Image

അജ്ഞാതം (കഥ: ചിഞ്ചു തോമസ്)

Published on 07 December, 2022
അജ്ഞാതം (കഥ: ചിഞ്ചു തോമസ്)

രാത്രി പുറത്ത്‌ ഇടിമുഴക്കം കേൾക്കാം . ജനൽ പാളിയിൽക്കൂടി അയാൾ പുറത്തേക്ക് നോക്കി . കൂരിരുട്ടിനെ വലിച്ചുകീറാൻ ശക്തമായ ഏതോ കരങ്ങൾ പണിപ്പെടും പോലെ , ആ ശ്രമത്തിൽ വിണ്ടുകീറിയ  ഇരുട്ടിൽക്കൂടി പ്രകാശം കടക്കുകയും വേഗത്തിൽ ആ കീറൽ ആരോ തുന്നി തയ്‌ക്കുകയും ചെയ്യുന്നു. അയാൾ കർട്ടൻ കൊണ്ട് ജനൽ മൂടി. ഇടിയൊന്ന് മുഴങ്ങിയപ്പോഴേ വൈദ്യുതി പോയിരുന്നു. അയാൾ മണ്ണെണ്ണ വിളക്കിന്റെ തിരി കത്തിച്ചുവെച്ചു. ഇന്നിനി വൈദ്യുതി വരുമെന്ന് തോന്നുന്നില്ല. ജോലിയും നടക്കില്ല. അയാൾ ഫയലുകൾ അടച്ചു വെച്ചു. ഉറങ്ങാനുള്ള തയ്യാറെടുപ്പുകൾ നടത്തുകയാണ്. അപ്പോഴാണ് വാതിലിൽ മുട്ട് കേട്ടത്. അയാൾ നിശബ്‌ദനായി ശ്രദ്ധിച്ചു. പിന്നെയും വാതിലിൽ മുട്ടുന്നു. അയാൾ വേഗം വാതിലിന് അടുത്തു ചെന്ന് അതിന്റെ ഓട്ടയിലൂടെ പുറത്തേക്ക് നോക്കി. അവിടെ ഒരു സ്ത്രീ.

ആരാ , അയാൾ വാതിൽ തുറക്കാതെ ചോദിച്ചു.

ഞാൻ ബസ്സ് കാത്ത്‌ നിൽക്കുകയായിരുന്നു. ഇടിയും മിന്നലും പെട്ടെന്ന് വന്നതുകൊണ്ട് കറന്റ് പോയി. വഴിയിൽ വെട്ടമില്ല. അവിടെയെങ്ങും ആരുമില്ല. എനിക്കവിടെ നിൽക്കാൻ പേടി തോന്നുന്നു. ഇന്നിനി ബസ്സ് വരുമെന്ന് തോന്നുന്നില്ല. ഞാനിന്ന് ഈ വീട്ടിൽ കഴിഞ്ഞോട്ടെ ?, സ്ത്രീ ശബ്ദം പറഞ്ഞുനിർത്തി.

നല്ല മനോഹരമായ ശബ്ദം! , അയാൾ നെടുവീർപ്പിട്ടു. അയാൾ എന്ത് പറയണമെന്നറിയാതെ ആലോചിച്ചു നിന്നു. ഓ സ്ത്രീയാണ് ! എന്ത് പേടിക്കാൻ ? കറന്റ് ഇല്ലാഞ്ഞിട്ടെല്ലേ ! പാവം . ഇനി പ്രേതമോ മറ്റോ ആയിരിക്കുമോ ? അയാൾ ആശങ്കയിലായി. പ്രേതം ശെരിക്കും ഉണ്ടോ ? ഛേ ! അതൊക്കെ ആൾക്കാരുടെ തോന്നലല്ലേ ! പാവം സ്ത്രീ ! അയാൾ മറ്റൊരു ആലോചനക്ക് സമയം കൊടുക്കാതെ വേഗം വാതിൽ തുറന്നു.

അയാൾ അവളെ നോക്കി. അവൾക്ക് അയാളെ കണ്ട് പരിഭ്രമമായി. ഒരു ചെറുപ്പക്കാരൻ. സുന്ദരൻ. പെട്ടെന്ന് ആകർഷണം തോന്നുന്ന എന്തോ ഒന്ന് അയാളിലുണ്ട്. അവൾക്ക് വീടിനുള്ളിൽ കയറാൻ മടി തോന്നി.
വരൂ , അയാൾ പറഞ്ഞു.

അവൾ തിരിഞ്ഞു പുറത്തേക്ക് നോക്കി. കൂരിരുട്ടാണ്. അവൾ അയാളുടെ മുഖത്തേക്ക് നോക്കിയിട്ട് പെട്ടെന്ന് കണ്ണെടുത്തു. കടൽപോലെ ആഴമുള്ള കണ്ണുകൾ. അവളും അധികനേരം ഒന്നും ചിന്തിക്കാൻ ഇടം കൊടുക്കാതെ വേഗം വീടിനുള്ളിൽ കയറി. അയാൾ കതകടച്ചു.അപ്പോൾ പുറത്ത്‌ മഴ പെയ്യാൻ തുടങ്ങിയിരുന്നു.

അവർ മണ്ണെണ്ണ വിളക്കിന് ചുറ്റും ഇരുന്നു. അവളുടെ കയ്യിൽ ഒരു ബാഗും ഒരു ഫയലും ഉണ്ടായിരുന്നു.

ഞാൻ ഇവിടെ അടുത്ത് ഒരു ഇന്റർവ്യൂന് വന്നതാണ്. വൈകിട്ട് അഞ്ചരക്കായിരുന്നു ഇന്റർവ്യൂ. ഇന്റർവ്യൂ കഴിഞ്ഞു കൂട്ടുകാരുടെകൂടെ ഭക്ഷണം കഴിക്കാൻ പോയി. അവരോട് സംസാരിച്ചിരുന്നു. ഒൻപതുമണിയായി ബസ്സ് സ്റ്റോപ്പിൽ വന്നപ്പോൾ. പെട്ടെന്നായിരുന്നു ഇടി വെട്ടിയതും കറന്റ് പോയതും. എങ്കിലും ഞാൻ കുറച്ചുനേരം അവിടെ നിന്നു ബസ്സ് വരുമെന്ന് കരുതി.പക്ഷേ വന്നില്ല. എനിക്കപ്പോൾ അവിടെ നിൽക്കാൻ പേടിയായി. കുറേ വാഹനങ്ങൾ പോകുന്നു. ആൾക്കാർ നോക്കുന്നു.അത് പറയുമ്പോൾ അവൾക്ക് ഇരുട്ടത്ത് നിന്നതിന്റെ പേടി മുഖത്ത് കാണാമായിരുന്നു.

അയാൾ അവളുടെ അപ്പോഴത്തെ ഭാവനില മാറ്റാൻ , ‘അപ്പോൾ കഴിച്ചതാണല്ലേ ? ഞാൻ ഇനി ഒന്നും ഉണ്ടാക്കിത്തരേണ്ടല്ലോ’ എന്ന് ചോദിച്ചു.

വേണ്ട, അവൾ ചിരിച്ചുകൊണ്ട് പറഞ്ഞു.

സാർ എവിടെയാ ജോലി ചെയ്യുന്നത് ? അവൾ ചോദിച്ചു.

സാറോ ! അപ്പോൾ  എനിക്കത്രയ്ക്ക് പ്രായം തോന്നിക്കുന്നു? 

ഇല്ല , അതല്ല , എനിക്ക് എന്ത് വിളിക്കണമെന്നറിയില്ല.

എന്റെ പേര് ക്രിസ്റ്റഫർ. എന്നെ അടുപ്പമുള്ളവർ ക്രിസ്റ്റി എന്ന് വിളിക്കും. കുട്ടിയും എന്നെ ക്രിസ്റ്റി എന്ന് വിളിച്ചോ..

കുട്ടിയോ ? അവൾ നാണിച്ചു.

എന്നാ പറ , എന്താ പേര് ?

 എന്റെ പേര് മീനു.

അപ്പോൾ മീനു , ഞാനൊരു സ്ക്രിപ്റ്റ് റൈറ്റർ ആണ്. ഇപ്പോൾ ഒരു സിനിമയുടെ ജോലിയിലാണ് .

സിനിമയോ ! അവളുടെ കണ്ണുകൾ വികസിച്ചു.

എന്താ സിനിമ ഇഷ്ട്ടമല്ലേ ? അയാൾ ഗൗരവം ഭാവിച്ചു.

അങ്ങനെയല്ല. എനിക്ക് ഇഷ്ട്ടമാണ്.

എന്ത് ഇഷ്ട്ടമാന്ന് ?

സിനിമ . അയാളുടെ ആകർഷണീയമായ  സംസാരം കേട്ട് അവൾ പുരികവും കണ്ണും കൂർപ്പിച്ച് അയാളെ നോക്കി. കുറച്ചു നിമിഷങ്ങൾ കഴിഞ്ഞു അവർ പൊട്ടിച്ചിരിച്ചു.

അവൾക്ക് ഫ്രഷ് ആകാൻ ശുചിമുറി അവൻ കാണിച്ചു കൊടുത്തു. അവൻ ആ സമയം വെലെൻസിയ ഓറഞ്ചിൽ നിന്ന് നീര് എടുത്ത്‌ രണ്ട് ഗ്ലാസ്സുകളിലാക്കി വെച്ചു.

അവൾ ഫ്രഷായിട്ട് അവന്റെ അടുത്തേക്ക് ചെന്നു. അവൻ അപ്പോൾ കഴിക്കാൻ എന്തെങ്കിലും ഉണ്ടോ എന്ന് പാട്ടകൾതോറും തപ്പുകയായിരുന്നു.


ഒന്നുമില്ലേ കഴിക്കാൻ ? അവൾ ചോദിച്ചു.

കൂട്ടുകാരുടെകൂടെ കഴിച്ചിട്ടാ വന്നത് എന്ന് പറഞ്ഞിട്ട് ?

അത് അപ്പൊ ! ഇപ്പൊ എനിക്ക് വിശക്കുന്നു.

അവൻ അവളുടെ അടുത്തു ചെന്നു. ഒരു ഗ്ലാസ് ജ്യൂസ് എടുത്ത്‌ അവൾക്ക് കൊടുത്തു. മറ്റേ ഗ്ലാസ് അവനും എടുത്തു. 
നിനക്ക് ധൈര്യം ഉണ്ടെങ്കിൽ ജ്യൂസ് കുടിക്ക്‌ , അവൻ പറഞ്ഞു.

ജ്യൂസ് കുടിക്കാൻ എന്തിനാ ധൈര്യം എന്ന് അവൾ തിരിച്ചു ചോദിച്ചു.

അപ്പോൾ നീ വാർത്തകൾ ഒന്നും കാണാറില്ലേ?

ഉണ്ടെല്ലോ..

നിനക്ക് തോന്നുന്നില്ലേ ഞാൻ ഈ ജ്യൂസിൽ എന്തെങ്കിലും കലർത്തിക്കാണുമെന്ന് ?

ഇല്ല. അവൾ അവന്റെ മുഖത്തേക്ക് നോക്കി. അവന്റെ മുഖത്ത് അപ്പോൾ  അവളുടെ ധൈര്യം പരീക്ഷിക്കുന്ന ഒരു പരിശോധകന്റെ ഭാവമായിരുന്നു. 

അവൾ ആ ഗ്ലാസ്സിലെ ജ്യൂസ് നിർത്താതെ കുടിച്ചു തീർത്തു. എന്നിട്ട് ഗ്ലാസ് പാതകത്തിൽ വെച്ചു.

കണ്ടല്ലോ ! അവൾ പറഞ്ഞു.

അവൻ ഒന്ന് മന്ദഹസിച്ചു. തലയാട്ടി. അവനും ജ്യൂസ് കുടിച്ചു തീർത്തു.

പുറത്ത്‌ ശക്തമായി മഴ പെയ്തുകൊണ്ടിരുന്നു . മഴയുടെ ശബ്ദം കൂടിക്കൂടി വന്നു.

എന്ത് മഴയാ! അവൻ പറഞ്ഞു.

ങേ..

എന്ത് മഴയാന്ന്… അവൻ അവളുടെ ചെവിയുടെ അടുത്ത് വന്ന് പറഞ്ഞതും അവൾ അവനെ നോക്കാൻ തിരിഞ്ഞതും ഒരുമിച്ചായിരുന്നു.

അവരുടെ മുഖം തമ്മിൽ കൂട്ടിമുട്ടി. അവൾ പെട്ടെന്ന് പുറകോട്ട് മാറി. അയ്യോ .. സോറി.. അവൾ പറഞ്ഞു. അവൻ മൂക്ക് തിരുമ്മിക്കൊണ്ട് അവളെ നോക്കി. അവൾ  അവന്റെ മുഖത്തുനിന്നും കണ്ണ് മാറ്റി.

നീ എന്താ എന്റെ മുഖത്ത് നോക്കാത്തത് ? നീ എന്താണ് പെട്ടെന്ന് കണ്ണ് മാറ്റുന്നത് ? ഞാൻ കുറേ ആയി ശ്രദ്ധിക്കുന്നു , അവൻ പറഞ്ഞു 

അത് .. ഒന്നുമില്ല.

അല്ല. കാര്യം പറ.

എനിക്ക്.. എനിക്ക്  നിങ്ങളുടെ കണ്ണുകളിൽ നോക്കാൻ പേടി ആകുന്നു, അവൾ വിമ്മിഷ്ട്ടപെട്ട് പറഞ്ഞൊപ്പിച്ചു.

ജ്യൂസ് കുടിക്കാൻ പേടിയില്ല , അറിയാത്ത എന്റെ വീട്ടിൽ കയറി വരാൻ പേടി ഇല്ല , ഇവിടെ താമസിച്ചോട്ടേ എന്ന് ചോദിക്കാൻ പേടിയില്ല! നിനക്ക് പിന്നെ  എന്റെ കണ്ണുകളാണോ പേടി ..? ഹ ഹ ഹ ഹ അവൻ അട്ടഹസിച്ചു.

അവൾ തലകുമ്പിട്ട് ഒന്നും മിണ്ടാതെ നിന്നു. അത് കണ്ട് അവളെ പിടിച്ച് ഭിത്തിയോട് ചേർത്ത് നിർത്തി അവന്റെ കൈപ്പത്തികൾ ഭിത്തിയിൽ വെച്ച് അവളെ തുറുങ്കിൽ അടച്ചതുപോലെ നിർത്തി. 
“ എന്റെ മുഖത്ത് നോക്ക് മീനു “ , അവൻ പറഞ്ഞു. 
അവൻ അവളുടെ മുഖം ഉയർത്തി.
“ എന്തെങ്കിലും കള്ളം ഉണ്ടെങ്കിലാ അത് മറയ്ക്കാൻ മുഖത്ത്‌ നോക്കാത്തത് “.

അത് കേട്ടപ്പോൾ അവൾ അയാളുടെ കണ്ണുകളിലേക്ക് നോക്കി. അപ്പോൾ അവന്റെ ആഴമേറിയ കണ്ണുകൾ അവളെ നോക്കി നിൽക്കുകയായിരുന്നു. അത് കണ്ട് അവളുടെ ഹൃദയമിടിപ്പ് കൂടി. ചിലപ്പോഴൊക്കെ ഹൃദയം പ്രവർത്തനം നിർത്തി വെച്ചപോലെയും അവൾക്ക് തോന്നി. അവൾ ആവുന്നതുപോലെ ശ്രെമിച്ചു വേറെ എവിടേക്കെങ്കിലും നോക്കാൻ. അവൻ അതിന് സമ്മതിച്ചില്ല. 

“എനിക്ക് പോണം “, അവൾ പറഞ്ഞു.

പൊയ്ക്കോളു  നാളെ.

നിങ്ങൾ ഇങ്ങനെ ഒക്കെ എന്നെ കൊണ്ട് നോക്കിച്ചാൽ നാളെ പോകുമ്പോൾ എനിക്ക് വിഷമം ആകും.

ആണോ എന്നാൽ പോകണ്ട. എന്റെ കൂടെ ഇവിടെ നിക്കാമല്ലോ.

അത് പറ്റില്ല. 

പുറത്ത്‌ അപ്പോൾ മഴ ശരം പോലെ  പതിക്കുന്നുണ്ടായിരുന്നു. ഇടിയും മിന്നലും വീടിനെ ഉലയ്ക്കും പോലെ. അപ്പോഴൊക്കെ മീനു അവന്റെ രണ്ട് കൈകളിലും മുറുക്കിപ്പിടിക്കുന്നുണ്ടായിരുന്നു. അവൻ അവളുടെ രണ്ട്  കണ്ണുകളിലേക്കും മാറി മാറി നോക്കി നിൽക്കുകയായിരുന്നു. അവൾ പെട്ടെന്ന് കരഞ്ഞു.
ക്രിസ്റ്റി പേടിച്ച് കൈകൾ മാറ്റി.

എന്താ മീനു കരയുന്നേ ? ഞാൻ എന്തെങ്കിലും മോശമായി പറഞ്ഞോ ? അവൻ ചോദിച്ചു.

അവൾ അവന്റെ നെഞ്ചിൽ ചാരി നിന്നു. അവളുടെ കണ്ണുകൾ നിർത്താതെ ഒഴുകുന്നുണ്ടായിരുന്നു.

അവൻ അവളെ സോഫായിലിരുത്തി. അവനും കൂടെയിരുന്നു. അവർ കൈകൾ കോർത്ത് പിടിച്ചിരുന്നു. അവൾ അവന്റെ തോളിൽ ചാരി ഇരുന്ന് ഉറങ്ങിപ്പോയി. അവളെ അവൻ സോഫായിൽ കിടത്തി. പുതപ്പിച്ചു. അവൻ സോഫായുടെ അടുത്തുള്ള നിലത്ത് കിടന്നു.. അവൻ ഉറക്കത്തിലായിരുന്ന മീനുവിനെ കണ്ണെടുക്കാതെ നോക്കിക്കൊണ്ടിരുന്നു. അവളുടെ കണ്ണുകളിൽ അപ്പോഴും നനവുണ്ടായിരുന്നു. 

“ ഇവൾ ഒരു രാത്രി വീട് തട്ടി തുറപ്പിച്ചിട്ട് നേരെ വന്ന് എന്റെ ഹൃദയത്തിൽ കയറി ഇരിക്കുകയാണല്ലോ ! എന്താ പെണ്ണേ ഇത് ! “ അവൻ അവളെ നോക്കി പറഞ്ഞു.അവളുടെ മുഖം നോക്കി നോക്കി നേരം പോയത് അവൻ അറിഞ്ഞില്ല. സമയം അഞ്ചു മണിയോടെ അടുത്തിരുന്നു. അവൾ ഇവിടെത്തന്നെ ഉണ്ടല്ലോ നാളെ ബാക്കി കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കാം, അവൻ കണ്ണുകൾ അടച്ചു ഉറങ്ങാൻ കിടന്നു. അവൻ  ഉറങ്ങിപ്പോയി.

രാവിലെ ക്രിസ്റ്റി കണ്ണ് തുറന്നു. സോഫായിലേക്കായിരുന്നു അവന്റെ ആദ്യ നോട്ടം. മീനു അവിടെയില്ല. അവൻ ചാടി എഴുന്നേറ്റു. അവളെ വീട് മുഴുവനും തിരഞ്ഞു. അവിടെ അവൾ ഇല്ല. അവൻ കതക് തുറന്ന് പുറത്തിറങ്ങി. വഴിയിൽ ആളുകൾ കൂടി നിൽക്കുന്നത് കണ്ടു. അവൻ നേരെ അങ്ങോട്ട് നടന്നു. 
എന്ത് പറ്റി എന്ന് ക്രിസ്റ്റി അവിടെ നിന്ന ഒരാളോട് തിരക്കി. 
“മോനെ ഏതോ ദ്രോഹികൾ ഒരു പെങ്കൊച്ചിനെ കൊന്നിട്ടേക്കുന്നു “. അത് കേട്ട് ക്രിസ്റ്റി അവിടെനിന്ന പോലീസുകാരുടെ അടുത്തേക്കോടി. ബസ്സ് സ്റ്റോപ്പിന്റെ പുറകിലായി തുണിയിൽ ഒരു ശരീരം മൂടിക്കിടത്തിയേക്കുന്നത്  അവൻ കണ്ടു.

പോലീസുകാർ ശവശരീരത്തിന്റെ അടുത്ത് കണ്ട ഫയൽ എടുത്ത് തുറന്നു. അതിലുള്ള ബയോഡേറ്റയിൽ ആ പെൺകുട്ടിയുടെ പേര് ഉണ്ടായിരുന്നു. മീനു. പോലീസുകാർ പരസ്പരം പറയുന്നത് ക്രിസ്റ്റി കേട്ടു, “ മീനു എന്നാ കൊച്ചിന്റെ പേര് “.
ആ ബയോഡേറ്റയിൽ കൊടുത്തിരുന്ന നമ്പറിലേക്ക് ഒരു പോലീസുകാരൻ വിളിക്കുന്നുണ്ടായിരുന്നു. 

ക്രിസ്റ്റിക്ക് ഒന്നും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ല. അവൻ മൂടിയിട്ടിരുന്ന അവളുടെ ശരീരത്തിലേക്ക് നോക്കി. ആ ശരീരത്തിൽനിന്നും വെള്ളത്തുണി കാറ്റിൽ പറന്നു മാറി. മീനുവിന്റെ മുഖം അവൻ വ്യക്തമായി കണ്ടു. അവന്റെ തലകറങ്ങുന്നതുപോലെ. കണ്ണിൽ ഇരുട്ട് പടരുന്നതുപോലെ. അവൻ തിരിഞ്ഞോടി. വീടിനുള്ളിൽ കയറി. അടുക്കളയിൽ അവർ കുടിച്ചു വെച്ച രണ്ട് ഗ്ലാസ്സുകൾ! അവൻ നീരെടുത്ത നാല് വലൻസിയ ഓറഞ്ചിന്റെ തോടുകൾ! എല്ലാം അവിടെത്തന്നെയുണ്ട്. 

അവൻ പിന്നെയും പോലീസുകാരുടെ അടുത്തേക്ക് പോയി.

 അവർ പറയുന്നത് കേട്ടു. “ ബസ്സ് കാത്ത്‌ നിന്ന കൊച്ചാ, രാത്രി കറന്റ്‌ പോകുകയും ചെയ്തു ബസ്സ് വന്നതുമില്ല. ഈ കൊച്ച് ഇവിടെ നിൽക്കുന്നതുകണ്ട്  ഏതോ അവന്മാർ ആ കൊച്ചിനെ പിടിക്കാൻ വന്നു. അവൾ ഒരു വീടിന്റെ പാതി വഴിവരെ വന്നിട്ടുണ്ട്. പിന്നെ അവന്മാർ അവളെ പിടിച്ച് നിലത്തൂടെ വലിച്ച് ബസ്സ് സ്റ്റോപ്പിന്റെ പുറകിൽ കൊണ്ടുവന്നിട്ടുണ്ട്. അവിടെ വെച്ചാണ് അവന്മാർ അതിനെ കൊന്നത്. എന്ത് മഴയായിരുന്നു ഇന്നലെ. ആരും ഒരു ശബ്ദവും കേട്ടിട്ടില്ല.”

“ആരാണ് ഈ വീടിന്റെ ഉടമ “? പോലീസ് ഒരു വീട് ചൂണ്ടിക്കൊണ്ട് ചോദിച്ചു.

ഞാനാണ് സാർ , ക്രിസ്റ്റി മുമ്പോട്ട് വന്നു.

മീനുവിന്റെ കരയുന്ന മുഖം അവന്റെ മുമ്പിൽ തെളിഞ്ഞു. അവൾ അവന്റെ കണ്ണിൽ നോക്കിയ നിമിഷങ്ങൾ അവൻ വീണ്ടും വീണ്ടും കാണുന്നതുപോലെ. അവൻ തലകറങ്ങി വീണു. മീനുവിന്റെ ശവശരീരത്തിൽ നിന്നും ഒരു കണ്ണുനീർ തുള്ളി ഇറ്റു വീണു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക