Image

അന്തിക്രിസ്തു അരങ്ങ് വാഴുന്ന ആധുനിക ക്രിസ്ത്യാനിറ്റി ?(ക്രിസ്മസ് ചിന്തകള്‍: ജയന്‍ വര്‍ഗീസ്)

ജയന്‍ വര്‍ഗീസ് Published on 07 December, 2022
അന്തിക്രിസ്തു അരങ്ങ് വാഴുന്ന ആധുനിക ക്രിസ്ത്യാനിറ്റി ?(ക്രിസ്മസ് ചിന്തകള്‍: ജയന്‍ വര്‍ഗീസ്)

മനുഷ്യ വര്‍ഗ്ഗ ചരിത്രത്തിലെ മഹത്തായ ഒരു വഴിത്തിരിവായിരുന്നു ക്രിസ്തുവിന്റെ ജനനത്തോടെ സംജാതമായത്. ഇരുട്ടില്‍ സഞ്ചരിച്ച ജനം വലിയൊരു വെളിച്ചം കണ്ടു എന്ന് ചരിത്രകാരന്മാര്‍ എഴുതി. സര്‍വ്വജനത്തിനും വരുവാനുള്ള നന്മ എന്ന് വിലയിരുത്തപ്പെട്ട ആ സംഭവ വികാസത്തോടെ രക്ഷയുടെയും, പ്രത്യാശയുടെയും ചക്രവാളങ്ങള്‍ വികസ്വരം ആവുകയായിരുന്നു. 

വിശ്വ സാഹോദര്യത്തിന്റെ പ്രായോഗിക പരിപാടിയിലൂടെ ഭൂമിയില്‍ സ്വര്‍ഗ്ഗം തീര്‍ക്കുന്നതിനുള്ള ഒരു ചിന്താപദ്ധതിയാണ് യേശു പറഞ്ഞു വച്ചതും, ഒരു പരിധി വരെ സ്വന്തം ജീവിതത്തിലൂടെ നടപ്പിലാക്കിയതും. ദൈവത്തെയും, മനുഷ്യനെയും, പ്രകൃതിയെയും സ്‌നേഹത്തിന്റെ നേര്‍ ചരടില്‍ അവിടുന്ന് കോര്‍ത്ത് വച്ചു. ( അര്‍ഥം മനസിലാവാത്ത അനുയായികള്‍ പിന്നീട് ഇതിനെ പിതാ, പുത്രാ, പരിശുദ്ധാത്മാ എന്ന് വ്യാഖ്യാനിച്ചു ) അനേകായിരം സംവത്സരങ്ങളിലൂടെ എഴുതപ്പെട്ട സര്‍വ്വ - മത / പ്രത്യയ ശാസ്ത്ര - സിദ്ധാന്തങ്ങളെയുംസംഗ്രഹിച്ച് അതി ലളിതമായ രണ്ടേ രണ്ട്  വാചകങ്ങളില്‍ അവിടുന്ന് ക്രോഡീകരിച്ചു. ഒന്ന് : ദൈവത്തെസ്‌നേഹിക്കുക, രണ്ട് : മനുഷ്യനെ സ്‌നേഹിക്കുക. ഈ രണ്ടേ രണ്ടു വാചകങ്ങളുടെ കാലാന്തരീയവും, ദേശാന്തരീയവുമായ വ്യാഖ്യാനങ്ങളാകുന്നു എന്നെന്നും മനുഷ്യ വര്‍ഗ്ഗം നെഞ്ചിലേറ്റുന്ന സിദ്ധാന്തങ്ങളും, അവരേഖപ്പെടുത്തപ്പെട്ട ഗ്രന്ഥ സമുച്ചയങ്ങളും.

( ദൈവത്തെ സ്‌നേഹിക്കുകയെന്നാല്‍ മനുഷ്യനെ സ്‌നേഹിക്കുകയെന്നും, മനുഷ്യനെ സ്‌നേഹിക്കുകയെന്നാല്‍ ദൈവത്തെ സ്‌നേഹിക്കുകയെന്നും ആണെന്ന് സ്വന്തം പ്രവര്‍ത്തികളിലൂടെ ലോകത്തിനു കാണിച്ചു തരുമ്പോള്‍എന്നും അദ്ദേഹം എതിര്‍ത്തിരുന്നത് കൊട്ടാരക്കെട്ടുകളിലെ മത പുരോഹിത വേതാളങ്ങളെ ആയിരുന്നു എന്നത്സൗകര്യപൂര്‍വം മറന്നു കൊണ്ടാണ് ഇന്നും ക്രിസ്തുവിന്റെ അളിയന്മാരായി അഭിനയിക്കുന്ന പുരോഹിത സര്‍വസര്‍വ്വ സൈന്യാധിപന്മാരുടെ ഇടപെടലുകള്‍. )

ഇന്ന് നില നില്‍ക്കുന്ന ക്രിസ്തീയ സഭകള്‍ ഉള്‍പ്പടെയുള്ള മനുഷ്യ സമൂഹങ്ങള്‍ക്ക് ഈ ആശയം വേണ്ടത്രഉള്‍ക്കൊള്ളാന്‍ ആയിട്ടില്ലെന്നാണ് എന്റെ സുചിന്തിതമായ എളിയ കണ്ടെത്തല്‍. അയല്‍ക്കാരന്‍ എന്ന വാക്കിന്റെപ്രായോഗിക അര്‍ത്ഥതലം പോലും മനസിലാക്കാതെയാണ് കപട തീയോളജിയുടെ വക്താക്കള്‍ഡോക്ടര്‍മാരെയും, പാസ്റ്റര്‍മാരെയും പടച്ചു വിടുന്നത് എന്ന് എനിക്ക് തോന്നുന്നു. 

അയല്‍ക്കാരന്‍ എന്ന വാക്കിന് അടുത്ത വീട്ടിലെ ആള്‍ എന്ന് മാത്രമല്ലാ അര്‍ത്ഥം. ഞാനൊഴികെയുള്ള എന്റെലോകത്തിലെ ഏവനും എനിക്ക് അയല്‍ക്കാരനാണ്. അവനെ ഒട്ടും കുറയാതെ എന്നെപ്പോലെ തന്നെയാണ് ഞാന്‍സ്നേഹിക്കേണ്ടത്. ഇവിടെ ക്രിസ്തു പറയാതെ പറഞ്ഞ ' കരുതല്‍ ' എന്ന പുതിയൊരു അര്‍ത്ഥതലം കൂടിസംജാതമാവുന്നുണ്ട്. ഈ പുതിയ അര്‍ത്ഥ തലത്തിലൂടെ സമീപിക്കുമ്പോള്‍ നാമൊഴികെയുള്ള നമ്മുടെ ലോകത്തെ കരുതുന്നതിനുള്ള ഒരുപകരണമാണ് നാം എന്ന് വരുന്നു. അയല്‍ക്കാരന്‍ എന്ന അവനു വേണ്ടിസ്വന്തം ജീവനെ കൊടുക്കുന്ന സഹോദരനായി മാറുവാന്‍ ഓരോ മനുഷ്യനും സാധ്യമാവുമ്പോള്‍ യേശു വിഭാവനംചെയ്ത പുതിയ ലോകം  ഈ മണ്ണില്‍ നമുക്കിടയില്‍ സംജാതമാകും.

ഇവിടെ അതിരുകള്‍ തിരിക്കപ്പെട്ട രാജ്യങ്ങള്‍ക്ക് എന്ത് പ്രസക്തി ? ലേബലുകള്‍ ഒട്ടിക്കപ്പെട്ട  വര്‍ഗ്ഗീകരണത്തിന്എന്ത് പ്രസക്തി ? അതിരുകളില്ലാത്ത ലോകവും, ലേബലുകളില്ലാത്ത മനുഷ്യനും എന്ന എന്റെ സങ്കല്പം രൂപപ്പെട്ട്വന്നത് ഇങ്ങിനെയാണ്. 

അവസാന കാലത്ത് അന്തിക്രിസ്തു ലോകത്തിന്റെ അധിപനാകും എന്ന് ബൈബിള്‍ ദാര്‍ശനികന്മാര്‍  വിലയിരുത്തുന്നു.  അന്തിക്രിസ്തു എന്ന വാക്ക് Anti Christ എന്ന ഇംഗ്ലീഷ് വാക്കില്‍ നിന്ന്പരിഭാഷപ്പെടുത്തിയിട്ടുള്ളതാണ്. ഈ വാക്കിന് ക്രിസ്തുവിരോധികള്‍ എന്നാണ് അര്‍ത്ഥം  വരേണ്ടത്എന്നതിനാല്‍ ക്രിസ്തുവിരോധികളുടെ ആധിപത്യം സംജാതമാകും എന്നാണ് ദാര്‍ശനികന്‍ അര്‍ത്ഥമാക്കുന്നത്. ക്രിസ്തു വിരോധികള്‍ എന്നാല്‍ ക്രിസ്തുവിന്റെ ആശയങ്ങള്‍ക്ക് കടക വിരുദ്ധമായ ആശയങ്ങള്‍ ഉള്‍ക്കൊള്ളുന്നവര്‍ എന്നാണല്ലോ ? സ്‌നേഹത്തിനും, കരുതലിനും പകരമായി അവര്‍ വിദ്വേഷവും, ചൂഷണവുംഉള്‍ക്കൊള്ളുകയും, അത് നടപ്പിലാക്കുകയും ചെയ്യുമ്പോള്‍ ദാര്‍ശനികന്‍ അര്‍ത്ഥമാക്കുന്ന അന്തിക്രിസ്തുവിന്റെകാലം വന്നു ചേരുന്നു. 

ക്രിസ്തുവിനും വളരേ മുന്‍പേ കലിയുഗ കല്പനയിലൂടെ ഭാരതീയ ദര്‍ശനങ്ങളും ഇത് പറഞ്ഞു വച്ചിരുന്നു  എന്നതിനാല്‍ ഭാരതത്തിലെ സിന്ധു - ഗംഗാ നദീ തടങ്ങളിലും, ഈജിപ്തിലെ നീല നദീ തടങ്ങളിലും വളര്‍ന്നുവന്ന രണ്ട് ജനപഥങ്ങള്‍ തങ്ങളുടെ വംശ നാശത്തിന് കാരണമായേക്കാവുന്ന സാഹചര്യങ്ങളെപ്പറ്റി ബോധ പൂര്‍വംവ്യാകുലപ്പെടുകയാണ് ഇവിടെ ചെയ്യുന്നത്. 

ഈ സാഹചര്യങ്ങള്‍ സാവധാനം കാലുറപ്പിച്ചു കഴിഞ്ഞ ഒരു ലോകത്തിലാണ് ഇപ്പോള്‍ നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. രണ്ടാം ലോക മഹായുദ്ധ ശേഷം പടിഞ്ഞാറന്‍ നാടുകളില്‍ വേര് പിടിക്കുകയും, ലോകത്താകമാനം വളര്‍ന്നു പടരുകയും ചെയ്ത  അനിശ്ചിതത്വത്തിന്റെ ( അസ്തിത്വ വേദന എന്ന് സാഹിത്യഭാഷ ) ആക്രമണത്തില്‍ നിന്നുള്ള മോചനം എന്ന നിലയിലാണ്  ' എന്‍ജോയ് ദി ലൈഫ് ' നെ  ലോകം നെഞ്ചിലേറ്റിയത്.  തിന്നുക, കുടിക്കുക, ആനന്ദിക്കുക എന്ന അതിന്റെ വിപര്യയങ്ങളില്‍  മനുഷ്യ രാശി മൂക്കുകുത്തി വീഴുമ്പോള്‍ അവര്‍ പോലും അറിയാതെ ആദ്യമായി അന്തിക്രിസ്തു ലോകത്തില്‍ കാല് കുത്തി. വിയര്‍പ്പോടെ അപ്പം ഭക്ഷിക്കണമെന്ന സര്‍വ ലൗകിക ധര്‍മ്മ സംഹിത വലിച്ചെറിഞ്ഞു കൊണ്ട് അനര്‍ഹമായതും, അപരന്റതായതും ആസ്വദിക്കണമെന്ന ആര്‍ത്തിയോടെ കുതിച്ചു പായുകയാണ് ' അടിപൊളിയന്‍ ' എന്ന് മലയാളീകരിക്കപ്പെട്ട ആധുനിക ലോക വ്യവസ്ഥകള്‍. 

ഈ കുതിപ്പിന് ആശയ പരമായ പുത്തന്‍ ന്യായ വാദങ്ങളുമായി മീഡിയകള്‍ രംഗത്തു വരുന്നു ; മീഡിയകളുടെ ആശയങ്ങള്‍ ജന ഹൃദയങ്ങളി എത്തിക്കാന്‍ സെക്‌സ് പ്രധാന പ്രസര്‍വേറ്റീവക്കുന്നു ; എതിര്‍ സെക്സിനോടുള്ള ആകര്‍ക്ഷണത്തില്‍ കൊഴുപ്പിന്റെയും, മുഴുപ്പിന്റെയും പിറകേ മുക്രയിട്ടോടിയ ജനം മുഖപ്പട്ട കെട്ടിയ കുതിരകളെപ്പോലെ മീഡിയകള്‍ പറഞ്ഞതെല്ലാം സത്യമാണെന്നു വിശ്വസിച്ച് ഒരു പുത്തന്‍ ജീവിത ക്രമംരൂപപ്പെടുത്തിയെടുക്കുന്നു. 

ഇതില്‍ നിന്നുളവായ സാമൂഹ്യ സാഹചര്യങ്ങളുടെ നീരാളിപ്പിടുത്തങ്ങള്‍ ഉളവാക്കിയ പ്രായോഗികആസ്വാദനങ്ങളാണ് നമുക്ക് ചുറ്റും ആടിത്തിമിര്‍ക്കുന്ന ദുരന്ത പര്‍വങ്ങളുടെ അനുഭവ സമസ്യകള്‍ എന്ന്ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ. 

* ആഹാരത്തിന്റെയും മരുന്നിന്റെയും ലേബലില്‍ വിനാശ കരമായ വിഷ വസ്തുക്കളെ അകത്താക്കേണ്ടി വരിക ! 

* പരസ്യ വായാടികളുടെ കപട പ്രലോഭനങ്ങളില്‍ അകപ്പെട്ട് അനാവശ്യ വസ്തുക്കള്‍ ഏറ്റു വാങ്ങേണ്ടി വരിക ! 

* കോര്‍പ്പറേറ്റ് ഫാര്‍മസ്യൂട്ടിക്കല്‍ മാഫിയകളുടെ പരീക്ഷണ ഗിനിപന്നികളായി സ്വന്തം ജീവിതവും സമ്പാദ്യവുംതുളച്ചു കളയേണ്ടി വരിക ! 

* മത / രാഷ്ട്രീയ / കച്ചവട യജമാനന്മാരുടെ അടിമകളായി അവരുടെ അറവു ശാലകളിലേക്ക്ആട്ടിത്തെളിക്കപ്പെടേണ്ടി വരിക ! 

* മദ്യവും, മദിരാക്ഷിയും നുരയ്ക്കുന്ന പുത്തന്‍ മൂഷികപ്പൂട്ടുകളില്‍ കഴുത്തുകള്‍ അകപ്പെടുത്തി മാനസിക മരണംഅനുഭവിക്കേണ്ടി വരിക ! 

* ആസ്വാദന മേഖലകള്‍ അനന്തമായി വികസിക്കുമ്പോള്‍ അതനുഭവിക്കാന്‍ ആരെക്കൊന്നും പണം ഉണ്ടാക്കേണ്ടിവരിക ! 

* സ്വന്തം മനഃസാക്ഷിയില്‍ ശവക്കുഴി തോണ്ടി അതില്‍ അപരന്റെ അവകാശങ്ങളെ ഉളുപ്പില്ലാതെ കുഴിച്ചു മൂടേണ്ടിവരിക ! 

* മദ്യ / മയക്കുമരുന്ന് മാഫിയകളുടെ മരണക്കെണികളില്‍ മക്കളെ എറിഞ്ഞു കൊടുക്കേണ്ടി വരുന്ന ഗതികേടില്‍വേദനിക്കേണ്ടി വരിക !

* ധര്‍മ്മത്തിന്റെ അട്ടഹാസത്തില്‍ അടിപിണഞ്ഞ് പോയ ധര്‍മ്മത്തന്റെ വിലാപത്തെ അവഗണിക്കേണ്ടി വരിക ! 

ഇപ്രകാരമുള്ള നിരവധി ജീവിത സാഹചര്യങ്ങളിലൂടെ കലിയുടെയും അന്തിക്രിസ്തുവിന്റെയും അജയ്യകാലടികള്‍ മനുഷ്യ ജീവിത വേദികകളില്‍ അതി ശക്തമായി അമര്‍ന്നു കഴിഞ്ഞു. ഇനിയുള്ള നാളെകളില്‍ അവര്‍അപ്രതിരോധ്യന്മാരായ വാമനന്മാരായി വളര്‍ന്നു മുറ്റുമ്പോള്‍ സമസ്ത ലോകവും സര്‍വ നാശത്തിന്റെ പാതാളനിഗൂഢതകളില്‍ ചവിട്ടി താഴ്ത്തപ്പെടും.

ക്രിസ്തുവിനെ പിന്‍ പറ്റുന്നുവെന്ന് അവകാശപ്പെടുകയും വര്‍ഷാവര്‍ഷം ക്രിസ്തുമസ് ആഘോഷങ്ങളില്‍ അഭിരമിക്കുകയും ചെയ്യുന്ന ക്രിസ്തീയ സഭകള്‍ പോലും അറിഞ്ഞോ അറിയാതെയോ അന്തിക്രിസ്തുവിനെ റോള്‍മോഡല്‍ ആക്കുകയാണ്  ചെയ്തു കൊണ്ടിരിക്കുന്നത്. ക്രിസ്തു വിഭാവനം ചെയ്ത യഥാര്‍ത്ഥലോകത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും കണ്ടെത്തുവാന്‍ അവര്‍ക്ക് കഴിയാത്ത പോകുന്നതാവാം ഒരു കാരണം. അതല്ലെങ്കില്‍ അപരനോടുള്ള സ്‌നേഹത്തിന്റെ പ്രായോഗിക സാദ്ധ്യതകള്‍ കരുതല്‍ എന്ന മഹത്തായമൂല്യത്തില്‍ അധിഷ്ഠിതമാണെന്ന് മനസ്സിലാവാത്തതാവാം. അഥവാ മനസ്സിലാക്കിയാല്‍ തന്നെ അത്‌ നടപ്പിലാക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന ഭൗതികമായ  നഷ്ടക്കണക്കുകളുടെ പെരുപ്പത്തെയോര്‍ത്തുള്ള വ്യക്തിഗതമായ ആധികള്‍ കൊണ്ടാവാം. 


സഹോദരന്‍ എന്ന് വിളിക്കപ്പെടേണ്ടവന്‍ മനുഷ്യ കുലത്തിലെ മറ്റാരുമാകാം എന്നത് മാത്രമല്ലാ, അവന്‍ നമ്മള്‍ കാണുന്നവനോ, കാണാത്തവനോ ആകാം എന്നതും കൂടി ഇവിടെ പ്രസക്തമാണ്. അവന്‍ ദരിദ്രനോ ബലഹീനനോ ആകാം. അവന്‍ യുക്രെയിനിലെ ബോംബര്‍ മിസ്സൈലുകളുടെ ഹുംകാരവങ്ങളില്‍ ഭയന്ന് വിറച്ച് അമ്മമാരുടെ ഹൃദയമിടിപ്പുകളില്‍ അഭയാന്വേഷികളായി പറ്റിച്ചേരുന്ന പിഞ്ചു പൈതങ്ങളാവാം. സോമാലിയന്‍ ഗ്രാമാന്തരങ്ങളിലെ ചളിക്കുളങ്ങള്‍ക്കരികില്‍ ഒരു തുണ്ട് റൊട്ടിക്കായി മാനത്തേക്ക് കണ്ണയച്ച് കാത്തിരിക്കുന്ന ദരിദ്ര ബാലന്മാരാവാവാം. 

ക്രിസ്തുവിന്റെ ചിന്താ പദ്ധതികളില്‍ നാം കരുതേണ്ടി വരുന്നത് ഇവരെയൊക്കെയാണ്. ഇവിടെയെല്ലാം നമുക്ക്വ്യക്തി പരമായ നഷ്ടങ്ങള്‍ ഉണ്ടാവുന്നു. നമ്മുടെ തീന്‍ മേശകളില്‍ നിറഞ്ഞു കവിയുന്ന വിഭവങ്ങള്‍ ആസ്വദിക്കുമ്പോള്‍ യുക്രെയിന്‍ പൈതങ്ങളുടെയും, സോമാലിയന്‍ ബാല്യങ്ങളുടെയും വൈവശ്യ മുഖങ്ങള്‍ നമ്മെ അസ്വസ്ഥരാക്കുന്നു. ഇതേ മാനറില്‍ ഒരു ക്രിസ്ത്യാനിയുടെ ഏതൊരു ജീവിത വ്യാപാരങ്ങളിലും അവന്നിയന്ത്രണത്തിന്റെ വിലങ്ങുകള്‍ വരുന്നു. അവനൊഴികെയുള്ള അവന്റെ ലോകത്തിന്റെ വേദന അവന്റേതായി അവന്‍ നെഞ്ചിലേറ്റുമ്പോള്‍ അവന് ആഘോഷങ്ങളില്‍ അഭിരമിക്കാന്‍ ആവുന്നില്ല. 

ഇവിടെ, അടിക്കുവാനും പൊളിക്കുവാനും ആഘോഷിക്കുവാനും വേണ്ടി അവസരങ്ങള്‍ ഒരുക്കി  കാത്തുകാത്തിരിക്കുന്ന അന്തിക്രിസ്തുവിന്റെ ലോകത്തേക്ക് സ്വാഭാവികമായും നാം വഴുതി വീണു പോകുന്നു. സ്വയംനഷ്ടപ്പെട്ടുകൊണ്ടും അപരനെ കരുതി അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്ന ആ ഒറ്റ വസ്ത്രക്കാരനെ ആര്‍ക്കു വേണം? അപരന്റെ അവകാശങ്ങള്‍ അടിച്ചെടുത്ത് സ്വന്തം താവളത്തില്‍ കൂട്ടി വയ്ക്കുകയും, അതിന്റെ  അപാരമായ ആഘോഷ സാധ്യതകളില്‍ അര്‍മ്മാദിക്കുകയും ചെയ്യുന്ന അന്തിക്രിസ്തുവിന്റെ പുതിയ  ലോകത്തിലെ പുത്തന്‍ക്രിസ്ത്യാനികളുടെ കൂട്ടങ്ങള്‍ വളര്‍ന്നു പെരുകുകയാണ്.


ഇരുട്ടില്‍ സഞ്ചരിച്ച ജനം അന്ന് കണ്ട് നെഞ്ചിലേറ്റിയ ആ വലിയ വെളിച്ചം ഇങ്ങിനി വരാതെവണ്ണം അകലങ്ങളില്‍ അകന്നു കഴിഞ്ഞു. ഇരുട്ടിന്റെ സുരക്ഷിതത്വത്തില്‍ അന്തിക്രിസ്തുവിന്റെ ആഘോഷങ്ങളില്‍ അടിച്ചുപൊളിക്കുന്ന ലോകം അവനെ റോള്‍മോഡല്‍ ആക്കിക്കഴിഞ്ഞു. നിങ്ങള്‍ എങ്ങോട്ടാണ് പോകുന്നത് എന്നതാണ് വര്‍ത്തമാന കാലസന്ധികളിലെ ഇന്നുകളില്‍ മാനവ രാശിയുടെ ഏറ്റവും പ്രസക്തമായ ചോദ്യം. എങ്കിലും രണ്ട് സഹസ്രാബ്ദങ്ങളുടെ സജീവ സാന്നിധ്യമായി തെളിഞ്ഞു കത്തിനിന്ന ആ മഹാ വെളിച്ചം അണയാതെ കാത്തുവയ്ക്കുവാന്‍ മാനവ രാശിയുടെ ഇന്നുള്ള അവശേഷിപ്പുകളായ നമ്മള്‍ക്ക് ബാധ്യതയുണ്ട്. അത് കൊണ്ട് തന്നെ സമാഗതമാവുന്ന ക്രിസ്മസ് അനുസ്മരണങ്ങള്‍ക്ക് ആശംസകള്‍ !

Modern Christianity in which Antichrist reigns?

Join WhatsApp News
Boby Varghese 2022-12-08 17:29:02
Hello Jayan Varghese, whenever you get a chance, you try to portray the pharmaceutical industry as Satanic. All medicines are poisonous Chemicals in your view. Just 100 years ago, the average lifespan was only 45 years. 200 years ago, the average lifespan was only 35 years. Today the average is about 85 years. World population was only 1 billion in 1804 and 2 billion in 1927. Even then, we humans enjoy better food, better clothes , better residences and better transportations. All the developments in Industrial, Agricultural ,and Medical fields are not Satanic. Open your eyes and try to see and enjoy the good things in our beautiful world.
Thomas K.Varghese 2022-12-08 18:25:50
ശ്രീ ജയന്റെ (Mr.Jayan Varghese)ലേഖനം ഇന്നത്തെ ധാര്മീക അധ:പദനത്തിന്റെ ഒരു പൂർണ്ണ കായ ചിത്രം നൽകുന്നു. മരുന്നുകളും മതവും രാഷ്ട്രീയവും എല്ലാം ചൂഷണം മുൻനിർത്തി ഇറങ്ങി തിരിച്ചാൽ സത്യത്തിൽ നിന്നും നന്മയിൽ നിന്നും , അന്തിക്രിസ്തു എന്ന വാക്കു പോലെ , ക്രിസ്തു സന്ദേശത്തിന്റെ ഭീഷണി ആകും . Thanks for the good article.
Jayan varghese 2022-12-09 13:55:21
പ്രിയ ബോബി വർഗീസ്, അങ്ങയുടെ വിലയിരുത്തലുകൾ ആദരിക്കുന്നു. കൂടുതൽ മെച്ചപ്പെട്ട ഒരു ലോകത്തിന് വേണ്ടിയുള്ള നമ്മുടെ അന്വേഷണങ്ങളിൽ തടസ്സം നിന്നേക്കാവുന്ന സാഹചര്യങ്ങളെ വിലയിരുത്തുമ്പോൾ തിന്മയുടെ പ്രതീകമായി എസ്റ്റാബ്ലിഷ്‌ ചെയ്യപ്പെട്ട അന്തിക്രിസ്തു എന്ന വാക്ക് ഉപയോഗിച്ചു എന്നേയുള്ളു. പാവം സാത്താൻ ഇവിടെ ഒരു കക്ഷി പോലുമല്ല. മറ്റൊരു വീക്ഷണ കോണത്തിലൂടെ ആശയത്തെ സമീപിച്ച ശ്രീ തോമസ് വർഗീസ്, അങ്ങേയ്ക്കും നന്ദി. ജയൻ വർഗീസ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക