Image

കഴിഞ്ഞുപോയ ഒരു ക്രിസ്തുമസ് കാലം (ചിഞ്ചു തോമസ്)

Published on 09 December, 2022
കഴിഞ്ഞുപോയ ഒരു ക്രിസ്തുമസ് കാലം (ചിഞ്ചു തോമസ്)

ഏകദേശം ഇരുപത്തിയഞ്ചുവർഷങ്ങൾക്ക് മുമ്പുള്ള ഒരു ക്രിസ്തുമസ് കാലം. അന്നത്തെ ഡിസംബർ മാസം നല്ല തണുപ്പുള്ള സമയമാണ്. എന്റെ വീടിന്റെ മുമ്പിലുള്ള കുന്നും താഴ്‌വരയുമൊന്നും രാവിലെ ഏഴുമണിയായാൽപോലും കാണാൻ പറ്റാത്തത്ര മൂടൽമഞ്ഞു വരുന്ന കാലം.  തെന്നൽ കിഴക്ക് നിന്ന് ചെറുകെ വന്നണയുമ്പോൾ ആ മഞ്ഞൊന്ന് തെന്നി മാറും. ആ സമയം മുമ്പിലുള്ള കുന്നുകളിൽ  അവിടെ ഇവിടെയായി ചിതറിക്കിടന്നിരുന്ന  വീടുകളുടെമുമ്പിൽ കെട്ടിത്തൂക്കിയിരുന്ന  നക്ഷത്രങ്ങളിൽ നിന്നും വരുന്ന വെളിച്ചം കാണാം. നക്ഷത്രങ്ങൾ ഭൂമിയിൽ വന്ന്  ഉദിച്ചപോലെ.

അന്നൊക്കെ എല്ലാവരുടെയും വീടുകളിൽ ജീവനുള്ള ക്രിസ്തുമസ് മരം ഉണ്ടായിരുന്നു. എന്റെ വീട്ടിലും ഉണ്ടായിരുന്നു ഒരെണ്ണം. വേരുകളിറങ്ങി വിണ്ടുകീറി, മണ്ണ് അശേഷമില്ലാത്ത ചെടിച്ചട്ടിയിൽ , ആറടിപ്പൊക്കത്തിൽ , താഴ്ഭാഗത്ത്‌  ഇലകളില്ലാതെ, പകുതിക്കുമുകളിലായി മാത്രം ഇലകളുള്ള , ക്രിസ്തുമസ് കാലത്ത്‌ അലങ്കരിക്കപ്പെടാനായി മാത്രം ജീവിക്കുന്ന ഒരു ക്രിസ്തുമസ് മരം. അതിനെ മരം എന്ന് വിളിക്കണോ ചെടി എന്ന് വിളിക്കണോ എന്ന് അറിയാൻ വയ്യ! മരമാകാൻ  കഴിവുള്ള എന്നാൽ ഒരു ചെടിച്ചട്ടിയിൽ ഒതുക്കപ്പെട്ട് ചെടിയാക്കപ്പെട്ട മരം. ആരുമതിനെ വലിയ ചെടിച്ചട്ടിയിലേക്ക് മാറ്റിനട്ടിരുന്നില്ല  എന്നത് വേറെ ഒരു സത്യവും!

ക്രിസ്തുമസ് കാലത്ത്‌ മിന്നാമിന്നിപോലുള്ള വെളിച്ചങ്ങളാൽ ക്രിസ്തുമസ് മരത്തെ  അലങ്കരിക്കുമ്പോൾ നല്ല സുന്ദരിയായി മാറുവാൻ അവൾക്ക്  കഴിഞ്ഞിരുന്നു. അവൾ സുന്ദരിയാകുമ്പോൾ ഞങ്ങൾക്കും , രാത്രിയിൽ അവളെ കാണുന്ന അക്കരെയുള്ള മനുഷ്യർക്കും ക്രിസ്തുമസ്സിന്റെ സന്തോഷം പകർന്നു കൊടുക്കാൻ  അവൾക്ക് കഴിഞ്ഞിരുന്നു. ക്രിസ്തുമസ് അലങ്കാരങ്ങൾകൊണ്ടും ഞങ്ങൾ അവളെ ആവുന്നത്ര അണിയിച്ചൊരുക്കിയിരുന്നു.

മിന്നാമിന്നിപോലെ  പലനിറത്തിലുള്ള വെളിച്ചം അവളെ ചുറ്റിപ്പിണഞ്ഞിരിക്കുന്നത് കാണാൻ രാത്രിയിൽ പുറത്തുപോയി നിൽക്കുകയും അതിരാവിലെ എഴുന്നേൽക്കുകയും ചെയ്യുന്നത് ഡിസംബർ മാസത്തിലെ എന്റെ പതിവായിരുന്നു. ആ മാസത്തിൽ എല്ലാത്തിനും സൗന്ദര്യമാണ്. അല്ലെങ്കിൽ സൗന്ദര്യം നുകരാൻ    എന്റെ മനസ്സ് പ്രണയാദ്രമാകുന്ന മാസമായിരുന്നു ഡിസംബർ.  പ്രകൃതിയെ ഞാനൊരു കാമുകനായി  കാണുന്ന മാസം.

ആ മാസത്തിലെ സന്ധ്യകളിൽ എന്റെ വീട്ടിൽ മിക്സിയുടെ ബഹളമാണ് . രാത്രിയിൽ ജോലികഴിഞ്ഞെത്തുന്ന അപ്പന് ക്രിസ്തുമസ് കേക്ക് ഉണ്ടാക്കാനുള്ള ചേരുവകൾ തയ്യാറാക്കുന്ന സമയമായിരുന്നു അന്നത്തെ സന്ധ്യാ സമയങ്ങൾ. പഞ്ചസാര പൊടിച്ചുവെക്കുക, നട്ട്സ്‌ പൊടിയാക്കുക, ചില സുഗന്ധ മസാലകൾ പൊടിയാക്കുക എന്നിങ്ങനെയുള്ള തയ്യാറെടുപ്പുകളുടെ സമയം. കേക്ക് ഉണ്ടാക്കാൻ മാത്രമായി ചരുവം പോലെ ഒരു ഓവൻ ഉണ്ടായിരുന്നു അന്ന് . ബോംബെയിൽ നിന്ന് ഇറക്കുമതി ചെയ്ത ഓവൻ ആയിരുന്നു അത്. അത് ഡിസംബർ ആകുമ്പോൾ ഇലക്ട്രിക്ക് കടയിൽ കൊടുത്ത്‌ ഒന്ന് കുട്ടപ്പനാക്കിയെടുക്കുമായിരുന്നു. അങ്ങനെ ക്രിസ്തുമസ് കേക്ക് ഉണ്ടാക്കാൻ എല്ലാ ജീവവസ്തുക്കളും അജീവവസ്തുക്കളും തയ്യാറായി നിൽക്കും.

എന്റെ അപ്പൻ കുളിച്ച് ശുചിയായി ഒരു കേക്ക് വിദഗ്ധൻ എന്നോണം അടുക്കളയിലേക്ക് ഒരു വരവുണ്ട്. അവിടെയുള്ള പാതകത്തിന്റെ മുകളിലായി ഒരുവശം ചരിഞ്ഞിരിക്കും. തയ്യാറാക്കി വെച്ചിരിക്കുന്ന കൂട്ടങ്ങൾ മുൻപിൽ നിരത്തിയിട്ടുണ്ടാകും. എന്നിട്ട്  വലിയ ഒരു ഉരുളിയിലേക്ക്  മൈദയും പാലും പഞ്ചസാര പൊടിച്ചതും ഓറഞ്ച് നീരും നട്ട്സ്‌ പൊടിച്ചതും മുട്ടയും സുഗന്ധ മസാലകളും ഒക്കെ ഒന്നൊന്നായി ഇട്ട് കൈകൊണ്ട് ഓട്ടപ്രദക്ഷിണം നടത്തി ചേരുവകളെല്ലാം ഒന്നിപ്പിക്കും. വാനില എസ്സൻസ് ഇടുമ്പോൾത്തന്നെ കേക്ക് ഉണ്ടാക്കിയ ഒരു സുഗന്ധം വീട് മൊത്തവും വ്യാപിക്കും. അരമണിക്കൂർ ഒക്കെ എടുത്ത്‌ നല്ലപോലെ ഒന്നിപ്പിക്കുന്ന പരിപാടിയായിരുന്നു അത്. നല്ല കേക്ക് ഉണ്ടാക്കി സ്വന്തക്കാർക്കും കൂട്ടുകാർക്കും പള്ളിയിൽ ഉള്ളവർക്കുമൊക്കെ കൊടുക്കാൻ എന്റെ അപ്പന് വലിയ ഇഷ്ട്ടമായിരുന്നു. അങ്ങനെ ഒരു ക്രിസ്തുമസ് രാത്രിയിൽ പള്ളിയിൽ കുട്ടികളുടെ ടാബ്ലോയും നാടകവുമൊക്കെ ഉള്ള സമയത്ത്‌ എന്റെ അപ്പൻ അവിടെയുള്ളവർക്കൊക്കെ കേക്ക് വിതരണം ചെയ്തപ്പോൾ അതിൽ ഒരു കേക്ക് എടുത്ത്‌ ചെറിയ ഒരു വാ കഴിച്ചിട്ട് കണ്ണ്തള്ളി ആ കേക്കിലേക്ക് ഒന്ന് നോക്കി പിന്നെ അതൊന്ന് മണത്തുനോക്കി പിന്നെയും ചെറുതായി ഒന്ന് കടിച്ച്‌  കേക്ക് തീരല്ലേ എന്ന രീതിയിൽ അലിച്ചു കഴിക്കുന്ന എന്റെ പ്രേമഭാജനത്തെ,  മാലാഖയുടെ വേഷമിട്ട് സ്റ്റേജിൽ നിന്നിരുന്ന ഞാൻ കണ്ടപ്പോൾ എന്റെ അപ്പന്റെ കഴിവിൽ അഭിമാനംകൊണ്ട് തൃപ്തിയോടെ പുഞ്ചിരി തൂകിയിരുന്നു ഞാൻ. ആ കേക്ക് എണ്ണത്തിൽ കുറവായിരുന്നു. അത് കിട്ടുന്നവർ ഭാഗ്യവാന്മാരും. ബാബുച്ചായൻ ഉണ്ടാക്കുന്ന കേക്ക് കിട്ടിയില്ലെങ്കിൽ അതൊരു തീരാനഷ്ട്ടമാണ് എന്ന് ആളുകൾ പറയുന്നത് കേൾക്കുന്നതുതന്നെ എന്റെ അപ്പന് ഹരമായിരുന്നു. 
’ബാബുവേ,നീ കേക്ക് ആയിട്ട് എപ്പോൾ ഈ വഴി വരും’? എന്ന് അപ്പന്റെ മാവി ഫോൺ ചെയ്ത് ചോദിച്ചുകൊണ്ടേയിരിക്കും ഡിസംബർ ആയാൽ. അതുകൊണ്ടൊക്കെത്തന്നെ കേക്ക് ഉണ്ടാക്കൽ ഒരു അന്തസ്സായിരുന്നു. ഗുണമേന്മയ്ക്ക് ഒരു വിട്ടുവീഴ്ച്ചയുമില്ലാത്ത ഒരു ക്രിസ്തുമസ് പ്രക്രിയ. ‘ഹായ് നല്ല മണം ‘ എന്ന് പോലും പറയാൻ പാടില്ല. കേക്ക് ലായനി ഉണ്ടാക്കുന്ന സമയത്ത്‌ അവിടെ നിന്ന് വെള്ളമിറക്കാൻ പാടില്ല. അങ്ങനെ ഒക്കെ ചെയ്താൽ കേക്ക് ശെരിയായി പൊങ്ങിവരില്ലത്രേ! പക്ഷേ ഞാൻ മനസ്സിൽ പറഞ്ഞിരുന്നു ‘ഹാ എന്ത് മണം’‘!

കേക്ക്  ഉണ്ടാക്കുന്ന വക്കുള്ള പാത്രത്തിൽ വെണ്ണ പുരട്ടി കേക്ക് ലായനി അതിലേക്ക് ഒഴിക്കും. എന്നിട്ട് അതിന്റെ മുകളിലായി നട്ട്സും ഉണക്ക മുന്തിരിയും വിതറും. അമേരിക്കയിൽ നിന്നും വർഷത്തിലൊരിക്കൽ സ്വന്തക്കാർ വരുമ്പോൾ കൊണ്ടുവന്നിരുന്ന സൺ മെയ്ടിന്റെ  ഉണക്കമുന്തിരി ഇടുമ്പോഴുള്ള രുചി നാട്ടിലുള്ള ഉണക്കമുന്തിരി ഇട്ടാൽ കിട്ടാത്തതുകൊണ്ട് സൺ മെയ്ടിന്റെ  ഉണക്കമുന്തിരി എന്റെ അമ്മ മീൽ സേഫിൽ സൂക്ഷിച്ചു വെച്ചിരുന്നു. കേക്ക് ഉണ്ടാക്കുന്ന ആദ്യരാത്രിയിൽ അതെടുക്കാൻ പോകും. മീൽ സേഫ്  തുറന്ന് ‘അയ്യോ എന്റെ ഉണക്കമുന്തിരി ‘ എന്നൊരു അലർച്ചയാണ് പിന്നെ.

ആരാടി ഇവിടെവെച്ചിരുന്ന ഉണക്കമുന്തിരി എടുത്തത്‌ ? സംശയമന്യേ എന്റെ മുഖത്ത് മാത്രം നോക്കിയാവും ആ ചോദ്യം ചോദിക്കുക.

ഞാൻ,  ഞാൻ മറുപടി പറയും.

ഉരുളിയിൽ ബാക്കിവരുന്ന കേക്ക് ലായനി ഞങ്ങൾ മൂന്ന് സഹോദരങ്ങൾ കൂടി നക്കിക്കൊണ്ടിരിക്കുന്ന ഇടയിലാണ് എന്റെ ‘ഞാൻ ‘ എന്ന മറുപടി.

എടീ ഞാനത് കേക്കിൽ ഇടാൻ വെച്ചതല്ലേ ! നിനക്ക് കുറച്ചെങ്കിലും ബാക്കി വെച്ചൂടാരുന്നോടീ !

അത് കേൾക്കുമ്പോൾ ഞാൻ ചിരിച്ചുകൊണ്ട് അമ്മയെ നോക്കും.

എന്നിട്ട് നീ ഇളയതുങ്ങൾക്ക് കൊടുത്താരുന്നോഅത് ?

ഇല്ല , ഞാൻ ഉത്തരം പറയും.

ഉണക്കമുന്തിരി തിന്ന് തിന്ന് അവള്  കണ്ടോ വെളുത്ത്‌ തുടുത്തിരിക്കുന്നത് !

ഞാൻ പിന്നെയും ചിരിക്കും.

ഇളയവളെ കണ്ടോ, ഉണങ്ങി ചുരുണ്ട് , പെരട്ട പിടിച്ച് ! അനിയത്തിക്കെങ്കിലും കുറച്ച്
 കൊടുത്തു കൂടാരുന്നോ നിനക്ക് !

ഉരുളി നക്കി വെളുപ്പിക്കുന്ന എന്റെ അനിയത്തി അത് കേട്ട് തലപോലും പൊക്കാതെ ഒരു ദീർഘശ്വാസവും വിട്ട് അങ്ങനെയിരിക്കും. അങ്ങനെ അവൾ ഉണങ്ങി ഇരിക്കുന്നതിന്റെ എല്ലാ കുറ്റവും എന്റെ തലയിലും എന്നെ അത്  ഒറ്റയ്ക്ക് കഴിക്കാൻ പ്രേരിപ്പിക്കുന്ന സൺ മെയ്ടിന്റെ ഉടമസ്ഥരുടെ തലയിലും അമ്മ കൊണ്ടിടും.

ഒരു മണിക്കൂർ കഴിയുമ്പോഴേക്കും കേക്ക് പാകമാകുന്നതിന്റെ മണം വ്യാപിക്കും.

‘ എന്നെ ഉപയോഗിച്ച് കേക്ക് പാകമായോ എന്ന് നോക്കിക്കോളൂ ,അതാണല്ലോ എന്റെ ജന്മം കൊണ്ട് ഞാൻ ചെയ്യേണ്ട കർത്തവ്യം അല്ലെങ്കിൽ എന്റെ കർത്തവ്യം എന്ന് നിങ്ങൾ നിർബന്ധിച്ച്‌ എന്നെ അടിച്ചേൽപ്പിച്ച കർത്തവ്യം’ എന്ന് മനസ്സിലാക്കിയപോലെ ഒരു പിണക്കക്കാരി ഈർക്കിൽ ‘എന്നെ എടുത്ത്‌ ആ ചൂടിലേക്കിടോ’ എന്ന് പറയുമാറ് കേക്ക് ഓവനോട് ചേർന്ന് ഇരുന്നിരുന്നു.
ആ ഈർക്കിലിട്ട് കേക്കിന്റെ ഒത്തനടുക്കൂടെ കുത്തിനോക്കി പശപശപ്പുണ്ടോ എന്ന് നോക്കും. ഇല്ല എങ്കിൽ കേക്ക് തയ്യാറായി. കേക്ക് ആറിയതിനുശേഷം ഒരു ഭാഗത്തുനിന്ന് ചെറുതായി അഞ്ചുകഷണങ്ങൾ മുറിച്ചെടുക്കും. അത്രേ വീട്ടിലുള്ളവർ എടുത്തിരുന്നുള്ളൂ.  കേക്ക്  ഞാൻ ആദ്യമേ കഴിച്ചുതീർത്തിട്ട് പതിയെ കഴിക്കുന്ന അനിയത്തിയുടെ കേക്കിൽ കണ്ണുനട്ടിരിക്കും,’ നിനക്ക് വേണ്ടേ? മതിയോ? എനിക്ക് ഇച്ചിരി തരുമോ?’ എന്നൊക്കെ ചോദിച്ചുകൊണ്ട്. കേക്ക് കിട്ടാൻ ഞാൻ കണ്ണടച്ച്  ഒന്ന് മുതൽ പത്തുവരെ എണ്ണുകയും പലതരം വേലത്തരങ്ങൾ കാട്ടുകയും ചെയ്തിരുന്നു. എന്റെ അപ്പനും അമ്മയും ഒറ്റത്തുറക്കിൽ കേക്ക് വായിക്കുള്ളിലാക്കിയിരുന്നു, ഞാൻ ഉണ്ടാക്കിയിരുന്ന ആ പ്രത്യേക സാഹചര്യം കണക്കിലെടുത്തുകൊണ്ട്.  ആങ്ങള ആണേൽ തരില്ല എന്ന് അറുത്തുമുറിച്ച് പറയും. എല്ലാം ഓരോ സാഹചര്യങ്ങൾ! സാഹചര്യങ്ങളാണല്ലോ മനുഷ്യനെക്കൊണ്ട് ഓരോന്ന് ചെയ്യിക്കുന്നതും!

കേക്കിന്റെ മണമടിച്ച് ഞങ്ങളുടെ വീട്ടിലെ പട്ടി പ്രത്യേക ശബ്ദം പുറപ്പെടുവിക്കും. അത് കേൾക്കുമ്പോൾ പട്ടി സ്നേഹിയായ എന്റെ ആങ്ങള അവന്റെ കേക്കിൽ നിന്നും ഒരു പങ്ക് പട്ടിക്ക് കൊടുക്കാനായി വാതിൽ തുറക്കും. അപ്പോൾ ഞാനും അനിയത്തിയും അപ്പനും അമ്മയും അവന്റെകൂടെ പുറത്തിറങ്ങും. സുന്ദരിയായ എന്റെ ക്രിസ്തുമസ് മരവും, അതിന്റെ മിന്നാമിന്നി വെളിച്ചവും, മനോഹരമായി എന്റെ വീട്ടിൽ കത്തിനിൽക്കുന്ന വെള്ള നക്ഷത്രവും , വെള്ള നക്ഷത്രത്തിന് ഭംഗി നൽകുന്ന അറുപത് വാട്ട് ബൾബും , അക്കരയിലുള്ള ഓരോ വീടുകളിൽനിന്നും വരുന്ന നക്ഷത്രത്തിന്റെ വെളിച്ചവും ഒക്കെ കൊണ്ട് രമണീയമായ ഡിസംബർ മാസം. ആ മാസത്തെ ഞാൻ കൺനിറയെ കാണും. എവിടെ നിന്നോ വരുന്ന കരോൾ ഗാനങ്ങളും താളമേളങ്ങളുടെ മുഴക്കങ്ങളും ആസ്വദിക്കും. ഈ നിമിഷങ്ങൾ എന്നും എന്റെകൂടെ ഉണ്ടാകണേ എന്ന് മനസ്സുകൊണ്ട് ആഗ്രഹിച്ച് ഡിസംബർ മാസത്തെ കണ്ണ് ചിമ്മാതെ ഞാൻ നോക്കി നിൽക്കും.

# A Christmas past- story by Chinchu thomas

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക