Image

അറിയാതെ ( കഥ: രമണി അമ്മാൾ )

Published on 08 December, 2022
അറിയാതെ ( കഥ: രമണി അമ്മാൾ )

അദ്ദേഹത്തിന്റെ പേര് അശോകനെന്നായിരുന്നു.
ഇരുണ്ടനിറത്തിൽ,  നല്ല പൊക്കമുളള, ഒരു കൃശഗാത്രൻ. 
ആദ്യമായി കാണുന്നത് അച്ഛൻ ആശുപത്രിയിൽ കിടക്കുമ്പോഴാണ്..
അവർ മൂന്നാലുപേരുണ്ടായിരുന്നു. യൂണിയന്റെ ആൾക്കാർ,

കുറച്ചു സാമ്പത്തിക സഹായവുമായി വന്നതാണെന്ന് അമ്മയുടെ കയ്യിലേല്പിച്ച ചെറിയ കവറുകണ്ടു മനസ്സിലാക്കി.
പോകാൻനേരം അവരിലൊരാൾ, അശോകൻ സാർ എന്റെ തലയിലൊന്നു തലോടി.

ഒരുമാസംകൂടി അച്ഛൻ അതേ കിടപ്പുകിടന്ന്, ഒടുവിൽ മരണത്തിനു കീഴടങ്ങി. 
ആശുപത്രിച്ചിലവുകളുടെ
ബില്ലടച്ചതും, 
ഡഡ്ബോഡിയോടൊപ്പം 
കൂട്ടുവന്നതും അദ്ദേഹം മാത്രം
പിന്നെയും മൂന്നുനാലു തവണ വീട്ടിൽ വന്നിരുന്നു.
അമ്മയെക്കൊണ്ട് ഏതൊക്കെയോ പേപ്പറുകളിൽ ഒപ്പിടുവിച്ചുപോകാൻ..
പുഴയ്ക്കക്കരെ   "പായിമ്പ്ര"ത്താണ് വീടെന്നും,
കല്യാണം കഴിച്ചിട്ടില്ലെന്നും രിഷ്ട്രീയപ്രവർത്തനമൊക്കെയായി നടക്കുന്നതുകൊണ്ടാണു കല്യാണം വൈകുന്നതെന്നുമൊക്കെ അമ്മ പറയുന്നതു കേട്ടു.
 "മോൾടച്ഛൻ മരിച്ചു, 
ഇനിയിവിടെ ഞങ്ങൾക്കാരാ  ഉളളത്...നാട്ടിലേക്കു
തിരിച്ചു പോകുകയാണ്."
അമ്മ പറഞ്ഞു..
"അവിടെയും നിങ്ങളൊറ്റയ്ക്കല്ലേ..."
പിന്നെയും എന്തോ പറയാനാഞ്ഞ സാർ, അതു കേൾക്കാൻ നില്ക്കാതെ
വീടിനുളളിലേക്ക് ഉൾവലിഞ്ഞുകളഞ്ഞ അമ്മ..!

അച്ഛൻ  ജോലിചെയ്തിരുന്ന സ്ഥാപനത്തീന്ന് കിട്ടാനുണ്ടായിരുന്ന 
തുകയ്ക്കുവേണ്ടി രണ്ടാഴ്ചകൂടി ഞങ്ങൾ വെയ്റ്റുചെയ്തു.
നാട്ടിലേക്കു ട്രെയിൻ കയറ്റിവിടാനായിട്ടാണ് സാറു
പിന്നെ വന്നത്..
അപ്പോഴും എന്റെ തലയിൽ സ്നേഹമസൃണമായ തലോടൽ. "നന്നായി പഠിക്കണം.."

ഞങ്ങളുടെ ബോഗി നീങ്ങിയകലുന്നതും
നോക്കിയുളള ആ നില്പ്...

അമ്മയുടെ നാട്ടിലേക്ക്,
കുടുംബഭാഗംവയ്പ്പിൽ  ഓഹരിയായിക്കിട്ടിയ 
കാടുകയറിക്കിടന്ന തറവാട്ടിലേക്ക്
ഓർമ്മയിലെ ആദ്യവരവ്.

"മോളേ..ആ സാറിനൊരു കത്തയയ്ക്കണം..നീ എഴുതിയാൽ മതി. അഡ്രസ്സ് കടയിലെ പറ്റുവരവു ബുക്കിൽ എഴുതിയിട്ടിട്ടുണ്ട്."

"ബഹുമാനപ്പെട്ട അശോകൻ സാറിന്...
ഞങ്ങളിവിടെ സുഖമായിട്ടെത്തി..
അമ്മ പഠിച്ച സ്കൂളിലാണ് എന്നെ ചേർത്തത്. 
ഞങ്ങളോടു കാണിച്ച സ്നേഹത്തിനും ചെയ്തുതന്ന സഹായങ്ങൾക്കും ഒരുപാടു നന്ദിയുണ്ട്."

വല്ലപ്പോഴും അയക്കുന്ന കത്തുകൾക്കു 
ഒന്നോ രണ്ടോ സ്ഥിരം വാചകങ്ങളിലൊതുങ്ങുന്ന 
മറുപടിയുണ്ടായിരുന്നു.

വർഷം മൂന്നു കഴിഞ്ഞിരിക്കുന്നു..
അശോകൻ സാറിനെഴുതിയ ഒരു കത്തിൽ, 
എന്റേതുമാത്രമായി
ഒരു വരികൂടി അമ്മയറിയാതെ ഞാൻ എഴുതിച്ചേർത്തിട്ടാണ് കത്തൊട്ടിച്ചത്.
"ഞാനിപ്പോൾ പഴയ കുട്ടിയല്ല. വളർന്നു വലുതായി."
എന്തിനങ്ങനെ എഴുതിയെന്ന് ഇപ്പോഴുമെനിക്കറിയില്ല. 
"ഞാനും വളർന്നു വലുതായിക്കൊണ്ടിരിക്കുന്നു,  നിന്നേക്കാൾ മുപ്പതുവർഷം മുന്നോട്ട്..."

പരീക്ഷകളുടെ ബഹളം കഴിഞ്ഞ്  രണ്ടു കത്തുകളെഴുതി,
മറുപടി വന്നില്ല. എന്തുപറ്റിയതാവും...
മനസ്സാകെ വ്യാകുലപ്പെട്ടു.

വിവരങ്ങളറിയാൻ ഒരു മാർഗ്ഗവുമില്ല.
അമ്മയ്ക്കു തീർത്തും സുഖമില്ലാതായ വിവരം അറിയിക്കാനായി 
എഴുതി അയച്ചകത്ത്, അമ്മ മരിച്ചിട്ട് ഏതാനും ദിവസങ്ങൾക്കുശേഷം

അഡ്രസ്സിയെ 
കണ്ടെത്താനായില്ലെന്നു പറഞ്ഞ് തിരിച്ചു വന്നു. 

ഇന്നും ഇടയ്ക്കൊക്കെ മനസ്സു ചോദിക്കാറുണ്ട്, അശോകൻസാറിന് എന്തുപറ്റിയതാവും..?

STORY  REMANY AMMAL

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക