ഞായറാഴ്ച കാലത്തു എഴുന്നേറ്റ് ഒരു കാപ്പിയും കുടിച്ചു് പത്രം നോക്കികൊണ്ടിരിക്കുമ്പോൾ ജോർജ്‌കുട്ടി ചോദിച്ചു,"ഇതെന്താ,താൻ ഞായറാഴ്ചകളിൽ പള്ളിയിൽ പോകാറുള്ളതല്ലേ? ഇന്നെന്തുപറ്റി? പോകുന്നില്ലേ?"
"പോകണം,പക്ഷെ ഒരു മടി,താനും വരുന്നോ എൻ്റെ കൂടെ?".
"ഓ ഞാനില്ല."
"അതെന്താ?"
"എൻ്റെ കണക്ക് അനുസരിച്ചു് ഇന്ന് അൾസൂർ പള്ളിയിൽ പോകണം."
"അതെന്താ ആ പള്ളിയിൽ പോകുന്നത്?"
"താൻ ഒരു മണ്ടനാണ് എന്ന് ഞാൻ പറയുന്നത് ഇതുകൊണ്ടാണ്.എടോ എല്ലാ സഭകളും പറയുന്നു അവർ പറയുന്നതാണ് ശരി എന്ന്.പരമമായ സത്യം ഏതാണ് എന്ന് ആർക്കറിയാം?അതുകൊണ്ട് ഞാൻ ഓരോ ആഴ്ചയിലും ഓരോ പള്ളിയിൽപോകും.നമ്മൾക്ക് എല്ലാ സ്ഥലത്തും ഓരോ അക്കൗണ്ട് കിടക്കട്ടെ.അതായത്,ആര് പറഞ്ഞത് ശരിയായാലും നമ്മൾ രക്ഷപെടും "
"തൻ്റെ ഒരു ഒടുക്കത്തെ കണ്ടുപിടുത്തം .ശരി എങ്കിൽ പോയി അവിടെ അക്കൗണ്ട് തുറന്നിട്ട് വാ."
ഞങ്ങൾ രണ്ടു വഴിക്ക് പിരിഞ്ഞു.അപ്പോൾ അതാ ഹുസ്സയിൻ ഓടി വരുന്നു."ജോർജ്‌കുട്ടി, ഒന്ന് നിൽക്കൂ,നമ്മുടെ കോൺട്രാക്ടർ രാജനെ കാണാനില്ല .ഇന്നലെ വിനായക ബാറിൽ നിന്നും അടിച്ചുപൂസായി ആരോടോ തല്ലുകൂടി.
ഇപ്പോൾ ആളെ കാണാനില്ല.വല്ലവരും തല്ലിക്കൊന്നു കുഴിച്ചിട്ടിരിക്കും എന്നാണ് കൊല്ലം രാധകൃഷ്ണൻ പറയുന്നത്.ചേട്ടൻ സഹായിക്കണം."
"അതിന് നിനക്കെന്താ പ്രശനം?ചത്തുപോയെങ്കിൽ പോകട്ടെ.നമ്മളെന്തുചെയ്യണം?കുഴിച്ചിട്ടെന്ന് കൊല്ലം രാധാകൃഷണൻ പറഞ്ഞില്ലേ? ആ പണി എളുപ്പമായി .രാവിലെ ഒരു കോളും കൊണ്ട് ഇറങ്ങിയിരിക്കുന്നു."
"ചേട്ടൻ അങ്ങനെ പറയരുത്.നഷ്ട്ടം നമ്മുക്ക് എല്ലാവർക്കുമാണ്".
"നഷ്ടമോ?ഒരു ശല്യം ഒഴിഞ്ഞു എന്ന് കരുതിയാൽ പോരെ?"
"അയ്യോ ചേട്ടാ എൻ്റെ കയ്യിൽ നിന്നും കഴിഞ്ഞ ദിവസം അഞ്ഞൂറ് രൂപ രാജൻ വാങ്ങിയിട്ടുണ്ട്.മുതലാളി അറിയാതെ മേശയിൽ നിന്നും എടുത്തുകൊടുത്തതാണ്.മുതലാളി അറിയാതെ കാശ് തിരിച്ചു വയ്ക്കണ്ടതാണ്".
" ഞങ്ങൾ പള്ളിയിൽ പോയി വന്നിട്ട് അന്വേഷിക്കാം ."
"രാജൻ നമ്മളുടെ ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷൻ്റെ ട്രഷറർ അല്ലെ? ആ വകയിലും കുറച്ചു പൈസ കയ്യിൽ കാണും."
" ശരിയാണല്ലോ , കോൺട്രാക്ടർ രാജനെ കണ്ടുപിടിക്കണം.അവൈലബിൾ എക്സികുട്ടീവ് കമ്മറ്റി വിളിച്ചുകൂട്ടണം."
ഇത് പറഞ്ഞുകൊണ്ടിരിക്കുമ്പോഴേക്കും ബാംഗ്ലൂർ നോർത്ത് ഈസ്റ്റ് അസോസിയേഷനിൽ പെട്ടവരും അല്ലാത്തവരുമായി ഒരു പത്തിരുപതു പേർ വന്നുചേർന്നു.
"നമ്മക്ക് അനുശോചനയോഗം കൂടണം.രാജൻ്റെ നിര്യാണം മൂലം നമ്മളുടെ അസോസിയേഷന് ഉണ്ടായിരിക്കുന്ന നഷ്ട്ടം വലുതാണ്,അതെ അത് നികത്താനാവാത്ത ഒരു വിടവാണ്."ഒരു മെമ്പർ തട്ടിവിട്ടുകയാണ്.
"വളരെ ശരിയാണ്.രാജനില്ലാത്ത നമ്മളുടെ അസോസിയേഷൻ പുലിയില്ലാത്ത പുലിക്കൂടുപോലെയാണ്.കാര്യം നമ്മൾക്ക് ഒരു പ്രസിഡണ്ടും സെക്രട്ടറിയും ഉണ്ട്.പക്ഷെ,എന്തെങ്കിലും തമാശ കാണണം എങ്കിൽ രാജൻ വേണം.രാജൻറെ ആത്മാവിന് നിത്യശാന്തി കിട്ടട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു."
"നിത്യശാന്തിയോ?രാജന് അങ്ങനെ ഒരാളെ പരിചയം ഉണ്ടായിരുന്നോ?എങ്കിൽ പ്രേമ നൈരാശ്യംകൊണ്ട് ആത്മഹത്യ ചെയ്തതായിരിക്കും ."
"നീർത്തട,നിൻറെ പ്രസംഗം.എല്ലാവരും കൂടി ആ വിനായക ബാറിൻ്റെ അടുത്തുള്ള വല്ല കുഴിയിലും രാജൻ വീണുകിടപ്പുണ്ടോ എന്ന് പോയി നോക്കാം."
വിനായക ബാർ എന്നുകേട്ടതോടുകൂടി എല്ലാവരും ഉഷാറായി.രാജനെ കണ്ടു കിട്ടിയാൽ ആ സന്തോഷത്തിന് ബാറിൽ കയറി ഒരു പെഗ്ഗ് അടിക്കാം എന്ന കണക്ക് കൂട്ടലിൽ ആണ്.
ഞങ്ങൾ വിനായക ബാറിനടുത്തുകൂടി പോകുമ്പോൾ ജോസഫ് മാത്യുവും ബേബിയും കൂടി ഓടിപ്പോകുന്നു.ഞാൻ ഉറക്കെ വിളിച്ചു,"ബേബി ഒന്ന് നിൽക്കൂ.ഒരു കാര്യം ചോദിക്കാനുണ്ട്."
"എന്താ?"
"ഞങ്ങൾ തിരഞ്ഞുകൊണ്ടിരിക്കുന്നത്......."
"എന്തുപറ്റി? എന്ത് സാധനമാണ് നഷ്ടപെട്ടത്? വേഗം പറയൂ."
"സാധനമല്ല . നമ്മളുടെ കോൺട്രാക്ടർ രാജനെ കാണാനില്ല. വല്ലയിടത്തും വീണുകിടപ്പുണ്ടോ എന്ന് നോക്കുകയാ.നിങ്ങൾ എങ്ങോട്ടാ ഓടിപ്പോകുന്നത്?"
“ഞങ്ങൾ നമ്മുടെ പള്ളി സെമിത്തേരിയ്ക്ക് അടുത്തുകൂടി പോകുകയായിരുന്നു.അവിടെ ശവക്കുഴിയിൽ നിന്ന് ഒരു അനക്കം കേട്ടു .പൊളിഞ്ഞ കല്ലറയിൽ ഒരു മനുഷ്യൻ കിടക്കുന്നു.മനുഷ്യനായിരിക്കും എന്നേ പറയാൻ പറ്റൂ.ആ രൂപം ഞങ്ങളോട് നിൽക്കാൻ പറഞ്ഞു.ഞങ്ങൾ ഓടി രക്ഷപ്പെട്ടു."
പെട്ടന്ന് ജോർജ്‌കുട്ടി ചോദിച്ചു,"ഓ നിൽക്കൂ,ഒരു പൊക്കം കുറഞ്ഞ ആളാണോ?"
അവർക്കു രണ്ടുപേർക്കും രാജനെ അറിയില്ല.
"അതെ".
"പാൻറും ഷർട്ടും വേഷം?".
"അതെ"
"കയ്യിൽ ഒരു ബ്രീഫ് കേസ് ഉണ്ടോ ?"
"ഉണ്ട് "
"പോക്കറ്റിൽ വിൽസ്സ് സിഗരറ്റിൻറെ ഒരു പാക്കറ്റ് കണ്ടോ ?"
"കണ്ടു ."
"അങ്ങനെ ഒരാളെ നമ്മളുടെ പള്ളി സെമിത്തേരിയിൽ കണ്ടെങ്കിൽ അത് കോൺട്രാക്ടർ രാജനാണ്."
"അയാൾ എങ്ങനെ ഒരു പഴയ ശവക്കുഴിയിൽ വീണു?ഇനി വല്ലതും മോഷ്ടിക്കാൻ കയറിയതാണോ?"
"എളുപ്പ വഴിക്ക് സിമിത്തേരിയുടെ അടുത്തുള്ള വഴിയിലൂടെ പോയാൽ രാജന് വീട്ടിൽ എത്താം."
"എന്നെ ഒന്ന് പിടിച്ചു കയറ്റാമോ എന്ന് ചോദികുന്നുണ്ടായിരുന്നു. രാത്രി നടന്നുപോകുമ്പോൾ വീണുപോയതാണ്,എന്നുപറഞ്ഞു.ശവക്കുഴിയല്ലേ ഇനി വല്ല ദുഷ്ടശക്തികളും ആണോ എന്ന് പറയാൻ കഴിയില്ലല്ലോ.ഞങ്ങൾ ഓടി പോന്നു.പിന്നെ ഓടുന്നതിനുമുമ്പ് ഞങ്ങൾ കുഴിമൂടി.അവൻ ആരെയും ഉപദ്രവിക്കരുത് എന്ന് കരുതി ചെയ്തതാണ്."
"അത് നമ്മളുടെ രാജൻ തന്നെ."
ഭാഗ്യം നമ്മളുടെ അസോസിയേഷനും ഞാനും രക്ഷപെട്ടു." ഹുസ്സയിൻ പറഞ്ഞു.
"എല്ലാവരും ഓടി വാ,രാജന് എന്തെങ്കിലും പറ്റുന്നതിന് മുൻപ് മാന്തിയെടുക്കണം."
# Bangalore days Novel