Image

മരുഭൂമിയിലെ കൊടുങ്കാറ്റ് (ബുക്ക് റിവ്യൂ: റവ. നൈനാൻ മാത്തുള്ള, ഹൂസ്റ്റൺ)

Published on 30 November, 2022
മരുഭൂമിയിലെ കൊടുങ്കാറ്റ് (ബുക്ക് റിവ്യൂ: റവ. നൈനാൻ മാത്തുള്ള, ഹൂസ്റ്റൺ)

മരുഭൂമിയിലെ കൊടുങ്കാറ്റ്' എന്ന ശീർഷകത്തിൽ എന്റെ സ്‌നേഹിതനായ പാസ്റ്റർ രാജു ബെഥേൽ ജോൺ എഴുതിയ പുസ്തകം ആദിയോടന്തം ശ്രദ്ധയോടെ വായിച്ചു.വളരെയധികം സന്തോഷം തോന്നി.പാസ്റ്ററുടെ തൂലികയിൽ നിന്നും അടർന്നു വീണ ഏഴാമത്തെ പുസ്തകമാണ് ഇത്.ഈ പുസ്തകം കൂടി രചിക്കാൻ സർവ്വേശ്വരൻ അദ്ദേഹത്തിന് കൃപ നൽകി എന്നതിൽ ഞാനും ആനന്ദിക്കുന്നു. പല പുസ്തകങ്ങൾ എഴുതാൻ ദൈവം കൃപ നൽകിയിട്ടുണ്ടെങ്കിലും ആദ്യമായ് വിശുദ്ധ വേദപുസ്തകത്തിലെ ഏറ്റവും ആദ്യം രചിക്കപ്പെട്ട പുസ്തകം എന്നു കരുതപ്പെടുന്ന ഇയ്യോബിന്റെ പുസ്തകത്തെ ആധാരമാക്കി തന്റെ ജീവിത അനുഭവങ്ങളുമായി ചേർത്തിണക്കിയാണ് അദ്ദേഹം ഈ പുസ്തകത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. 
എന്തുകൊണ്ട് നല്ലവരായ മനുഷ്യർക്ക് കയ്‌പ്പേറിയ ജീവിതാനുഭവങ്ങൾ ഉണ്ടാകുന്നു എന്നത് മാനവരാശിയുടെ ആരംഭം മുതൽ തത്വജ്ഞാനികളേയും വേദപണ്ഡിതരേയും കുഴക്കിയിട്ടുള്ളതും ഇന്നും മരീചികയായി നിലകൊള്ളുന്നതുമായ ഒരു കീറാമുട്ടി തന്നെയാണ്. ആർക്കും തന്നെ വ്യക്തമായ ഒരു ഉത്തരം നൽകാൻ കഴിഞ്ഞിട്ടില്ല.

നീതിമാനായ ഇയ്യോബും തിക്തമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയപ്പോൾ പല ചോദ്യശരങ്ങളും തൊടുത്തു വിട്ടുവെങ്കിലും ദൈവം അതിനൊന്നും വ്യക്തമായ ഉത്തരം ഇയ്യോബിന് നൽകാതെ ചില മറുചോദ്യങ്ങൾ ഇയ്യോബിനോട് ചോദിക്കുക മാത്രമാണ് ചെയ്തത്. ആ മറുചോദ്യങ്ങൾ ഇയ്യോബിന് തൃപ്തി നൽകിയെങ്കിലും വായനക്കാർക്ക് പലർക്കും അതങ്ങനെയല്ലല്ലോ?വായനക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ ഈ ചോദ്യങ്ങളേയും മറുചോദ്യങ്ങളേയും തന്റെ ജീവിതവുമായി ബന്ധപ്പെടുത്തി ഒന്ന് അവതരിപ്പിക്കാൻ ശ്രമിക്കുകയാണ് പാസ്റ്റർ രാജു ജോൺ.
കുമ്പനാട് ഹെബ്രോൻ ബൈബിൾ കോളേജിൽ നിന്ന് ദൈവവചനം അഭ്യസിച്ചശേഷം ഇയ്യോബ് ചോദിച്ചതായ അതേ ചോദ്യങ്ങൾ സ്വയമായും വിശ്വാസികളുടേതുമായി കേട്ട് ഉത്തരം കണ്ടെത്താൻ ശ്രമിക്കുമ്പോൾ ഉരുത്തിരിഞ്ഞു വന്ന ഒരു ജീവിത കാവ്യമാണ് ഈ പുസ്തകം. 

ഇന്ന് പുസ്തകങ്ങൾക്ക് ഒരു കുറവുമില്ല. എന്നാൽ വായനാശീലം വളരെ കുറഞ്ഞിരിക്കുന്നു.മലയാള ഭാഷ തന്നെ മരിക്കുമോ എന്ന് പലരും ആശങ്കപ്പെടുന്നു. എങ്കിലും ബൈബിൾ സന്ദേശങ്ങൾക്ക് കുറവൊന്നുമില്ല. ''എവിടെ തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം'' എന്ന് കവി പാടിയതുപോലെ എവിടെ തിരിഞ്ഞു നോക്കിയാലും അവിടെല്ലാം മെസേജുകൾ എന്നു പറയാം - യൂട്യൂബിലും, വാട്‌സാപ്പിലും, ഫേസ്ബുക്കിലും, സൂമിലും എല്ലാം മെസേജുകൾ തന്നെ. ആ മെസേജുകൾ ഒക്കെയും ഒരു ചെവിയിൽ കൂടി കയറി മറു ചെവിയിൽ കൂടി കടന്നു പോകുന്നവയാണ്. പിന്നീട് മിക്കവരും അതിൽ മിക്കതും ഓർക്കാറില്ല. എന്നാൽ തന്റെയും തന്റെ വിശ്വാസികളുടേയും തിക്തമായ ജീവിത അനുഭവങ്ങളിൽ രക്തത്തിൽ ചാലിച്ചെടുത്ത മഷിയിൽ മുക്കി രചിച്ച ഈ പുസ്തകത്തിന് സ്വീകാര്യത എറും. കാരണം ഇത് ജീവിത അനുഭങ്ങളാണ്.ദൈവശാസ്ത്രപരമായ മെസേജുകൾ നാമൊക്കെയും മറന്നുപോകും.എന്നാൽ ജീവിത അനുഭവങ്ങളിൽ ചാലിച്ചെഴുതിയ സാക്ഷ്യങ്ങൾ ഒരിക്കലും മറക്കാൻ സാധിക്കുകയില്ല. അനുഭവസാക്ഷ്യങ്ങൾ അത്രമാത്രം ശക്തമായിരിക്കുന്നത് അതുകൊണ്ടാണ്. പാസ്റ്റർ രാജു ജോൺ കടന്നു പോയതായ, ഇപ്പോഴും കടന്നുപോയിക്കൊണ്ടിരിക്കുന്നതായ പല ജീവിത അനുഭവങ്ങളും എനിക്ക് പരിചിതമാണ് പ്രത്യേകിച്ച് തന്റെ ജീവിതസഖിയുമായുള്ള ബന്ധത്തിൽ അടുത്ത സമയത്ത് ഉണ്ടായിട്ടുള്ള കൊടുങ്കാറ്റിന് സമമായ ജീവിത അനുഭവങ്ങൾ. അതേ അനുഭവങ്ങളിൽ കൂടി കടന്നുപോയ ഒരു വ്യക്തി എന്ന നിലയ്ക്ക് അതുമായി താദാത്മ്യം പ്രാപിക്കുവാൻ എനിക്കും സാധിക്കുന്നുണ്ട്. ഇയ്യോബ് കടന്നുപോയതിന് സമാനമായ ജീവിത അനുഭവങ്ങൾ പങ്കു വെയ്ക്കുന്ന ഈ പുസ്തകത്തിലേക്ക് കടക്കുന്നതിന് മുമ്പ് ഇയ്യോബിന്റെ പുസ്തകത്തിന്റെ ചില ചരിത്രപരമായ വസ്തുതകൾ വീശദീകരിക്കുന്നത് ഉചിതമായിരിക്കും. 

ഇയ്യോബ് ജീവിച്ചിരുന്ന കാലം അബ്രഹാം, ഇസഹാക്ക്, യാക്കോബ് കാലഘട്ടമായിരുന്നെന്നും എഴുതിയ കാലഘട്ടം അതായിരുന്നെന്നും ചിന്തിക്കുന്ന വേദപണ്ഡിതന്മാരുണ്ട്. അദ്ദേഹം ജീവിച്ചിരുന്നതായ സ്ഥലം പാലസ്തീന് വടക്കു കിഴക്കായി ഇന്നത്തെ ഉസ്‌ബെക്കിസ്ഥാൻ ആയിരുന്നെന്നും ആ രാജ്യത്തിന് ആ പേരുവരുവാൻ കാരണം ഇയ്യോബിന്റെ പുസ്തകത്തിൽ പറയുന്ന ഊസ് (ഡദ) ദേശത്തിൽ നിന്നുമാണ് എന്നതിന് ചരിത്രപരമായ വസ്തുതകൾ നിരത്തുവാനുണ്ട്. സ്ഥലപരിമിതി കാരണം അതിലേക്ക് കടക്കുന്നില്ല.

ഇയ്യോബിന്റെ സന്തതി പരമ്പരകളാണ് ഉസ്‌ബെക്കിസ്ഥാൻ സമീപപ്രദേശങ്ങളായ മംഗോളിയൻ പ്രദേശങ്ങളിൽ വസിച്ചിരുന്നത്.മംഗോളിയൻസ് ഇയ്യോബിന്റെ സന്തതി പരമ്പരകളുടെ സങ്കരമാണ്. മംഗോളിയക്കാരനായ ചെംങ്കിസ്ഖാന്റെയും ഉസ്‌ബെക്കിസ്ഥാൻകാരനായ തീമൂറിന്റെയും പടയോട്ടത്തിനുശേഷം ഉസ്‌ബെക്കിസ്ഥാൻ പ്രദേശങ്ങളിൽ നിന്ന് തുർക്കിയുടെ പ്രദേശങ്ങളിൽ കുടിയേറിയ ഓഗ്‌സ് (ഛഴൗ്വ) വംശജരായ തുർക്കികൾ ഇയ്യോബിന്റെ സന്തതി പരമ്പരകളും സമ്മിശ്രങ്ങളുമാണ്. ടർക്കിഷ് സ്ത്രീകളുടെ സൗന്ദര്യം ഇയ്യോബിന്റെ പുസ്തകങ്ങളിൽ പറയുന്നതുപോലെ പ്രസിദ്ധമാണ്.മംഗോളിയൻ സാമ്രാജ്യവും, ഒട്ടോമൻ സാമ്രാജ്യവും ഇയ്യോബിന്റെ സന്തതി പരമ്പരകളും സമ്മിശ്രങ്ങളും സ്ഥാപിച്ചതാണ്.ദൈവത്തിന്റെ അനുഗ്രഹങ്ങളും അദൃശ്യകരങ്ങളും അതിനു പുറകിൽ പ്രവർത്തിച്ചിട്ടുണ്ട്.ഇന്ന് അവർ കൂടുതലും ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവരാണ്.അവർ ഇസ്മായേലിന്റെ സന്തതികളുമായി മിശ്രിതമാകയും അവരേയും ദൈവം ഒരു വലിയ ജാതിയാക്കും എന്ന പ്രവചനത്തിന്റെ നിവൃത്തിയാണ് നാം കാണുന്നത്.അവർ അതനുസരിച്ച് ഇസ്ലാം മതത്തിന്റെ കുടക്കീഴിലായിരിക്കുന്നു.

ഇത്രയും കുറിച്ചത് തല്പര കക്ഷികൾ ഇയ്യോബ് വസിച്ചിരുന്നതായ സ്ഥലം തെക്കൻ അറേബ്യയിലാണ് എന്ന് വരുത്തി തീർക്കാൻ ശ്രമം നടത്തുന്നു എന്നതുകൊണ്ടാണ്.ഉല്പത്തി 25:2 ൽ പറയുന്ന യിസ്ബകിൽ നിന്നാണ് ഉസ് എന്ന വാക്കും ജനസമൂഹങ്ങളും ഉളവായത്.ഇദ്ദേഹം അബ്രഹാമിന് കെതൂറയിൽ ഉളവായ മക്കളിൽ ഒരാളും ഇയ്യോബിന്റെ പിതാമഹനുമായി കരുതാം.അബ്രഹാം താൻ ജീവനോടിരിക്കുമ്പോൾ തന്നെ അവരെ കിഴക്കോട്ട്, കിഴക്ക് ദേശത്തേക്ക് അയച്ചു എന്നു നാം ബൈബിളിൽ വായിക്കുന്നു (ഉല്പ. 25:6). കിഴക്കുദേശക്കാരായ മംഗോളിയൻ (മുഗൾ) വംശജരും ചൈനാക്കാരും കൊറിയക്കാരും ജപ്പാൻകാരും, ഇന്ത്യാക്കാരുമെല്ലാം അബ്രഹാമിന് കെതൂറയിൽ ഉളവായ മക്കളുടെ സന്തതി പരമ്പരകളോ സമ്മിശ്രങ്ങളോ ആണെന്ന് കാണാം.
ഇയ്യോബിന്റെ അനുഭവങ്ങളാണല്ലോ പാസ്റ്റർ രാജു ജോണിന്റെ പുസ്തകത്തിന്റെ വിഷയം.ഈ അനുഭവങ്ങൾ നമുക്ക് ദൃഷ്ടാന്തമായി വെച്ചിരിക്കുന്നു.സമാനമായ അനുഭവങ്ങളിൽ കൂടിയാണ് ഇപ്പോൾ അദ്ദേഹം കടന്നുപോയിക്കൊണ്ടിരിക്കുന്നത്.ഇങ്ങനെയുള്ള അനുഭവങ്ങൾ ഏത് ഭക്തനും ഉണ്ടാകാം.

ഇയ്യോബിന്റെ ഭാര്യ ദൈവത്തേയും അദ്ദേഹത്തേയും തള്ളിപ്പറയുകയും അദ്ദേഹത്തെ ഉപേക്ഷിച്ച് പൊയ്ക്കളഞ്ഞു എന്ന് ചിന്തിക്കുന്നവരുമുണ്ട്.ഇയ്യോബിന് പിന്നീടുണ്ടായ കുട്ടികൾ മറ്റ് ഭാര്യമാരിൽ നിന്നായിരുന്നു എന്ന് ഇവർ ചിന്തിക്കുന്നു.അന്ന് ജീവിച്ചിരുന്നവർ പലരും ബഹുഭാര്യാത്വം ഉള്ളവരായിരുന്നു.ഇന്നും വിവാഹമോചനവും വിട്ടുപിരിയലും മറ്റും ഒരു ഭക്തന്റെ ജീവിതത്തിലേക്ക് കടന്നു വരാം.
എന്നാൽ ചിലരുടെ വികലമായ ബൈബിൾ വ്യാഖ്യാനമനുസരിച്ച് ഒരു ഭക്തന്റെ ജീവിതത്തിൽ ഇതൊന്നും പാടില്ല. വിട്ടു പിരിയലിലോ വിവാഹമോചനത്തിലോ കൂടി കടന്നുപോകുന്നവരെ പിന്നീട് സഭയുടെ ഒരു കാര്യത്തിലും അടുപ്പിക്കുകയില്ല. യാതൊരു ജീവിത പ്രശ്‌നങ്ങളുമില്ലാത്ത ഭക്തന്മാരുടെ ഒരു ക്ലബ് ആയി മാറുകയാണ് ഇന്നത്തെ പല സഭകളും അത് ഭരിക്കുന്നവരും. കാരണം ദൈവം അവരെ വാലല്ല തലയാക്കുമല്ലോ? പ്രോസ്പിരിറ്റി തിയോളജിയുടെ അതിപ്രസരം എന്നല്ലാതെ എന്താണ് പറയുക അവരുടെ ജീവിതത്തിൽ പാസ്റ്റർ രാജു ജോൺ വിവരിക്കുന്നതായ കൊടുങ്കാറ്റ് അടിക്കാറില്ല. ആസാഫ് പറയുന്നതുപോലെ പുഷ്ടി കൊണ്ട് അവരുടെ കണ്ണ് ഉന്തി നിൽക്കുന്നു. എന്നാൽ ദുർന്നടപ്പുകാരേയും വ്യഭിചാരികളേയും സഭാ ഭരണത്തിൽ നിന്ന് മാറ്റി നിർത്തുകയും അവർ മാനസാന്തരപ്പെടാൻ അവസരം ഒരുക്കുകയും ചെയ്യേണ്ടത് ആവശ്യം തന്നെ.

പാസ്റ്റർ രാജു ജോണിന്റെ ജീവിതത്തിൽ അടിച്ചതായ കൊടുങ്കാറ്റ് ഈ അവതാരകന്റെ ജീവിതത്തിലും അടിച്ച വിഷയം സൂചിപ്പിച്ചിരുന്നുവല്ലോ. ഞാൻ ഒരു പെന്തക്കോസ്തു സഭയുടെ ഭരണസമിതി അംഗമായിരുന്ന സമയത്താണ്് ഇരുപത്തി മൂന്ന് വർഷം എന്റെ ഭാര്യയായിരുന്ന വ്യക്തി ഒരു അഭിപ്രായ വ്യത്യാസം മുലം എന്നെ വിട്ടു പിരിഞ്ഞത്. മൂന്ന് വർഷത്തിനുശേഷം തിരിച്ചു വരികയും ഇപ്പോൾ ഞങ്ങൾ ഒരുമിച്ചായിരിക്കുകയും ചെയ്യുന്നു.യാഥാസ്ഥിതികരായ പെന്തക്കോസ്ത് വിശ്വാസികൾ ഭരിക്കുന്ന സഭയിൽ ഞാൻ അഭിമുഖീകരിക്കേണ്ടി വന്ന പ്രശ്‌നങ്ങൾ ഊഹിക്കാമല്ലോ?ഇതുപോലെയുള്ള കൊടുങ്കാറ്റിൽ പിടിച്ചു നിൽക്കാൻ ദൈവത്തിൽ ആശ്രയിക്കാതെ പോയവരുടെ ജീവിതം ആത്മഹത്യയിൽ അവസാനിച്ച ചരിത്രം നമ്മുടെ മുമ്പിലുണ്ട്.ആ ആത്മഹത്യയിൽ വിശ്വാസികളായ നമുക്കും പരോക്ഷമായ പങ്കുണ്ട് എന്ന് സമ്മതിച്ചേ പറ്റു.- നാം അതിനെപ്പറ്റി ബോധവാന്മാരല്ല എങ്കിൽ പോലും.
യേശുവോ എബ്രായർ പതിനൊന്നിൽ പറഞ്ഞിരിക്കുന്ന വിശ്വാസവീരന്മാരോ ആരെങ്കിലും വേഷപ്രച്ഛന്നരായി നമ്മുടെ സഭകളിൽ വരികയാണെങ്കിൽ അവരെ ആരെയും നമ്മുടെ ഭരണസമിതിയിലേക്ക് തിരഞ്ഞെടുക്കുകയോ അവർക്ക് എന്തെങ്കിലും ശുശ്രൂഷ ചെയ്യാനുള്ള അവസരം കൊടുക്കുകയോ ചെയ്യുമോ എന്ന് സംശയമാണ്. ജോസഫിനെ ചിലപ്പോൾ തിരഞ്ഞെടുത്തേക്കാം.എങ്കിലും പൊങ്ങച്ചം പറയുന്നു എന്ന ഒരു കുറ്റം പറഞ്ഞേക്കാം.

യേശു ഇന്നു നാം കാണുന്ന സഭകളുടെ ബദ്ധശത്രുവായിരിക്കും കാരണം സഭയെ ശുദ്ധീകരിക്കാൻ ചാട്ടവാറുകൊണ്ടണ്ട് അടിയുണ്ടാക്കുകയും പുരോഹിതന്മാരേയും ഭരണസമിതിയേയും സ്ഥിരം വിമർശിക്കുകയും ചെയ്തിരുന്നു. പുതിയനിയമ യിസ്രായേൻ എന്ന് സഭയ്ക്ക് പേരു വരുവാൻ കാരണമായ യാക്കോബിനെ ഏഴയലത്തു കൂടി അടുപ്പിക്കുകയില്ല. കാരണം മക്കളെ ശരിയായ രീതിയിൽ വളർത്തിയില്ല - ഒരു മകൻ അപ്പന്റെ ഭാര്യയുമായി കിടക്ക പങ്കിട്ടു. മറ്റൊരു മകൾ പിഴച്ചു പോയി.വിശ്വാസ വീരന്മാരുടെ പട്ടികയിൽ ദലീലയുടെ പുറകെ പോയ ശിംശോനെ ചേർത്തതിൽ പലർക്കും അമർഷമുണ്ട്.ഒരവസരം കിട്ടിയിരുന്നെങ്കിൽ പുസ്തകത്തിൽ നിന്നും സഭയിൽ നിന്നെങ്കിലും പുറത്താക്കുമായിരുന്നു.അങ്ങിനെ സ്വയനീതിയിൽ ഉല്ലസിക്കുമായിരുന്നു.ശമുവേൽ പ്രവാചകനെ ചേർക്കുന്ന പ്രശ്‌നമേയില്ല. കാരണം മക്കളാരും ദൈവവഴിയിൽ നടന്നില്ല.

പാസ്റ്റർ രാജു ജോൺ എഴുതിയ പുസ്തകത്തിൽ മുമ്പ് സൂചിപ്പിച്ചിരുന്നതുപോലെ വായനക്കാരെ ചിന്തിപ്പിക്കുന്ന ഒരു വിഷയം, എന്തുകൊണ്ട് നല്ല മനുഷ്യർക്ക് തിക്തമായ അനുഭവങ്ങൾ ഉണ്ടാകുന്നു എന്നതാണ്. ഇയ്യോബിന്റെ ഈ ചോദ്യത്തിന് ദൈവം നേരിട്ട് മറുപടി നൽകാതെ ചില മറുചോദ്യങ്ങൾ ചോദിക്കുകയാണ് ചെയ്തത്.ഇയ്യോബിന് കാര്യം പിടി കിട്ടി.നമ്മിൽ പലരും ഉത്തരത്തിന് വേണ്ടി പരതുകയാണ്.യേശുവും ചില ചോദ്യങ്ങൾക്ക് മറുപടി നൽകാതെ മറുചോദ്യം ചോദിക്കുകയായിരുന്നു.

ഇയ്യോബിന്റെ ചോദ്യങ്ങൾക്ക് ദൈവം ഇവിടെ ചോദിക്കുന്നതായ മറുചോദ്യങ്ങൾ നമുക്കൊന്ന് നോക്കാം. അനന്തരം യഹോവ ചുഴലികാറ്റിൽ നിന്ന് ഇയ്യോബിനോട് ഉത്തരമരുളി ചെയ്തതെന്തെന്നാൽ, “അറിവില്ലാത്ത വാക്കുകളാൽ ആലോചനയെ ഇരുളാക്കുന്നോരിവനാർ’’ ഇതിൽ നിന്നും മനസ്സിലാക്കേണ്ടത് ഇയ്യോബിന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഉന്നതങ്ങളിൽ എടുത്തു തീരുമാനത്തിന്റെ ഫലമായുണ്ടായതാണ്. നാം പലപ്പോഴും പിശാചിനെ പഴി ചാരുകയും ഭർത്സിക്കയും ചെയ്യും.അത് അങ്ങനെ വിട്ടു പോകുന്ന വിഷയങ്ങളല്ല. അബ്രഹാമിനെ പരീക്ഷിച്ചതും ദൈവം എടുത്ത തീരുമാനമാണ്.അത് നമ്മെ വിശ്വാസത്തിൽ ഉറപ്പിക്കാനാണ്.ദോഷങ്ങളാൽ പരീക്ഷിക്കുന്ന ദൈവമല്ല നമ്മുടെ ദൈവം.

യഹോവയുടെ അടുത്ത ചോദ്യം, “കാർത്തികയുടെ ചങ്ങല നിനക്ക് ബന്ധിക്കാമോ?മകയിരത്തിന്റെ ബന്ധനങ്ങൾ നിനക്കഴിക്കാമോ?നിനക്ക് രാശിചക്രത്തെ അതിന്റെ കാലത്ത് പുറപ്പെടുവിക്കാമോ?ആകാശത്തിലെ നിയമങ്ങളെ നീ അറിയുന്നുവോ?അതിന് ഭൂമിമേലുള്ള സ്വാധീനത നിർണ്ണയിക്കാമോ? കാർത്തികയും മകയിരവും രാശിചക്രം അനുസരിച്ചുള്ള മനുഷ്യജീവിതത്തെ സ്വാധീനിക്കുന്നതെന്ന് ജ്യോതിഷ ശാസ്ത്രജ്ഞന്മാർ വിശ്വസിക്കുന്നതായ ആകാശമണ്ഡലത്തിൽ ഇപ്പോഴുള്ളതായ രണ്ട് നക്ഷത്ര സമൂഹങ്ങളാണ്. കാർത്തികയും മകയിരവും ജന്മനക്ഷത്രങ്ങളായുള്ളവർ നമ്മിൽ പലരും കാണും.ഏത് നക്ഷത്ര സമൂഹത്തിലാണോ ജനനം എന്നതനുസരിച്ച് ജ്യോതിഷ ശാസ്ത്രപ്രകാരം മനുഷ്യജിവിതമായ 120 വർഷത്തെ (ഉല്പ. 6:30) ഒമ്പത് ദശ അഥവാ കാലഘട്ടങ്ങളായി തിരിച്ചിരിക്കുന്നു.ഏത് നക്ഷത്രത്തിലാണോ ജനനം എന്നതനുസരിച്ച് ഈ ദശകൾ മാറി മാറി വരുന്നതനുസരിച്ച് ജീവിതത്തിൽ ഉയർച്ചയും താഴ്ചയും ഉണ്ടാകുന്നു എന്നാണ് ജ്യോതിഷക്കാർ പറയുന്നത്.ഈ എഴുത്തുകാരന്റെ ജ്യോതിഷത്തിലുള്ള അറിവും അനുഭവവും അനുസരിച്ച് അത് ശരിയാകാം.ജ്യോതിഷം ഒരു ശാസ്ത്രശാഖ മാത്രമാണ്. മരുന്നിൽ ആശ്രയിക്കാതെ മരുന്നിന് ശക്തി കൊടുത്ത ദൈവത്തിൽ ആശ്രയിക്കുന്നതുപോലെ ജ്യോതിഷത്തിൽ ആശ്രയിക്കാതെ ജ്യോതിഷഗോളങ്ങളെ അതതിന്റെ സ്ഥാനങ്ങളിൽ ഉറപ്പിച്ച ദൈവത്തിൽ ആശ്രയിച്ചാൽ ജ്യോതിഷത്തിൽ ആശ്രയിക്കേണ്ട ആവശ്യമില്ല. എങ്കിലും എല്ലാ മനുഷ്യർക്കും അതിന്റേതായ സ്വാധീനതയിൽ കൂടി കടന്നുപോകേണ്ടിയിരിക്കുന്നു. ആ ജ്യോതിഷ ശാസ്ത്രമനുസരിച്ചാണ് വിദ്വാന്മാർ യേശുവിനെ നമസ്‌ക്കരിക്കാൻ വന്നതും ദാനിയേൽ പ്രവാചകൻ കൽദയരുടെ എല്ലാ വിദ്യകളും അഭ്യസിക്കുകയും ദേശത്തിലെ ഏല്ലാ മന്ത്രവാദികൾക്കും ജ്യോതിഷ ശാസ്ത്രജ്ഞന്മാർക്കും തലവനായതും. 
ജ്ഞാനികളിൽ ജ്ഞാനിയായ ശലോമോൻ പറയുന്നത് എല്ലാത്തിനും ഒരു കാലമുണ്ട്.ചിരിക്കാൻ ഒരു കാലം, കരയാൻ ഒരു കാലം.യാക്കോബ് ലാബാന് സേവ ചെയ്തു 20 നീണ്ട വർഷക്കാലം ശനിദശയുടെ കാലമായിരുന്നുവെന്ന് ജ്യോതിഷ ശാസ്ത്രജ്ഞന്മാർ വാദിച്ചെന്നിരിക്കും. എന്നാൽ ഈ നക്ഷത്രസമൂഹങ്ങളെ അതത് സ്ഥാനത്ത് ക്രമീകരിച്ചിരിക്കുന്ന ദൈവത്തിന് അതിന് മനുഷ്യജീവിതത്തിലുള്ള സ്വാധീനത്തെ മാറ്റി മറിക്കുന്നതിനു സാധിക്കും - പ്രാർത്ഥനയിലും ഉപവാസത്തിലും. പ്രവാചകനായ ബിലെയാമിൽ കൂടെ ദൈവം അരുളി ചെയ്യുന്നത് “ആഭിചാരം യാക്കോബിന് പറ്റുകയില്ല, ലക്ഷണവിദ്യ യിസ്രായേലിനോട് ഫലിക്കയില്ല (സംഖ്യ 23:23).എന്നാൽ എല്ലാ മനുഷ്യരും കടന്നു പോകുന്നതുപോലെ ഭക്തന്മാരും ദൈവം വെച്ചിരിക്കുന്നതായ ശോധനയുട കാലയളവിൽ കൂടി കടന്നു പോകേണ്ടിയിരിക്കുന്നു.അവിടെ ശോധനയെ അതിജീവിക്കാനുള്ള കൃപ ദൈവം തരുമെന്ന് നാം വിശ്വസിക്കണം.യാക്കോബ് പറയുന്നത് തന്റെ ആയുസ് ചുരുക്കവും പ്രയാസവുമായിരുന്നു എന്നാണ്.പ്രയാസമായിരുന്നുവെങ്കിലും അത് ചുരുക്കമായിരുന്നു.അത് പെട്ടെന്ന് കടന്നുപോയി.അവിടെ വീഴാതെ പിടിച്ചു നിൽക്കാനുള്ള കൃപ ദൈവം നൽകി.ഇതായിരിക്കട്ടെ നമ്മുടെയും ആശ്രയം.

ഇയ്യോബിന്റെ ശോധനയുടെ അനുഭവങ്ങളാണല്ലോ നമ്മുടെ വിഷയം.ഈ എഴുത്തുകാരനും ഇതേ അനുഭവങ്ങളിൽക്കൂടി കടന്നുപോയ വിഷയം സൂചിപ്പിച്ചിരുന്നല്ലോ? എന്റെ ഭാര്യ എന്നെ വിട്ടുപോയതിനുശേഷം ഒരു മാസത്തിനുള്ളിൽ ഒരു ദിവസം ഞാൻ കൂടി വന്നിരുന്ന സഭയിലെ പാസ്റ്റർ എന്നെ വിളിച്ചിട്ട് ഞാൻ സഭയുടെ ഭരണസമിതിയിൽ നിന്നും രാജി വെക്കുന്നതായിരിക്കും നല്ലതെന്ന് പറഞ്ഞു. കാരണം സഭയുടെ ഭരണസമിതി അംഗങ്ങൾക്ക് ചില യോഗ്യതകളൊക്കെയുണ്ടായിരിക്കണം.അങ്ങനെ നോക്കുമ്പോൾ ഞാൻ അയോഗ്യനാണ്.എന്റെ ഭാര്യ എന്നെ വിട്ടുപോയതിന്റെ പൂർണ്ണ ഉത്തരവാദിത്തം എനിക്കായതായി എല്ലാവരും കണക്കാക്കി.തൽഫലമായി ഉണ്ടണ്ടാകാവുന്ന നിന്ദയും പരിഹാസവും കാരണം ഇടിവെട്ടിയവനെ പാമ്പു കടിച്ചു എന്നു പറയുമ്പോലത്തെ പ്രതീതിയാണ് എനിക്കപ്പോഴുണ്ടായത്. ഞാൻ അല്പം ആലോചിച്ചിട്ട് അദ്ദേഹത്തോട് പറഞ്ഞു ''പാസ്റ്റർ എന്റെ ഭാര്യയോട് വിശദമായി കാര്യങ്ങൾ അന്വേഷിക്കുക അതിന് വിശദീകരണം എന്നോട് ചോദിക്കുക എന്നിട്ട് എന്നെ ഒന്ന് ബോദ്ധ്യപ്പെടുത്തുക എവിടെയാണ് എനിക്ക് തെറ്റു പറ്റിയതെന്ന്'' പാസ്റ്റർ പിന്നീട് ഒന്നും മിണ്ടിയില്ല. പിന്നീട് സഭയിലോ ഭരണസമിതിയിലോ ആരും എന്നോട് ഒന്നും ചോദിച്ചില്ല. ഞാൻ ഭരണസമിതിയിൽ തുടരുകയും ചെയ്തു. സഭയിലെ സഹോദരി സഹോദരന്മാർ എന്നോട് അനുഭാവപൂർണവ്വുമാണ് ഇടപെട്ടിട്ടുള്ളത്.
മരുഭൂമിയിലെ കൊടുങ്കാറ്റ് എന്ന ഈ കൈപുസ്തകത്തിന്റെ മാറ്റ് ഇവിടെയാണ് പ്രസക്തമാകുന്നത്.അത് അനേകായിരങ്ങൾക്ക് ആശ്വാസവും ഉത്തേജനവും ആയിരിക്കയും ഭക്തനെ വിശ്വാസത്തിൽ ഉറപ്പിക്കുന്നതിന് ഉതകുകയും ചെയ്യട്ടെ എന്ന് ആശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നു.ഇയ്യോബിന്റെ ജീവിതത്തിൽ അടിച്ച കൊടുങ്കാറ്റ് നിങ്ങളുടേയും എന്റേയും ജീവിതത്തിൽ അടിക്കുമ്പോൾ അക്ഷോഭ്യരായി തല ഉയർത്തി നില്ക്കുവാൻ നമുക്ക് കഴിയണം.ആത്മഹത്യയിലേക്ക് നയിക്കുന്ന നിരാശയുടെ വാക്കുകൾക്ക് പകരം വിശ്വാസത്തിൽ ഉറച്ച് യോശുവയോട് പറയുന്നതുപോലെ ഭ്രമിക്കാതെ ഉറപ്പും ധൈര്യവുമുള്ളവരായിരിക്കാൻ നമുക്കു കഴിയണം.നമുക്ക് ഭയപ്പെടേണ്ടത് നമ്മുടെ തെറ്റുകളെ മാത്രമാണ്.സഭയും കൊടുങ്കാറ്റിൽ കൂടി കടന്നുപോകുന്നവരെ അകറ്റി നിർത്താതെ ചേർത്ത് ആശ്ലേഷിക്കാൻ തയ്യാറാകണം.ഇന്ന് വേർപാടിന്റേയും വിശുദ്ധിയുടേയും വികലമായ ഉപദേശം എവിടേയും കാണാം.നിങ്ങൾ ലോകത്തിന്റെ വെളിച്ചമാകുന്നു എന്ന യേശുദേവന്റെ വാക്ക് അന്വർത്ഥമാകണം.ലോകമില്ലാതെ നമുക്കെങ്ങനെ വെളിച്ചമായിരിക്കാൻ കഴിയും?ചുവരില്ലാതെ ചിത്രമെഴുതാമോ?നമുക്ക് ലോകത്തിലേക്ക് ഇറങ്ങി ചെല്ലാൻ കഴിയണം.വേർപാട് പാലിച്ച് അകന്നു നിൽക്കാതെ മലയാളികൾ കൂടുന്നിടത്തൊക്കെ വെളിച്ചമായി ചെല്ലാൻ നമുക്ക് കഴിയണം.ഈ പുസ്തകം സഭയിലും വ്യക്തി ജീവിതങ്ങളിലും മാറ്റങ്ങൾ ഉണ്ടാക്കട്ടെ എന്ന് പ്രാർത്ഥിച്ചുകൊണ്ട് വായനക്കാരുടെ മുമ്പിൽ ഈ പുസ്തകത്തെ അവതരിപ്പിച്ചു കൊള്ളുന്നു.

# Marubhumiyile Kodunghattu' by Rev Raju John Bethel, Houston

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക