Image

മലയാളികളും യു.എ.ഇ എന്ന കൊച്ചു രാജ്യവും (ചിഞ്ചു തോമസ്)

Published on 02 December, 2022
മലയാളികളും യു.എ.ഇ എന്ന കൊച്ചു രാജ്യവും (ചിഞ്ചു തോമസ്)

കളഞ്ഞുകിട്ടിയ നാല്പത്തിയാറായിരം ദിർഹംസ്(പത്ത് ലക്ഷം രൂപക്ക് മുകളിൽ) തിരിച്ചേൽപ്പിച്ച്‌ മലയാളിയായ മലപ്പുറം വണ്ടൂർ സ്വദേശി നിഷാദ്.ദുബായിലെ ഒരു സൂപ്പർ മാർക്കറ്റിൽ ഡെലിവറി ബോയ് ആണ് നിഷാദ്.ദിർഹംസ് രണ്ട് എൻവലപ്പുകളിലായായിരുന്നു ഉണ്ടായിരുന്നത്. ഉടനെ പോലീസിനെ വിവരമറിയിച്ച നിഷാദ് ഒരാഴച്ചയോളം കാശിന്റെ ഉടമയെ കാത്തിരുന്നു.ആരും വരാതായപ്പോൾ നിഷാദ് തന്നെ ദിർഹംസ് വീണുകിട്ടിയ സ്ഥലത്തിന്റെ അടുത്തുള്ള കെട്ടിടങ്ങളിലുള്ള സെക്യൂരിറ്റിമാരോടൊക്കെ  സംസാരിച്ചു.ഒരു സെക്യൂരിറ്റി ഇങ്ങനെയൊരു പരാതി കിട്ടിയിട്ടുണ്ടെന്ന് നിഷാദിനെ അറിയിച്ചു.പിന്നെ ഉടമയെ കണ്ട് സംസാരിച്ചു.പണം തിരികെ ഏൽപ്പിച്ചു. നിഷാദിന്റെ സത്യസന്ധതയെ അഭിനന്ദിച്ചുകൊണ്ട് ദുബായ് പോലീസ് സർട്ടിഫിക്കറ്റ് നൽകി ആദരിച്ചു.  യു എ ഇ എന്ന കൊച്ചു രാജ്യത്തോടുള്ള  കൂറ് പുലർത്തുന്ന മലയാളികൾ എന്നും നമുക്ക് അഭിമാനമാണ്.

ദുബായിൽ ജോലിചെയ്യുന്ന ഭൂരിഭാഗം മലയാളികളും സാധാരണ ജോലി ചെയ്യുന്നവരാണ്. സൂപ്പർ മാർക്കറ്റിലെ ഡെലിവറി ബോയിയുടെ ശമ്പളം ആയിരം ദിർഹംസ് മുതൽ ആയിരത്തിഅഞ്ഞൂറ് ദിർഹംസ് വരെയാണ്. എന്നുവെച്ചാൽ ഇരുപത്തിരണ്ടായിരം രൂപ മുതൽ മുപ്പത്തിമൂവായിരം രൂപ വരെയാണ്. താമസവും ഭക്ഷണവും തൊഴിൽ ദാതാക്കൾ നൽകുന്നുണ്ട്. തരക്കേടില്ലാത്ത ശമ്പളം ഉള്ളവരാണല്ലോ ഇവർ എന്ന് ആദ്യം നമുക്ക് തോന്നാം. എന്നാൽ ഒരു രോഗം വന്നാൽ ഇവർ പെട്ടുപോയി. ആരോടും പണം കടം ചോദിക്കാനില്ല ഇവർക്ക് , ഉരളികൾ തമ്മിൽ തമ്മിൽ നോക്കി ഇരിക്കുകയല്ലാതെ.

അടിസ്ഥാന മെഡിക്കൽ ഇൻഷുറൻസ് മാത്രം ഉള്ള ഇവർക്ക് അതുകൊണ്ട് സാധാരണ പനിയോ ചുമയോ വന്നാൽ ചികിൽസിക്കാം എന്നല്ലാതെ അതിനപ്പുറമുള്ള അസുഖങ്ങൾക്കൊന്നും ചികിത്സയ്ക്ക് ഇൻഷുറൻസ് കിട്ടില്ല. ഇൻഫ്ലുൻസ ടെസ്റ്റ് ചെയ്ത് റിസൾട്ട് നെഗറ്റീവ് വന്നാലും ആ ടെസ്റ്റ് ന്   അത്രെ കൃത്യത ഒന്നുമില്ലെന്നും അത് ശെരിയാകണമെന്നില്ലന്നും , നിങ്ങളുടെ കൂടെ താമസിക്കുന്ന ആൾക്ക് ഇൻഫ്ലുൻസ ആയതുകൊണ്ടും നിങ്ങൾ ഇൻഫ്ലുൻസയുടെ ലക്ഷണങ്ങൾ കാണിക്കുന്നതുകൊണ്ടും , നിങ്ങൾ ഇൻഫ്ലുൻസയുടെ മരുന്ന് വാങ്ങി കഴിക്കണമെന്ന് ഒരു ഡോക്ടർ നിർദേശിച്ച പ്രകാരം ഒരു സാധാരണ ജോലിക്കാരൻ ഒരു മെഡിക്കൽ സ്റ്റോറിൽ ഇൻഫ്ലുൻസക്കുള്ള മരുന്ന് വാങ്ങാൻ വന്നു. അയാളോട് ഇൻഷുറൻസ് കിട്ടില്ല ഇൻഫ്ലുൻസ നെഗറ്റീവ് ആണ് എന്ന് ഫാർമസിസ്ററ് പറഞ്ഞു. മരുന്നിന് എത്രെയാണ് തുക എന്നയാൾ തിരക്കി.ഇരുന്നൂറ്റിഇരുപത് ദിർഹംസ് , അതായത് നാട്ടിലെ നാലായിരത്തിഎണ്ണൂറ് രൂപ ആയിരുന്നു തുക. ആയിരം ദിർഹംസ് ശമ്പളം വാങ്ങുന്നയാൾക്ക് ഇരുന്നൂറ്റിഇരുപത് ദിർഹംസ് ന് മരുന്ന് വാങ്ങികഴിക്കുവാൻ കഴിയുമോ ?
അയാൾ പനിച്ച്‌ വാടി ഇരിക്കുകയായിരുന്നു. മരുന്നുവേണ്ട എന്നയാൾ പറഞ്ഞിട്ട് വേച്ച് വേച്ച് നടന്നുപോയി.

ഒരിക്കൽ തലകറക്കവുമായി ഒരു മനുഷ്യൻ ഒഫ്ത്താൽമോളജിസ്റ്റിനെ( കണ്ണ് വിദഗ്ധ ) കാണാൻ ചെന്നു.അയാളുടെ കൂടെ ഒരാളും കൂട്ടിന് ഉണ്ടായിരുന്നു.ഞാനും മകനും കളിക്കുന്നതുകണ്ട്‌ അവരും ഞങ്ങളുടെ കൂടെ ചേർന്നു. അതിൽ ഒരാൾ മലയാളിയായിരുന്നു. അയാളാണ് കൂടെയുള്ളയാൾക്ക് ഇടയ്ക്ക് തലകറക്കം വന്ന് കാഴ്ച്ച പോകുന്നതുപോലെയാണ് എന്ന് പറഞ്ഞത്. ഒരു നേഴ്സ് അയാളോട് വന്ന് പറഞ്ഞു , ഡോക്ടർ പറഞ്ഞു നിങ്ങൾ അത്യാവശ്യമായി സ്കാൻ ചെയ്യണമെന്ന്. 

അയാൾ ചോദിച്ചു , സ്കാനിംഗ് ന് വല്യ ചിലവുള്ളതല്ലേ ! ഇൻഷുറൻസിൽ പെടില്ലല്ലോ ഇത് ? എത്രെയാകും ?

ആയിരത്തിഅഞ്ഞൂറ് ദിർഹംസ് എന്ന് നേഴ്സ് അല്പ്പം സങ്കടത്തോടെ പറഞ്ഞു. പക്ഷേ ഡോക്ടർ പറയുന്നു വളരെ പെട്ടെന്ന് സ്കാനിംഗ് ചെയ്തേലേ പറ്റൂ എന്ന്, നിങ്ങൾക്ക് അത് അത്യാവശ്യമാണ് എന്ന്.

സാരമില്ല എന്നയാൾ പറഞ്ഞിട്ട് എഴുന്നേറ്റു.

ഞാൻ ആ മലയാളിയോട് ഇനി എന്ത് ചെയ്യുമെന്ന് ചോദിച്ചു.

അയാൾക്ക്‌ അടുത്തുതന്നെ ലീവ് ഉണ്ടെന്നും അയാളുടെ നാട്ടിൽ പോയി സ്കാൻ ചെയ്യുകയല്ലാതെ വേറെ നിവൃത്തി ഇല്ലല്ലോ എന്നും അയാൾ പറഞ്ഞു.
ലീവ് കിട്ടുമോ എന്ന് ഞാൻ ചോദിച്ചു.
കിട്ടേണ്ടതാണ് എന്നയാൾ പറഞ്ഞു.

ഇങ്ങനെയുള്ള സാഹചര്യത്തിൽക്കൂടി ജീവിക്കുന്ന ആള് തന്നെയാണ് നാൽപ്പത്തിആറായിരം ദിർഹംസ് ഉടമയെ തിരിച്ചേൽപ്പിച്ച നിഷാദും. അതുകൊണ്ടുതന്നെ നിഷാദിനെ എത്രെ പ്രശംസിച്ചാലും മതിയാകില്ല.
.
നമ്മൾക്ക് ഒന്നും ചെയ്യാൻ കഴിയാതെ നോക്കി നിൽക്കാൻ മാത്രം വിധിക്കപ്പെട്ട നിമിഷങ്ങളുണ്ട്. ഒരുപാട്. അങ്ങനെ സ്വന്തം ജീവൻ നിസ്സാരമല്ലെങ്കിലും നിസ്സാരമാക്കപ്പെട്ട ജീവിതങ്ങളുണ്ട്. 
പല നാട്ടുകാരും പല മതസ്ഥരും ജീവിതമാർഗത്തിന് ആശ്രയം തേടി വരുന്ന കൊച്ചു രാജ്യമാണ് യു എ ഇ. അവനവന്റെ നാട്ടിൽ പട്ടിണി കിടക്കുന്നവർക്ക് യു എ ഇ ഭക്ഷണം തെരുന്ന നാടാണ്. അതുകൊണ്ടുതന്നെ ആ നാടിനോട് സ്നേഹവും കൂറും ആദരവുമേയുള്ളൂ.
എത്ര  കഷ്ട്ടപ്പാടിലും ബാങ്ക് വിളിക്കുന്ന സമയമാകുമ്പോൾ ജോലിസ്ഥലത്ത് ഒരു തുണി വിരിച്ച് അവിടെ മുട്ടുകുത്തി നിന്ന് പ്രാർത്ഥിക്കുന്ന മനുഷ്യരെക്കാണുമ്പോൾ അന്യമതസ്ഥർ അറിയാതെതന്നെ ദൈവത്തെ ഓർത്തുപോകും , സ്തുതിച്ചുപോകും.

യു എ ഇ ഇൽനിന്ന് കൊണ്ടുവന്നിട്ടുള്ള ഒരു മിട്ടായി എങ്കിലും തിന്നിട്ടില്ലാത്ത മലയാളികൾ ഉണ്ടാകില്ല. നിങ്ങൾ രുചിച്ച ആ മിട്ടായിക്ക് വിയർപ്പിന്റെയും കണ്ണീരിന്റെയും ഉപ്പുരസം കൂടി ഉണ്ട് എന്ന് ഓർമിപ്പിച്ചുകൊണ്ട് എല്ലാവർക്കും യു എ ഇ നാഷണൽ ഡേ ആശംസകൾ.

# UAE National Day article by Chinchu Thomas

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക