റഷ്യയിലെ പ്രജകള്‍ രാജ്യംവിട്ടോടുന്നു! സൈനിക റിക്രൂട്‌മെന്റിനെ പേടിച്ചാണ് അവരുടെ ഈ പലായനം. പണ്ടേ അറിയാവുന്ന ഒരു വസ്തുത ഇതില്‍നിന്നു കൂടുതല്‍ വ്യക്തമാകുന്നു: യുദ്ധം പ്രജകള്‍ക്കുവേണ്ടിയുള്ളതല്ല; രാജാക്കന്‍മാര്‍ക്കു വേണ്ടിയുള്ളതാണ്; ഭരണകര്‍ത്താക്കള്‍ക്ക് അധികാരമുറപ്പിക്കുന്നതിനുവേണ്ടി മാത്രമുള്ളതാണ്.
ആധുനികയുഗത്തില്‍ 'രാജ്യസ്‌നേഹം' എന്നതൊരു ഫാസിസ്റ്റ് പദ്ധതിയാണ്. അതിനിരയായി സ്വന്തം ജീവിതമില്ലാതാക്കാന്‍ ഒരു ജനതയ്ക്കും താല്‍പ്പര്യമുണ്ടാകില്ലെന്ന സത്യം അധികാരക്കൊതിയന്‍മാരായ സ്വേച്ഛാധിപതികള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. അവരിപ്പോഴും യുദ്ധക്കൊതിയന്‍മാരായ അപരിഷ്‌കൃതര്‍ ജീവിച്ചിരുന്ന ഗോത്രയുഗത്തിലാണ്. രാജ്യാതിര്‍ത്തികള്‍പോലും ഇല്ലാതാക്കേണ്ട സമയം സമാഗതമായിരിക്കുന്നു എന്ന കാര്യമൊന്നും അവരറിഞ്ഞിട്ടേയില്ല. കാലത്തിന്റെ മാറ്റവും മനുഷ്യന്റെ വളര്‍ച്ചയുമറിയാതെ അധികാരക്കേസേരകളില്‍ അള്ളിപ്പിടിച്ചിരുന്നു ഭീഷണി മുഴക്കുന്ന ഭരണാധികാരികളെയാണ് ഇല്ലാതാക്കേണ്ടത്.
ഒരു രാജ്യത്തിനും, അതെത്ര വലിയ സാമ്രാജ്യമാണെങ്കിലും ആത്മാഭിമാനവും ആത്മധൈര്യവുമുള്ള ഒരു ചെറിയ രാജ്യത്തെ കീഴ്‌പ്പെടുത്താനാവില്ല എന്നതിനുള്ള തെളിവാണ് നാം വിയറ്റ്‌നാമില്‍ കണ്ടതും ഇപ്പോള്‍ യുക്രൈനില്‍ കണ്ടുകൊണ്ടിരിക്കുന്നതും. എന്നിട്ടും അധികാരലഹരിയില്‍ മുങ്ങിപ്പോയവര്‍ക്ക് അതിര്‍ത്തികള്‍ കടന്നു ചെറിയ രാജ്യങ്ങളെ കീഴ്‌പ്പെടുത്താനുള്ള വ്യഗ്രതയാണ്.
ആനയ്ക്ക് ഒരിക്കലും ബുദ്ധിയുള്ള എലിയോടു പൊരുതി ജയിക്കാന്‍ കഴിയില്ല! ഇവിടെ, ബുദ്ധിയുള്ള എലി യുക്രൈനാണ്. അവന്‍ അമേരിക്കയുടെ ആധുനികസാങ്കേതികവിദ്യയുടെ പിന്‍ബലത്തോടെയാണ് ആനയെ നേരിടുന്നത്. യുദ്ധം ചെയ്യാന്‍ ഒരാള്‍ക്കൂട്ടമൊന്നും ആവശ്യമില്ലെന്നു തെളിയിക്കുന്ന എ ഐ ടെക്‌നോളജി, അല്ലെങ്കില്‍ നിര്‍മിതബുദ്ധി ഇന്ന് ഏറ്റവും കൂടുതല്‍ പരീക്ഷിക്കുന്നത് അമേരിക്കയും ഇസ്രായേലുമാണ്. ഡ്രൈവര്‍ ആവശ്യമില്ലാത്ത കാറുകളും പൈലറ്റ് ആവശ്യമില്ലാത്ത യുദ്ധവിമാനങ്ങളും ഇതിനോടകം ഇറങ്ങിക്കഴിഞ്ഞു. ആധുനികയുഗത്തില്‍നിന്നു പിറകോട്ടു സഞ്ചരിക്കുന്ന വ്‌ളാഡിമിര്‍ പുട്ടിനും കൂട്ടരും ഇതൊന്നുമറിഞ്ഞിട്ടില്ല എന്നുവേണം അനുമാനിക്കാന്‍. ആധുനികശാസ്ത്രത്തിനുമുമ്പില്‍ പകച്ചുനില്‍ക്കുന്ന റഷ്യന്‍ സൈന്യം, യുദ്ധത്തെയും അതിനാജ്ഞാപിച്ച ഭരണാധികാരിയെയും വെറുക്കുന്നു. സ്വന്തം സഹോദരങ്ങളോടും നാട്ടുകാരോടും യുദ്ധം ചെയ്യേണ്ടിവരുന്ന അവരൊന്നടങ്കം മാനസികത്തളര്‍ച്ചയിലാണ്. 'പണ്ടേ ദുര്‍ബ്ബല, ഇപ്പോള്‍ ഗര്‍ഭിണിയും' എന്ന പഴഞ്ചൊല്ലുപോലെയായി കാര്യങ്ങള്‍.
ഈ യുദ്ധത്തിനുത്തരവാദികളാര് എന്നു ചോദിച്ചാല്‍ അമേരിക്കയും നാറ്റോയും (നോര്‍ത്ത് അറ്റ്‌ലാന്റിക് ട്രീറ്റി ഓര്‍ഗനൈസേഷന്‍) എന്നാണുത്തരം. നാറ്റോ അംഗത്വത്തെച്ചൊല്ലിയാണ് യുക്രൈനുമായി റഷ്യ ഇടഞ്ഞത്. മുപ്പതോളം രാജ്യങ്ങളുള്ള ഈ സംഘടനയില്‍ ഇനിയും ആളെക്കൂട്ടാനുള്ള നാറ്റോ സഖ്യകക്ഷികളുടെ തീരുമാനത്തെയാണ് പുട്ടിന്‍ ചോദ്യം ചെയ്തത്. ആ സഖ്യത്തില്‍ അംഗമാകുന്നില്ല എന്നൊരു തീരുമാനം യുക്രൈനെടുത്തിരുന്നെങ്കില്‍ ഒരുപക്ഷേ റഷ്യ ഒരിക്കലും ഒരു യുദ്ധത്തിനു മുതിരുമായിരുന്നില്ല. അംഗബലം കൂട്ടാനുള്ള സഖ്യകക്ഷികളുടെ ഉറച്ച തീരുമാനമാണ് ഈ റഷ്യന്‍ ആക്രമണത്തിനു കാരണം. അപ്പോള്‍, പരോക്ഷമായെങ്കിലും അമേരിക്കയുടെ രാഷ്ട്രീയ അജണ്ടയാണിത് എന്നുതന്നെ പറയേണ്ടിവരും.
ആദ്യം സൂചിപ്പിച്ചതുപോലെ, രാജാക്കന്‍മാര്‍ക്കുവേണ്ടിയുള്ളതാണ് എല്ലാ യുദ്ധങ്ങളും. അതുകൊണ്ടുണ്ടാകുന്ന നാശനഷ്ടങ്ങളും ആളുകളുടെ ജീവഹാനിയും അതിഭീകരമാണ്. യുക്രൈന്‍ എന്ന കൊച്ചു രാജ്യത്തിനെതിരായി യുദ്ധം ചെയ്യാനാളില്ലാത്തതുകൊണ്ട് ലക്ഷക്കണക്കിനു സാധാരണക്കാരെയാണ് ഇപ്പോള്‍ റഷ്യന്‍ ഭരണാധികാരി പുട്ടിന്‍ ഇപ്പോള്‍ യുദ്ധക്കളത്തിലിറങ്ങാന്‍ പരിശീലിപ്പിക്കുന്നത്. അതിനെപ്പേടിച്ചു രാജ്യം വിടുന്നവരുടെ തിരക്കും അവരുടെ അമ്മമാരുടെ കരച്ചിലും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. ഇതിനകംതന്നെ ആറുലക്ഷത്തിലധികം റഷ്യന്‍ പൗരന്‍മാര്‍ പലായനം ചെയ്തുകഴിഞ്ഞു!
1971 ലെ ഇന്ത്യാ- പാകിസ്ഥാന്‍ യുദ്ധമോര്‍ക്കുക. ഇന്ത്യയുടെ ആദ്യത്തെ ഫീല്‍ഡ് മാര്‍ഷലായ അന്നത്തെ ആര്‍മി ചീഫ് മനേക്ഷാ ധാക്കയില്‍ ഇന്ത്യന്‍ സൈന്യത്തെ വിന്യസിച്ച ശേഷം, റേഡിയോയിലൂടെ പാക്കിസ്ഥാന്‍ സൈന്യത്തിനു മുന്നറിയിപ്പു നല്‍കി: 'നിങ്ങള്‍ കീഴടങ്ങുക; അല്ലെങ്കില്‍ നിങ്ങളെ ഞങ്ങള്‍ തുടച്ചുനീക്കും!' കീഴടങ്ങിയില്ലെങ്കില്‍ പൊരുതി മരിക്കേണ്ടിവരുമെന്ന് പാക്കിസ്ഥാന്‍ സൈന്യത്തിനു ബോധ്യമായി. പട്ടാളക്കാരും മേധാവികളുമുള്‍പ്പെടെ 930000 പാക്കിസ്ഥാന്‍ സേനാംഗങ്ങളാണ് അന്നു നിരുപാധികം കീഴടങ്ങിയത്. അവര്‍ ചിന്തിച്ചത് ഭരണാധികാരികളുടെ ഉത്തരവിനെപ്പറ്റിയല്ല, സ്വന്തം ജീവനെപ്പറ്റിയും നാട്ടുകാരെപ്പറ്റിയുമാണ്. ലോകചരിത്രത്തില്‍ ആദ്യമായാണ് അത്തരമൊരു കീഴടങ്ങല്‍ നടക്കുന്നത്.
ഇന്ന്, മേധാവികളുടെ ഉത്തരവുകള്‍ ലംഘിച്ച് നിരവധി റഷ്യന്‍ സൈനികര്‍ അധിനിവേശപ്രദേശത്തുവച്ചുതന്നെ സമാധാനത്തിന്റെ വെള്ളക്കൊടിയുയര്‍ത്തിക്കാട്ടി കീഴടങ്ങുന്നു! അതുകൊണ്ട് അവര്‍ വെട്ടിപ്പിടിച്ച പ്രദേശങ്ങള്‍ യുക്രൈന്‍ പട്ടാളം തിരിച്ചുപിടിക്കുന്നു. സമാധാനം മാത്രമാഗ്രഹിച്ചു കഴിഞ്ഞുകൂടിയ ഒരു ജനതയില്‍നിന്നു മൂന്നുലക്ഷം പേരെ തെരഞ്ഞെടുത്ത്, വേണ്ട പരിശീലനംപോലും നല്‍കാതെ യുദ്ധഭൂമിയുടെ മുന്നണിയിലേക്കു പറഞ്ഞുവിടുകയാണ് റഷ്യന്‍ ഭരണാധികാരികള്‍. അതും അവരുടെ നാട്ടുകാരും ബന്ധുക്കളുമൊക്കെയായ യുക്രൈന്‍കാരെ കൊല്ലാനും അവരെ യുദ്ധത്തില്‍ തോല്‍പ്പിക്കാനും!
പ്രജകള്‍ക്കുവേണ്ടിയല്ലാത്ത ഒരു യുദ്ധത്തിലും ആരും ജയിച്ചിട്ടില്ല എന്നതു ചരിത്രസത്യമാണ്. മതത്തെക്കാളും രാജ്യത്തെക്കാളും വലുത് സ്വന്തം ജീവിതംതന്നെയെന്നു തിരിച്ചറിയുന്ന ഒരു യുവതലമുറയാണ് ഇപ്പോള്‍ വളര്‍ന്നുവരുന്നത് എന്നതിനുള്ള തെളിവാണ് ഈ പലായനം. യുദ്ധക്കൊതിയന്‍മാരായ ഭരണാധികാരികള്‍ക്ക് ഇനിയും ഇതൊന്നും മനസ്സിലായിട്ടില്ല. നാം ജനിച്ച രാജ്യം മാത്രമല്ല നമ്മുടേത്. ഈ ലോകത്തു ജീവിച്ചിരിക്കുന്ന എല്ലാവരും നമ്മുടെ ബന്ധുക്കളും സഹോദരന്‍മാരുമാണ്. ഭാരതം മുമ്പോട്ടുവച്ച ആശയങ്ങളില്‍ പരമപ്രധാനമായ ഒന്നാണ് 'വസുധൈവകുടുംബകം' എന്നത്. യൂറോപ്പിലെ ചില രാജ്യങ്ങള്‍ ഇതിനോടകം ഇതു പ്രാവര്‍ത്തികമാണെന്നു തെളിയിച്ചുകഴിഞ്ഞു.
റഷ്യന്‍ ജനതയുടെ ഒളിച്ചോട്ടം, ഊതിവീര്‍പ്പിച്ച 'രാജ്യസ്‌നേഹം' എന്ന ഫാസിസത്തില്‍നിന്നാണെങ്കില്‍ ഇറാനില്‍നിന്നുള്ള പലായനം മതഫാസിസത്തില്‍നിന്നാണ്. ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യംപോലും നല്‍കാത്ത മതഫാസിസം അവരെ ശ്വാസം മുട്ടിക്കുന്നു. അവിടത്തെ പെണ്‍കുട്ടികള്‍ നഗ്നശരീരം പ്രദര്‍ശിപ്പിച്ചും ശിരോവസ്ത്രം ചുട്ടുകരിച്ചും പ്രതിഷേധിക്കുന്നു. എല്ലാം എങ്ങനെയെങ്കിലും അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍വേണ്ടി ഭരണകര്‍ത്താക്കളെടുക്കുന്ന തീരുമാനങ്ങള്‍കൊണ്ടു സംഭവിക്കുന്നതാണ്.
യുദ്ധവും രാജ്യാതിര്‍ത്തികളുമില്ലാത്തൊരു ലോകമാണുണ്ടാവേണ്ടത്. രാജ്യസ്‌നേഹത്തെക്കാളും ജാതിമതങ്ങളെക്കാളും വലുത് മാനവികതയാണ്; മനുഷ്യസ്‌നേഹമാണ്. 'എല്ലാവര്‍ക്കും ശാന്തിയും സമാധാനവും' എന്നതായിരിക്കണം ഏതു മനുഷ്യന്റെയും മുദ്രാവാക്യം.
ഏതു രാജ്യത്തും, ആഭ്യന്തരയുദ്ധമാണെങ്കിലും രാജ്യാതിര്‍ത്തി കടന്നുള്ള യുദ്ധമാണെങ്കിലും, എല്ലാമവസാനിക്കുമ്പോള്‍ യുദ്ധം ചെയ്തവര്‍ക്കും അവരെ നഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്കും ജനങ്ങള്‍ക്കും ആ രാജ്യത്തിനുതന്നെയുമാണ് ഹാനിയുണ്ടാകുന്നത്.
നിവൃത്തിയില്ലാതെവന്നാല്‍ ഒടുവില്‍ ന്യൂക്ലിയര്‍ ബോംബു പ്രയോഗിക്കുമെന്ന ഭീഷണിയുമായി പ്രത്യക്ഷപ്പെടുന്ന റഷ്യന്‍ ഭരണാധികാരി വ്‌ളാഡിമിര്‍ പുട്ടിന്‍ അങ്ങനെയൊരുദ്യമത്തിനു മുതിരുമെന്നു രാഷ്ട്രീയനിരീക്ഷകരാരും കരുതുന്നില്ല. അങ്ങനെ സംഭവിച്ചാല്‍ ഇപ്പോള്‍ കൂടെ നില്‍ക്കുന്ന ചൈനയും ഇന്ത്യയുമുള്‍പ്പെടെയുള്ള ലോകരാജ്യങ്ങള്‍ പുട്ടിനെ ഒറ്റപ്പെടുത്തുമെന്നുള്ളതില്‍ സംശയമില്ല.
ന്യൂക്ലിയര്‍ ഭീഷണിയുടെ മുന്നില്‍പ്പോലും ഒട്ടും പതറാതെ, പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കിയുടെ നേതൃത്വത്തില്‍ മുന്നേറുന്ന യുക്രൈന്‍ ജനത ഇന്നു ജീവന്‍മരണപ്പോരാട്ടത്തിലാണ്. അവര്‍ അവരുടെ ജീവനുവേണ്ടിയും സ്വന്തം രാജ്യത്തിനുവേണ്ടിയുമാണു യുദ്ധം ചെയ്യുന്നത്. ഗത്യന്തരമില്ലാതെ അവരെ ആക്രമിക്കുന്ന റഷ്യന്‍ സൈന്യം മറ്റാര്‍ക്കോ വേണ്ടിയാണു യുദ്ധം ചെയ്യുന്നത്. അതുതന്നെയാണ് അവരുടെ പരാജയത്തിനു കാരണവും!
ഏതോ വാര്‍ത്താമാധ്യമത്തില്‍ ആരോ പറഞ്ഞതാണ് ഇപ്പോള്‍ ഓര്‍ക്കുന്നത്:
'If Russia stops the war, it will be the end of the war; but if Ukraine stops the war, it will be the end of Ukraine!'
# Ukraine stops the war