പിണറായി വിജയനും അമിത്ഷായും കൈകോര്‍ത്ത് വിഴിഞ്ഞത്ത് 'തീവ്രവാദികളെ' തിരയുകയാണ്. അവരത് തുടരട്ടെ! എന്താണ് വിഴിഞ്ഞത്തെ യഥാര്‍ത്ഥ യഥാര്‍ത്ഥ പ്രശ്‌നം? അതിജീവനത്തിനായുള്ള സമരങ്ങളെ എന്നു മുതലാണ് സി.പി.എം. തീവ്രവാദത്തിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്? ഡല്‍ഹിയിലും മഹാരാഷ്ട്രയിലും മറ്റു ഇടതുപക്ഷങ്ങള്‍ നടത്തിയ കര്‍ഷക സമരങ്ങളെ ബി.ജെ.പി. നേരിട്ടതും ഇതേ തീവ്രവാദം പറഞ്ഞു തന്നെയാണ്. മുണ്ടുടുത്ത മോദി കേരളത്തിലും അതു തന്നെ ഏറ്റു പറയുന്നു. രണ്ടുപേരും ഒരേ തൂവല്‍പക്ഷികള്‍!
വിഴിഞ്ഞത്തു തുറമുഖം പണി തുടങ്ങിയിട്ട് വര്‍ഷം ഏഴു പിന്നിട്ടു. അടുത്ത വര്‍ഷം പണി പൂര്‍ത്തിയാകും. ആദ്യമൊക്കെ ചെറിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നെങ്കില്‍ കൂടിയും, നാടിന്റെ വികസനത്തിനെ കരുതി, ലത്തീന്‍ സഭയും വിശ്വാസികളും പിന്നീട് അതിനെ അനുകൂലിക്കുകയാണ് ചെയ്തത്. സഭയുടെ പാരമ്പര്യവും അതു തന്നെയാണ്. 1962-ല്‍ തുമ്പയില്‍ റോക്കറ്റ് വിക്ഷേപണ കേന്ദ്രം തുടങ്ങുന്നതിനായി, വിക്രം സാരാഭായിയും, ഡോ.എ.പി.ജെ. അബ്ദുള്‍ കലാമും, കയറി ചെന്നത് നിങ്ങള്‍ ഇപ്പോള്‍ പറയുന്ന ഈ 'തീവ്രവാദികളുടെ' അരമനയിലേക്കാണ്. അന്നത്തെ ആര്‍ച്ച് ബിഷപ്പ് മാര്‍ പീറ്റര്‍ ബെര്‍ണാഡ് അവരെ രണ്ടു കൈ നീട്ടി സ്വീകരിക്കുകയും, നാട്ടുകാരുടെ അനുമതി വാങ്ങി നല്‍കുകയും ചെയ്തു. ആയിരത്തിലധികം കുടുംബങ്ങളെയാണ് അന്ന് കുടി ഒഴിപ്പിച്ചത്. കൂടാതെ തിരുവനന്തപുരം എയര്‍പോട്ടിനും, ട്രാവന്‍കൂര്‍ ടൈറ്റാനിയത്തിനു വേണ്ടിയും ഒക്കെ കുടിയിറക്കപ്പെട്ടവര്‍ ഇതേ ജനതയാണ്. അപ്പോള്‍ അവര്‍ വികസനത്തിന് എതിരാണ് എന്നു പറയുന്നതില്‍ കഴമ്പില്ല!
എന്താണ് ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക് കാരണം? കുടിയിറക്കപ്പെട്ടവര്‍ക്ക്, അവിടെ അടുത്തു തന്നെ, അവര്‍ക്ക് മത്സ്യബന്ധനത്തിനു പോകുവാന്‍ സാധിക്കുന്ന രീതിയില്‍ പുനരധിവാസം ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ വര്‍ഷം ഏഴു കഴിഞ്ഞിട്ടും നാനൂറോളം കുടുംബങ്ങള്‍ ഇന്നും ഒരു ഗോഡൗണില്‍, വെറും പത്തടി മാത്രം ഉയരത്തില്‍ ഷീറ്റു കൊണ്ടു മറച്ച കാമ്പിനുകളിലാണ്, കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെയുള്ള കുടുംബങ്ങള്‍ ജീവിക്കുന്നത്. ഓരോ കാബിനുകളും ഓരോ വീടുകളാണ്. ഒന്ന് എത്തി നോക്കിയാല്‍ അപ്പുറത്തെ വീട്ടിലെ (കാബിനിലെ) കാര്യങ്ങള്‍ കാണാന്‍ സാധിക്കും. ഒരു രഹസ്യം പോലും പറയാന്‍ പറ്റാത്ത അവസ്ഥ!!
വാതിലുകള്‍ ഇല്ലാത്ത പൊതു ടോയിലെറ്റുകള്‍! ഈ കുടുംബങ്ങള്‍ അവിടെ നരക യാതന അനുഭവിക്കുകയാണ്! ഒന്നോ-രണ്ടോ ആഴ്ചകള്‍ അല്ല, വര്‍ഷങ്ങള്‍.... ഇനിയും എത്ര വര്‍ഷങ്ങള്‍ അവര്‍ അവിടെ അങ്ങനെ കഴിയണം?
ഇവര്‍ക്കും സ്വകാര്യതയും, കുടുംബജീവിതവും, മനുഷ്യാവകാശങ്ങളുമൊന്നുമില്ലേ? സാമൂഹിക നീതി നിഷേധിക്കുമ്പോഴാണ് ജനം പ്രതികരിച്ചു തുടങ്ങുന്നത്. അവര്‍ ഒരു സമുദായത്തില്‍പ്പെട്ടവര്‍ ആയതുകൊണ്ടും, ജനപ്രതിനിധികളും സര്‍ക്കാരും വേണ്ടരീതിയില്‍ അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെടാതെ വന്നപ്പോഴുമാണ് സഭ ഇതില്‍ ഇടപ്പെട്ടത്. അടുത്ത വര്‍ഷം തുറമുഖ പണി തീരും. ഇപ്പോഴെങ്കിലും കുടിയിറക്കപ്പെട്ടവര്‍ പുനരധിവാസത്തിനായി മുറവിളി കൂട്ടിയില്ലെങ്കില്‍ പിന്നെ എപ്പോഴാണ് ചെയ്യേണ്ടത്?
ഇതില്‍ സംഘപരിവാറിന്റെ റോള്‍ എന്താണ്? അവിടെ കലാപമുണ്ടാക്കിയതിന്റെ പിന്നില്‍ സംഘപരിവാരത്തിന്റെ, ഇടപെടല്‍ ഇല്ലേ? സമരം ചെയ്തവരുടെ ഇടയില്‍ കയറി അവരെ മര്‍ദ്ദിച്ചപ്പോഴാണ് കാര്യങ്ങള്‍ കൈവിട്ടുപോയത്. ബി.ജെ.പി.യും, സംഘപരിവാരവും വിഴിഞ്ഞത്ത് ഇടപെടുന്നത് 'വികസനം' വരുന്നതുകൊണ്ടല്ല, മറിച്ച് ബി.ജെ.പി.യുടെ സാമ്പത്തിക സ്രോതസായ അദാനിക്ക് തടങ്ങള്‍ ഉണ്ടാകാതിരിക്കാനാണ്. ഒന്നാം മോദി സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ അദാനി ഒരു സാധാ ബിസിനസുകാരന്‍ മാത്രമായിരുന്നു. ഇന്ന് അയാള്‍ ഇന്‍ഡ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍!! ഇതെങ്ങനെ സംഭവിച്ചു എന്ന് മനസിലാക്കാന്‍ അധികം ആലോചിക്കേണ്ട കാര്യമില്ല. അദാനിയും കേന്ദ്ര സര്‍ക്കാരും തമ്മിലുള്ള 'കൂട്ടുകച്ചവട'ത്തിന്റെ ഫലമാണിത്! അപ്പോള്‍ അദാനിയെ സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ബി.ജെ.പി.ക്കുണ്ട്. എന്നാല്‍ സി.പി.എമ്മിന്, പ്രത്യേകിച്ച് പിണറായി വിജയന് അദാനിയെന്ന 'കുത്തക'യോടെന്തിനിത്രെ താല്‍പര്യം? അത് അന്വേഷിക്കുമ്പോഴാണ് ഒരു കാര്യം മനസിലാകുന്നത്!! പിണറായിക്ക് അമിത്ഷായിലേക്കും മോദിയിലേക്കുമുള്ള പാലമാണ് അദാനി, അതായത് ഇടനില!!! ലാവ്‌ലില്‍ കേസ് അനന്തമായി നീണ്ടുപോകുന്നതിന്റെ പിന്നിലെ രഹസ്യം ഊഹിക്കാവുന്നതേയുള്ളൂ!!
അതുകൊണ്ടാണ് തിരുവനന്തപുരത്ത് സി.പി.എം. ഉം ബി.ജെ.പി.യും, പ്രത്യയ ശാസ്ത്ര വ്യത്യാസങ്ങള്‍ മറന്ന്, വിഴിഞ്ഞത്തു നടക്കുന്ന അതി ജീവനത്തിനായുള്ള സമരത്തെ എതിര്‍ക്കുന്നത്. അദാനി ഇരുകൂട്ടര്‍ക്കും ഒരു പോലെ പ്രിയപ്പെട്ടവനാണ്. അങ്ങനെയാണ് രണ്ടുകൂട്ടരും ചേര്‍ന്ന് വിഴിഞ്ഞത്ത് 'തീവ്രവാദികളെ' അന്വേഷിച്ചിറങ്ങിയത്.
ജനങ്ങളുടെ, പ്രത്യേകിച്ച് സമൂഹത്തില്‍ അശരണവരായിട്ടുള്ളവരെ, ഭരണവര്‍ഗ്ഗം കാണാതേയും കേള്‍ക്കാതെയും പോകുമ്പോഴാണ് നാട്ടില്‍ അരാജകത്വം ഉണ്ടാകുന്നത്. കൊല്ലങ്ങളായി ഗോഡൗണില്‍ നരകയാതന അനുഭവിക്കുന്ന ഈ മനുഷ്യര്‍ക്ക് മാന്യമായ ജീവിത സാഹചര്യങ്ങള്‍ ഉണ്ടാക്കികൊടുത്താല്‍ തീരുന്ന 'തീവ്രവാദമേ' വിഴിഞ്ഞത്തുള്ളൂ!! അതിന് ജനങ്ങളോട് കരുണയും, പ്രതിപത്തിയുമുള്ള ഒരു സര്‍ക്കാര്‍ ഉണ്ടാകണം.
Who are the real 'terrorists' in vizhinjam