Image

വൈകിവന്ന വസന്തം (കവിത: ചിഞ്ചു തോമസ്)

Published on 05 December, 2022
വൈകിവന്ന വസന്തം (കവിത: ചിഞ്ചു തോമസ്)

എങ്ങും വസന്തകാലം ,
നിന്നിൽ ഇലകൾ മാത്രം.
നീ പൂക്കുന്നതും കാത്ത്‌ ,
ദിനവും നിന്നെനോക്കി നിന്നു.
നീ മൊട്ടിടുന്നില്ല ,
നീ മോഹിപ്പിക്കുന്നില്ല.

കിളിക്കുഞ്ഞിനായ് കൂട്ടിയ കൂട് ,
തെന്നൽ തട്ടി താഴെ വീണു.
കരഞ്ഞു ചുറ്റിനും പറന്നൂ കിളികൾ ,
‘ എന്തേ നീ താങ്ങിയില്ല ‘ എന്ന് തേങ്ങി .

ഇളിഭ്യയായ് തലകുനിച്ചു ,
ഇലകൾ പൊഴിച്ചു നീ മാപ്പുകേണു. 
ചോദ്യശരമെയ്തു കിളികൾ പറന്നകലേക്ക് ,
‘ശാപം കിട്ടിയ ജന്മമോ നീ ?
കണ്ടില്ല നീ പൂക്കാത്തത് ,
കണ്ടില്ല നിന്നിലെ അന്ധകാരം ,
നിന്നിൽ വർണ്ണമില്ല , പുതു ജീവനില്ല, 
നീണ്ട നിദ്രയിലേക്കോ നിൻ പ്രയാണം ?’

ആധിയാൽ ചുറ്റും കണ്ണോടിച്ചു നീ ,
എങ്ങും ധരണിയെ പൂക്കാലം നിറച്ച തരുക്കളെ ചുറ്റും,
പ്രേമരാഗങ്ങളാൽ  മധുചൊരിഞ്ഞു പാടിപ്പറക്കുന്ന, 
വണ്ടുകളെ , കിളികളെ , തേനീച്ചകളെ ,
കൺകുളിർക്കെക്കണ്ടു നീ നിൽക്കവേ,
ആനന്ദദായകയാം ധരിത്രി നിൻ ചൊടിയിൽ മന്ദഹാസം വിരിച്ചു,
നിന്നിൽ പ്രതീക്ഷതൻ കാന്തി സ്ഫുരിച്ചു.
‘ഹാ , എന്ത് മനോഹരിയാം ഭൂമി ,
ഹാ , എന്ത് മനോഹരമാം ലോകം ‘!

നീ മന്ത്രിച്ചു , ‘ വസന്തം എന്നെയും തേടിവരുമൊരുനാൾ ,
ഞാനുണങ്ങാതെ വാടാതെ കാത്തിരിക്കും ,
അന്ന് ഞാൻ മോഹിനിയായിരിക്കും,
അന്ന് ഞാൻ ലോചനസമ്മോദഹേതുവാകും’.

നിശതാണ്ടിയങ്ങകലെനിന്നെഴുന്നള്ളും 
പകൽവിളക്കിൻ നേർത്ത നാളത്തിൽ ,
പഞ്ഞിക്കൂട്ടങ്ങളിൽ മഞ്ഞക്കുറിയിട്ടപോൽ അലരുകൾ,  
നിന്നെ സുന്ദരിയാക്കിയ ആ പ്രഭാതം കണ്ടെ- 
ന്നുള്ളിലും വിരുന്നുവന്നൂ മാറാത്ത വസന്തകാലം.

 

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക