Image

ആനിയുടെ പിസ, സണ്ണിയുടെ കാമറ, മിനിയാപൊളിസിൽ  നക്ഷത തിളക്കം  : (കുര്യൻ പാമ്പാടി)

കുര്യൻ പാമ്പാടി Published on 03 December, 2022
ആനിയുടെ പിസ, സണ്ണിയുടെ കാമറ, മിനിയാപൊളിസിൽ  നക്ഷത തിളക്കം  : (കുര്യൻ പാമ്പാടി)

മിനിയാപോളിസിൽ   പിസെറിയകൾ  തുറന്നു "അമേരിക്കയിലെ ഏറ്റവും സ്വാദിഷ്ടമായ പിസ നിർമ്മിക്കുന്ന ആൻ കിമ്മിനെ" ക്കുറിച്ചുള്ള നെറ്റ്ഫ്ലിക്സ്   ഡോക്കുമെന്ററി കണ്ടപ്പോൾ പെട്ടെന്ന് സണ്ണി അഗസ്റ്റിനെ ഓർമ്മിച്ചു പോയി. കാനൻ 3 ഡി മാക് 3 ക്യാമറയുമായി ആദ്ദേഹം മിനിയാപൊളിസിൽ നിന്ന് ഊരു ചുറ്റാൻ തുടങ്ങിയിട്ട് കാൽ നൂറ്റാണ്ടായി. ഇൻസ്റഗ്രാമിൽ സ്ഥിരം സാന്നിധ്യമുണ്ട്. 

(മിനിയാപോളിസിൽ പിസ ക്വീൻ ആൻ കിമിനോടൊപ്പം സണ്ണി, ജ്യോതി)

ദക്ഷിണ കൊറിയയിൽ നിന്ന് നാലാം വയസിൽ മാതാപിതാക്കളോടൊപ്പം  മിനസോട്ടയിലെ ആപ്പിൾ വാലിയിലേക്ക് കുടിയേറിയ ആൻ കിമ്മിന്റെ വളർച്ചയും തളർച്ചയും ഉയർത്തെഴുന്നേൽപ്പും  അമേരിക്കയിലെ മറ്റേതൊരു കുടിയേറ്റക്കാരന്റെയും കഥപോലെ ആരെയും രോമാഞ്ചം കൊള്ളിക്കുന്നതാണ്. 

ഇംഗ്ലീഷ് പഠിച്ച് നാട്ടുകാർക്കിടയിൽ സമ്മതി നേടുകയാണ്‌ ആൻ  ആദ്യം ചെയ്‌തത്‌. കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന്  ഇംഗ്ലീഷിൽ ബിരുദം നേടി, നാടകപ്രവർത്തകയായി. എട്ടു വർഷം മിനസോട്ടയിൽ നടിയായി  അരങ്ങേറിയശേഷമാണ് പാചകമാണ്‌ തന്റെ ഭാവിയെന്നു കണ്ടെത്തിയത്.  

സാൻഫ്രാൻസിസ്‌കോയിലെ ഇന്റർനാഷണൽ സ്‌കൂൾ ഓഫ് പിസയിൽ  ചേർന്നു  പഠിച്ചു. 2011ൽ ഭാവി ജീവിതപങ്കാളിയായ കോൺറാഡ്   ലെയ്‌ഫറുമായി  മിനിയപോളിസിൽ  ലോല എന്ന പിസേറിയ തുറന്നു. "അമേരിക്കയിലെ ഏറ്റവും നല്ല പിസ" എന്ന് ഫുഡ് ആൻഡ് വൈൻ മാസികയിൽ ആന്ദ്രേ സിമ്മാൻ  എഴുതിയതോടെ കിം-കോൺറാഡ് ടീമിന് അംഗീകാരമായി. 

പു തിയ ഷോപ്പുകൾ, പുതിയ അംഗീകാരങ്ങൾ, 2019ൽ ജെയിംസ് ബേർഡ് അവാർഡ്, പിന്നാലെ നെറ്റ്ഫ്ലിക്സിൽ ലോകത്തെ മികച്ച പിസ ഷെഫുകളെക്കുറിച്ചുള്ള ഡോക്കുമെന്ററി പരമ്പരയിൽ അവതരണം. ആൻ  കിം അപ്പോഴേക്കും  ലോകപ്രസിദ്ധയായി. 

പിസാഹട്ടും മക്ഡൊണാൾഡ്‌സും കെഎഫ് സിയും ഗിരീഷ്-നിഷ ടീമിന്റെ നാടൻ 'ഫേവറൈറ്റ് പിസ' യുമുള്ള കോട്ടയം പോലുള്ള ചെറിയ മുനിസിപ്പൽ ടൗണുകളിൽ പോലും ആൻ കിംമിന്റെ പേരും മുഖവും പരിചിതമായി. 

മിനിയാപോളിസിൽ  നിന്ന് കാമറയും തൂക്കി സണ്ണി അഗസ്റ്റിൻ കോട്ടയം കടുത്തുരുത്തി മാന്നാറിലെ വീട്ടിൽ അവധിക്കു എത്തുന്നത് അപ്പോഴാണ്. വരവിനുള്ള പ്രധാന കാരണം ഒറീസയിലെ  പുരിയിൽ നിന്നെത്തിയ  സഹോദരൻ  ഫാ പീറ്റർ എസ്‌വിഡി, സഹോദരിമാർ  സിസ്റ്റർ പ്രിയ ഒഎസ്‌ബി, സിസ്റ്റർ ജോവിറ്റ എഫ്എസ്എംഎ എന്നിവരുടെ സംയുക്ത വ്രത വാഗ്ദാന ജൂബിലിയിൽ പങ്കെടുക്കുക. 

(ജൂബിലി ഘോഷിച്ച സഹോദരങ്ങൾക്കൊപ്പം--ഫാ. പീറ്റർ, സിസ്റ്റർമാർ പ്രിയ, ജോവിറ്റ, സണ്ണി)

സണ്ണിയുടെ ഭാര്യ ജ്യോതി വർക്കി പോളിമർ സയൻസിൽ ഡോക്ട്രേറ്റ് എടുത്ത മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ കാംപസിൽ ഞങ്ങൾ കണ്ടുമുട്ടി. ജ്യോതിയുടെ  ഗൈഡ് ആയിരുന്ന വൈസ് ചാൻസലർ സാബു തോമസിനെ കാണാൻ ആഗ്രഹിച്ചു. പക്ഷെ അദ്ദേഹം കെയ്‌റോയിൽ പോയിരുന്നതിനാൽ കഴിഞ്ഞില്ല. മടങ്ങിവന്നപ്പോൾ ഞാൻ അദ്ദേഹത്തെ വിളിച്ചു. "ഓ ജ്യോതി, എന്റെ പ്രിയപ്പെട്ട സ്റ്റുഡന്റ്. അവർ ഒറിഗണിൽ ആയിരുന്ന കാലത്തു ഞാനവിടെ പോയിരുന്നു. ജ്യോതിയെ കാണുകയും ചെയ്തു,"  അദ്ദേഹം പറഞ്ഞു.    

സണ്ണിയും ജ്യോതിയും അമേരിക്കയിൽ  എത്തിയിട്ട് കാൽനൂറ്റാണ്ടു ആയിരിക്കുന്നു.  ജ്യോതി ആദ്യത്തെ പോസ്റ്റ് ഡോക്ടറൽ ചെയ്ത ഒഹായോ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ തുടക്കം.  യൂജിനിലെ ഒറിഗൺ യുണിവേഴ് സിറ്റിയിൽ  രണ്ടാമത്തെ പോസ്റ്റ് ഡോക്ടറൽ ചെയ്തു. മൂന്നാമത്തെ പോസ്റ്റ് ഡോക്ടറലിന് അവസരം കിട്ടിയ മിനിയാപോളിസിൽ അവർ സ്ഥിരതാമസമാക്കി. 

(സണ്ണി, ജ്യോതി, സിതാര, നെവിൻ ഹവായി സെൻ ക്ഷേത്രത്തിനു മുമ്പിൽ)

വംശവെറിയെന്നു വ്യാഖ്യാനിക്കപ്പെടുന്ന ഒരു സംഭവം അരങ്ങേറിയ നഗരമാണ് മിനിയാപോളിസ്. ജോർജ്  ഫ്ലോയ്‌ഡ്‌ എന്ന കറുത്ത വംശജനെ കഴുത്ത് ഞെരുക്കി കൊലപ്പെടുത്തിയതിനു ഡെറക് ഷോവിൻ എന്ന വെള്ളക്കാരനായ പോലീസ്‌കാരൻ  അറസ്റ്റിലായി ശിക്ഷിക്കപ്പെട്ടു. പക്ഷെ ഇന്നവിധം ശാന്തമാണ്. 

മിനിയാപോളിസിൽ ലാബ് കോർപ്  എന്ന സ്ഥാപനത്തിൽ  ടോക്‌സിക്കോളജിസ്റ് ആണു സണ്ണി. ജ്യോതി അവിടെത്തന്നെ  മാസ്റ്റർ ബിൽഡേഴ്‌സ് സൊല്യൂഷൻസ് എന്ന ജർമ്മൻ സ്ഥാപനത്തിൽ  ഗവേഷണ വിഭാഗം   മാനേജർ.  രണ്ടു മക്കൾ--മെഡിസിൻ ചെയ്യുന്ന സിതാര, പ്ലസ് വണ്ണിന് പഠിക്കുന്ന എവിൻ. 

കടുത്തുരുത്തി  മാന്നാറിൽ കർഷകനായ  വട്ടശ്ശേരിൽ വിഎം അഗസ്റ്റിന്റെയും ഹെഡ്മിസ്ട്രസ് ത്രേസ്യയുടെയും പത്തുമക്കളിൽ ഒരാളാണ് സണ്ണി. അഞ്ചാണും അഞ്ചു പെണ്ണും. ഡാലസിൽ ജീവിക്കുന്ന റോസമ്മയാണ് ഒരു സഹോദരി. 

(കടലോളം വരുന്ന കായൽ ലേക് സുപ്പീരിയർ)

വൈവിദ്ധ്യം നിറഞ്ഞതാണ്‌ സണ്ണിയുടെ പഠന, ഗവേഷണ താല്പര്യങ്ങൾ. മൈസൂരിലെ സെന്റ് ഫിലോമിനാസ് കോളജിൽ പഠിച്ചു മൈസൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് ബയോളജിയിൽ  ബിഎസ്സി. മധ്യപ്രദേശ് ഇൻഡോറിലെ റാണി അഹില്യാ വിശ്വ വിദ്യാലയത്തിൽ നിന്ന് എൻവിറോണ്മെന്റൽ  ബയോളജിയിൽ എംഎസ്സി, പിഎച്ച്ഡി. ഒറിഗണിൽ  നിന്ന് അമേരിക്കൻ സാഹിത്യത്തിൽ  സ്പെഷ്യലൈസ്  ചെയ്തു  മാസ്റ്റേഴ്‌സ്. 

മധ്യപ്രദേശിലെ മൗവിൽ ആർമി സ്‌കൂളിൽ ബയോളജി  വകുപ്പ് മേധാവിയായിട്ടായിരുന്നു തുടക്കം. കൂത്തു പറമ്പ് നിർമ്മലഗിരി, അഞ്ചൽ സെന്റ് ജോൺസ്, തിരുവനന്തപുരം മാർ ഇവാനിയോസ്  കോളജ്‌കളിൽ  അധ്യാപകനായി.  1997ൽ ജ്യോതിയെ വിവാഹം  ചെയ്തു ഒഹായോയിലേക്കു പോയി.  

ജോലി വേറെ പ്രണയം വേറെ. പ്രകൃതിയോടും പക്ഷിമൃഗജാലങ്ങളോടും സസ്യലതാതികളോടുമുള്ള ആഭിമുഖ്യം വളർന്നു കാമറയുമായി ദേശാടനം ചെയ്യുകയാണ് സണ്ണിയുടെ 'പാഷൻ'. ലോകത്തിൽ ഒരുപാട് മേഖലകളിൽ ചുറ്റി സഞ്ചരിച്ചു. നാഷണൽ പാർക്കുകളിൽ തപസിരുന്നു. അങ്ങിനെ സംഭരിച്ച നാലായിര ത്തോളം ചിത്രങ്ങളിൽ നല്ലൊരു പങ്കു ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യുകയും തെരഞ്ഞെടുത്ത നാല്പതോളം ചിത്രങ്ങളുടെ സഞ്ചയം അച്ചടിച്ചിറക്കുകയൂം ചെയ്തു. 

(സണ്ണിയുടെ ഇൻസ്റ്റഗ്രാം ചിത്രം ഇലപൊഴിയും കാലം:)

പ്രകൃതി, ജീവശാസ്ത്രം, പരിസ്‌തിഥി, പരിസ്ഥിതി മലിനീകരണം തുടങ്ങിയവയെപ്പറ്റി  ശാസ്ത്രീയമായി പഠിക്കുകയും നിതാന്ത ജാഗ്രത പുലർത്തുകയും ചെയ്യുന്ന ഒരു പ്രകൃത്യുപാസകൻ ആണ് സണ്ണി. ആ നിലക്ക് പ്രകൃതിയുടെ വിവിധ ഭാവങ്ങൾ കാമറയിൽ പകർത്തുന്നത് ഒരു തപസ്യ പോലെ സ്വീകരിച്ച ആൾ കൂടിയാണ്. അതുകൊണ്ടു അദ്ദേഹത്തിന്റെ ചിത്രങ്ങൾക്ക് അപൂർവമായ അർത്ഥ തലങ്ങൾ ഉണ്ട്.   

ഹൈദരാബാദും സെക്കന്ദരാബാദും പോലെ ഒരു നദിക്കു അക്കരയ്ക്കരെയുള്ള രണ്ടു നഗരങ്ങളാണ്   മിനിയാപോളിസും സെന്റ് പോളും.  മിനസോട്ടക്കു കേരളത്തിന്റെ ആറിരട്ടി വലിപ്പം, ആറിലൊന്നു ജനം. ട്വിൻ സിറ്റിയിൽ  രണ്ടിടത്തും കൂടി വിദ്യാർഥികൾ അടക്കം അഞ്ഞൂറ് മലയാളി കുടുംബങ്ങൾ എങ്കിലുമുണ്ട്. ഓണത്തിനും ക്രിസ്മസിനും എല്ലാവരും ഒന്നിച്ചുകൂടി ആഘോഷിക്കും. 

(മലയാളി ഓണാഘോഷം; ഭാരവാഹികൾ മനോജ്, കവിത, സജിത്ത്, സുജിത്)

മലയാളി അസോസിയേഷൻ ചടങ്ങുകളുടെ അവിഭാജ്യ സാന്നിധ്യമാണ് സണ്ണിയും അദ്ദേഹത്തിന്റെ കാമറയും. ഏഷ്യാനെറ്റിന്റെ മിനിയാപോളിസ് ആസ്ഥാനമാക്കിയുള്ള  മിഡ് വെസ്റ്റ് അമേരിക്കൻ പ്രോഗാമുകൾക്കു കാമറ ചലിപ്പിക്കുന്നതും സണ്ണിയാണ്. 

എംഎംഎ എന്ന മിനസോട്ട മലയാളി അസോസിയേഷൻ മൂന്ന് പതിറ്റാണ്ടോളമായി സജീവമാണ്. യേശുദാസിന്റെ കച്ചേരിയും ശോഭനയുടെ നൃത്തവും മേജർസെറ്റ് കഥകളിയുമൊക്കെ സംഘടിപ്പിച്ചിട്ടുണ്ട്. സംഘടനയുടെ ശ്രമഫലമായി ഇക്കഴിഞ്ഞ നവംബർ ഒന്നിന് കേരള പ്പിറവിദിനമായി മിനിയാപ്പൊളിസ് നഗരം പ്രഖ്യാപിച്ചു. നടി ദിവ്യ ഉണ്ണി പങ്കെടുത്ത ചടങ്ങിൽ ലഫ്. ഗവർണർ പെഗ്ഗി ഫ്ളാനഗൻ ആണ് പ്രഖ്യാപനം നടത്തിയത്. 

മനോജ് പ്രഭുവാണ് സംഘടനയുടെ ഇപ്പോഴത്തെ പ്രസിഡന്റ്. കവിത തോമസ് വൈസ്  പ്രസിഡന്റ്,  സജിത്ത് പദ് മജ സെക്രട്ടറി, സുജിത് കുറുപ് ട്രഷറർ. 

ജ്യോതിയുടെ ഏക സഹോദരൻ ജിയോ 9/11 ദുരിതം നടക്കുമ്പോൾ മൻഹാറ്റനിലെ വേൾഡ് ട്രേഡ് സെന്ററിൽ ലീമാണ് ബ്രദേഴ്‌സിൽ ജോലിചെയ്‌തിരുന്നു. തലനാരിഴക്ക് രക്ഷപെട്ടു. ഇപ്പോൾ കാലിഫോർണിയയിലാണ്. ഏക സഹോദരി ഡോ. ജയ വർക്കി എറണാകുളം സെന്റ് തെരേസാസിൽ കെമിസ്ട്രി പ്രൊഫസർ. മികച്ച അദ്ധ്യാപികക്കുള്ള ബർക് മാൻസ് പുരസ്കാരം നേടി. 

(ജ്യോതിയുടെ കുടുംബം-ടിവി വർക്കി, ലീലമ്മ, ജ്യോതി, ജയ, ജിയോ)

പിതാവ് റിട്ട. പ്രൊഫസർ ടി. വി. വർക്കി എരിവുള്ള ഹാസ്യത്തോടെ സമൂഹത്തെ അപഗ്രഥിക്കുന്ന കഥാകാരൻ ആണ്. മലയാളത്തിലും ഇംഗ്ലീഷിലും നോവലുകൾ എഴുതി.  അദ്ദേഹത്തിന്റെ സൂര്യന്റെ മരണം രാജീവ്നാഥ് സിനിമയാക്കി സംസ്ഥാന അവാർഡ് നേടി.  കേളി ഭരതന്റെ സംവിധാനത്തിൽ ചലച്ചിത്രമായി. മാഞ്ഞുപോകുന്ന തലമുറകൾ ദി വാനിഷിംഗ്‌  ജനറേഷൻസ് എന്ന പേരിൽ ട്രാൻക്വിബാർ പ്രസിദ്ധീകരിച്ചു. 

(പ്രൊഫ. വർക്കിയുടെ ഇംഗ്ലീഷ് നോവലുകൾ)

പ്രൊഫ വർക്കിയുടെ ഇളയ സഹോദരൻ ഡോ. ടി വി പോൾ  കാനഡയിൽ മക് ഗിൽ യൂണിവേസിറ്റിയിൽ ജെയിംസ് മക് ഗിൽ പ്രൊഫസറും രാഷ്ട്രീയ കമന്റേറ്ററും എഴുത്തുകാരനും ആണ്.  എംജി യൂണിവേഴ്സിറ്റിയിൽ പഠിച്ച അദ്ദേഹം അവിടെ കെപിഎസ്  മേനോൻ വിസിറ്റിംഗ് ചെയർ ആയിരുന്നു. ഓക്സ്ഫോഡ് യൂണിവേഴ്സിറ്റി പ്രസ്സ് പ്രസിദ്ധീകരിച്ച  ആദ്ദേഹത്തിന്റെ The Warrior State: Pakistan in the Contemporary World എന്റെ കൈവശം ഉണ്ട്.  

അതിന്റെ പ്രകാശനത്തിന് എംജിയിൽ അദ്ദേഹം ചെയ്ത പ്രഭാഷണം മറന്നിട്ടില്ല. "ആദ്യത്തെ പ്രധാനമന്ത്രി ലിയാഖത് അലിഖാനിൽ തുടങ്ങി പ്രസിഡന്റ് മാരായിരുന്ന സിയാവുൽ ഹഖ്, സെഡ് എ ഭുട്ടോ, മകൾ ബേനസീർ ഭുട്ടോ എന്നിവരുടെ വധങ്ങൾ നടന്ന,  അരാജകത്വം കൊടികുത്തി വാഴുന്ന, പാക്കിസ്ഥാൻ പരാജയപ്പെട്ട ഒരു രാഷ്രമാണ്,'' പോൾ സമർഥിച്ചു. നിഷ്ക്കാസിത പ്രസിഡണ്ട് ഇമ്രാൻ ഖാൻ വധശ്രമത്തിൽ നിന്ന് കഷ്ട്ടിച്ചു രക്ഷപെട്ട  ഇന്നും ആ വാക്കുകൾ മനസിൽ മുഴങ്ങി നിൽക്കുന്നു. 

Join WhatsApp News
George mampara 2022-12-04 13:17:57
Dear k The story is rather a private family account. Many branches of one or two big families, most high achievers. Good effort Gm
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക