Image

ആയിരം പൂക്കള്‍ വിരിയട്ടെ (ലേഖനം: സാം നിലമ്പള്ളില്‍)

Published on 02 December, 2022
ആയിരം പൂക്കള്‍ വിരിയട്ടെ (ലേഖനം: സാം നിലമ്പള്ളില്‍)

ചൈനയില്‍ കമ്മ്യൂണിസ്റ്റുപാര്‍ട്ടി വിപ്‌ളവത്തിലൂടെ അധികാരം പിടിച്ചെടുത്തപ്പോള്‍ മാവോ സേതൂങ്ങ് പറഞ്ഞവാക്കുകളാണ് ആയിരം പുഷ്പങ്ങള്‍ വിരിയട്ടെയെന്ന്. മാവോ ഭരണംതുടങ്ങി വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ആയിരം പുഷ്പങ്ങള്‍ക്കുപകരം ആയിരംയുവാക്കളുടെ തലകളാണ് ടിയാന്‍മെന്‍ സ്‌ക്വയറില്‍ ഉരുണ്ടത്. കമ്മ്യൂണിസ്റ്റുഭരണത്തിന്റെ അടിച്ചമര്‍ത്തലില്‍ അസ്വസ്തരായ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികളായിരുന്നു അവിടെ തടിച്ചുകൂടിയവരില്‍ അധികവും. ടാങ്കുകളും മെഷീന്‍ഗണ്ണുകളും ഉപയോഗിച്ചായിരുന്നു ഭരണകൂടം നിരായുധരായ യുവജനങ്ങളെ നേരിട്ടത്. ലോകം ഞെട്ടലോടെകേട്ട വാര്‍ത്തയായിരുന്നു അത്. കമ്മ്യൂണിസ്റ്റുഭരണത്തിന്റെ നിഷ്ടൂരമായ കൂട്ടക്കൊലയില്‍ ഭയന്നുപോയ ചൈനീസ്ജനത പിന്നീട് ദശകങ്ങളോളം നിശബ്ദരായി കഴിയുകയായിരുന്നു. സ്വാതന്ത്യനിഷേധത്തിനും അടിച്ചമര്‍ത്തലുകള്‍ക്കും എതിരെ പ്രതിക്ഷേധിക്കാന്‍ അവര്‍ക്ക് ഭയമായിരുന്നു. ടിയാന്‍മെന്‍ എന്നവാക്കുപോലും ഉച്ചരിക്കാന്‍ ഭരണകൂടം ജനങ്ങളെ അനുവദിച്ചിരുന്നില്ല.

ടിയാന്‍മെന്‍ സ്‌ക്വയറില്‍ പ്രതിക്ഷേധവുമായി തടിച്ചുകൂടിയവര്‍ ഒരുകൂട്ടം വിദ്യര്‍ഥികളായിരുന്നെങ്കില്‍ ഇന്നിപ്പോള്‍ ഫാക്ട്ടറി തൊഴിലാളികളും വിദ്യര്‍ഥികളും കര്‍ഷകരും തെരുവിലിറങ്ങി ഷി ജിന്‍ പിങ്ങിന്റെ ഭരണത്തിനെതിരെ സമരംചെയ്യുന്ന വാര്‍ത്തകളാണ് കേള്‍ക്കുന്നത്. കര്‍ശ്ശനമായ കോവിഡ് ലോക്ഡൗണിനെതിരെയുള്ള പ്രതിക്ഷേധവുമായിട്ടാണ് ജനങ്ങള്‍ തെരുവില്‍ ഇറങ്ങിയതെങ്കിലും സമരമിപ്പോള്‍ ഗതിതിരിഞ്ഞ് ഭരണമാറ്റത്തിനുവേണ്ടിയും സ്വാതന്ത്ര്യത്തിനുവേണ്ടിയും ഉള്ളതായി മാറിയിരിക്കയാണ്. സമ്പത്തും സുഹസൗകര്യങ്ങളും വര്‍ദ്ധിച്ചാലും സ്വാതന്ത്ര്യമില്ലെങ്കില്‍ വ്യക്തിജീവിതം പൂര്‍ണ്ണമാകില്ല. അതിന്റെ ഉദാഹരണമാണ് ചൈനീസ്ജനതയുടെ അസ്വസ്തതക്ക് കാരണം. ജനസ്വാതന്ത്ര്യത്തെ അടച്ചമര്‍ത്തുന്ന സ്വേശ്ചാതിപതികള്‍ മനസിലാക്കേണ്ട വസ്തുതയാണിത്.

ചൈനീസ് ജനതയുടെ പ്രതിക്ഷേധം വിജയിക്കുമോ പരാജയപ്പെടുമോയെന്നുള്ളത് പ്രാധാന്യമുള്ളതല്ല. ടിയാന്‍മെന്‍ സ്‌ക്വയറില്‍ സംഭവിച്ചതുപോലെ ടാങ്കുകളും യന്ത്രതോക്കുകളും ഉപയോഗിച്ച് ഭരണകൂടം സമരത്തെ അടിച്ചമര്‍ത്തുമായിരിക്കും. പക്ഷേ, എല്ലാക്കാലത്തും സ്വാതന്ത്ര്യമോഹികളായ ഒരുജനതയെയും അടിച്ചമര്‍ത്താന്‍  സ്വേശ്ചാതിപതികള്‍ക്ക് സാധിക്കില്ല എന്നതാണ് ചരിത്രം പഠിപ്പിക്കുന്നത്. ഇതൊരു തുടക്കം മാത്രമാണ്. ഈ തീപ്പൊരി കെട്ടടങ്ങുകയില്ല. ഭാവിയില്‍ അത് ആളിക്കത്തും. അന്ന് ഷീ ജിന്‍ പിങ്ങിനോ അദ്ദേഹത്തിന്റെ പിന്‍ഗാമികള്‍ക്കോ പിടിച്ചുനില്‍കാനാകില്ല.

ലോകമിന്ന് മാറ്റത്തിന്റെ പാതയിലൂടെയാണ് സഞ്ചരിക്കുന്നത്. ഇറാനില്‍ റഷ്യയില്‍ മറ്റ് സ്വേശ്ചാതിപത്യരാജ്യങ്ങളില്‍ ജനങ്ങളുടെ അസ്വസ്തത പുകയുകയാണ്. ഇവിടെയെല്ലാം ഇന്നല്ലെങ്കില്‍ നാളെ പുതിയഭരണക്രമം ഉടലെടുക്കുമെന്നതില്‍ സംശയമില്ല. അതിന്റെ ഈറ്റുനോവാണ് ഇറാനില്‍ നടക്കുന്നത്. ഉക്രേന്‍യുദ്ധം റഷ്യ പരാജയപ്പെടുമെന്നതില്‍ സംശയമില്ല. ആ രാജ്യത്തിന്റെ നാശം പുടിന്റെ കൈകളിലൂടെ ആയിരിക്കും. ഈ രാജ്യങ്ങള്‍ പാരാജയപ്പെട്ടാല്‍ അവിടെ പുതിയഭരണക്രം ഉടലെടുത്താല്‍ ലോകംസമാധാനവും സന്തോഷവുംനിറഞ്ഞ ഒന്നായി മാറും. പുതിയ ആകാശവും പുതിയഭൂമിയും ഉണ്ടാകും. അന്നായിരിക്കും മാവോ പറഞ്ഞ പൂക്കള്‍ വിരിയുന്നത്.


സാം നിലമ്പള്ളില്‍.
samnilampallil@gmail.com

# Protesters for China - Essay by Sam nilampallil

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക