Image

വിഴിഞ്ഞം സമരം വർഗ്ഗീയവത്ക്കരിക്കുന്നതെന്തിന്? (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 60)

Published on 30 November, 2022
വിഴിഞ്ഞം സമരം വർഗ്ഗീയവത്ക്കരിക്കുന്നതെന്തിന്? (ബാബു പാറയ്ക്കൽ-നടപ്പാതയിൽ ഇന്ന്- 60)

"എന്താ പിള്ളേച്ചാ ഈ വിഴിഞ്ഞത്തു സംഭവിക്കുന്നത്?"
"എന്താ വിഴിഞ്ഞത്തു സംഭവിക്കുന്നതെന്ന് എല്ലാവരും കണ്ടുകൊണ്ടല്ലേ ഇരിക്കുന്നത്?"
"അല്ല, എന്താണവരുടെ പ്രശ്നം? എന്തൊരക്രമമാ അവർ അഴിച്ചു വിട്ടത്? പോലീസ് സ്റ്റേഷൻ ആക്രമിക്കയും പൊലീസുകാരെ ഗുരുതരമായി പരുക്കേൽപ്പിക്കയുമൊക്കെ ചെയ്തിട്ടും എന്തേ പോലീസുകാരാരും വെടിവയ്ക്കാഞ്ഞതെന്നാ ഞാൻ ആലോചിക്കുന്നത്."
"താൻ പറഞ്ഞതിൽ തന്നെ അതിന്റെ ഉത്തരവുമുണ്ടെടോ."
"എന്നു പറഞ്ഞാൽ?"
"അതൊക്കെ ചെയ്‌തത്‌ മത്സ്യത്തൊഴിലാളികളാണെന്ന് ഇയ്യാൾ അങ്ങ് വിശ്വസിച്ചു അല്ലേ? പക്ഷേ, അവരൊക്കെ ആരാണെന്നു പോലീസുകാർക്കറിയില്ലായിരുന്നെങ്കിലും പോലീസ് മേധാവികൾക്കറിയാമായിരുന്നു. അതുകൊണ്ടാണ് അവർ വെടിവയ്ക്കാതിരുന്നത്!"
"അപ്പോൾ അതൊന്നും മത്സ്യത്തൊഴിലാളികൾ അല്ലായിരുന്നു എന്നാണോ പിള്ളേച്ചൻ പറയുന്നത്?"
"എടോ, മത്സ്യത്തൊഴിലാളികൾ അത് ചെയ്യില്ല. അവർ അക്രമത്തിനിറങ്ങിയാൽ അത് അവർക്കു വല്ലാതെ ദോഷം ചെയ്യുമെന്ന് അവർക്കു നല്ലതുപോലെ അറിയാം. അതു കൊണ്ടാണ് അവരുടെ സമരം 133 ദിവസം പിന്നിട്ടിട്ടും ഇതുവരെ അക്രമത്തിലേക്ക് പോകാതിരുന്നത്. കലാപ പ്രദേശങ്ങളിലുള്ള സിസിടിവി ക്യാമറകൾ ദിശ മാറ്റി വയ്ക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്‌തിരുന്നു. 35 പോലീസുകാർക്ക് ഗുരുതരമായ പരുക്കുകളുണ്ടായിട്ടും അവർ പ്രതികരിക്കാതെ 'സംയമനം' പാലിച്ചു. അറസ്റ്റുകളൊന്നും നടത്തിയില്ല. എല്ലാം കഴിഞ്ഞപ്പോൾ കണ്ടാലറിയാവുന്ന മൂവായിരം പേരുടെ പേരിൽ കേസെടുത്തു നടപടി തുടരുകയാണ്. കലാപസമയത്ത് ആരെയും തിരിച്ചറിഞ്ഞിരുന്നില്ല. എന്നിട്ടാണ് ഇപ്പോൾ കണ്ടാലറിയാനാവുന്നവരുടെ പേരിൽ കേസെടുത്തിരിക്കുന്നത്. ഒപ്പം തന്നെ സ്ഥലത്തു പോലും ഇല്ലാതിരുന്ന ബിഷപ്പിനെയും മുഖ്യ പ്രതിയാക്കിയിരിക്കയാണ്. മത്സ്യത്തൊഴിലാളികൾ മിക്കവരും വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്തവരാണ്. അവരെ വെറുതെ പ്രകോപിപ്പിക്കുന്നതുകൊണ്ടു യാതൊരു ഗുണവും ആർക്കും ഉണ്ടാകില്ല. അത് സർക്കാരും മനസ്സിലാക്കണം."
"അപ്പോൾ പിന്നെ ഇതിന്റെ പുറകിൽ ആരാണ് പിള്ളേച്ചാ? സിപിഎമ്മും ബിജെപിയും മിക്കവാറും മുഖ്യധാരാ മാധ്യമങ്ങളും എല്ലാം നിശിതമായി ആരോപിക്കുന്നത് ഈ അക്രമം അഴിച്ചുവിട്ടത് മത്സ്യത്തൊഴിലാളികൾ ആണെന്നാണല്ലോ."
"അങ്ങനെ നോക്കുമ്പോൾ ശരിയാടോ, തുടങ്ങി വച്ചതു മത്സ്യത്തൊഴിലാളികളാണ്. പക്ഷെ അതെങ്ങനെ തുടങ്ങി, ആരാണ് അതിനു വെടിവരുന്നിട്ടു കൊടുത്ത് എന്ന് കൂടി ആലോചിക്കണം. പിന്നെ ഈവക കാര്യങ്ങളിൽ കണ്ണുംപൂട്ടി ഒരു ഗ്രൂപ്പിനെ കുറ്റപ്പെടുത്തുന്നവർ ആദ്യം മത്സ്യത്തൊഴിലാളികൾ ആരാണെന്നറിയണം. കഴിഞ്ഞ 100 വർഷത്തിലെ ഏറ്റവും വലിയ പ്രളയത്തിന് 2018 ൽ നാം സാക്ഷ്യം വഹിച്ചു. സർക്കാരിന്റെ അംഗീകൃത രക്ഷാ പ്രവർത്തന ഏജൻസികളൊക്കെ നോക്കുകുത്തികളായി മാറിയപ്പോൾ ഉയർന്നു പൊങ്ങുന്ന ജലപ്പരപ്പിനെ നോക്കി ജനങ്ങൾ വിറങ്ങലിച്ചു നിന്നു. അന്ന് ജീവൻ പോലും പണയം വച്ച് നമ്മുടെ ബന്ധുക്കളെയൊക്കെ രക്ഷപ്പെടുത്തിയത് കേരളത്തിന്റെ 'തീരദേശ സേന' എന്ന് പിന്നീട് വിളിക്കപ്പെട്ട മത്സ്യത്തൊഴിലാളികളാണ്. ആയിരക്കണക്കിന് പേരെയാണ് അവർ കൈപിടിച്ച് ജീവിതത്തിലേക്ക് കയറ്റിയത്. അവരുടെ പ്രവർത്തനങ്ങൾ ജാതിമത രാഷ്ട്രീയ ഭേദമെന്യേ ജനങ്ങളും അധികൃതരും ശ്‌ളാഘിച്ചതാണ്. ആ മത്സ്യത്തൊഴിലാളികൾ വർഗ്ഗീയ കലാപം അഴിച്ചുവിട്ടു മറ്റു മതങ്ങളിലുള്ളവരുടെ വീട് കയറി ആക്രമിച്ചു എന്ന് ഉത്തരവാദപ്പെട്ട വകുപ്പുമന്ത്രി അഡ്വാൻസായി വെളിപ്പെടുത്തിയപ്പോൾ അവരുടെ അജണ്ട എന്തായിരുന്നുവെന്ന് സാമാന്യബുദ്ധിയുള്ള മലയാളികൾക്കൊക്കെ മനസ്സിലായി."
"അതുകൊണ്ടാണോ ടീവി ചർച്ചകളിൽ സിപിഎമ്മിന്റെയും ബിജെപി യുടെയും വക്താക്കൾ മത്സ്യത്തൊഴിലാളികളെ രാജ്യദ്രോഹികളായും വർഗ്ഗീയ കലാപം ലക്ഷ്യമിടുന്നവരായിട്ടുമൊക്കെ ഇരുന്നു പറയുന്നത്. മന്ത്രി അവരെ 'രാജ്യദ്രോഹികൾ' എന്ന് വിളിക്കയും അവർക്കു തീവ്രവാദ ബന്ധമുണ്ടെന്ന് ഇന്റലിജൻസ് വിവരമുള്ളതായി സി പി എം ജില്ലാ സെക്രട്ടറി പരസ്യമായി പറയുകയും ചെയ്‌തല്ലോ."
"എടോ, അവരെപ്പറ്റി എനിക്ക് സഹതാപമേയുള്ളൂ. അന്നം തരുന്നവരോടു നന്ദി കാണിക്കണ്ടേ, അത് മാത്രമേ ഈ ന്യായീകരണ തൊഴിലാളികൾ ചെയ്യുന്നുള്ളൂ. കണ്ണടച്ച് ഇരുട്ടാക്കുക, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. എന്നാൽ സാമാന്യ ബുദ്ധിയുള്ളവർ ചിന്തിക്കേണ്ട ഒരു കാര്യം, ഈ സമരംകൊണ്ട് ആർക്കാണ് ഗുണം കൂടുതൽ ലഭിക്കുക? മത്സ്യത്തൊഴിലാളികളുടെ ഈ സമരം എത്രയും നീളുന്നോ അത്രയും അദാനിയുടെ പണി താമസിക്കും. കരാർ അനുസരിച്ചു തുറമുഖത്തിന്റെ പണി ഈ മാസം കൊണ്ട് തീരേണ്ടതാണ്. ഡിസംബർ 3 കഴിഞ്ഞിട്ടും പണി പൂർത്തിയായില്ലെങ്കിൽ അദാനി സർക്കാരിന് പ്രതിദിനം 12 ലക്ഷം രൂപ പിഴ അടയ്‌ക്കേണ്ടതുണ്ട്. പണിക്കായി പാറ കൊണ്ടുവരാനും മറ്റു നിർമ്മാണ സാമഗ്രികൾ എത്തിക്കാനും വൈകി പണി നീണ്ടുപോയി. എന്നാൽ ഇപ്പോൾ കാലതാമസം ഈ സമരത്തിന്റെ പുറത്തു ചാരിയതുകൊണ്ടു പിഴ അടയ്‌ക്കേണ്ടെന്നു മാത്രമല്ല, നഷ്ടമായെന്നു പറയുന്ന 200 കോടി കൂടി സർക്കാർ വഹിക്കുമെന്നുറപ്പാക്കി."
"പക്ഷേ, സർക്കാർ പറയുന്നത് മത്സ്യത്തൊഴിലാളികളുടെ എല്ലാ ആവശ്യങ്ങളും, തുറമുഖ പണി നിർത്തി വയ്ക്കണം എന്നതൊഴിച്ച്‌, അംഗീകരിച്ചെന്നാണല്ലോ. എങ്കിൽ പിന്നെ ഈ സമരം നിർത്തിക്കൂടേ? തുറമുഖം നമുക്കാവശ്യമാണല്ലോ. അതിന്റെ പണി ഏതായാലും നിർത്താനാവില്ലല്ലോ."
"എടോ, ഈ മത്സ്യത്തൊഴിലാളികൾ താമസിക്കുന്ന സ്ഥലം ഒന്ന് പോയി കാണണം. ഇയ്യാൾ അവിടെ പോയിട്ടുണ്ടോ?"
"ഇല്ല പിള്ളേച്ചാ."
"അതുകൊണ്ടാണ് നിങ്ങളൊക്കെ ഇങ്ങനെ പറയുന്നത്. ഞാൻ അവിടെ പല വട്ടം പോയി അവരുടെ ജീവിത സാഹചര്യങ്ങൾ മനസ്സിലാക്കിയിട്ടുള്ളതാണ്. കഴിഞ്ഞ അഞ്ചോ ആറോ വർഷങ്ങളായി ഫുഡ് കോർപറേഷന്റെ ഗോഡൗണിലാണ് നിരവധി കുടുംബങ്ങൾ താമസിക്കുന്നത്. ജനാലയും എയർകണ്ടീഷനുമൊന്നുമില്ലാത്ത ഈ വെയർഹൗസിനുള്ളിൽ താമസിക്കുന്നവരെപ്പറ്റി ഒന്ന് ചിന്തിച്ചു നോക്കണം. പത്തടി ചതുരത്തിലുള്ള ഒരു മുറിയിൽ അപ്പനും അമ്മയും പ്രായമായ പെൺമക്കളും ആണ്മക്കളും എല്ലാം ഒന്നിച്ചാണ് കിടന്നുറങ്ങുന്നത്. ശൗച്യാലയത്തിന്റെ കാര്യമാണെങ്കിൽ അതീവ ശോചനീയം. ഇതു വരെ അവരെ മാറ്റിപ്പാർപ്പിക്കാൻ സാധിച്ചിട്ടില്ല. മത്സ്യത്തൊഴിലാളികളെ സംബന്ധിച്ചിടത്തോളം ഒരു ദിവസം കടലിൽ പോയില്ലെങ്കിൽ അടുപ്പിൽ തീ പുകയുകയില്ല. ഇപ്പോൾ പലർക്കും അവരുടെ വീടുകളുമില്ല, വള്ളവും വലയും സൂക്ഷിക്കാൻ സ്ഥലവുമില്ല. വള്ളങ്ങളിൽ പോകുന്നവർ മത്സ്യബന്ധനം കഴിഞ്ഞു വരുമ്പോൾ മീൻ ലേലത്തിൽ കച്ചവടക്കാർക്ക് വിൽക്കുന്നത് വളരെ തുച്ഛമായ വിലയ്ക്കാണ്. വള്ളത്തിൽ പോകുന്ന തൊഴിലാളികൾക്ക് കിട്ടുന്നത് 500 രൂപയാണ്. ഹൈസ്ക്കൂൾ കഴിയുന്ന കുട്ടികൾക്ക് ഉപരിപഠനത്തിനു സഹായമില്ലാതെ വരുമ്പോൾ അപ്പന്റെകൂടെ കടലിൽ പോകയാണ് പതിവ്. വളരെ പരിതാപകരമായ അവസ്ഥയിലാണ് അവർ ജീവിക്കുന്നതെന്ന സത്യം നാം മനസ്സിലാക്കണം. അത് അവിടെ പോയി കണ്ടെങ്കിൽ മാത്രമേ മനസ്സിലാകൂ. "
"എന്നിട്ടും പ്രളയം വന്നപ്പോൾ ജീവൻ തൃണവൽഗണിച്ച്‌ ഇറങ്ങിയവരാണവർ. നാം എത്ര പെട്ടെന്നാണവരെ മറന്നത്! ഇപ്പോൾ അവർ രാജ്യദ്രോഹികളും വർഗ്ഗീയ തീവ്രവാദികളുമായി!  ഈ സമരത്തിന് ഒരു വർഗ്ഗീയ പരിവേഷം നൽകുന്നതെന്തിനാണ് പിള്ളേച്ചാ?"
"ഈ മത്സ്യത്തൊഴിലാളികളുടെ കഞ്ഞിയിൽ മണ്ണുവാരിയിട്ട് അവരുടെ ആവശ്യങ്ങൾ നിറവേറ്റാതെ കോടീശ്വരനു കുടപിടിക്കുന്നവർ ഈ സമരത്തെ വർഗീയവൽക്കരിക്കുന്നത് അപകടകരമാണ്. താത്ക്കാലികമായി ലാഭം ഉണ്ടായേക്കാം. എന്നാൽ അവർ തീക്കൊള്ളി കൊണ്ടു തല ചൊറിയുകയാണെന്നു മറക്കരുത്. ഇന്നിപ്പോൾ ഹിന്ദു ഐക്യവേദിയുടെ അദ്ധ്യക്ഷ ശശികല ടീച്ചറിന്റെ നേതൃത്വത്തിൽ അവിടെ റാലിക്കൊരുങ്ങുകയാണ്. കാര്യങ്ങൾ കൈവിട്ടു പോകാൻ വളരെ എളുപ്പമാണ്. മുഖ്യമന്ത്രി ആരുടെയോ ഉപദേശത്താൽ മൗനവൃത്തത്തിലും!"
"ഇതിൽ എന്തിനാണ് രാഷ്ട്രീയം?"
"ഇവിടെ ഒരു രാഷ്ട്രീയ ധ്രുവീകരണം നടക്കുന്നത് താൻ ശ്രദ്ധിച്ചോ? അത് നന്നായി"
"അതെന്താണ്?"
"എടോ, ബിജെപി യും സിപിഎമ്മും തമ്മിലുള്ള ഈ ഏകോപനം കുശാഗ്രബുദ്ധിയുള്ളവരുടെ സൃഷ്ടിയാണ്. ഇതിൽ നഷ്ടമുണ്ടാകുന്നത് ബിജെപി യ്ക്കാണ്. ഈയിടെയായി കേരളത്തിലെ ക്രൈസ്തവ സഭ ചില പ്രത്യേക സാഹചര്യങ്ങൾ കൊണ്ട്, അരിയും മലരും കുന്തിരിക്കവും വാങ്ങി വച്ചോളാൻ മുന്നറിയിപ്പു കിട്ടിക്കഴിഞ്ഞപ്പോൾ, ബിജെപി ക്യാമ്പിലേക്ക് അടുക്കുകയായിരുന്നു. ഈ സമരം അക്രമാസക്തമാക്കി വർഗ്ഗീയവത്ക്കരിച്ചാൽ ആ ബന്ധത്തിനു വിള്ളലിടാനാവും. അതിനു ചൂട്ടുപിടിച്ചാണ് ചില ബിജെപി നേതാക്കന്മാരുടെ പ്രസ്താവനകൾ എന്നതും ശ്രദ്ധേയമാണ്. അതുകൊണ്ടായിരിക്കണം കോൺഗ്രസ് സമരത്തിനെതിരായി വിമർശനം ഉയർത്താത്തത്.”
"പിന്നെ ഇത് പരിഹരിക്കാൻ എന്താണ് മാർഗം, പിള്ളേച്ചാ?"
”ഈ  പ്രശ്‌നം മുഖ്യമന്ത്രി വിചാരിച്ചാൽ പരിഹരിക്കാം. മത്സ്യത്തൊഴിലാളികൾക്ക് വേണ്ട പുനരധിവാസ പാക്കേജ് ആത്മാർഥമായി നടപ്പിലാക്കുമെന്നുറപ്പിക്കുക. തീരദേശത്തു തന്നെ അധിക ദൂരത്തല്ലാതെ അതിനുള്ള ക്രമീകരണങ്ങൾ ചെയ്യണം. മുഖ്യമന്ത്രി മുൻകൈ എടുക്കുന്നില്ലെങ്കിൽ കേന്ദ്രം നേരിട്ട് അതിനുള്ള തുക അനുവദിക്കുക. (മോദിജി ചോദിച്ചാൽ അദാനി തന്നെ ആ തുക കൊടുത്തേക്കും.) ഇവിടെ ബിജെപി ക്കു ഗോൾ അടിക്കുകയും ചെയ്യാം. എന്തായാലും സമരം വർഗ്ഗീയവത്ക്കരിക്കുന്നതു കേരളത്തിനു ഭൂഷണമല്ല."
"ഈ ക്രിസ്ത്യൻ പുരോഹിതന്മാർ ഇതിൽ വലിയ സ്വാധീനം നടത്തുന്നതല്ലേ പിള്ളേച്ചാ, വലിയ തടസമായി നിൽക്കുന്നത്?"
"എടോ, കടലിലെ തിരമാലകളോടു മല്ലിട്ടു ജീവിക്കുന്ന ഇവരെ ഒരു സമാധാന സമൂഹമായി സൂക്ഷിക്കുന്നത് ഈ പുരോഹിത വർഗമാണ്. ഇവരുടെ  വേദപാഠ ക്ളാസുകളിൽ പഠിപ്പിക്കുന്നത് സ്നേഹവും കരുതലുമാണ്, തീവ്രവാദമല്ല. ‘കാന്താര’യിലെ ഗുരുവയെപ്പോലെ പ്രവാചകനും രക്ഷകനുമായാണ് ഓരോ പുരോഹിതനെയും ഇവർ കാണുന്നതും ബഹുമാനിക്കുന്നതും. ഈ സമരം സമാധാനപരമായി ഇത്രയും കാലം നടന്നത് ഇവരുടെ സംയമനം കൊണ്ടാണ്. മറ്റു ചില വിഭാഗത്തിലുള്ളവരായിരുന്നു ഈ സമരം നടത്തിയിരുന്നതെങ്കിൽ എല്ലാ ആനുകൂല്യങ്ങളും എന്നേ നല്കിക്കഴിഞ്ഞേനെ! എന്തായാലും ഈ സമരത്തെ വർഗ്ഗീയവത്ക്കരിക്കുന്നത് തികച്ചും അപകടകരമാണ്."
"നമുക്കു പിന്നെ കാണാം പിള്ളേച്ചാ.”
"അങ്ങനെയാകട്ടെടോ."
_______

Vizhinjam: why communalize? Babu Parackal

Join WhatsApp News
Prakash 2022-11-30 17:16:34
പല പുതിയ അറിവുകളും നൽകുന്ന ലേഖനം. പല തെറ്റിദ്ധാരണകളും നീക്കുവാൻ ഇത് സഹായിച്ചു. രാഷ്ട്രീയമായി പല മേഖലകളിലേക്കും കടന്നു ചെന്നു പറയാതെ പറയുന്നു പല കാര്യങ്ങളും. ഇവർക്ക് വിദേശ സഹായം കിട്ടുന്നതിനെപ്പറ്റി ആരോപണമുണ്ടല്ലോ തെളിവുകളൊന്നുമില്ലെങ്കിലും. അതിനെപ്പറ്റി എന്താ ശ്രീ പാറയ്ക്കൽ മൗനം പാലിച്ചത്?
Moncy kodumon 2022-11-30 17:40:10
നല്ല നീതിപരമായ ലേഖനം നന്ദി പാവപ്പെട്ട ന് പാർപ്പിടവും ഭക്ഷണവും നൽകി അവരെ രക്ഷിച്ചിട്ടു മതി നമുക്ക് വികസനം എന്ന് ഓരോരു ത്തരും തിരുമാനിക്കുക അതാണ് മനുഷ്യത്വം .ഒരുത്തനെ പട്ടിണി പരുവത്തി ലാക്കി അവൻ്റെ കുടലിലും പൊളിച്ചിട്ട് മളിമാളിക യിൽ പട്ടുമെത്ത യിൽ സുഖിക്കുന്നത് പൈശാചികവും ക്രൂരത യുമാണ്. വികസനം ആവശ്യ മാണ് പക്ഷെ ഒരു വലിയ സൂഹത്തിൻ്റെ കഷ്ടത കാണാതെ വികസനം എന്തു വികസനം ഇവിടെ പാർട്ടി യോ മതമോ നോക്കണ്ടകാര്യമല്ല. കഷ്ടതയിൽ മനുഷ്യരെ രക്ഷിക്കുക അതാണ് കമ്മ്യൂണിസം. അതാണ് ഗൗരിഅമ്മയും നായനാരും എ.കെ.ജിയും നമുക്ക് പകർന്നു തന്ന പാഠങ്ങൾ
Babu Parackel 2022-12-01 18:30:48
ശ്രീ പ്രകാശ്, സമരസമിതി വിദേശപണം കൈപ്പറ്റുന്നതായി ബിജെപി യിലെയും സിപിഎമ്മിലെയും ന്യായീകരണ തൊഴിലാളികൾ ആരോപണം ഉന്നയിക്കുന്നുണ്ടെങ്കിലും പിണറായിക്കോ കേന്ദ്രത്തിനോ ഇതുവരെ തെളിവൊന്നും കണ്ടെത്താനായിട്ടില്ല. ഇത് വെറും ആരോപണം മാത്രമാണെന്നാണ് കാണുന്നത്. അതുകൊണ്ടാണ് അക്കാര്യം പരാമര്ശിക്കാതിരുന്നത്. പ്രകാശിനും മോൻസിക്കും നന്ദി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക