Image

അവനങ്ങനെ തന്നെ വേണം : (കഥ.:സാം നിലംപള്ളില്‍)

സാം നിലംപള്ളില്‍  Published on 10 December, 2022
അവനങ്ങനെ തന്നെ വേണം : (കഥ.:സാം നിലംപള്ളില്‍)

'അഹങ്കാരത്തിന്റെ ഫലം ആപത്തെന്ന് നീ കേട്ടിട്ടില്ലേ? ആരാണ് അങ്ങനെപറഞ്ഞത് ? യേശുകൃസ്തു പറഞ്ഞിട്ടുണ്ടോ ? ബൈബിളില്‍ വായിച്ചതായി ഓര്‍മയില്ല. ഒരുപക്ഷേ, നൈനൈന്‍ ഉപദേശിയോട് ചോദിച്ചാല്‍   സംശയനിവാരണം വരുത്താം. ബൈബിള്‍ അരച്ചുകുടിച്ച വ്യക്തിയാണല്ലോ അയാള്‍. എന്തായാലും സായിപ്പ് പറഞ്ഞതായിട്ട് അറിയാം. 'Pride goes before a fall' എന്നാണ് അദ്ദേഹം പറഞ്ഞത്.

അഹങ്കാരികളായ വ്യക്തികളുടേയും സ്വേശ്ചാധിപതികളുടെയും പതനം നമ്മള്‍ എത്രത്തോളം കണ്ടതാണ്. അവരുടെ ചരിത്രം നമുക്കൊക്കെ പാഠമായിരിക്കേണ്ടതാണ്. വിനയം, ക്ഷമ തുടങ്ങിയ സത്ഗുണങ്ങളുള്ളവരാണ് ജീവിതത്തില്‍   വിജയിക്കുന്നത്.'
ഈ പറഞ്ഞതൊന്നും ചെവിക്കൊള്ളുന്നില്ലെന്ന് കണ്ടപ്പോള്‍  അവനെ നന്നാക്കാനുള്ള ശ്രമം ഞാനുപേക്ഷിച്ചു. ചിലയാളുകള്‍ അങ്ങനെയാണ്. എത്രപറഞ്ഞാലും ഗ്രഹിക്കത്തില്ല. അവസാനം ദുരനുഭവം ഉണ്ടാകുമ്പോള്‍ ദുഃഖിക്കും. പശ്ചാത്തപിക്കാന്‍ വിധി അവര്‍ക്ക് സമയം അനുവദിക്കാറില്ല. ഒരുപക്ഷേ, അങ്ങേലോകത്തിരുന്നായിരിക്കും ദുഃഖിക്കുക. 'സാറ് നല്ലകാര്യം പറഞ്ഞുതന്നതായിരുന്നല്ലോ., എന്നിട്ടെന്തേ ചെവികൊടുക്കാന്‍ തനിക്ക് തോന്നിയില്ല. എല്ലാം എന്റെ വിധി, എന്നല്ലാതെ എന്താപറയുക.' 


എന്നെ നിരന്തരം ശല്യംചെയ്യുകയെന്നത് അവനൊരു വിനോദമായിരുന്നു. ഞനൊരു ഗാന്ധിയന്‍ അല്ലാതിരുന്നിട്ടും ഹിംസയില്‍   വിശ്വസിക്കുന്നവനായിരുന്നില്ല. സാധു, പരോപകാരി,  സത്യസന്ധന്‍ എന്നെല്ലാമാണ് നാട്ടുകാര്‍ എന്നെപറ്റി പറഞ്ഞിരുന്നത്. ശത്രുക്കള്‍ക്കുപോലും, അങ്ങനെയൊരുവിഭാഗം എനിക്കില്ലായിരുന്നു, നല്ലതേ പറയാനുണ്ടായിരുന്നുള്ളു. ഞാനായിട്ട് ആര്‍ക്കും ശത്രുത ഉണ്ടാക്കിയിട്ടില്ല. എന്റെ കയ്യില്‍  നിന്ന് പണം കടംവാങ്ങിയിട്ട് തിരികെതരാതെ വഴിക്കുവച്ച് കാണുമ്പോള്‍ മുഖംതിരിച്ച് നടക്കുന്നവരായിരുന്നു എന്റെ ശത്രുക്കള്‍. അവര്‍ ശത്രുതഭാവിച്ചതിന് ഞാന്‍ ഉത്തരവാദിയല്ല.

ഞാന്‍ ഒരിക്കലും അവരോട് പണം തിരികെ ചോദിക്കയോ വഴിയില്‍   തടഞ്ഞുനിറുത്തുകയോ ചെയ്തിട്ടില്ല. ഞാന്‍ ചോദിക്കുമെന്ന ഭയംകൊണ്ടാണ് അവര്‍ മുഖംതിരിച്ച് നടക്കുന്നതെന്ന് മനസിലാക്കാനുള്ള വിവേകം എനിക്കുണ്ടായിരുന്നു. പക്ഷേ, അവരാരും എന്നെപറ്റി ദുഷിച്ച് ഒരുവാക്കുപോലും പറഞ്ഞതായിട്ട് അറിവില്ല.

എന്റെവീട്ടില്‍   അതിക്രമിച്ച് കയറിയിട്ട് അവിവേകം കാണിക്കുന്നവനെപറ്റി എന്താ പറയുക? സര്‍ക്കാര്‍ സര്‍വ്വീസില്‍   മുപ്പത്തഞ്ചുവര്‍ഷം സ്തുത്യര്‍ഘമായ സേവനം അനുഷ്ടിച്ച് പിരിഞ്ഞ എന്നെപറ്റി അഴിമതിക്കാരനെന്നോ കൈക്കൂലിക്കരനെന്നോ ആരുംപഞ്ഞിട്ടില്ല. അങ്ങനെ സത്യസന്ധമായ പണംകൊണ്ടാണ് ഈ ചെറിയവീട് ഞാന്‍ നിര്‍മിച്ചത്., ഏകമകളെ വിവാഹംചെയ്ത് അയച്ചത്. ഇപ്പോള്‍ ഭാര്യയും ഞാനും മാത്രമായി സ്വസ്തജീവിതം നയിക്കുന്നു., പെന്‍ഷന്‍കാശുകൊണ്ട് ലളിതജീവിതം നയിക്കുന്നു.

ബൈബിളി  പറഞ്ഞിരിക്കുന്നതുപോലെ അയല്‍കാരെ സ്നേഹിക്കുന്നു. സാറയും ഞാനും ആര്‍ക്കും ഒരു ബാദ്ധ്യതയല്ല. അങ്ങനെയെല്ലാമുള്ള എന്റെവീട്ടിലേക്കാണ് അവന്‍ കടന്നുകയറിയത്.

ഇടക്കിടക്കുവന്ന് താടിക്ക് തട്ടുകയും മൂക്കിലും ചെവിയിലുമൊക്കെ ഇടിക്കുകയും ചെയ്യുമെങ്കിലും പുറത്തുപോകാന്‍ ഞാന്‍ പറഞ്ഞില്ല. ഇതൊരു ശല്യമായല്ലോയെന്ന് സാറപറഞ്ഞു. അവളും എന്നെപ്പോലെതന്നെ ആയിരുന്നു. ആരോടും കടുപ്പിച്ചൊരു വാക്ക്പറയില്ല. എല്ലാവരോടും സ്നേഹത്തോടെ പെരുമാറും. അയല്‍ക്കാര്‍ക്കും അവളെപറ്റി നല്ലതേ പറയാനുണ്ടായിരുന്നുള്ളു. അവളുടെസ്ഥാനത്ത് വേറെ ആരെങ്കിലും ആയിരുന്നെങ്കില്‍   ചൂലെടുത്ത് അവനെ അടിച്ചോടിച്ചേനെ. ഒരുപക്ഷേ, നിങ്ങളായിരുന്നെങ്കില്‍   അവന്റെ കരണക്കുറ്റി അടിച്ച് പൊട്ടിക്കുമായിരുന്നു. സാറയും ഞാനും വ്യത്യസ്തരായിരുന്നെന്ന് ഇപ്പോള്‍ മനസിലായില്ലേ., ശല്യംചെയ്താലും മുഖംകറപ്പിച്ച് സംസാരിക്കില്ല.


പതനത്തിനുമുന്നേ അഹംങ്കാരം സഞ്ചരിക്കുന്നു എന്ന് ഇംഗ്ളീഷുകാരന്‍ പറഞ്ഞത് എത്രശരി. അതുതന്നെയാണ് അവനും സംഭവിച്ചത്., പതനം. ആര്‍ക്കും തടയാനാവാത്ത പതനം; സ്വയം ക്ഷണിച്ചുവരുത്തിയത്. ഇത് പലര്‍ക്കും പാഠമായിരിക്കേണ്ടതാണ്., പ്രത്യേകിച്ച് അഹങ്കിരികള്‍ക്ക്. നെപ്പോളിയനും ഹിറ്റലര്‍ക്കും മുസോളിന്ക്കും സംഭവിച്ചത്.


അന്നുവൈകിട്ട് സാറ ഉണ്ണിയപ്പം ഉണ്ടാക്കുകയായിരുന്നു. ഗോദമ്പുപൊടിയും പഴവുംകൂടി കുഴച്ചെടുത്ത്  അതില്‍   ശര്‍ക്കരപാനിയും തേങ്ങാക്കൊത്തുംചേര്‍ത്ത്  ഉണ്ണിയപ്പചട്ടിയില്‍   വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരച്ചുവച്ചിരിക്കുന്ന മാവ് അതിലൊഴിച്ച് ചുട്ടെടുക്കുന്നതാണ് ഉണ്ണിയപ്പം. സാറ ഉണ്ടാക്കുന്നത് ഞാന്‍ നോക്കിനിന്നിട്ടുണ്ട്. ഉണ്ണിയപ്പം ഉണ്ടാക്കാന്‍ അവളൊരു വിദഗ്ദ്ധയാണെന്ന് എനിക്കറിയാമായിരുന്നു. പുരപ്പുറത്ത് കയറുമോ എന്നഭയംകൊണ്ട് അവളെ അഭിനന്ദിച്ചില്ലന്നേയുള്ളു. നല്ല ബ്രൗണ്‍ നിറത്തിലുള്ള ഉണ്ണിയപ്പം കാണാന്‍തന്നെ നല്ല ഭംഗിയാണ്. 
ടീവിയില്‍   ക്രിക്കറ്റുകളി കണ്ടുകൊണ്ടിരുന്ന എന്റെശ്രദ്ധമുഴുവനും  അവളുണ്ടാക്കുന്ന ഉണ്ണിയപ്പത്തിലായിരുന്നു. അടുക്കളയില്‍  ചെന്ന് ഒരെണ്ണം എടുത്താലോയെന്ന് ആലോചിച്ചു. 


'അവിടെപ്പോയിരി അങ്ങോട്ട്കൊണ്ടുത്തരാം' എന്ന് അവള്‍ ശകാരരൂപേണ പറയുമെന്നറിയാവുന്നതുകൊണ്ട് കൊതിയടക്കി ക്ഷമയോടെ കാത്തിരുന്നു. കാത്തിരുപ്പിന്റെ അവസാനം ചായയും ഒരുപ്ളേറ്റി  ഉണ്ണിയപ്പവുമായി  അവള്‍വന്നു. ഭാര്യയാണെങ്കിലും അവളുടെ മുന്‍പി  ആര്‍ത്തിക്കാരനെന്ന ദുഷ്പേര് സമ്പാതിക്കാതിരിക്കാന്‍ ചായമാത്രമെടുത്ത് ഉണ്ണിയപ്പത്തിലേക്ക് നോക്കാതെ ഗൗരവത്തിലിരുന്നു.


അവസാനം 'എടുത്ത് കഴിക്ക്' എന്ന അനുവാദംകിട്ടിയപ്പോള്‍ ഒരെണ്ണെമെടുത്ത് വായിലേക്ക് വെയ്ക്കാന്‍ ഭാവിച്ചപ്പോളാണ് അവനെ കണ്ടത്. എണ്ണയി  പൊരിഞ്ഞ് ചത്തുമലച്ച് ഉണ്ണിയപ്പത്തി  പറ്റിപ്പിടിച്ച് കിടക്കുന്നു.
'അയ്യേ, ഈച്ച,' എന്ന് ഞാന്‍ പറഞ്ഞു. സാറയും അതുവാങ്ങി പരിശോധിച്ചു. 
'ശരിയാണല്ലോ,' അവള്‍ പറഞ്ഞു. 'ഇവന്‍ അടുപ്പിന്റടുത്ത് പറന്നു നടക്കുന്നുണ്ടായിരുന്നു. എപ്പോഴാണ് എണ്ണയിൽ വീണതെന്ന് ഞാന്‍ കണ്ടില്ല. എന്തായാലും അതുതിന്നേണ്ട.' അവളത് മാറ്റിവെച്ചു.
ഒരീച്ച വീണതുകൊണ്ട് ബാക്കിയുള്ള ഉണ്ണിയപ്പത്തിന് കേടൊന്നുമില്ല. തന്നെയല്ല തിളക്കുന്ന എണ്ണയിൽ പൊരിച്ചതല്ലെ. ഞാന്‍ വേറൊരെണ്ണമെടുത്തു. 
ഇപ്പോള്‍ മനസിലായില്ലേ ഞാന്‍ ആദ്യംപറഞ്ഞതിന്റെ അര്‍ഥം. 

Join WhatsApp News
vayanakaaran 2022-12-11 22:13:00
ഇവിടെ കിടക്കേണ്ട ഒരു കമന്റ് വേറെ എങ്ങാണ്ടു കിടക്കുന്നുണ്ട്. ഉത്തരവാദിത്തപ്പെട്ടവർ ശ്രദ്ധിക്കുക. ഒരു ക്ലൂ തരാം ശ്രീമതി റാണി മേനോൻ,ശ്രീ സാം നിലംപള്ളി,ശ്രീ നൈനാൻ മാത്തുള്ള .
John the Baptist 2022-12-11 23:12:50
നിരുപദ്രവി ആയ ആ കമന്റ് എവിടെ എങ്കിലും കിടക്കട്ടെ . സാം നിലംപള്ളിയെയും റാണി മേനോനെയും മാനസാന്തരപെടുത്താൻ നൈനാൻ മാത്തുള്ള ഉണ്ടല്ലോ ? സാത്താനെ നീ ഈ കോളം വിട്ടു പോ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക