Image

മുഖമലക്കുകട (കിനാശ്ശേരിക്കാലം- റാണി ബി. മേനോന്‍)

Published on 01 December, 2022
 മുഖമലക്കുകട (കിനാശ്ശേരിക്കാലം- റാണി ബി. മേനോന്‍)

ലതിക റ്റീച്ചർ നന്നേ കറുത്തിട്ടായിരുന്നു. അതിലും ഒരു ഷേഡ് വെളുത്ത അമ്മായിയമ്മ, കമലാക്ഷിയമ്മ, മരുമകളെ ഇകഴ്ത്താൻ അത് ആയുധമാക്കി. കോംപ്ലക്സ് റ്റീച്ചർക്കുമുണ്ടായിരുന്നതിനാൽ കമലാക്ഷിയമ്മയ്ക്ക് വച്ചടി വച്ചടി കയറ്റമായിരുന്നൂ (വാക്) യുദ്ധത്തിൽ!
കസ്തൂരി മഞ്ഞളും, പാല്പാടയും എന്തിന് പ്ലാവിലയും കാന്താരിമുളകും, ആട്ടിൻ കാട്ടവും വരെ അരച്ചിടാൻ റ്റീച്ചർ റെഡിയായിരുന്നു, ഈ പൊല്ലാപ്പിൽ നിന്നും രക്ഷപ്പെടാൻ.

കറുപ്പു കൂടുന്നത് മെലാനിൻ കൂടുന്നതുകൊണ്ടാണെന്നും, എന്തെങ്കിലുമൊന്നിന്റെ ആധിക്യത്തിൻ്റെ പേരിൽ അപഹസിയ്ക്കപ്പെടുന്നത് ആദ്യമായി കേൾക്കുകയാണെന്നും മറുനാട്ടിൽ ജനിച്ചു വളർന്ന കോളേജദ്ധ്യാപികയായ വൈദേഹി മിസ് ലതിക റ്റീച്ചറെ സമാധാനിപ്പിച്ചു. 
"വല്ലാതെ ആക്രമണം കൂടിയാൽ പറയൂ റ്റീച്ചറെ, ഞങ്ങളുടെ രക്തത്തിൽ കലർപ്പൊന്നും വന്നിട്ടില്ലാ"ന്ന്.
വായ പൊളിച്ചു നിന്ന ലതികയോട് ചരിത്രാദ്ധ്യാപികയായ വൈദേഹി വിശദീകരിച്ചു.
നമ്മൾ ഭൂമദ്ധ്യരേഖാ പ്രദേശത്ത് ജീവിയ്ക്കുന്നവർ തണുപ്പു രാജ്യങ്ങളിലുള്ളവരേക്കാൾ കറുത്തവരായിരിയ്ക്കുന്നത്, നമ്മളിൽ മെലാനിൻ കൂടിയിട്ടാണ്. യൂറോപ്പിലുള്ളവരെല്ലാം തൊലി കറുപ്പിച്ചെടുക്കാൻ ബുദ്ധിമുട്ടുമ്പളാണ്..."
വൈദേഹി അർദ്ധോക്തിയിൽ നിറുത്തി. 
"രക്ത മഹിമയെ കുറിച്ചു പറഞ്ഞാൽ തള്ളയ്ക്ക് പൊള്ളിക്കോളും."
"എടോ, ഡാർവിൻ്റെ തിയറം താനും പഠിച്ചിട്ടില്ലേ, പിടിച്ചു നിൽക്കലാണ് പ്രധാനം, ഒടിഞ്ഞു വീഴലല്ല അതിന്, കുടുംബ മഹിമയ്ക്കെങ്കിൽ അതിന്, തള്ളയ്ക്ക് വിളിയെങ്കിലങ്ങനെ, താങ്ങിയേക്കണം. പിന്നെ വാ തുറക്കില്ല" കിനാശ്ശേരിയിലെ വരത്തരു പെണ്ണുങ്ങളും, ഉദ്യോഗസ്ഥകളും, സഹവഞ്ചി യാത്രികരും അതിനാൽ തന്നെ ലതിക റ്റീച്ചറിൻ്റെ  സുഹൃത്തുമായിരുന്ന
വൈദേഹി മിസ് ഉപസംഹരിച്ചു. അവർക്ക് വഴി പിരിയാനുള്ള ഇടമെത്തിയിരുന്നു.

അമ്മായിയമ്മയെ നേരിടാനുള്ള പടക്കോപ്പുകളൊരുക്കി മുന്നോട്ടു നടക്കവെ, മുറ്റമടിയ്ക്കാൻ വരുന്ന ജാനു കുറുകെ ചാടി. പല നാട്ടു വിശേഷങ്ങളും പറഞ്ഞ് കൂടെ നടക്കുന്നതിനിടയിൽ അവൾ പൊടുന്നനെ പറഞ്ഞു.
"റ്റീച്ചററിഞ്ഞോ, ആ തയ്യൽക്കാരൻ വാറുണ്ണ്യാപ്ലേടെ മര്വോള്, മൊകം അലക്കിക്കൊടുക്കണ കട തൊടങ്ങീണ്ടത്രേ"
മകൻ ജോലിക്കാരനായതിൽ പിന്നെ, വാറുണ്ണിയുടെ തയ്യൽ നിന്നിരുന്നു.
"വാറുണ്ണ്യാപ്ലേടെ ഒഴിഞ്ഞു കെടക്കണ കടമുറിയില്ലേ, കവലയിൽ? 
"അവ്ടെ"
"മൊഖം അലക്ക്വേ, നിയ്യ് എന്തൊക്ക്യാ ജാനൂ പറേണേ?"
"ഞാൻ കേട്ടതു പറഞ്ഞു. റ്റീച്ചർക്ക് വിശ്വസിക്കണ്ടങ്കീ വേണ്ടാ"
ജാനു ചുണ്ടുകൊട്ടി.
വീട്ടിലെത്തിയപ്പോൾ അമ്മായിയമ്മയുടെ നിറഞ്ഞ ചിരി. തള്ള ചിരിയ്ക്കുന്നുണ്ടല്ലോ, എന്തോ പാരയുണ്ടാവും എന്ന് വിചാരിച്ച് ഉമ്മറത്ത് ചെരുപ്പൂരിയിടുമ്പഴേ അകത്തു നിന്നും പാറപ്പുറത്ത് ചിരട്ടയിട്ടുരയ്ക്കും പോലുള്ള ശബ്ദം കേട്ടു.
ഓ! കൊച്ചു നാത്തൂനെത്തിയിട്ടുണ്ട്. ഇനി അവളുടെ താളത്തിനാവും വീടു തുള്ളുക. എത്ര ദിവസമുണ്ടോ എന്താേ പൊറുതി!
ആലോചിച്ചു കൊണ്ട് ഉള്ളിലേയ്ക്ക് കയറുമ്പാേൾ, മുടിയൊക്കെ ഉച്ചിയിൽ കെട്ടി പരിഷ്ക്കാരി റേഡിയോ കേട്ട് ഒപ്പം പാടുകയാണ്. നാത്തൂനെ കണ്ടപ്പോൾ ഒന്നുകൂടി പാട്ടിൻ്റെ ഒച്ച കൂട്ടി വച്ചു.

ഇവളെങ്ങിനെ വെളുത്തു, റ്റീച്ചർക്ക് നാത്തൂനെ കണ്ടപ്പോൾ അല്പം ശങ്ക തോന്നി. അമ്മായിയമ്മയെ തോല്പിയ്ക്കാൻ കുടുമ്മത്ത് മുന്നാരോ സായ്പ്പിനു പായ വിരിച്ചൂന്ന് പറഞ്ഞാൽ ക്ഷീണം തൻ്റെ ഭർത്താവിനും കൂടാണ്. അതു വേണ്ട. ലതിക സ്വയം പറഞ്ഞു.
''എന്തു വേണ്ടാന്ന്?"
അമ്മായിയമ്മ പിറകിൽ വന്നു നിന്നത് ലതിക കണ്ടില്ല.
"അല്ല, നളിനിയ്ക്ക് പാവയ്ക്ക ഇഷ്ടമല്ലല്ലൊ, അപ്പോ പാവയ്ക്ക തിയല് വയ്ക്കണ്ടാന്ന് പറയാര്ന്നൂ."
റ്റീച്ചർ വേഗം തലയൂരി.

ഊണിനിരിയ്ക്കുമ്പോൾ വീണ്ടും നിറം അവതരിച്ചു. നളിനിയുടെ നിറം വച്ചായി പിന്നത്തെ ചർച്ച.
"അത് അമ്മേ, ഹോസ്റ്റലിനടുത്ത് ഒരു ബ്യൂട്ടി പാർലറുണ്ട്."
നളിനി രഹസ്യം വെളിപ്പെടുത്തി. പെട്ടെന്ന് ജാനു പറഞ്ഞ 'മുഖമലക്കുന്ന കട' എന്താണെന്ന് റ്റീച്ചർക്ക് തെളിഞ്ഞു കത്തി.
"ഇവിടേം കവലേല് ബ്യൂട്ടി പാർലറ്ണ്ട്"
റ്റീച്ചർ ഗമയിൽ പറഞ്ഞു.
"എവ്ടെ"? രംഭ ആകാംക്ഷയോടെ ചോദിച്ചു.
വാറുണ്ണീടെ മരുമോള് തൊടങ്ങീണ്ട് ത്രേ!
അയാളുടെ തയ്യൽ കട അടച്ചൂല്ലോ.
ലതിക വിശദീകരിച്ചു.
"അത് നന്നായി. എനിയ്ക്ക് ഈ ആഴ്ച്ച പോവാൻ പറ്റിയില്ലായിരുന്നു. ഫേഷ്യലൊക്കെ ഉണ്ടോ എന്തോ?"
അതെന്തോ അത്യാവശ്യമുള്ള കാര്യമാണെന്ന പോലെ നളിനി തോളു വെട്ടിച്ചു കൊണ്ട്  മൊഴിഞ്ഞു.
"ആ!" "അതൊന്നുമെനിയ്ക്കറിയില്ല". ഫേഷ്യലെന്താണെന്ന് നാളെ വൈദേഹി മിസ്സിനോട് ചോദിച്ച് മനസ്സിലാക്കണം എന്ന് ലതിക മനസ്സിൽ കുറിച്ചിട്ടു. വാക്ക് രണ്ടു തവണ മനസ്സിലുരുവിട്ട് ഉറപ്പിച്ചു.
രണ്ടു ദിവസം അവധിയായതിനാൽ, ലതിക നാത്തൂൻ സൽക്കാര ഡ്യൂട്ടിയിലേയ്ക്ക് നിർബ്ബന്ധിതമായി നിയോഗിയ്ക്കപ്പെട്ടു. 

അതിനിടയിലാണ് മൂന്നാൻ കൃഷ്ണൻ ഒരു ആലോചനയുമായി കയറി വന്നത്.
പിറ്റേന്ന് പെണ്ണുകാണലും ഉറപ്പിച്ചു. 
"ഏതായാലും, പെങ്കുട്ടി ഇവിടേണ്ടല്ലോ, നാളന്നെ വരാമ്പറയാം" 
എന്നായി കൃഷ്ണൻ.
എന്നാൽ പിന്നെ ഞാനങ്ങോട്ട്.... കൃഷ്ണൻ തല ചൊറിഞ്ഞ വകയിൽ അമ്പതു രൂപ ലതികയുടെ പഴ്സിൽ നിന്നിറങ്ങിപ്പോയി.
വൈകുന്നേരം മുഖമലക്കു കടയിൽ പോയി വന്ന നളിനി രക്തം വാർന്ന് ഒരു പിശാചിനിയെ പോലെ കാണപ്പെട്ടു. ചെവിയും കഴുത്തും ഒരു നിറം, മുഖം വേറേ നിറം.....
ലതികയ്ക്ക് എന്തോ പന്തികേട് തോന്നി. വേണ്ട, തൻ്റെ അസൂയ കൊണ്ടാണെന്നു പറയും തള്ളയും മകളും.
രാത്രിയായപ്പോഴേയ്ക്കും നളിനിയ്ക്ക് ദേഹമാസകലം ചൊറിഞ്ഞു തടിയ്ക്കാൻ തുടങ്ങി. 
കമലാക്ഷിയമ്മ തേവരെ വിളിച്ചു കരയാനും തുടങ്ങി.
"മിണ്ടാണ്ട് ഒരു ഭാഗത്ത് അടങ്ങീരുന്നോളേണ്ടൂ"
പെണ്ണുങ്ങളുടെ വിളി വന്നാൽ ഇരിയ്ക്കപ്പൊറുതിയില്ലാത്ത തേവരെ നോക്കി പാറൂട്ടി കണ്ണുരുട്ടി!
"ന്നാലും ഒരു പെങ്കുട്ട്യല്ലേ, ന്താ താനിങ്ങനെ...." 
എന്നൊക്കെ ശ്രീഭൂതനാഥൻ വിക്കി വിക്കി പറയാൻ ശ്രമിച്ചെങ്കിലും, ദേവിയുടെ കണ്ണിലെ തീത്തിളക്കം കണ്ട് അതങ്ങ് പുറത്തേയ്ക്ക് വരികയുണ്ടായില്ല!

ലതിക നാട്ടുവൈദ്യം ചെയ്യാൻ കുറച്ച് ആര്യവേപ്പിലയും, മഞ്ഞളും അരച്ച് വെളിച്ചെണ്ണ കൂട്ടി തേച്ചുപിടിപ്പിച്ചു. അതോടെ ചൊറിച്ചിൽ അല്പം കുറഞ്ഞു.
പിറ്റേന്ന് പെണ്ണുകാണലിനു വന്നവർ കറുത്തും മഞ്ഞച്ചും, വെളുത്തും ചുവന്നും ഇരുന്ന പെണ്ണിനെ കണ്ട് ഒന്നും വിട്ടു പറയാതെ പടിയിറങ്ങിപ്പോയി.
"ത്വക് രോഗമുള്ള പെണ്ണിനെയാണോഡോ എൻ്റെ കൊച്ചന് കൊണ്ടുവന്നത്" എന്ന് കൃഷ്ണനെ ചെറുക്കൻ്റെ അമ്മാവൻ ചീത്ത വിളിച്ചതായി നാട്ടിൽ ശ്രുതി പരന്നു.
അതോടെ, വാറുണ്ണ്യാപ്ലേടെ മരുമോൾടെ മുഖമലക്കുകട പൂട്ടുകയും ചെയ്തുവത്രെ.

ഏതായാലും ലതിക റ്റീച്ചറിന് അമ്മായിയമ്മയുടെ പരിഹാസത്തിൽ നിന്നും രക്ഷ കിട്ടാനിത് കാരണമായി എന്നു പറയാതെ വയ്യ.

# kinasserikkalam-article by Rani B menon

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക