Image

രോഗങ്ങള്‍ ദുരന്തങ്ങളുടെ കൂടപ്പിറപ്പോ? (പി.പി.ചെറിയാന്‍ )

പി.പി.ചെറിയാന്‍ Published on 06 December, 2022
രോഗങ്ങള്‍ ദുരന്തങ്ങളുടെ കൂടപ്പിറപ്പോ? (പി.പി.ചെറിയാന്‍ )

ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടി വലുതും ചെറുതുമായ  ദുരന്തങ്ങള്‍ മനുഷ്യമനസ്സിനെ ദുര്‍ബലപ്പെടുത്തുന്നതോടൊപ്പം ശരീരത്തെയും ദുര്‍ബലപ്പെടുത്തുന്നു. ദുര്‍ബലമായിതീരുന്ന ശരീരത്തിനു രോഗപ്രതിരോധശക്തി നഷ്ടപ്പെടുന്നതായി ശാസ്ത്രം തെളിയിച്ചിരിക്കുന്നു. ഇത് ശരീരത്തിലെക്ക് പല രോഗങ്ങളെയും ക്ഷണിച്ചു വരുത്തുന്നു.                                                                                                                                                                                                                                    ദുരന്ത സ്വാധീനവലയത്തില്‍ അകപ്പെടുന്ന മനുഷ്യശരീരത്തില്‍ പൊതുവേ കണ്ടുവരുന്ന പ്രധാന രോഗങ്ങളിലൊന്നാണ് ക്യാന്‍സര്‍. ശരീരത്തിലെ ചില കോശങ്ങളുടെ അനിയന്ത്രിതമായ വളര്‍ച്ചയാണ് ക്യാന്‍സറായി വ്യാഖ്യാനിക്കപ്പെടുന്നത്. ജീവിതത്തില്‍ സംഭവിക്കുന്ന ഏതെങ്കിലും ദുരന്തമാണ് കാന്‍സറിനു കാരണമാകുന്നതെന്ന് ആദ്യമായി കണ്ടുപിടിച്ചത് അമേരിക്കയിലെ കാന്‍സര്‍ സ്‌പെഷ്യലിസ്റ്റുകളാണെന്നു  ചരിത്രരേഖകളില്‍ കാണുന്നു.

 ദുരന്തങ്ങള്‍ എന്ന വാക്കുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നത്? ദുരന്തങ്ങള്‍ എന്നൊന്നുണ്ടോ? ശരിയായ ഒരു വിശദീകരണം കണ്ടെത്തുക അസാധ്യം തന്നെ ദൈനംദിന ജീവിതത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്ന ഏവര്‍ക്കും ദുഃഖകരമായ  അനുഭവമാണ് മരണമെന്നത്.

സ്‌നേഹനിധിയായ പിതാവിന്റെ സംരക്ഷണയില്‍ സന്തോഷകരമായി കഴിഞ്ഞു വന്നിരുന്ന മക്കള്‍. ആവശ്യങ്ങള്‍ എന്താണെന്ന് പറയുന്നതിന് മുന്‍പ് അത് മനസ്സിലാക്കി നിവര്‍ത്തിച്ചു കൊടുക്കുന്ന പിതാവ്. അപ്രതീക്ഷിതമായാണ് മരണം പിതാവിനെ മക്കളില്‍ നിന്നും അകറ്റിയത്. പിതാവിന്റെ തണലില്‍ കഴിയവേ ഉത്തരവാദിത്വം എന്താണെന്ന് പോലും മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടില്ല ,അതിനു ശ്രമിക്കുക പോലും ചെയ്തിരുന്നില്ല എന്ന് പറയുന്നതാകും ഏറെ ശരി. പിതാവിന്റെ ചരമ ശുശ്രൂഷയില്‍ മൂത്ത മകള്‍  പറഞ്ഞത് ഇപ്രകാരമാണ് പിതാവില്‍ നിന്നും   ലഭിച്ചിരുന്നത്  എന്തൊക്കെയോ  അതെല്ലാം ഇന്ന് ഞങ്ങള്‍കു നഷ്ടമായിരിക്കുന്നു. ഇനിമുതല്‍ പിതാവിന്റെ സാന്നിധ്യം ഞങ്ങള്‍ക്ക് അന്യമാവുകയാണ്. എന്നാല്‍ ഞങ്ങള്‍  ചഞ്ചല ചിത്തരാകുന്നില്ല ധീരതയോടെ ഭാവിജീവിതത്തെ അഭിമുഖീകരിക്കുവാന്‍ തയ്യാറെടുക്കുകയാണ്.

ഇതേ സാഹചര്യത്തിലൂടെ കടന്നു പോയ ഒരു കുടുംബത്തിലെ മറ്റൊരംഗം പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. ഞങ്ങളുടെ പ്രിയ പിതാവ് ഞങ്ങളെ തനിച്ചാക്കി യാത്രയായി. ഈ ദുഃഖം താങ്ങാവുന്നതിനും അപ്പുറമാണ്. കുടുംബത്തില്‍ പ്രകാശം പരത്തിയിരുന്ന ദീപം അണഞ്ഞു. ജീവിതത്തിന്റെ പരുപരുത്ത  യാഥാര്‍ത്ഥ്യങ്ങളെ എങ്ങനെ അഭിമുഖീകരിക്കുമെന്നു  യാതൊരു നിശ്ചയവുമില്ല നിരാശയുടെ  അഗാധതലത്തിലേക്കു ലേക്ക് വഴുതിവീണ ജീവിതം. മനസ്സും ശരീരവും ദുരന്തത്തിന്റെ ആഘാതത്തില്‍ ആടിയുലയുന്ന തായി ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നു.

 മരണം എന്ന യാഥാര്‍ത്ഥ്യത്തെ തികച്ചും വ്യത്യസ്ത വീക്ഷണ കോണിലൂടെ നോക്കികണ്ട രണ്ട് കുടുംബങ്ങള്‍.  മരണം എന്ന ദുരന്തത്തെ ധീരതയോടെ അഭിമുഖീകരിച്ചവര്‍ അടിക്കടി ഉയര്‍ച്ച പ്രാപിച്ചപ്പോള്‍, നിരാശയോടെ അഭിമുഖീകരിച്ചവര്‍  തികഞ്ഞ പരാജയമായി മാറിയത്  മനസ്സിനെയും ശരീരത്തെയും ഒരുപോലെ രോഗാതുരമാക്കുകയും ചെയ്തതായി നിരവധി അനുഭവങ്ങളിലൂടെ പിന്നീട് വ്യക്തമാക്കപ്പെട്ടിട്ടുണ്ട്.

വിശ്വാസത്തിന്റെയും പ്രത്യാശയുടെയും സമാധാനത്തിന്റെയും തിരിവെട്ടം ഇവിടെയാണ് തെളിയിക്കപ്പെടേണ്ടത്. ജീവിതത്തില്‍ എന്തൊക്കെയോ നഷ്ടപ്പെട്ടു എന്ന് വിശ്വസിച്ചവര്‍ നഷ്ടപ്പെട്ടതെല്ലാം സാവകാശം തിരികെ ലഭിക്കുമ്പോള്‍ ശരീരവും മനസ്സും ഒരുപോലെ ഉത്തേജിപ്പിക്കപ്പെടും. ശരീരത്തിന്റെ  രോഗാവസ്ഥയെ ചെറുത്തു  തോല്‍പ്പിക്കുവാന്‍ കഴിയുന്ന രക്തത്തിലെ ശ്വേതാണുക്കള്‍ വര്‍ധിക്കുന്നത് നമ്മിലങ്കുരിക്കുന്ന വിശ്വാസത്തിന്റെയും  ഉറപ്പിന്റെയും  തോതിനെ  ആശ്രയിച്ചായിരിക്കും

നമ്മുടെ ഉപബോധമനസ്സില്‍ നാം മറ്റുള്ളവരുടെ ശ്രദ്ധയും സ്‌നേഹവും ദയയും നേടുന്നതിന്  ആഗ്രഹിക്കുന്നത് തന്നെ ഒരു രോഗലക്ഷണമാണ്. മാത്രമല്ല സ്വാര്‍ത്ഥതയില്‍ നിന്നും ഉടലെടുക്കുന്ന തെറ്റായ ഒരു പ്രവണതയായിട്ടു  വേണമെങ്കില്‍ അതിനെ വ്യാഖ്യാനിക്കാം. സ്‌നേഹം സ്വീകരിക്കപ്പെടുന്നതിനേക്കാള്‍  നല്‍കുന്നതില്‍ ആനന്ദം കണ്ടെത്തേണ്ടിയിരിക്കുന്നു. മറ്റുള്ളവരോട് വിദ്വേഷം വെച്ചു പുലര്‍ത്തുവാന്‍ ശ്രമിക്കുന്നവര്‍ അതില്‍ നിന്നും പിരിഞ്ഞ് ക്ഷമിക്കുവാനും പൊറുക്കുവാനും പഠിച്ചാല്‍  മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യം വീണ്ടെടുക്കുന്നതിന് അത് സഹായകരമാകും.

ദുരന്തങ്ങളുടെ പട്ടിക പരിശോധിക്കുമ്പോള്‍ മരണത്തിലാണ് പ്രഥമസ്ഥാമെ ങ്കിലും മറ്റനവധി സംഭവങ്ങളും സ്ഥാനം നേടിയിട്ടുണ്ട്.

 വര്‍ഷങ്ങളായി ചെയ്തുവന്നിരുന്ന ജോലിയില്‍ നിന്നും പെട്ടന്ന് പിരിഞ്ഞു പോരേണ്ടിവരികയെന്നതും, ജീവനുതുല്യം സ്‌നേഹിച്ച മിത്രങ്ങള്‍ പെട്ടെന്ന് ശത്രുക്കള്‍ ആണെന്നു തിരിച്ചറിയുന്നതും, ജീവിതപങ്കാളിയായി ലഭിച്ചവര്‍ ഒരു സുപ്രഭാതത്തില്‍ അവിശ്വസ്തരാണെന്നു കണ്ടെത്തുകയും, മക്കളെ പ്രതി കെട്ടി ഉയര്‍ത്തിയ പ്രതീക്ഷകള്‍ ഒരു ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു അടിയുവെന്നതും കണ്ടു  ഇത്തരം സാഹചര്യങ്ങളില്‍ ജീവിക്കുവാന്‍ ദൃഢനിശ്ചയം ചെയ്തു, നിവര്‍ത്തിയാക്കേണ്ട  കര്‍ത്തവ്യങ്ങള്‍
പൂര്‍ത്തീകരിക്കുവാന്‍  ആത്മാര്‍ത്ഥമായ ശ്രമിക്കുമ്പോള്‍ രോഗങ്ങളെ അകറ്റി നിര്‍ത്തുന്നതിനുള്ള ശക്തി സ്വയമേ സമാഹരിക്കപ്പെടും. ദുരന്തങ്ങള്‍ ഒരിക്കലെങ്കിലും അഭിമുഖീകരിക്കാത്ത വ്യക്തികളോ കുടുംബങ്ങളോ  സമൂഹമോ  കാണുക അസാധ്യമാണ്. ദുരന്തങ്ങളെ എങ്ങനെ അഭിമുഘീകരിക്കുന്നു  എന്നതിനെ ആശ്രയിച്ചായിരിക്കും ശരീരത്തെയും മനസ്സിനെയും ആരോഗ്യം വിലയിരുത്തപ്പെടുക. ഇന്ന് നമ്മുടെ അവസ്ഥ എവിടെ നില്‍ക്കുന്നു. ദുരന്ത  മുക്തമായ ഒരു സമൂഹത്തെയല്ല  മറിച്ച് ദുരന്തങ്ങളുടെ മദ്ധ്യേ രോഗവിമുക്തമായ  കാര്യക്ഷമമായ ഒരു സമൂഹത്തെ പടുത്തുയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനത്തിന് കൈകോര്‍ക്കാം.

Are diseases the breeding ground for disasters?

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക