്. ഖത്തറിലും അത്രയും ഹരം കൊള്ളിക്കുന്നൊരു കളി അരങ്ങേറുമെന്നാണ് പ്രതീക്ഷ. ബ്രസീലിലെ മാറക്കാന സ്റ്റേഡിയത്തിൽ നഷ്ടപ്പെട്ട കപ്പ്, ഖത്തറിലെ അഹമദ് ബിൻ അലി സ്റ്റേഡിയത്തിൽ മെസ്സിയും സംഘവും തിരിച്ചു പിടിക്കാനാണ് സാധ്യത. 
🟥 നമുക്ക് മഹത്തായ ഫൂട്ബാൾ പാരമ്പര്യം 
സംസ്ഥാനത്തെ മണ്ണിൽ ആഴത്തിൽ വേരോടിയ കായിക വിനോദമാണ് പന്തുകളി. യഥാർഥത്തിൽ, ബംഗാളിനേക്കാളും ഗോവയേക്കാളും പന്തുകളി തഴച്ചു വളർന്ന സംസ്ഥാനമാണ് കേരളം. ഇന്ത്യയിൽ ഫൂട്ട്ബാൾ കൾച്ചർ ഇത്രയും ആഴത്തിൽ വേരോടിയ മറ്റൊരു സംസ്ഥാനം ഇല്ലെന്നു തന്നെ പറയാം. വ്യക്തം, നമുക്ക് മഹത്തായ ഫൂട്ബാൾ പാരമ്പര്യമുണ്ട്. നമ്മുടെ എഫ്. സി. കൊച്ചിനാണ് ഇന്ത്യയിലെ ആദ്യത്തെ പ്രൊഫഷണൽ ഫൂട്ട്ബാൾ ക്ലബ്ബ് തന്നെ! ഫൂട്ബാളിൻ്റെ സുവർണ്ണ കാലത്ത് നമ്മൾ രാജ്യത്തിന് അഞ്ച് ഒളിമ്പിയന്മാരെ സമ്മാനിച്ചു -- സാലെ, ചന്ദ്രശേഖരൻ, റഹ്മാൻ, നാരായണൻ, തിരുവല്ല പപ്പൻ! ഇന്ത്യൻ ഫൂട്ട്ബാൾ എന്ന് കേൾക്കുമ്പോൾ തന്നെ വിദേശികൾ പോലും ഓർക്കുന്ന പേരുകളാണിവ. സി. വി. പാപ്പച്ചൻ, വി. പി സത്യൻ, യു. ഷറഫലി, ജോ പോൾ അഞ്ചേരി, കുരികേഷ് മാത്യു മുതലായവരൊക്കെ നമ്മുടെ സോക്കർ ചരിത്രത്തിലെ ഇതിഹാസ താരങ്ങളാണ്. കെ. ടി. ചാക്കോ ഇന്ത്യയിലെത്തന്നെ മുൻനിര ഗോളി ആയിരുന്നു. കാൽപന്തിലെ നഷ്ടവസന്തം തിരിച്ചു കൊണ്ടു വരണം. ഒരു വ്യാഴവട്ടക്കാലത്തെ കാത്തിരിപ്പിനു ശേഷമാണ് ബംഗാൾപ്പടയുടെ കനത്ത തിരിച്ചടിയെ ചെറുത്തു തോൽപ്പിച്ച് സന്തോഷ് ട്രോഫിയിൽ നമ്മുടെ പുലിക്കുട്ടികൾ 2018-ൽ മുത്തമിട്ടത്! പിന്നീട് ഗോകുലം എഫ്. സി. ഡ്യുറാ൯ഡ് കപ്പുമായെത്തി. പുതിയ പ്രതീക്ഷകൾ നാമ്പിടുന്നു. ഇനി ഫുട്ബോൾ മുന്നോട്ടുതന്നെ. പുതിയ കളിക്കാരും പുതിയ ക്ലബ്ബുകളും പുതിയ ടൂർണ്ണമെൻ്റുകളും ഇനിയും ഇവിടെ ഉണ്ടാവണം. ഫൂട്ട്ബാളിൻ്റെ നഷ്ടവസന്തം തിരിച്ചു കൊണ്ടു വരണം. സ്റ്റേഡിയങ്ങളിൽ ആരവം ഇനിയും ഉയരണം! 


🟥 മീഡിയയുടെ പങ്ക് 
അറിഞ്ഞോ അറിയാതെയോ കാൽപന്തിൻ്റെ പതനത്തിൽ മീഡിയ ഒരു പങ്കുവഹിച്ചിട്ടുണ്ട്. ക്രിക്കറ്റിനെ വാനോളം ഉയർത്താൻ മീഡിയ കാണിച്ചത് അരോചകമായ ഉത്സാഹമാണ്. പ്രേക്ഷകരുടെ അഭിരുചിയേക്കാൾ അതിനു പിന്നിൽ മീഡിയയുടെ താൽപര്യമായിരുന്നു. കാൽപന്തിനോട് അവർ കാണിച്ച നീതികേടാണത്. ഫൂട്ട്ബാളിനെ നെഞ്ചിലേറ്റിയവരോടും മീഡിയ ചെയ്തത് അനീതിയാണ്. സ്വാഭാവികമായ കാരണങ്ങളാൽ കാൽപന്ത് ഇപ്പോൾ തിരിച്ചു വരവിൻ്റെ സൂചനകൾ കാണിയ്ക്കുന്നു. മീഡിയ ഈ വിവരം മനസ്സിലാക്കി കാൽപന്തിന് അത് അർഹിക്കുന്ന പ്രാധാന്യം വാർത്തകളിൽ കൊടുക്കുമെന്ന് പ്രത്യാശിക്കുന്നു. അവർക്കിത് പ്രായശ്ചിത്തം ചെയ്യാനുള്ള സമയം! 
🟥 പത്തു പൈസക്കു സോഡ വിറ്റവൻ 
തൃശ്ശൂരാണ് ഞാൻ ജനിച്ചു വളർന്നത്. സിറ്റിയുടെ വടക്കു ഭാഗത്തുള്ള കോലോത്തും പാടം പ്രദേശത്ത്. ഒരു ഓലക്കുടിലായിരുന്നു വീട്. 1982-ൽ, തൃശ്ശൂർ മുനിസിപ്പൽ സ്റ്റേഡിയത്തിൽ‍ സന്തോഷ് ട്രോഫി അരങ്ങേറുമ്പോൾ, ഗാലറിയിൽ ‍പത്തു പൈസക്കു സോഡ വിറ്റുകൊണ്ടാണ് എൻ്റെ ഫൂട്ട്ബാൾ ബന്ധം തുടങ്ങുന്നത്. എനിയ്ക്കന്ന് പന്ത്രണ്ടു വയസ്സ് പ്രായം. ഗ്രൗണ്ടിനു വെളിയിൽ തെറിച്ചു വീഴുന്ന പന്ത് എടുത്തു കൊണ്ടുവന്നു കൊടുക്കുന്ന ജോലിയും ആ സോഡാക്കാരൻ്റെയായിരുന്നു. അച്ഛൻ [ഐനിവളപ്പിൽ മണി-- (ഐ. എം)] ഒരു ബസ്സ് അപകടത്തിൽ മരിച്ചതിനു ശേഷം, അമ്മ (കൊച്ചമ്മു) കോലോത്തും പാടത്തും, പറമ്പിലും ഏറെ കഠിനമായ കൂലിപ്പണിയെടുത്താണ് എന്നെ പോറ്റിയത്. ആ കഷ്ടപ്പാടു കണ്ടാണ് അമ്മയെ സഹായിക്കാമെന്ന ഉദ്ദേശ്യത്തോടു കൂടി സ്റ്റേഡിയത്തിൽ‍ സോഡ വിൽക്കാൻ പോയതും, പന്തിനെ പ്രണയിച്ചതും, പന്ത്രണ്ടു സെക്കൻ്റിൽ ഗോളടിച്ചു, ലോക ചരിത്രത്തിലെ ഏറ്റവും വേഗത കൂടിയ മൂന്നാമത്തെ പന്തുകളിക്കാരനായി മാറിയതും! കാൽപന്തിന് അർജുന അവാർഡ് നേടിയ ഏക മലയാളി. 


🟥 പതിനെട്ടാം വയസ്സിൽ പോലീസിൽ 
കേരളാ പൊലീസ് എന്നെ പതിനെട്ടാം വയസ്സിൽൽ അവരുടെ ടീ‍മിൽ എടുത്തു. മുന്നേറ്റ നിരയിലും മിഡ്‌ഫീൽഡറായും കളിച്ചു. സ്ട്രൈക്കറാണ് ഞാൻ. എൻ്റെ ലോങ്ങ് റെയ്ഞ്ച് ഗൊളുകളെയായിരുന്നു ശത്രുക്കൾക്കു ഭയം. എതിർ ടീമിലെ കേമൻമാരുടെ തലക്കുമീതെ പറന്ന് പന്ത് അവരുടെ വലയിൽ ചെല്ലും! അഖിലേന്ത്യാ പങ്കാളിത്തമുള്ള ഫെഡറേഷൻ കപ്പ് ഉൾപ്പടെ പല ടൂർണ്ണമെൻ്റുകളിലും വിജയം നേടി കേരള പോലീസ് വൻ ശക്തിയായി മാറി. കേരള പോലീസും എഫ്. സി. കൊച്ചിനും കൂടാതെ, രാജ്യത്തെ മറ്റു പല പ്രശസ്ത ഫൂട്ട്ബാൾ ക്ലബ്ബുകളിലും ഞാനുണ്ടായിരുന്നു. മോഹൻ ബഗാനിലും, ഈസ്റ്റ് ബംഗാളിലും, ജെ.സി.ടി. മിൽ‌സിലും, ചർച്ചിൽ ബ്രദേഴ്സിലും പന്തു തട്ടി. 1992-ൽ ഇന്ത്യൻ നേഷനൽ ടീമിൽ ചേർന്നു, നൂറോളം രാജ്യാന്തര മത്സരങ്ങളിൽ  കളിച്ചു. അത്രത്തോളം മത്സരങ്ങളിൽ ഇന്ത്യയുടെ കേപ്റ്റനുമായിരുന്നു. നാൽപ്പതോളം ഇൻ്റർനാഷണൽ ഗോളുകൾ അടിച്ചു. Best Indian Footballer ടൈറ്റിൽ മൂന്നു തവണ (1993, 97, 99) നേടുന്ന പ്രഥമ കളിക്കാരനുമാണ്! 
🟥 കോഴിക്കോട്ടെ സിസ്സർ കട്ട് 
കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ, സിസ്സേർസ് കപ്പിനു വേണ്ടിയുള്ള ഫൈനൽ പോരാട്ടത്തിൽ, മലേഷ്യയുടെ പെരിൽസ് ക്ലബിനെതിരെ ഞാൻ സിസ്സർ കട്ടിലൂടെ ഗോളടിച്ചു ടൂർണ്ണമെൻ്റ് ജയിച്ചു. സ്കോർ 1-0 ആയിരുന്നു. ഞാൻ ബേക്ക് സിസ്സർ ചെയ്യുന്നതു കണ്ട് പ്രേക്ഷകർ അന്തംവിട്ടു. പന്തിനെ തട്ടി പുറകോട്ടു മറിച്ച്, വായുവിൽ അതിൻ്റെ കൂടെ ഞാനും തല കീഴായി ചുരുണ്ടു സഞ്ചരിച്ച്, പന്തിൻ്റെ ഗതി കാലുകൊണ്ടു നിയന്ത്രിച്ചു. അതാ, പന്തു വലയിൽ... ഗോൾ! എല്ലാം ഞൊടിയിടക്കുള്ളിൽ സംഭവിച്ചു. സർവ്വരേയും വിസ്മയിപ്പിച്ച ആ സിസ്സർ കട്ടിൻ്റെ ശരിയായ ഒരു ഫോട്ടോ പോലും ഇന്ന് അവൈലബ്ൾ അല്ല. വളരെ പെട്ടെന്നായതിനാൽ ഫോട്ടോഗ്രാഫേർസിന് സീൻ മിസ്സായി. തൊട്ടടുത്തുണ്ടായിരുന്ന മലേഷ്യൻ പ്ലെയേർസിനു പോലും സ്തംബിച്ചു നിൽക്കാനെ കഴിഞ്ഞുള്ളൂ. ബേക്ക് സിസ്സർ പലരും ചെയ്യുന്നതാണ്, പക്ഷെ ഇവിടെ അതിലൂടെയാണ് ഗോളടിച്ചു കപ്പു നേടിയത്... ടൂർണ്ണമെൻ്റ് അവസാനിച്ചത്. അതാണു പ്രത്യേകത. കൂടാതെ, രസമുള്ളൊരു വാർത്തയും; മീഡിയക്കാരുടെ എഴുത്തും -- 'സിസ്സേർസ് കപ്പ് ഉറപ്പാക്കിയ സിസ്സർ കട്ട്!' കപ്പിൻ്റെ പേരും അതായിരുന്നല്ലൊ. അതുകൊണ്ടാണ് ഈ സിസ്സർ കട്ട് ഇത്രയും ഫൈമസ് ആയത്! 1995 നവംബറിൽ, ജെ.സി.ടി-യ്ക്കു വേണ്ടിയാണ് ഞാൻ കോഴിക്കോട് കളിച്ചത്. 


🟥 പാക്കിസ്ഥാനെതിരെ ഹാട്രിക്ക് 
നമ്മുടെ സേവിയർ പയസ് ശ്രീലങ്കക്കെതിരെ ഹാട്രിക്ക് നേടിയിട്ട് അന്ന് പത്തിരുപത് കൊല്ലം കഴിഞ്ഞിരുന്നു. 1980-ൽ നേടിയതായിരുന്നു ഇന്ത്യയുടെ അന്നത്തെ ഹാട്രിക്ക് ചരിത്രം. 1999-ൽ, നേപ്പാളിൽ വെച്ചു നടന്ന സൗത്ത് ഏഷ്യൻ ഗെയിംസിൽ, ഗ്രൂപ്പു കളിയുടെ ആരംഭത്തിൽ തന്നെ ഞാൻ പാക്കിസ്ഥാനെതിരെ ആഞ്ഞടിച്ചു. വരിവരിയായി മൂന്നു ഗോളുകൾ! ഓരോ ഗോൾ ഞാനടിച്ചപ്പോഴും അവർ എനിക്കെതിരെ പുതിയ പ്രതിരോധ മതിലുകൾ തീർത്തു. പക്ഷെ, പന്തുമായി ഞാൻ തുളച്ചു കയറി! ആൽബ്രട്ടോയും, സബീർ പാഷയും ഇടത്തും വലത്തുമുണ്ടായിരുന്നു. 52-ആം മിനുട്ടിലും, 61-ആം മിനുട്ടിലും, 73-ആം മിനുട്ടിലും അതു സംഭവിച്ചു! പാക്കിസ്ഥാൻ്റെ പ്രതിരോധം തകർന്നു തരിപ്പണമായി. ഇന്ത്യ ഒട്ടാകെ ആർത്ത് അട്ടഹസിച്ചു. പാക്കിസ്ഥാനെതിരെ വിജയൻ്റെ സംഹാര താണ്ഡവമെന്ന് സകല പത്രങ്ങളുമെഴുതി! 
🟥 ലോക റെക്കോർഡ് 
1999-ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ തന്നെയാണ് അതും സംഭവിച്ചത്. ഭൂട്ടാൻ്റെ പ്രതിരോധം പിളർത്തിക്കൊണ്ട് ഞാൻ ഗോൾ അടിച്ചപ്പോൾ കളി തുടങ്ങി 12 സെക്കൻ്റ്സ് മാത്രമേ പിന്നിട്ടിട്ടുണ്ടായിരുന്നുള്ളു! അത് ലോക റെക്കോർഡ് -- ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഇൻ്റർനേഷണൽ ഗോൾ! 

# world cup football article by Vijai CH

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക