എന്റെ കഥ, ബാല്യകാല സ്മരണകൾ
നഷ്ടപ്പെട്ട നീലാംബരി, നീർമാതളം പൂത്തകാലം,
ചന്ദനമരം തുടങ്ങി
പ്രശസ്തങ്ങളായ ഒട്ടനേകം
കൃതികൾ മാധവിക്കുട്ടിയുടേതായി
മലയാളത്തിലും ഇംഗ്ളീഷിലുമായു
ളളപ്പോൾ എന്തുകൊണ്ടാണ് ബുധനിലാവ് എന്നു പേരുളള 59 ലേഖനങ്ങളടങ്ങിയ പുസ്തകം പരിചയപ്പെടുത്താൻ എടുത്തതെന്നു തോന്നിക്കൂടായ്കയില്ല.
ഏറെ തെറ്റിദ്ധരിക്കപ്പെട്ട ഒരെഴുത്തുകാരി, എഴുത്തിന്റെ കൊടുമുടി കീഴടക്കി, മലയാളിയുടെ
ഹൃദയത്തിവലേക്ക് അക്ഷരങ്ങളുടെ സ്നേഹമഴയായി പെയ്തിറങ്ങിക്കൊണ്ട്,
തന്റെ എഴുത്തിൽ നിറയെ സ്നേഹത്തിന്റെ ലോകം കൊണ്ടുവന്ന്,
ജീവതത്തിലേക്ക് പോക്കുവെയിൽ വീഴുന്ന
നേരത്ത് ഇത്തിരി സ്നേഹത്തിനായി നീറിപ്പിടഞ്ഞവൾ: മാധവിക്കുട്ടി, ആമി, കമലാദാസ്, സുരയ്യ....
മാധവിക്കുട്ടിയുടെ പിഞ്ഞിക്കീറിയ മനസ്സിന്റെ വിങ്ങലുകളാണ് ആത്മാംശം നിറഞ്ഞ ബുധനിലാവ് എന്ന ലേഖനങ്ങളിൽ നിഴലിടുന്നത്..
വ്യക്തിജീവിതത്തിലും, സാമൂഹ്യ ജീവിതത്തിലും
ഏറെ വിമർശിക്കപ്പെട്ട വ്യക്തിത്വം..
ഒന്നും ഒളിച്ചുവയ്ക്കാനറിയാത്ത മനസ്സിലുളളതു മുഴുവൻ തുറന്നുപറയുന്ന, എഴുതുന്ന ഈ വ്യക്തിത്വത്തിന്റെ, ഒരു ഡയറിക്കുറുപ്പുപോലെയാണ് ബുധനിലാവിലെ ലേഖനങ്ങൾ.
ചിരിയും ചിന്തയുമൊക്കെ
ജനിപ്പിക്കുന്ന, നുറുങ്ങു കവിതകൾ എന്നു വിശേഷിപ്പിക്കാവുന്നത്.
ചിന്തിക്കുമ്പോൾ ഓരോ നർമ്മങ്ങളിലും ഗൗരവം ഉറഞ്ഞുകൂടുന്ന ലേഖനങ്ങൾ..
.
വേലിയേറ്റങ്ങളേയും വേലിയിറക്കങ്ങളേയും ഭയക്കാത്ത, വെളിച്ചത്തിനേയും ഇരുട്ടിനേയും ഭയക്കാത്ത എഴുത്തുകാരി.. .
മാധവിക്കുട്ടിയുടെ എഴുത്തിന് സെൻസറിംഗ് ഇല്ലായിരുന്നു. കീറിമുറിക്കാൻ ഒരു പ്രസാദകനും ധൈര്യപ്പെടില്ലായിരുന്നു.
അവർ എഴുതുന്നത് അതേപടി അച്ചടിച്ചു വന്നതിന് മറ്റൊരു കാരണംകൂടിയുണ്ടായിരുന്നു. അവരുടെ പേനത്തുമ്പിൽ നിന്നടർന്നു വീഴുന്നത് ഭാഷയുടെ നിലയ്ക്കാത്ത ഒഴുക്കായിരുന്നു..
മാധവിക്കുട്ടിക്കു മാത്രം സ്വന്തമായ ഭാഷയുടെ ഒഴുക്ക്.
ജീവിതത്തിൽ അനിവാര്യമായ ചിലകാരണങ്ങളാൽ ചില വിവേകമില്ലായ്മ മനുഷ്യ സഹജമാണ്. മാധവിക്കുട്ടിക്കും അത്രയേ സംഭവിച്ചിട്ടുളളൂ...
എഴുത്തെപ്പോഴും ഭാവനയും, യാഥാർത്ഥ്യവും അനുഭവങ്ങളുമൊക്കെ
കൂടിക്കുഴഞ്ഞു വരുന്നതാണ്..
എഴുത്തിനെ എഴുത്തായി കാണാനും, ഭാവനയെ ഭാവനയായിക്കാണാനും ജീവിതത്തെ ജീവിതമായിക്കാണാനും
യാഥാസ്ഥിതികർ എന്നു കരുതുന്നവർക്കുപോലും കഴിയുന്നില്ലയെന്നതാണു വാസ്തവം ..
ജീവിത സായാഹ്നത്തോട് അടുത്തുകൊണ്ടിരുന്ന കാലയളവിൽ എഴുതിയ ആത്മകഥാംശമായ 59 ലേഖനങ്ങളും ഒരു തുറന്നെഴുത്തു
തന്നെയാണ്..
" ബുദ്ധിയും, സൗന്ദര്യവും, ഉന്നതവിദ്യാഭ്യാസവും, സ്വർണ്ണനിറവും, നുണക്കുഴികളും ഒരുത്തിയിൽ സമ്മേളിച്ചാൽ കാൽക്കാശിനുകൊളളാത്ത സാധാരണ
ക്കാർപോലും ഗ്രാമന്യങ്ങളായ പദപ്രയോഗങ്ങളിൽക്കൂടി അവരുടെ നൈരാശ്യം പ്രകടിപ്പിക്കുന്നുവെന്ന്
ഒരു ലേഖനത്തിൽ കുറിച്ചിട്ടിരിക്കുന്നു..
"ഞാൻ കനമുളള ഒരു പർവ്വതമാണെന്ന് ചിലനേരങ്ങളിൽ വിചാരിക്കും.
അല്ല; കാതോർത്താൽ തന്റെ അന്തർഭാഗത്ത്
ഒഴുകുന്ന വൻനദിയുടെ ഇരമ്പം കേൾക്കാം..
ഞാനൊരു ലോകമാണ്. സ്ത്രീശരീരം എന്നു തോന്നിപ്പിക്കുന്ന അജ്ഞാതജീവി..എന്റെ അന്ധത ബാധിച്ച കണ്ണുകളിൽ കണ്ണുനീർ
സന്ദർശകർ കാണും.. ഒപ്പം എന്റെ ചുണ്ടിൽ മന്ദസ്മിതവും.. ഇതാണ് എന്റെ പ്രകൃതം.. എന്നെ ആരും സ്നേഹിച്ചിട്ടില്ല..
ഞാൻ എന്റെ സ്നേഹത്തെ എണ്ണഭരണി കമഴ്ത്തി ഒഴുക്കിക്കളഞ്ഞു . നഷ്ടമായത് വെറും തൈലം..ഭരണി ഇന്നും എന്നിൽ അവശേഷിക്കുന്നു..."
മറ്റൊരു ലേഖനത്തിലെ വാചകങ്ങൾ..
"കുരുടിപ്പക്ഷി"യെന്ന ലേഖനത്തിൽ,
ജീവിതം ഒരു പൊട്ടിച്ചിരിയായിരിക്കുമെന്ന് ഒരിക്കൽ ഞാൻ വിശ്വസിച്ചു. ആജീവനാന്തം സ്നേഹിക്കപ്പെടുമെന്നും.
ഇന്ന് ഞാൻ ഏകാകിയാണ്. എന്റെ പ്രയത്നംകൊണ്ട് പ്രധാനപ്പട്ടതൊന്നും നേടാൻ കഴിഞ്ഞില്ല. കാറ്റിൽ ഞാൻ പറക്കുന്നു.
പ്രചണ്ഡമായ കടൽക്കാറ്റിൽ ഭയചകിതയായി..
ഞാനൊരു പക്ഷി, വാസസ്ഥലമായ മരം കാണുവാൻ ബുദ്ധിമുട്ടുന്ന പക്ഷി.."
"പ്രയോജനമില്ലാത്തതാണ് തന്റെ ജീവിതമെന്ന് ചിലനിമിഷങ്ങളിൽ തോന്നാറുണ്ട്. മക്കളെ പ്രസവിച്ചു, മുലയൂട്ടി വളർത്തി വലുതാക്കി, ഭർത്താവിനെ ആനന്ദിപ്പിച്ചു, ശുശ്രൂഷിച്ചു, ഒടുവിൽ അദ്ദേഹത്തിന്റെ മൃതശരീരം സ്വന്തം കൈകളാൽ കുളിപ്പിച്ചു പട്ടിൽ പൊതിഞ്ഞു..
ഇനി ഞാൻ എന്തിനു ജീവിക്കണം..!കഥകൾ എഴുതിക്കഴിഞ്ഞു, ഇനി ഒരു പ്ളോട്ടും ഓർമ്മയിൽ തെളിയുന്നില്ല.
ഒരനാവശ്യവസ്തുവായി
ശയ്യയിൽ അവശേഷിക്കുന്നു. മുടി നരച്ചു, മാംസപേശികൾ തളരുന്നു, ഒരിക്കലും ആഗ്രഹിക്കാത്ത വാർദ്ധക്യത്തിന്റെ ആലസ്യം എന്നെ കീഴടക്കുന്നു.. വിഷാദരോഗം പിടികൂടിയിരിക്കുന്നു. കാമനകൾ അടഞ്ഞുകഴിഞ്ഞു. വാതിലിനപ്പുറം ദൈവമുണ്ടാവുമോ എന്നെ സ്വീകരിക്കുവാൻ..
പ്രമേഹത്തിനും ഹൃദ്രോഗത്തിനും രക്തസമ്മർദ്ദത്തിനും മരന്നുകഴിക്കുന്നു. എന്റെ വ്രണപ്പെട്ട മനസ്സിനുംവേണ്ടേ മരുന്ന്..!"
"ഒരു വൃദ്ധയുടെ ആലസ്യം" എന്ന ലേഖനത്തിലേതാണ് ഈ വരികൾ..
"തന്റെ മരണം"
എന്ന ലേഖനത്തിൽ, രോഗമൊന്നും വലയ്ക്കാതെ, ഒരു സുപ്രഭാതത്തിൽ നിദ്രയിൽത്തന്നെ മരിക്കുവാനാണ് തന്റെ ആഗ്രഹം. അതുകൊണ്ടാണ് താൻ ഉറങ്ങുന്നതിനുമുൻപ് അലക്കിത്തേച്ച ഉടുപ്പുകളും, അടിവസ്ത്രങ്ങളും ധരിക്കുന്നത്. മയ്യത്തു ശുശ്രൂഷിക്കാൻ വരുന്നവർക്ക് എന്നോട് സ്വല്പമെങ്കിലും മതിപ്പുതോന്നണം....
തന്റെ മതം മാറ്റത്തേക്കുറിച്ചു ചെറിയ സൂചനകൾ മാത്രം..
"പബ്ളിസിറ്റിക്കുവേണ്ടി
ഞാൻ എന്തുംചെയ്യുമെന്ന ദുഷ്പേരുണ്ട്. മതം മാറിയതും അതിനുവേണ്ടി..
ആത്മഹത്യചെയ്യുന്നതും പബ്ളിസിറ്റിക്കുവേണ്ടിയോ..?
മതംമാറ്റത്തിനുളള ശിക്ഷ മരണമെങ്കിൽ അതുഞാൻ
നിസ്സങ്കോചം സ്വീകരിക്കും..
തന്റെ ഭാവി അളളാഹുതന്നെ
നിശ്ചയിക്കട്ടെ..താൻ പാലം കത്തിച്ചവളാണ്.
വണ്ടിയും കത്തിച്ചു. വിഗ്രഹവീഥിയിലൂടെ ഇനി നടക്കുകയില്ല. മടക്കയാത്ര വേണ്ടെന്നുവച്ച സ്വാധ്വി..തമ്പുരാന്റെ അരമനയിലേക്ക് വലതുകാൽവച്ചു കയറിയവൾ.. അദൃശ്യനായ പ്രപഞ്ചനാഥനോടുളള അപേക്ഷ, "അലഞ്ഞുതിരിഞ്ഞുനടന്ന ഒരു യാത്രികയാണു ഞാൻ.
എന്നെ ഉപേക്ഷിക്കരുത്.
മനുഷ്യനു മാത്രമേ മറവിയുണ്ടാവൂ.. മനുഷ്യൻ
മാത്രമേ സ്നേഹിക്കുന്നവരെ ഉപേക്ഷിക്കൂ.."
ഏറെ വിവാദമായ
"എന്റെ കഥ"യേക്കുറിച്ച്:
"എന്റെ കഥ ആത്മാവിന്റെ കഥയാണ്. ആ കഥയിൽ ശരീരം അപ്രസക്തമായ ഒരു ഭാഗം മാത്രം. അതു മനസ്സിലാക്കാനുളള പക്വതവേണം.
സുകുമാർ അഴീക്കോടിനേയും മാധവിക്കുട്ടിയേയും ചേർത്ത് ചില കഥകൾ പരന്നിരുന്നു..
"മൂഢലോകം"എന്ന ലേഖനത്തിൽ ഇതിനേക്കുറിച്ചു മാധവിക്കുട്ടി പറയുന്നത്, "അപകർഷതാബോധം ഉളളിൽ കൊണ്ടുനടക്കുന്ന ഒരാളുമായി പ്രേമബന്ധം സ്ഥാപിക്കരുത്..
അത്തരക്കാർ അകാരണമായി കോപിക്കും., ശകാരിക്കും, ഇണയുടെ ആത്മവിശ്വാസം കെടുത്തും..
ബൗദ്ധികമായി തുല്യതയുളള ഒരു ഇണയെ തിരഞ്ഞെടുത്താൽ ശകാരം കേൾക്കേണ്ടിവരില്ല.
ഞാൻ, കവിതയെ സ്നേഹിക്കുന്ന, തറവാടികളുടെ ഫലിതോക്തികൾ കേൾക്കാനിഷ്ടപ്പെടുന്നു."
തന്റെ പ്രണയത്തെക്കുറിച്ച്
മാധവിക്കുട്ടി പറയുന്നു.
" ഞാൻ മറ്റൊരാളിൽ അനുരക്തയാണ്. അതെന്റെ ഭാഗ്യവും നിർഭാഗ്യവുമായി ഞാൻ കരുതുന്നു..
ആഴമുളള ജലത്തിൽ കുളിക്കാനിറങ്ങുമ്പോൾ
വിരലിൽനിന്നൂർന്നു വീഴുന്ന മോതിരമാണു പ്രണയം..
പ്രണയം തോല്ക്കുന്ന ഒരു
ബിസിനസ്സ്. ഈ വ്യവഹാരംകൊണ്ട്
കാൽക്കാശു നേടിയവർ
ഈ ലോകത്തില്ല.."
ഒരു വ്യാഴവട്ടക്കാലം മുഴുവൻ കൊച്ചിയിൽ ജീവിച്ച മാധവിക്കുട്ടിക്ക്, കൊച്ചിക്കും
സ്വർഗ്ഗത്തിനും ഇടയിലെ
ഒരിടത്താവളമായി പൂനയിലേക്ക് പറിച്ചു
നടപ്പെട്ടിട്ട് അധികനാൾ ചെല്ലുംമുന്നേ മരണം സംഭവിച്ചു..
മാധവിക്കുട്ടിയേക്കുറിച്ചു മാധവിക്കുട്ടിതന്നെ വെളിപ്പെടുത്തുന്ന ചില സത്യങ്ങളാണ് "ബുധനിലാവിൽ"
പ്രതിഫലിക്കുന്ന ലേഖനങ്ങൾ....
REMANY AMMAL ON ARTICLES BY MADHAVIKUTTY - ' BUDHANILAAVE '