Image

തോറ്റുതരില്ല ഞാൻ! (വിജയ് സി. എച്ച് )

Published on 03 December, 2022
തോറ്റുതരില്ല ഞാൻ! (വിജയ് സി. എച്ച് )

ഡിസംബർ മൂന്നാം തീയതി വർഷം തോറും ലോക വികലാംഗ ദിനമെത്താറുണ്ട്. എന്നാൽ, ഇക്കുറിയത് കേരളത്തിനൊരു അവിസ്മരണീയ മുഹൂർത്തമാണ്. ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനത്തിനാണ് കെ. വി. റാബിയ എന്ന തിരൂരങ്ങാടി സ്വദേശിനിയെ പത്മശ്രീ പുരസ്കാരം നൽകി രാഷ്ട്രം ആദരിച്ചത്.  
നാൽപതു വർഷമായി ജീവിതം ചക്രകസേരയിൽ തളയ്ക്കപ്പെട്ട റാബിയയ്ക്ക് രാജ്യത്തിൻ്റെ തലസ്ഥാനത്തു പോയി രാഷ്ട്രപതിയിൽ നിന്ന് താൻ നേടിയ പുരസ്കാരം സ്വീകരിക്കാൻ കഴിയാത്തതിനാൽ, കേന്ദ്രസർക്കാർ നിർദ്ദേശമനുസരിച്ചു മലപ്പുറം ജില്ല കലക്ടർ വി. ആർ. പ്രേംകുമാറും, തിരൂരങ്ങാടി തഹസിൽദാർ പി. ഒ. സാദിഖും വെള്ളിലക്കാട് ഗ്രാമത്തിലുള്ള ഭവനത്തിലെത്തിയാണ് ദേശീയ അംഗീകാരം ജേതാവിന് കൈമാറിയത്. 
ദുര്യോഗത്താൽ പഠനം നിഷേധിക്കപ്പെട്ടൊരു വ്യക്തി സാക്ഷരതയുടെയും സാമൂഹ്യ സേവനത്തിൻ്റെയും യശസ്വിനിയായൊരു കാവലാളായി മാറുമ്പോൾ, നാലു പഠനാർഹമായ ഗ്രന്ഥങ്ങൾ രചിയ്ക്കുമ്പോൾ, ശാരീരിക വൈകല്യത്തിന് അവരുടെ നിശ്ചയദാർഢ്യം കണ്ടു മിഴിച്ചു നിൽക്കാനേ കഴിയൂ! മനസ്സ് എത്തുന്നിടത്ത് ശരീരമെത്തില്ലയെന്ന പഴമൊഴി ഇവിടെ അപ്രസക്തമാകുന്നു. 
പോളിയോ ബാധിച്ചു അരയ്ക്കു താഴെയും, ഒരു വീഴ്ച്ചയിൽ നെട്ടെല്ലിൻ്റെ കശേരുക്കൾ തകർന്ന് കഴുത്തിനു താഴെയും തളർന്നു, റിമോട്ട് കൺട്രോൾ ഉപയോഗിച്ചു ചലിപ്പിയ്ക്കുന്ന കട്ടിലിൽ കിടന്നു, "വിധിയേ, തോറ്റുതരില്ല ഞാൻ!" എന്ന് ഉച്ചത്തിൽ വളിച്ചു പറയുന്ന 'റാബിയാത്ത' ഈ ലോകത്തിനു തന്നെ പ്രചോദനമല്ലേ! ഇതാ അവരുടെ വാക്കുകൾ...  


🟥 'അൽഹംദിലുല്ലാഹ്!' 
പരീക്ഷണങ്ങളും വെല്ലുകളികളും തരണം ചെയ്തു, 57 വർഷം എൻ്റെ ശരീരത്തിൽ ജീവൻ നിലനിർത്തിപ്പോന്ന പടച്ച തമ്പുരാന് ആദ്യം നന്ദി പറയുന്നു. അൽഹംദിലുല്ലാഹ്! ഒരു സാധാരണക്കാരിയായ എന്നെ ദേശീയ തലത്തിൽ അംഗീകരിച്ചു, പത്മശ്രീ പുരസ്ക്കാരം നൽകിയ കേന്ദ്രസർക്കാറിനും, ഈ കൊച്ചു ഗ്രാമത്തിലെത്തി പത്മശ്രീ എനിയ്ക്കു കൈമാറിയ മലപ്പുറം ജില്ലാ കലക്ടർക്കും, ഒപ്പമെത്തിയ തിരൂരങ്ങാടി തഹസിർദാർക്കും കൃതഞ്ജതയുണ്ട്. ജില്ലാ കലക്ടർ എത്തിയത് രാഷ്ട്രപതിയെ പ്രതിനിധീകരിച്ചായതിനാൽ പ്രോട്ടോക്കോൾ പാലിക്കേണ്ടതുണ്ടായിരുന്നു. അതിനാലാണ് പുരസ്കാരദാന ചടങ്ങിന് മറ്റുള്ളവർക്ക് പങ്കെടുക്കാൻ കഴിയാതെ വന്നത്. എന്നിരുന്നാലും, ദേശീയ അംഗീകാരവുമായി രാഷ്‌ട്രത്തലവൻ്റെ പ്രതിനിധിയെത്തിയത് വെള്ളിലക്കാട് നിവാസികൾ ഓർക്കുന്നത് അഭിമാനപൂർവമാണ്. 
🟥 കോളേജ് പഠനം ഉപേക്ഷിച്ചു 
ജനിച്ചു വളർന്ന മലപ്പുറം ജില്ലയിലെ വെള്ളിലക്കാട് ഗ്രാമത്തിൽ നിന്ന് തിരൂരങ്ങാടിയിലുള്ള പോക്കർ സാഹിബ് മെമ്മോറിയൽ ഓർഫനേജ് (PSMO) കോളേജിലേയ്ക്ക് അധികം ദൂരമില്ലെങ്കിലും, യാത്ര ഒരു പ്രശ്നം തന്നെയായിരുന്നു. കാലുകളുടെ ശക്തി പോളിയോ കവർന്നെടുത്തിരുന്നതിനാൽ തുടർച്ചയായി നടക്കാൻ കഴിയുമായിരുന്നില്ല. അൽപം നടന്നാൽ സഹപാഠികളുടെയോ, പരിചയക്കാരുടെയോ വീടുകളിൽ വിശ്രമിക്കണം. കോളേജിൽ പോകുമ്പോഴും, തിരിച്ചു വരുമ്പോഴും ഇതായിരുന്നു സ്ഥിതി. വളരെ പാടുപെട്ടാണ് PSMO കോളേജിൽ പ്രീ-ഡിഗ്രി കോഴ്സ് പൂർത്തിയാക്കിയത്. സഹപാഠികളും, അദ്ധ്യാപകരും, കോളേജിലെ മറ്റു ജോലിക്കാരും തുണച്ചതുകൊണ്ടു മാത്രമാണ് അവിടെ രണ്ടു വർഷം പഠിയ്ക്കാനായത്. ഏഴാം ക്ലാസ്സു മുതൽ ഞാൻ സ്നേഹം കാണിയ്ക്കുന്നരെയെല്ലാം ബുദ്ധിമുട്ടിച്ചു. എൻ്റെ ജീവിത യാഥാർത്ഥ്യങ്ങൾ ഇതൊക്കെ ആയതിനാൽ ഡിഗ്രിയെടുക്കണമെന്ന മോഹം നടക്കില്ലെന്ന് തിരിച്ചറിഞ്ഞു. എന്നെ സഹായിക്കണമെന്ന് അപേക്ഷിച്ചു മറ്റുള്ളവരെ ശല്യപ്പെടുത്തുന്നതിനും ഒരു പരിതിയില്ലേ? 


🟥 ട്യൂഷൻ ക്ലാസ്സുകൾ ആരംഭിച്ചു 
പഠിപ്പു നിർത്തിയതിനുശേഷമെത്തിയ പത്തുപതിനാറു വർഷം ഞാൻ വീട്ടിൽ നിന്നു പുറത്തു പോയതേയില്ല. പുസ്തകങ്ങളായിരുന്നു കൂട്ടിന്. എനിനിയ്ക്കറിയാവുന്ന വിഷയങ്ങൾ കുട്ടികളെ അഭ്യസിപ്പിക്കുന്നത് എങ്ങനെയെന്നറിയാനും ഈ കാലം വിനിയോഗിച്ചു. വൈകാതെ സ്വകാര്യാദ്ധ്യാപനത്തിനായി ട്യൂഷൻ ക്ലാസ്സുകൾ ആരംഭിച്ചു. വീൽചെയറിൽ ഇരുന്നുകൊണ്ട് ഞാൻ സ്കൂൾ വിദ്യാർത്ഥികൾക്കും, പ്രീ-ഡിഗ്രിയ്ക്കു പഠിയ്ക്കുന്നവർക്കും ശിക്ഷണം നൽകി. പാവപ്പെട്ട കുട്ടികൾക്ക് ട്യൂഷൻ സൗജന്യമായിരുന്നു. ഞാൻ പഠിപ്പിച്ച കുട്ടികൾ സ്കൂളുകളിൽ മികച്ച നിലവാരം പുലർത്തുന്ന വിവരം നാട്ടിലുള്ളവർ അറിയാൻ തുടങ്ങിയപ്പോൾ, സ്കൂൾ അദ്ധ്യാപരും, രക്ഷിതാക്കളും, ബന്ധുക്കളും, അയൽക്കാരും, വെളിലോകം കാണാതെ ദീർഘകാലം വീട്ടിനകത്ത് അമർന്നിരുന്ന എന്നെ കാണാൻ എത്തിത്തുടങ്ങി. അവർ എന്നെ ബഹുമാനപൂർവം വിളിയ്ക്കാൻ തുടങ്ങിയ പേരാണ് 'റാബിയാത്ത'. 


🟥 വായന, എഴുത്ത്, അംഗീകാരങ്ങൾ 
ട്യൂഷനെടുത്തു കിട്ടുന്ന കാശുകൊണ്ട് കൂടുതൽ, കൂടുതൽ പുസ്തകങ്ങൾ ഞാൻ വാങ്ങി. സ്വയം ഉരുകിത്തീരുമ്പോഴും ചുറ്റുമുള്ളവർക്ക് പ്രഭ തൂകിയ മഹാന്മാരുടെ ജീവിതകഥകളാണ് എന്നെ ഏറ്റവും ആകർഷിച്ചിട്ടുള്ളത്. അത്തരം പുസ്തകങ്ങളാണ് എൻ്റെ ശേഖരത്തിൽ അധികവും. വായിച്ചും വായിപ്പിച്ചും ഞാൻ പൂർണ്ണമായും അക്ഷരങ്ങളുടെ ലോകത്തായി. എൻ്റെ സാക്ഷരതാ പ്രവർത്തനങ്ങളെ മാനിച്ചുകൊണ്ട് കേന്ദ്ര സർക്കാറിൻ്റെ ദേശീയ യുവ പുരസ്കാരവും, തുടർന്ന് സ്ത്രീശക്തി പുരസ്കാരവും എത്തിയപ്പോൾ, ഇങ്ങനെയൊരാൾ ഇവിടെ ജീവിച്ചിരുപ്പുണ്ടെന്ന് അറിയാത്തവരുമറിഞ്ഞു. JCI-യുടെ അന്താരാഷ്ട്ര പുരസ്കാരവും ഉടനെയെത്തി. സ്വാഭാവികം, പഞ്ചായത്ത് അധികൃതർ ഒന്നര കിലോമീറ്റർ നീളത്തിൽ എൻ്റെ വീട്ടിലേക്കൊരു റോഡു വെട്ടിയപ്പോൾ അതിന് 'അക്ഷരം' എന്ന് നാമകരണം ചെയ്തു. അക്ഷരങ്ങളുമായി റബിയാത്ത എത്രത്തോളം പ്രണയത്തിലാണെന്നറിയാൻ അവരുടെ പ്രഥമ പുസ്തകം 'അക്ഷരഹൃദയം' ഒന്നു മറിച്ചു നോക്കിയാൽ മതിയെന്ന് ആ പുസ്തകം വായിച്ചവരെല്ലാം പറയാറുണ്ട്. എനിയ്ക്കു പറയാനുള്ളതും, എൻ്റെ അനുഭവങ്ങളും പുസ്തക രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ഒടുവിലെഴുതിയ 'സ്വപ്നങ്ങൾക്ക് ചിറകുകളുണ്ട്' എന്ന പുസ്തകം പ്രശസ്ത സാഹിത്യകാരൻ പ്രൊ. സുകുമാർ അഴീക്കോടാണ് പ്രകാശനം ചെയ്തത്. അതിനു മുന്നെ എഴുതിയ പുസ്തകം 'റാബിയ അവളുടെ കഥ പറയുന്നു' അനുവാചകരെ ഇളക്കി മറിയ്ക്കുന്നൊരു വായനാനുഭവമാണെന്നാണ് നിരൂപകർ വിലയിരുത്തിയിരിക്കുന്നത്. പോളിയൊ മാറ്റിമറച്ച ജീവിതത്തിലെ വീർപ്പുമുട്ടലുകളാണ് അതിനു ശേഷമെഴുതിയ 'മൗനനൊമ്പരങ്ങൾ'.  


🟥 സാമൂഹിക പ്രവർത്തനങ്ങൾ 
റോഡ് എത്തിയപ്പോൾ വൈദ്യുതിയും, കുടിവെള്ളവും ഞങ്ങളുടെ ഗ്രാമത്തിലെത്തി. ഞാൻ കൂടുതൽ മനുഷ്യരുമായി ബന്ധപ്പെടാനും, അവരുടെ വേവലാതികൾക്ക് ചെവി കൊടുക്കാനും തുടങ്ങി. ക്രമേണ അത് സാമൂഹിക-സാംസ്കാരിക-സ്ത്രീ ശാക്തീകരണ പ്രവർത്തനങ്ങളായി പരിണമിച്ചു. ഗ്രാമീണ തലത്തിൽ തുടങ്ങിയ പ്രവർത്തനങ്ങൾ, ജില്ലാതലത്തിലേയ്ക്കും, സംസ്ഥാനമൊട്ടാകെയും പിന്നീട് വ്യാപിച്ചു. ബഹുമുഖമായ പ്രവർത്തനങ്ങൾക്ക് പ്രതീക്ഷിക്കാത്ത മേഖലകളിൽ നിന്നു പോലും പിന്തുണ ലഭിച്ചു. ഇതിൻ്റെയൊക്കെ ഫലമായാണ് 'ചലനം' എന്ന ഞങ്ങളുടെ സാമൂഹ്യ സേവന സംഘടനയ്ക്ക് നിരവധി നിരാലംബരായ മനുഷ്യർക്ക് ജീവിത പാതയിൽ പുത്തൻ ഉണർവ് നൽകാൻ സാധിച്ചത്. 
🟥 മുഖ്യധാരയിൽ ഇടമില്ലതെ 
ലോക ജനസംഖ്യയുടെ 15 ശതമാനമെങ്കിലും ഭിന്നശേഷിക്കാരാണെന്നാണ് റിപ്പോർട്ടുകൾ. 1992-ലാണ് ഡിസംബർ മൂന്ന് ലോക വികലാംഗ ദിനമായി ആചരിയ്ക്കാൻ ഐക്യരാഷ്ട്ര സഭ തീരുമാനിച്ചത്. ദേശീയ-അന്തർദേശീയ തലങ്ങളിൽ വികലാംഗരുടെയും അംഗവിഹീനരുടെയും അവകാശങ്ങളെക്കുറിച്ചു ബോധവൽകരണം നടത്താനും, ക്ഷേമ പദ്ധതികൾ നടപ്പിലാക്കാനും, സാമൂഹ്യ ജീവിതത്തിൽ ഭിന്നശേഷിക്കാരുടെ സജീവ പങ്കാളിത്തം ഉറപ്പു വരുത്താനുമാണ് ഈ ദിനം ആചരിയ്ക്കപ്പെടുന്നത്. അവശത അനുഭവിയ്ക്കുന്നവരുടെ അന്താരാഷ്ട്ര ദിനം. എന്നാൽ, 30 വർഷങ്ങൾക്കു ശേഷവും വികലാംഗരുടെ പ്രാഥമികമായ പ്രശ്നങ്ങൾ പലതും പരിഹരിക്കപ്പെട്ടിട്ടില്ലയെന്നത് നിർഭാഗ്യകരമാണ്. മുഖ്യധാരാ ജീവിതത്തിൽ ഇടം തേടാൻ കഴിയാതെ അലയുകയാണ് ഇന്നും ഭിന്നശേഷിക്കാർ. ഇതിനൊരു പരിഹാരമുണ്ടാക്കാൻ അധികൃതർ പ്രദേശിക-സംസ്ഥാന-ദേശീയ തലങ്ങളിൽ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. 

🟥 കരയുന്ന കുഞ്ഞിനേ പാലുള്ളൂ! 

കേരളത്തിലെ വികലാംഗ ക്ഷേമ പ്രവർത്തനങ്ങൾ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു മുന്നിലാണെങ്കിലും, ഇനിയും വഴിയേറെ താണ്ടേണ്ടതുണ്ട്. പഞ്ചായത്തുകളിലെ പദ്ധതിവിഹിതം വികലാംഗരുടെ ക്ഷേമത്തിനായി വിനിയോഗിക്കുന്നുണ്ടോയെന്ന്  സർക്കാർ ഉറപ്പു വരുത്തണം. വീടുകൾ നിർമ്മിക്കാനും, സ്വയംതൊഴിൽ കണ്ടെത്താനും നീക്കിവച്ച തുക ഇപ്പോഴും ലേപ്സായി പോകുന്നു. വികലാംഗരുടെ ആനുകൂല്യങ്ങൾ അനായാസേന ലഭ്യമാക്കാൻ  ഉദ്ദേശിച്ചുള്ള തിരിച്ചറിയൽ കാർഡു പോലും ലഭിയ്ക്കാത്തവരുണ്ട്. പെൻഷൻ, ഭവനവായ്പ, റെയിൽവേ-ബസ് യാത്ര ഇളവുകൾ മുതലായവ ലഭിയ്ക്കാൻ തിരിച്ചറിയൽ കാർഡ് നിർബന്ധമാണ്. കരയുന്ന കുഞ്ഞിനേ പാലുള്ളൂവെന്ന ചൊല്ല് ശരിയെന്നാണ് എൻ്റെ അനുഭവം തെളിയിക്കുന്നത്. ഞങ്ങളുടെ ഗ്രാമത്തിലേക്കൊരു റോഡ് നിർമ്മിക്കപ്പെട്ടതും, വൈദ്യുതിയും കുടിവെള്ളവുമെത്തിയതും നിരന്തരമായ ശ്രമങ്ങൾക്കൊടുവിലാണ്. 
🟥 ആരോഗ്യമുള്ളവർ കഴിയുന്നതെല്ലാം ചെയ്തുവോ? 
പൂർണ ആരോഗ്യവന്മാരായവരെല്ലാം താന്തങ്ങളുടെ കഴിവുകൾക്കനുസരിച്ച് നല്ല കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നമ്മുടെ സമൂഹത്തിൻ്റെ പുരോഗതി കുറച്ചു കൂടി ദ്രുതഗതിയിലാക്കാൻ കഴിയുമായിരുന്നു! എന്നാൽ, അംഗവൈകല്യമുള്ളവരും അംഗവിഹീനരും ചെയ്യുന്നത്ര പോലും ശാരീരിക പരിമിതികളൊന്നുമില്ലാത്ത ചിലർ ചെയ്തുകാണാത്തത് ഖേദകരമാണ്. ഇതിനർത്ഥം ഭിന്നശേഷിക്കാർ വലിയ കാര്യങ്ങൾ ചെയ്യുന്നുവെന്നല്ല, മറിച്ച് ഞങ്ങളേക്കാളേറെ കാര്യങ്ങൾ യുക്ത ശരീരാവസ്ഥയുള്ളവർ ചെയ്തുകാണാനുള്ള മോഹമാണ്. നൈസർഗികമായ കഴിവുകൾ ഒരുപോലെ എല്ലാവർക്കുമുണ്ടല്ലൊ! 


🟥 PSMO കോളേജിലെ പ്രസംഗം 
PSMO കോളേജിലെ പൂർവ വാദ്യാർത്ഥികളായ എന്നെയും, 2021-ൽ പത്മശ്രീ നേടിയ ബാലൻ പൂതേരിയെയും (കാഴ്ചശക്തിയില്ലെങ്കിലും നിരവധി പുസ്തകങ്ങൾ രചിച്ച പ്രതിഭ) അനുമോദിയ്ക്കാൻ മേനേജ്മെൻ്റ് ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അനുമോദന വാക്കുകൾക്കിടയിൽ പ്രിൻസിപെൽ പറഞ്ഞു, അര നൂറ്റാണ്ടിലേറെ കാലത്തെ ചരിത്രമുള്ള PSMO കോളേജിൻ്റെ ഔദ്യോഗിക വെബ്സൈറ്റു തുറന്നാൽ ഇനി മുതൽ ആദ്യം കാണുക റാബിയയുടെയും ബാലൻ പൂതേരിയുടെയും പടങ്ങളായിരിയ്ക്കുമെന്ന്! വളരെ സന്തോഷം തോന്നി. അസ്വാസ്ഥ്യങ്ങൾ ഏറെ സഹിച്ച് രണ്ടു വർഷം മാത്രമാണ് എനിയ്ക്കവിടെ പഠിയ്ക്കാൻ കഴിഞ്ഞത്. എന്നിട്ടും ഇങ്ങനെയൊരു പദവി ലഭിച്ചല്ലോ! സന്തോഷംകൊണ്ട് എൻ്റെ കണ്ണുകൾ നിറഞ്ഞൊഴുകി. നന്ദി പ്രകടിപ്പിച്ചുകൊണ്ട്, വീൽചെയറിൽ ഇരുന്നു ഞാൻ ഇത്തിരി മാത്രമേ സംസാരിച്ചുള്ളൂ. ബാലൻ പൂതേരി തൊട്ടടുത്ത് ഇരിയ്ക്കുന്നുണ്ടായിരുന്നു. അദ്ദേഹത്തിനും വേണ്ടി, ഓഡിറ്റോറിയത്തിൽ തിങ്ങിക്കൂടിയവരെ നോക്കി ഞാൻ ആദ്യം പറഞ്ഞ വാചകം, "നിങ്ങൾക്കുള്ളത് ഞങ്ങൾക്കില്ല, എന്നാൽ ഞങ്ങൾക്കുള്ളത് നിങ്ങൾക്കുമില്ല," എന്നാണ്! അഹന്ത കൊണ്ടല്ല ഞാനങ്ങനെ പറഞ്ഞത്. ഉദ്ദേശ്യം യുക്ത ശരീരാവസ്ഥയുള്ളവരെയും കൂടുതൽ പ്രവർത്തിയ്ക്കാൻ പ്രചോദിപ്പിക്കലായിരുന്നു. അവശതയും അനാഥത്വവും അനുഭവിയ്ക്കുന്നവർക്ക് ആരോഗ്യമുള്ളവർ പിന്തുണ നൽകണം. സമൂഹത്തിൽ നിന്ന് മാറ്റി നിർത്താൻ ശാരീരികമായ വൈകല്യം കാരണമാകരുത്. വൈകല്യമുള്ളവരിലും സർഗാത്മകമായ കഴിവുകളുണ്ടാകാം. അത് കണ്ടെത്തി പ്രോത്സാഹിപ്പിയ്ക്കണം. സമൂഹത്തിനു വേണ്ടി അവർക്കും പലതും ചെയ്യാൻ സാധിയ്ക്കുമെന്നും ഞാ൯ എടുത്തു പറഞ്ഞിരുന്നു. 


🟥 എല്ലാം തകർത്ത വീഴ്ച്ച 
മുപ്പത്തിയെട്ടാമത്തെ വയസ്സിൽ കുളിമുറിയിൽ ഞാൻ വഴുതി വീണു. നട്ടെല്ലിൻ്റെ മുകൾ ഭാഗത്തെ കശേരുക്കൾ അശേഷം തകർന്നു. സ്പൈനൽ കോഡിൻ്റെ അവസ്ഥ അതിനിർണ്ണായകമായി തുടരുന്നു. തലനാരിഴ പോലെ അതിസൂക്ഷ്‌മമായ ഒരു തന്തു മാത്രമാണ് സുഷുമ്നാകാണ്ഡത്തിൽ ഇപ്പോൾ എൻ്റെ ചലന ശേഷി നിലനിർത്തുന്നത്. 
🟥 കേൻസർ, കോവിഡ് മരണങ്ങൾ 
അതിനിടയിലാണ് അർബുദവും എന്നെ തേടിയെത്തിയത്. ഒരു സ്തനം നീക്കം ചെയ്യേണ്ടി വന്നു. കീമോ തെറാപ്പിയും പൊതു പ്രവർത്തനങ്ങളും ഞാൻ ഒരുമിച്ചു കൊണ്ടുപോയി. തിരക്കിലാകുമ്പോൾ ദുഃഖങ്ങളോർക്കാൻ സമയം കാണില്ലല്ലൊ. മരണ നിരക്ക് കാലൻ കൊറോണ ഏറ്റെടുത്ത മഹാമാരിക്കാലത്ത് കുടുംബത്തിലെ നാലു പേർക്ക് പ്രാണൻ നഷ്ടപ്പെട്ടു. അവരെല്ലാമായിരുന്നു എന്നെ ചുമലിലൂടെ താങ്ങിപ്പിടിച്ചു ചക്രകസേരയിലേയ്ക്കും, അതിൽ നിന്ന് തിരിച്ചു കട്ടിലിലേയ്ക്കും നടത്തിയിരുന്നത്. കുറച്ചു കാലമായി മൂത്രം ശേഖരിയ്ക്കുന്നതിനായി യൂറോബേഗും ശരീരത്തിൽ കെട്ടിത്തൂക്കിയിട്ടിട്ടുണ്ട്. കഴുത്തിൽ സെർവിക്കൽ കോളറുമുണ്ട്. കടന്നു പോകുന്ന നാളുകളിൽ വേദനയുടെ തീവ്ര രൂപം ഞാൻ അനുഭവിച്ചറിയുന്നു. പക്ഷെ, ഞാൻ തളരില്ല. വിധിയേ, തോറ്റുതരില്ല ഞാ൯! 

# Rabia Article by vijai CH
                                      

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക