Image

ശാന്തി മന്ത്രങ്ങളുമായി ക്രിസ്തുമസ്  വരവായി (ജോർജ് തുമ്പയിൽ)

Published on 05 December, 2022
ശാന്തി മന്ത്രങ്ങളുമായി ക്രിസ്തുമസ്  വരവായി (ജോർജ് തുമ്പയിൽ)

ശാന്തി മന്ത്രങ്ങളുമായി വീണ്ടും  ഡിസംബർ വന്നെത്തി. വിണ്ണിലും മണ്ണിലും പ്രഭ തൂകുന്ന നക്ഷത്ര വിളക്കുകൾ  ക്രിസ്തുമസിന്റെ, ശാന്തിയുടെ നാഥന്റെ ജനനം  ഉദ്‌ഘോഷിക്കുകയായി.  കോവിഡിന്റെ കടുത്ത ഭീതിയകന്ന്  ലോകം വീണ്ടും പൂർവ സ്ഥിതിയിലേക്കെത്തുന്നു.

ക്രിസ്തുമസിന്റെ  സമാധാന ദൂതുകൾക്കിടയിലും നന്മയും തിന്മയുമായി പോരാട്ടം തുടരുന്നുണ്ട് എന്നത്തേയും പോലെ.  യുദ്ധവാർത്തകൾ  ക്രിസ്തുമസ് പുലരികളിലും പേടിസ്വപ്നമായെത്തുന്നു . വെടിയൊച്ചകളുടെ നടുക്കത്തിനൊപ്പം  അവിടവിടെ   ഉത്സവാരവങ്ങളും കേൾക്കുന്നു.

പ്രാർത്ഥനകൾ ലോകത്തിന് ഏറെ ആവശ്യമായ ഈ വേളയിൽ ക്രിസ്തുമസ് കാലം  പകരുന്ന ശാന്തിമന്ത്രങ്ങൾ ലോകത്തിന് സ്നേഹത്തിന്റെ സന്ദേശമാണ് പകർന്നിടുക.  


 വിശ്വ ശാന്തിയുടെ സന്ദേശമാണ് ക്രിസ്തുമസ് .  ബെത്‌ലഹേമിലെ കാലിത്തൊഴുത്തില്‍ കരുണയുടെയും ശാന്തിയുടെയും ദൂതുമായി ദൈവ പുത്രൻ  പിറന്നതിന്റെ ഓര്‍മയാണത് . സഹനത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന് നല്‍കിയാണ് യേശുവിന്റെ പുല്‍ക്കൂട്ടിലെ ജനനം.  

മഞ്ഞിന്റെ കുളിര്,  താരക രാവുകളുടെ ഭംഗി , പുൽക്കൂടിന്റെ  ധന്യത , തിരുപ്പിറവിയുടെ, പാതിരാകുർബാനയുടെ പവിത്രത, ക്രിസ്മസ് കാലം പ്രതീക്ഷകളും ശാന്തിയും നിറച്ചാണ് വന്നെത്തുക . ജാതിയുടെയും മതത്തിന്റെയും പേരിൽ അസമാധാനം  വിതയ്ക്കാത്ത ,പുൽക്കൂടിന്  പോലും മഹത്വമേകുന്ന ,സ്നേഹവും ലാളിത്യവും നിറയുന്ന പ്രതീക്ഷകളാണ് ഓരോ ക്രിസ്തുമസും  പങ്ക് വെക്കുന്നത് . അത്യുന്നതങ്ങളില്‍ ദൈവത്തിന് മഹത്വം, ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം എന്ന വചനം പ്രഘോഷിക്കുന്നു ഓരോ  ക്രിസ്തുമസും  .


 പ്രശസ്ത വചന പ്രഘോഷകനായിരുന്ന ബിഷപ്പ് ഫുൾട്ടൻ ജെ ഷീൻ  പറയുന്നു, ആയിരം പുൽക്കൂടുകളിൽ ഉണ്ണി പിറന്നാലും നമ്മുടെ ഹൃദയങ്ങളിൽ  ഉണ്ണി പിറക്കുന്നില്ലെങ്കിൽ ക്രിസ്‌തുമസിന് അർത്ഥമില്ല.  

പള്ളികളും വീടുകളുമെല്ലാം പുല്‍ക്കൂടുകളാലും  ക്രിസ്തുമസ് ട്രീകളാലും അലംകൃതമാകുന്ന ക്രിസ്തുമസ് ദിനങ്ങൾ  . ചുവന്ന കുപ്പായവും കൂർമ്പൻ തൊപ്പിയുമണിഞ്ഞ് റെയിൻ ഡിയറുകൾ വലിക്കുന്ന വണ്ടിയിൽ മായാത്ത ചിരിയുമായെത്തുന്ന  നരച്ച താടിയും മുടിയുമുള്ള ക്രിസ്‌തുമസ് അപ്പൂപ്പൻ -സാന്റയുടെ സമ്മാനം കാത്തിരിക്കുന്ന കുട്ടികളേറെ , അവർക്കിടയിലുമുണ്ട് മാതാപിതാക്കളെ നഷ്ടപ്പെട്ട , തെരുവിന്റെ ഇരുട്ടിൽ ജീവിതം ഹോമിക്കപ്പെട്ട , ചിരിക്കാൻ മറന്ന കുരുന്നുകൾ. അവഗണനയുടെ തുരുത്തിൽ ഉപേക്ഷിക്കപ്പെടുന്ന മാതാപിതാക്കൾ .. , പുഞ്ചിരി മറന്ന മുഖങ്ങളുമായി ഉഴലുന്ന പെൺകുഞ്ഞുങ്ങൾ ..., നാടാകെ, ലോകമാകെ ക്രിസ്തുമസ് സന്തോഷം നിറയുന്നതിനിടയിലും ഉയരുന്ന അസ്വസ്ഥതയുടെ  നിലവിളികളെ കാണാതിരിക്കരുത്  .


ഇന്ന് മൊബൈലിലും വാട്‌സ്ആപ്പിലും  തുടങ്ങി  നവ മാധ്യമങ്ങളിലൂടെയാണ് ക്രിസ്തുമസ് ആശംസകളുടെ കൈമാറ്റം. ആശംസാ സന്ദേശങ്ങളടങ്ങിയ ക്രിസ്തുമസ് കാർഡുകൾ കൈമാറ്റം ചെയ്യുന്ന പതിവ് ഇല്ലാതായി കഴിഞ്ഞു. യാന്ത്രികമായി കൈമാറ്റം ചെയ്യപ്പെടുന്ന ആശംസകളിൽ സ്നേഹം വരണ്ടതുപോലെ  . അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി, ഭൂമിയിൽ സന്മനസുള്ളവർക്ക് സമാധാനം.. ക്രിസ്തുമസ് ആശംസകളിലേക്ക്  പടരുന്ന ഈ വാക്കുകൾ മനസ്സിൽ നിന്ന് വരുന്നതാവട്ടെ .

 രക്ഷകൻ പുൽക്കൂട്ടിൽ പിറന്ന വിവരമറിഞ്ഞെത്തിയ ആട്ടിടയർക്ക് വഴികാട്ടിയായി  ആകാശത്തുദിച്ച  നക്ഷത്രം നമ്മുടെ ജീവിതങ്ങളിലും വഴികാട്ടിയാവട്ടെ .  

#Christmas article by George Thumpayil

Join WhatsApp News
Philippose 2022-12-05 14:39:55
മതത്തിലും രാഷ്ട്രീയത്തിലും പോരാട്ടം ഒരിക്കലും നന്മയും തിന്മയും തമ്മിലല്ല. തിന്മയും തിന്മയും തമ്മിലാണ്. നമ്മളുടെ ഇടയിലെത് വലിയ തിന്മയാണ്.
Sudhir Panikkaveetil 2022-12-05 19:05:13
ഒരു ഇടവേളക്കുശേഷം ശ്രീ ജോർജ് തുമ്പയിൽ ഒരു കൃസ്തുമസ് നക്ഷത്രം പോലെ ആനന്ദം നൽകികൊണ്ട് പ്രത്യക്ഷപ്പെട്ടു. വളരെ നന്ദി. താങ്കൾക്കും കുടുംബത്തിനും കൃസ്തുമസ് പുതുവത്സരാശംസകൾ സ്നേഹത്തോടെ നേരുന്നു.
George Thumpayil 2022-12-08 15:04:02
സുഖമില്ലാതിരിക്കുകയായിരുന്നു. ഇടക്കൊക്കെ എഴുതാം. താങ്ക്സ് സുധീർ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക