Image

മാലാഖമാരുമൊത്തൊരു ക്രിസ്തുമസ്സ് ( കഥ: പുഷ്പമ്മ ചാണ്ടി )

Published on 03 December, 2022
മാലാഖമാരുമൊത്തൊരു ക്രിസ്തുമസ്സ് ( കഥ: പുഷ്പമ്മ ചാണ്ടി )

പന്ത്രണ്ടു പേർക്ക് ഒരേ സമയമിരുന്ന് ഭക്ഷണം കഴിക്കാൻ പാകത്തിനുള്ള ഊണുമേശയുടെ 
തലപ്പത്തുള്ള കസേരയിൽ അയാൾ പ്രൗഢ ഗംഭീരനായി ഇരുന്നു.   
മക്കളും, ചെറുമക്കളും, ഭാര്യയുമടങ്ങുന്ന 
കുടുംബത്തിന് 
ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കാൻ ആ മേശ മതിയാകാത്തതുകൊണ്ട്, വീട്ടിലെ സ്ത്രീ ജനങ്ങൾ പിന്നീടു മാത്രമേ ഇരിക്കാറുള്ളൂ.

ക്രിസ്തുമസ്സ് വിഭവങ്ങൾ ഓരോന്നായി
മേശപ്പുറത്തു നിരന്നു കഴിഞ്ഞു.  ഭാര്യയുടെ കൈപ്പുണ്യത്തിൽ തയാറാക്കിയ വീഞ്ഞിന്റെ ഭരണി തലേന്നാൾ വൈകിട്ടുതന്നെ തുറന്നിരുന്നു.  
പണ്ട്, വല്യപ്പൻ ഒരു ഇറ്റലിക്കാരൻ സായിപ്പിന്റെ കൈയ്യിൽ നിന്നും വാങ്ങിയ 
സ്ഫടികത്തിന്റെ വീഞ്ഞു ഗ്ലാസ്സിൽ ചുകപ്പ് നിറമുള്ള  വീഞ്ഞ്,  പിന്നെ പ്ലം കേക്കും.
താറാവു മപ്പാസ്, പാലപ്പം, കോഴി ,  പന്നി, മീൻ വറുത്തത്, മീൻ മുളകുകറി, മോരുകാച്ചിയത് 
കട്ലേറ്റ് എന്നുവേണ്ടാ, ഒരറ്റം മുതൽ മറ്റേയറ്റം വരെ വിഭവങ്ങൾ .. 
പെണ്ണുങ്ങളുടെ രണ്ടുദിവസത്തെ  പ്രയത്നം അവിടെ നിരത്തി വെച്ചിരിക്കുന്നു .

ഇന്ന് , വീഞ്ഞ് സ്ത്രീകളും ആസ്വദിക്കും.   

വളരെനാളുകൂടി 
നേരിട്ട് കണ്ടതിന്റെ സന്തോഷം എല്ലാവരുടെയും മുഖത്തുണ്ട്. 

മൂത്തവനും ഭാര്യയും ഇന്നുതന്നെ മടങ്ങും.   അവൻ്റെ കുട്ടികൾ 
ക്രിസ്തുമസ്സവധി കഴിഞ്ഞേ മടങ്ങൂ.. 

ഇളയവനും ഭാര്യയ്ക്കും അവരുടെ പുതിയ വീട്ടിൽ ക്രിസ്തുമസ് ആഘോഷിക്കാൻ സാധിക്കാത്തതിന്റെ സങ്കടം പുറമെ കാണിച്ചത്, കുട്ടികളെ പഴിചാരിയാണ്. കുട്ടികൾക്ക് അവരുടെ വീട്ടിൽ പുൽക്കൂട് ഉണ്ടാക്കാൻ സാധിച്ചില്ല എന്ന പരിഭവം. 

പെണ്മക്കൾ രണ്ടിനും  അവരുടെ അപ്പന്റേയും, അമ്മയുടേയും സാമീപ്യമാണ്  പ്രിയങ്കരം. 

മൂത്തവൾക്കു പ്രത്യേകിച്ച് അപ്പനോട് എല്ലാവരേക്കാൾ സ്നേഹമാണെന്ന് അയാൾക്ക്‌ തോന്നാറുണ്ട്. 

അവള് നേരംകിട്ടുമ്പോഴൊക്കെ 
ഓടിവരും, അപ്പന്റേയും അമ്മയുടേയും എല്ലാ കാര്യങ്ങളിലും അവളുടെ ഒരു കണ്ണുണ്ട്..

പെട്ടെന്നാണ് കരോൾ ഗാനം വാദ്യഘോഷത്തോടെ കാതിൽ പതിഞ്ഞത്.
'ശാന്തരാത്രി തിരുരാത്രി
പുൽക്കുടിലിൽ പൂത്തൊരു രാത്രി
വിണ്ണിലെ താരക ദൂതരിറങ്ങിയ
മണ്ണിൻ സമാധാന രാത്രി
ഉണ്ണി പിറന്നൂ 
ഉണ്ണി യേശു പിറന്നൂ
ഉണ്ണി പിറന്നൂ ഉണ്ണി 
യേശു പിറന്നൂ
ഉണ്ണി പിറന്നൂ ഉണ്ണി യേശു പിറന്നൂ...'
.....

ദേവസ്യച്ചേട്ടൻ പതുക്കെ കണ്ണുതുറന്നു ചുറ്റിനും നോക്കി.
എല്ലാം അപ്രത്യക്ഷമായിരിക്കുന്നു. എല്ലാമൊരു സ്വപ്നമായിരുന്നോ..!

കരോൾ ഗാനം മാത്രം പശ്ചാത്തലത്തിൽ മുഴങ്ങുന്നുണ്ട്. സ്ഥലകാലബോധം വീണ്ടെടുക്കാൻ ഒരുപാട് സമയം വേണ്ടി വന്നില്ല.
താൻ കഴിഞ്ഞ അഞ്ച് വർഷമായി താമസിക്കുന്ന ഈ മുറി,  ചെറിയൊരു മേശ, മുകളിൽ കറങ്ങുന്ന പൊടിപിടിച്ച വെള്ള ഫാൻ. 
അതേ.. താനൊരു വൃദ്ധസദനത്തിലാണ് . 
ഭാര്യ മരിച്ചു , അധികം താമസിയാതെ മൂത്തമകളും... 

ഭാര്യയുടെ  മരണശേഷം മോളായിരുന്നു തന്നെ നോക്കിയിരുന്നത്.
പെട്ടെന്നുള്ള അവളുടെ വേർപാട് തനിക്ക് താങ്ങാവുന്നതിലുമപ്പുറമായിരുന്നു.  

തങ്ങൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ യാത്രയാകുന്നത്
ഏതൊരപ്പനും അമ്മയ്ക്കും
താങ്ങാൻ സാധിക്കുന്നതിലും മേലെയാണ് .

മറ്റുമക്കൾ എല്ലാവരും ചേർന്നെടുത്ത 
തീരുമാനമാണ്  ഈ സ്ഥലത്തെ താമസം. പരോക്ഷമായി തനിക്കും എതിർപ്പില്ലായിരുന്നു.

ആരെയും ബുദ്ധിമുട്ടിക്കരുത്, 
അത് മക്കളാണെങ്കിൽ കൂടി.

സ്വന്തം ഇഷ്ടപ്രകാരം അവർ അപ്പനെ നോക്കാൻ തയ്യാറായാൽ നല്ലത്. , കടപ്പാടിന്റെ പേരിലുള്ള സ്നേഹം ,
അത് ഏച്ചുകെട്ടിയാൽ മുഴച്ചുതന്നെ നിൽക്കും .

പൂക്കാത്ത രാത്രിമുല്ല വസന്തം 
വന്നതറിഞ്ഞില്ല, അതുപോലെയാണ് ഇന്ന് ജീവിതം. 
ആദ്യ വർഷം ക്രിസ്തുമസ്സിന് എല്ലാവരും വന്നിരുന്നു.  

പതുക്കെപ്പതുക്കെ  മക്കൾക്കിടയിൽ മറവിയുടെ ഒരു  വൻകര രൂപാന്തരപ്പെട്ടു..

ജനാലക്കിടയിലൂടെ കരോൾ ഗാനം കേൾക്കുന്നിടത്തേക്ക് അയാൾ എത്തിനോക്കി.  
ഏതോ സ്കൂൾ കുട്ടികളാണ്. ക്രിസ്തുമസ്സിനും, ഈസ്റ്ററിനുമൊക്കെ കുറേ ആൾക്കാരിങ്ങനെ വരും , എന്തെങ്കിലും പരിപാടികൾ അവതരിപ്പിക്കും. ഇഷ്ടമുണ്ടെങ്കിൽ മാത്രം അത് കാണാൻ പോയാൽ  മതി.  

ഇങ്ങനെയുള്ള അവസരങ്ങളിൽ 
ദേവസ്യച്ചേട്ടൻ 
പുറത്തേക്കിറങ്ങാറില്ല, പരിചയക്കാർ ആരെങ്കിലും കണ്ടാൽ , ചോദ്യങ്ങളായി. 

അപ്പനെ വൃദ്ധ സദനത്തിലാക്കിയെന്നു പറഞ്ഞ് മക്കളെ പരിഹസിക്കും.. 
എന്തിനാ വെറുതെ..

പ്രമേഹരോഗിയാ
യതിനാൽ രണ്ടു നേരവും 
കുത്തിവെപ്പുണ്ട്. 

നഴ്സ് സൂചി കൈത്തണ്ടയിൽ വെക്കുന്നതിനിടെ ചോദിച്ചു 
" അപ്പച്ചൻ എന്താ ഹാളിലേക്ക് പോകാത്തത് ? നല്ല പരിപാടികളാണ് ആ കുട്ടികൾ അവതരിപ്പിക്കുന്നത് .. "

"കഴിക്കാൻ എന്തെങ്കിലും അവർ കൊണ്ടു വന്നോ ..?"

" അതറിയില്ല, കേക്ക് കാണും "

" വൈൻ ഉണ്ടോ ?"

" പിന്നേ... വൈൻ ..! അപ്പച്ചന്റെ ഓരോ പൂതിയേ.. "

നഴ്സ്, മുറിയിൽനിന്നും കടന്നു പോകുമ്പോൾ അയാൾ വീണ്ടും ചോദിച്ചു ..
" ഊണിനു മീൻ കാണുമോ.. ?"

" നോയമ്പ് വീടാൻ ഇനിയും ഒരാഴ്ചയില്ലേ ? അടുത്ത ബുധനാഴ്ചയാണ് ക്രിസ്തുമസ്സ് "

ക്രിസ്തുമസ്സ് വരുന്നതിനു മുൻപേ ഈ പിള്ളേര് എന്തിനാ വെറുതെ വന്നു കരോൾ പാടുന്നത് ..?

നല്ലയൊരൂ സ്വപ്നം മുഴുമിപ്പിക്കാൻ സാധിക്കാത്ത സങ്കടത്തിൽ കറങ്ങുന്ന ഫാനിലേക്കു നോക്കിക്കിടക്കുമ്പോൾ 
വലിയ 
പക്ഷിയുടെ പോലെ ചിറകുകളുളള, സുന്ദരമായ മുഖമുളള, കൈയില്‍ തിളങ്ങുന്ന വാളുള്ള 
ഒരു മാലാഖ തന്നെ ആശ്വസിപ്പിക്കുന്നതു പോലെ...

" ദേവസ്യാ.. നീ വിഷമിക്കേണ്ട , വൈനും , കേക്കുമൊക്കെയായി  ഈ ക്രിസ്തുമസ്സ് നീ ഞങ്ങൾക്കൊപ്പം ആഘോഷിക്കും . "

പിന്നെയും കുറെ മാലാഖമാർ തനിക്കുചുറ്റും നിരക്കുന്നതും തൻ്റെ ഭാര്യയും, മകളും അവർക്കിടയിലൂടെ അരികിലെത്തുന്നതും കണ്ട് സന്തോഷത്തോടെ സെബാസ്റ്റ്യൻ എന്ന ആദരമുള്ള വിളി കേട്ടു ജീവിച്ച ദേവസ്യ കണ്ണകളടച്ചു.  

Story of Pushpamma Chandy # Xmas

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക