Image

ഗുജറാത്ത്, ഹിമാചല്‍ ജനവിധി 2022 (ദല്‍ഹികത്ത്: പി.വി.തോമസ്)

പി.വി.തോമസ് Published on 10 December, 2022
 ഗുജറാത്ത്, ഹിമാചല്‍ ജനവിധി 2022 (ദല്‍ഹികത്ത്:  പി.വി.തോമസ്)

ബി.ജെ.പി.യുടെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പരീക്ഷണശാലയും ആയുധപ്പുരയും പ്രയോഗവേദിയുമായ ഗുജറാത്തും ഒരു രാഷ്ട്രീയപാര്‍ട്ടിക്കും തത്വശാസ്ത്രത്തിനും തുടര്‍ഭരണം അനുവദിക്കാത്ത ഹിമാചല്‍ സംസ്ഥാനമായ ഹിമാചല്‍പ്രദേശും എഴുതിയ ജനവിധി ഡിസംബര്‍ 8ന് പുറത്തായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും ആഭ്യന്തരമന്ത്രി അമിത്ഷായുടെയും മാതൃസംസ്ഥാനമായ ഗുജറാത്ത് തുടര്‍ച്ചയായ ഏഴാം തവണയും ബി.ജെ.പി.ക്ക് വമ്പന്‍വിജയമാണ് നല്‍കിയത്. ബി.ജെ.പി. അധ്യക്ഷന്‍ ജെ.പി.നഢയുടെ സ്വന്തം ഹിമാചല്‍ പ്രദേശാകട്ടെ പാരമ്പര്യത്തിനൊപ്പം ഉയര്‍ന്നു ബി.ജെ.പി.ക്ക് തുടര്‍ഭരണം നിഷേധിച്ചു. ഒപ്പത്തിനൊപ്പം നിന്ന മത്സരത്തില്‍ ഒടുവില്‍ കോണ്‍ഗ്രസ് വിജയിച്ചുകൊണ്ട്  അധികാരം പിടിച്ചെടുത്തു. ഗുജറാത്തിലെയും ഹിമാചലിലെയും ഭരണത്തില്‍ ഒന്ന് ബി.ജെ.പി.ക്ക് നഷ്ടമായി. മറ്റൊന്ന് അതിഗംഭീരമായ ചരിത്രവിജയത്തോടെ നിലനിറുത്തി. ഈ ജനവിധികള്‍ അതിശക്തമായ സന്ദേശമാണ് നല്‍കുന്നത്, പ്രത്യേകിച്ച്ും മോദി-ഷാമാരുടെ ഗുജറാത്ത്. പോര്‍ബന്തറും സബര്‍ നദിയും സോമനാഥക്ഷേത്രവും ഇവിടെയാണ്. ഇവിടെനിന്നും ആണ് ഹിന്ദുത്വ രാഷ്ട്രീയം വടക്കെ ഇന്‍ഡ്യയാകെ ആളിക്കത്തിച്ച അദ്വാനിയുടെ അയോദ്ധ്യരഥയാത്ര 1990-കളില്‍ ആരംഭിച്ചത്, സോമനാഥ ക്ഷേത്രത്തില്‍ നിന്നും. പോര്‍ബന്തറും സബര്‍നദിയും ഇന്ന് ചരിത്രത്തിലെ മറന്ന ഏടാണ്. 2024-ലേക്കുള്ള മോദിയുടെ മൂന്നാം യാത്രയുടെ ശംഖൊലിയാണ് ഗുജറാത്തില്‍ മുഴങ്ങിയത്.
27 വര്‍ഷത്തെ തുടര്‍ഭരണംകൊണ്ട് ഉണ്ടായേക്കാവുന്ന ഭരണവിരുദ്ധ വികാരത്തെ നിഷ്പ്രയാസം ഭരണ അനുകൂല വികാരമാക്കി മാറ്റിക്കൊണ്ടാണ് മോദിയും ഷായും അമരത്തുനിന്നു നയിച്ച ബി.ജെ.പി. വിജയത്തിലെത്തിയത്. ഗുജറാത്തിന്റെ നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ സീറ്റുകള്‍ നേടിക്കൊണ്ടാണ് ബി.ജെ.പി. ഇക്കുറി വിജയിച്ചത്.

വോട്ടുവിഹിതത്തിന്റെ കാര്യത്തിലും ബി.ജെ.പി. ചരിത്രം സൃഷ്ടിച്ചു. കോണ്‍ഗ്രസ് വളരെ വിദൂരമായ രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ സീറ്റും വോട്ടുവിഹിതവും വളരെ കുറഞ്ഞു. ഭരണകക്ഷിയാകുമെന്ന് വീമ്പിളക്കിയ ആം ആദ്മി പാര്‍ട്ടി(ആപ്പ്) ഗുജറാത്തിന്റെ മണ്ണില്‍ പാദമുദ്ര പതിച്ചുകൊണ്ട്് ദേശീയപാര്‍ട്ടി എന്ന ഔദ്യോഗിക പദവി നേടിയെടുത്തെങ്കിലും സീറ്റും വോട്ടുവിഹിതവും ഗംഭീരമായിരുന്നില്ല. പക്ഷേ, ദല്‍ഹിയും പഞ്ചാബും ഭരിക്കുന്ന ആപ്പ് ദേശീയ രാഷ്ട്രീയത്തില്‍ അതിന്റെ വരവ് അറിയിച്ചു ഗുജറാത്ത് നിയമസഭ തെരെഞ്ഞെടുപ്പോടെ.

ആകെയുള്ള 182 സീറ്റുകളില്‍ 156-0 നേടിയ ബി.ജെ.പി. അതിന്റെ ആധിപത്യം കൊട്ടിഘോഷിക്കുകയായിരുന്നു52.5 ശതമാനം വോട്ടു വിഹിതത്തോടെ ഇത് ഒട്ടേറെ കഥകള്‍ അടിവരയിട്ട് പറയുന്നുണ്ട്. 2017-ല്‍ 99 സീറ്റുകള്‍ ആണ് ബി.ജെ.പി.ക്ക് ലഭിച്ചത്. 49.1 ശതമാനം വോട്ടു വിഹിതവും. കോണ്‍ഗ്രസിന് ലഭിച്ചത് 17 സീറ്റുകള്‍ ആണ്. 27.3 ശതമാനം വോട്ടുവിഹിതവും. 2017-ല്‍ ലഭിച്ച 77 സീറ്റുകളേക്കാള്‍ ഇതു വളരെ താഴേക്ക് പോയി. 41.4 ശതമാനം വോട്ടു വിഹിതവും വളരെ കുറഞ്ഞുപോയി ഇപ്രാവശ്യം. ആപ്പിന് ആറ് സീറ്റുകളും 9.5 ശതമാനം വോട്ടു വിഹിതവും ലഭിച്ചു. 2017-ല്‍ ഒരു സീറ്റും ലഭിക്കുകയുണ്ടായില്ല ആപ്പ്. വോട്ട് വിഹിതമാകട്ടെ വെറും ഒരു ശതമാനവും. മാത്രമല്ല അന്നു മത്സരിച്ച 26 സീറ്റുകളില്‍ 26-ലും കെട്ടിവച്ച തുക നഷ്ടപ്പെടുകയും ചെയ്തു. ഇപ്രാവശ്യം 182 സീറ്റുകളിലും ആപ്പ് മത്സരിക്കുകയുണ്ടായി.
ഹിമാചലില്‍ ആകെയുള്ള 68 സീറ്റുകളില്‍ കോണ്‍ഗ്രസ് 40-ല്‍ വിജയിച്ചു. വോട്ടു വിഹിതമാകട്ടെ 43.9-0. 2017- ല്‍ ഇത് 41.7 ആയിരുന്നു. ബി.ജെ.പി. 43 ശതമാനം വോട്ടു വിഹിതത്തോടെ 25 സീറ്റുകള്‍ നേടി. 2017-ല്‍ ബി.ജെ.പി. 48.8 ശതമാനം വോട്ടുവിഹിതത്തോടെ 44 സീറ്റുകള്‍ വിജയിച്ചതാണ്. ഭരണം പിടിച്ചെടുത്ത കോണ്‍ഗ്രസും ഭരണം നഷ്ടപ്പെട്ട ബി.ജെ.പി.യും തമ്മില്‍ ഒരു ശതമാനത്തില്‍ കുറവാണ് വോട്ടു വിഹിതത്തിന്റെ കാര്യത്തില്‍. ഇത് ഗൗരവതരമായ ഒരു വിഷയത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ആപ്പിനു ഒരു സീറ്റും ലഭിച്ചില്ല ഹിമാചലില്‍. കണക്കുകള്‍ എത്രമാത്രം കുഴഞ്ഞുമറിഞ്ഞതും സങ്കീര്‍ണ്ണവും ആയിരുന്നാലും ഫലം ഒന്നു മാത്രമാണ്. ഗുജറാത്തില്‍ ബി.ജെ.പി. അഭൂതപൂര്‍വ്വമായ വിജയം കൈവരിച്ചു. ഹിമാചലില്‍ കോണ്‍ഗ്രസ് ഭരണം തിരിച്ചു പിടിച്ചു. ആപ്പ് ഗുജറാത്തിലെ വിജയത്തിലൂടെ ശ്രദ്ധിക്കപ്പെട്ടു.

കര്‍ണ്ണാടകയും രാജസ്ഥാനും ഛത്തീസ്ഘട്ടും അടുത്ത വര്‍ഷം(2023) നിയമസഭ തെരഞ്ഞെടുപ്പില്‍ പോകുന്നുണ്ട്, 2024- ലെ കലാശകൊട്ടിനു മുമ്പ്. ഇതില്‍ കര്‍ണ്ണാടക ബി.ജെ.പി. ഭരിക്കുമ്പോള്‍ മറ്റു രണ്ടു സംസ്ഥാനങ്ങളും കോണ്‍ഗ്രസിന്റെ ആകെയുള്ള രണ്ട് സംസ്ഥാനങ്ങള്‍ ആണ്. ഈ മൂന്നു സംസ്ഥാനങ്ങളിലെ വിധിയും നിര്‍ണ്ണായകമായിരിക്കവെ ഗുജറാത്തുവിധിയുടെ പശ്ചാത്തലത്തില്‍ അടുത്ത പൊതു തെരഞ്ഞെടുപ്പിലെ മത്സരത്തില്‍ മുന്‍നിരക്കാരന്‍ മോദിയാണെന്ന കാര്യം ഒന്നുകൂടെ ഉറപ്പിച്ചിരിക്കുകയാണ്. ഗുജറാത്തിലെ ദയനീയമായ പരാജയം കോണ്‍ഗ്രസിന്റെ ഹിമാചലിലെ വിജയത്തിന്റെ ശോഭകുറച്ചിരിക്കുകയാണ്. വലിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ നേതൃരാഹിത്യവും സംഘടനാ പരാതീനതകളും ഇത് വീണ്ടും തെളിയിക്കുന്നു. അടുത്ത വര്‍ഷം രാജസ്ഥാനും ഛത്തീസ്ഘട്ടും നിലനിറുത്തിയില്ലെങ്കില്‍ ഒരൊറ്റ സംസ്ഥാനം പോലും ഭരിക്കാനില്ലാത്ത ഒരു  പാര്‍ട്ടി എന്ന ഖ്യാതിയുമായിട്ടായിരിക്കും അത് പൊതുതെരഞ്ഞെടുപ്പിന്റെ ഗോദയില്‍ ഇറങ്ങുന്നത്. കര്‍ണ്ണാടക തിരിച്ചു പിടിക്കേണ്ടതിന്റെ ആവശ്യകതയും ഇത് വര്‍ദ്ധിപ്പിക്കുന്നു. ഇതിനെല്ലാം ഈ പാര്‍ട്ടിക്ക് ഇപ്പോഴത്തെ ആരോഗ്യസ്ഥിതിയില്‍ സാധിക്കുമോ? ആരാണ് കോണ്‍ഗ്രസില്‍ ഇന്ന് തെരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ ശോഭിക്കുവാന്‍ പറ്റിയ ദേശീയ നേതാവായിട്ടുള്ളത്? സോണിയഗാന്ധി തികഞ്ഞ അനാരോഗ്യാവസ്ഥയില്‍ ആണ്. രാഹുല്‍ഗാന്ധി 'ഭാരത് ജോഡോ' യാത്ര അല്പ ദിനങ്ങളിലേക്കെങ്കിലും നിറുത്തി ഗുജറാത്തിലും ഹിമാചലിലും തെരഞ്ഞെടുപ്പു പര്യടനത്തിന് തയ്യാറായില്ല. ഗുജറാത്തില്‍ 'ഭാരത് ജോഡോ' യാത്രയ്ക്ക് ഇടക്ക് മുഖം കാണിച്ചെങ്കിലും ഹിമാചലിലേക്ക് തിരിഞ്ഞു നോക്കിയതേയില്ല. ഇത് അത്യന്തമായ ഒരു വീഴ്ചയായി കാണുന്നവരുണ്ട്.

ബി.ജെ.പി.യുടെ ഗുജറാത്തു  വിജയം ചരിത്രപരം തന്നെ. പക്ഷേ, അത് ഹിന്ദുത്വ രാഷ്ട്രീയത്തില്‍ അടിയുറച്ചതായിരുന്നു. വികസനവും സല്‍ഭരണവും പിന്‍സീറ്റു പിടിച്ചു. ഒരു ട്രില്യന്‍ ഇക്കോണമിയും 2036-ലെ ഒളിമ്പിക്‌സ് ഗുജറാത്തില്‍ വാഗ്ദാനം ചെയ്യുന്നതുമൊക്കെ നല്ലതുതന്നെ. പക്ഷേ, ഷാ പാഠം പഠിപ്പിക്കേണ്ടവരെ പഠിപ്പിച്ചില്ലേയെന്ന് 2002-ലെ വംശീയഹത്യയെ പേരെടുത്തു പറയാതെ പറഞ്ഞത് വര്‍ഗ്ഗീയ ധ്രുവീകരണത്തിനായിട്ടായിരുന്നു. തെരഞ്ഞെടുപ്പു പ്രചരണത്തിലൂട നീളെ ഈ വിധ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ സ്ഫുലിംഗങ്ങള്‍ കാണാമായിരുന്നു. ഷാ തന്നെയാണ് പറഞ്ഞത്. ജനസംഘിന്റെ സ്വപ്‌നമായിരുന്ന ആര്‍ട്ടിക്കിള്‍ 370, 35എ, എന്നിവയുടെ ഇല്ലായ്മ ചെയ്തു അത് സ്ഫുലീകരിച്ചെന്നും യൂണിഫോം സിവില്‍ കോഡും ട്രിപ്പിള്‍ തലാക്കും യാഥാര്‍ത്ഥ്യമാകുന്നുവെന്നും രാമക്ഷേത്രം പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നുവെന്നും മറ്റും. ഉത്തര്‍പ്രദേശിലെ പോലെ തന്നെ ഒരൊറ്റ മുസ്ലീം സ്ഥാനാര്‍ത്ഥിയെപോലും സ്ഥാനാര്‍്തഥിയായി മത്സരിപ്പിക്കാത്തതും ഒരു വലിയ സന്ദേശം ആണ് നല്‍കുന്നത്. എന്ത് ഇന്‍ക്ലൂസീവ് ആണ് ബി.ജെ.പി. അതിന്റെ ന്യൂനപക്ഷത്തോടുള്ള സമീപനത്തില്‍? നരോദപതിയ(2002) വംശീയകലാപത്തില്‍ ശിക്ഷിക്കപ്പെട്ട കുറ്റവാളിയുടെ മക്കള്‍ക്ക് ടിക്കറ്റ് നല്‍കി മത്സരിപ്പിച്ച് വിജയിപ്പിച്ച് നിയമനിര്‍മ്മാതാവ് ആക്കുന്നതും എന്ത് സന്ദേശം ആണ് നല്‍കുന്നത്? ബില്‍ക്കീസ് ബാനോ കൂട്ടബലാല്‍സംഗക്കേസില്‍(2002) ശിക്ഷിക്കപ്പെട്ടവരെ തെരഞ്ഞെടുപ്പിനു മുമ്പ് മോചിപ്പിച്ച ഗുജറാത്തിലെ ബി.ജെ.പി. സര്‍ക്കാര്‍ എ്ന്തു സന്ദേശം ആണ് നല്‍കിയത്? ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ആയുധപ്പുരയില്‍ നിന്നും മറ്റെന്ത് സന്ദേശം ആണ് പ്രതീക്ഷിക്കുവാനുള്ളത് ? ഗുജറാത്തില്‍ ബി.ജെ.പി.യുടെ വിജയം അത്യധികം തിളങ്ങുന്നതാണ്. പക്ഷേ, അതിലെ ഹിന്ദുത്വഛായ ആ തിളക്കത്തിന്റെ ശോഭയെ തെല്ലൊന്ന് കെടുത്തി. തെരഞ്ഞെടുപ്പുകള്‍ ജനാധിപത്യ-മതേതരത്വ അടിത്തറയില്‍ നിന്നുകൊണ്ടായിരിക്കണം.

Gujarat, Himachal election result 2022

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക