Image

ഫാ. ജോണ്‍ മേലേപ്പുറം അറുപതിന്റെ നിറവില്‍ : പൗരോഹിത്യത്തിന്റെ അഗ്നിച്ചിറകുകള്‍

ജോര്‍ജ് നടവയല്‍ Published on 31 July, 2012
ഫാ. ജോണ്‍ മേലേപ്പുറം അറുപതിന്റെ നിറവില്‍ : പൗരോഹിത്യത്തിന്റെ അഗ്നിച്ചിറകുകള്‍
ഫാ. ജോണ്‍ മേലേപ്പുറം ആയിരം പൂര്‍ണ്ണ ചന്ദ്രന്മാരെ ലക്ഷ്യത്തിലാക്കിയല്ല പ്രയാണം തുടരുന്നത്; ചന്ദ്രനെ പാദുകമാക്കിയ "സ്ത്രീ"യെ ഉറ്റു നോക്കിയാണ് "മേലേപ്പുറത്തച്ചന്‍" ജീവിക്കുന്നത്.

സൂര്യനെ ഉടയാടയാക്കിയ സ്ത്രീ, ചന്ദ്രനെ പാദുമാക്കിയവള്‍, ശിരസ്സില്‍ പന്ത്രണ്ട് താരകങ്ങള്‍ക്കൊണ്ടുള്ള കിരീടമണിഞ്ഞവള്‍, പൈശാകിക സര്‍പ്പത്തിന്റെ ശിരസ്സു തകര്‍ത്തവള്‍ - പരിശുദ്ധ കന്യാമേരി…അവളുടെ തീരാഭക്തനായി… ജലപമാല മണികള്‍ക്കൊപ്പം.. കന്യാതനയനെ പ്രസംഗിച്ച്.. അങ്ങനെ അങ്ങനെ തുടരുക മാത്രം.. അതാണ് "മേലേപ്പുറം ജോണച്ചന്‍" എന്ന ഏഴക്ഷരിയിലൊതുങ്ങി, ഏഴു വര്‍ണ്ണങ്ങളുടെയും സപ്തസ്വരങ്ങളുടെയും ഉടയവനെ സ്തുതിച്ച്, ആ യേശുവിന്റെ വയലിലെ വേലക്കാരനായി….വിധവയുടെ കൊച്ചു കാശു പോലെ… കടുകുമണി പോലെ ഉറച്ച വിശ്വാസവുമായി… ഇടറാതെ.. പതറാതെ ജനപഥങ്ങളുടെ ഇടയനായി, അത്രയേയുള്ളൂ "മേലേപ്പുറത്തച്ചന്‍".

അമേരിക്കയിലെ സീറോ മലബാര്‍ സഭയില്‍ ദീര്‍ഘകാലത്തെ പൗരോഹിത്യ സേവനം അര്‍പ്പിച്ചിട്ടുള്ളത് ചിക്കാഗോ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് പിതാവാണ്-1984 മുതല്‍. രണ്ടാമത് ഫാ. ജോണ്‍ മേലേപ്പുറമാണ് 1994 മുതല്‍.

"മേലേപ്പുറത്തച്ചന്‍ " അറുപതിന്റെ നിറവിലും ആറുവയസ്സുകാരനെപ്പോലെ അറുപതിന്റെ വിവേകം… ആറിന്റെ നിഷ്ടാശാഠ്യങ്ങള്‍ … ബലിപീഠ വേദിയില്‍ കറതീര്‍ന്ന പക്വമതി, മുട്ടായുക്തിക്കാരുടെ പൊളി വചനങ്ങള്‍ കേള്‍ക്കേ ഉണ്ണിനൈര്‍മ്യലത്തോടെ മിഴിനീരണിയുവോന്‍…ജോണിച്ചനിലെ ആറുകാരനെയും അറുപതുകാരനെയും ഈശോമിശിഹായ്ക്ക് ലാളിക്കാനേ ആവൂ…"ശിശുക്കളെ എന്റെ അടുക്കല്‍ വരുവാന്‍ അനുവദിക്കൂ" എന്നു പറഞ്ഞ ജീസസ് തന്നെയാണ് പ്രായമായ പത്രോസ്സിനെ "പള്ളിപണിയാനുള്ള അടിസ്ഥാന പാറ"യാക്കിയത് എന്നോര്‍മ്മിപ്പിക്കുന്ന ഫാ. ജോണ്‍ മേലേപ്പുറം അത്രയ്ക്ക് ചക്രവാളപരിവൃതിയുള്ള കര്‍മ്മ പൗരോഹിത്യമായി അമേരിക്കന്‍ സീറോ മലബാര്‍ സഭാ സമൂഹത്തിന്റെ നാടിമിടിപ്പിന് പ്രാണവായുവാകാന്‍ കഴിയുന്നത് ഈ കര്‍മ്മ പുരോഹിതന്റെ അന്യാദൃശ്യമായ സേവന ശൈലിയില്‍ വ്യക്തിരക്തം.

ചാവറ കുര്യാക്കോസ് ഏലിയാസ്സച്ചനുയര്‍ത്തിയ വിദ്യാഭ്യാസ വിചക്ഷകനുണ്ട് " മേലേപ്പുറത്തച്ചനില്‍ ", രാമപുരം കുഞ്ഞച്ചന്‍ രമ്യമാക്കിയ പൊതുജനസേവകനുണ്ട് ഫാ. ജോണ്‍ മേലേപ്പുറത്തില്‍, ആബേലച്ചനിലെന്നപോലെ മഹത്വമാര്‍ന്ന കലാകാരനുണ്ട് ജോണച്ചനില്‍, വടക്കനച്ചന്റെ തന്റേടമുണ്ട് മേലേപ്പുറത്തച്ചനില്‍ : ഈ പൗരോഹിത്യ വിശേഷണങ്ങളുടെയെല്ലാം സമ്മേളനം മഴവില്ലുപോലെ, തീജ്വാല പോലെ… ഫാ. ജോണ്‍ മേലേപ്പുറത്തില്‍ സ്പഷ്ടം. സെന്റ് സെബാസ്റ്റ്യനെപ്പോലെ കൂരമ്പുകളേല്‍ക്കേണ്ടി വന്നാലും ജോണച്ചനത് പൂവുകളെ സംരക്ഷിക്കാനുള്ള മുള്ളുകള്‍.

മേലേപ്പുറത്തച്ചനിലെ വിദ്യാഭ്യാസ വിചക്ഷകന്റെയും പൊതുജനസേവകന്റെയും കലാകാരന്റെയും ധൈര്യശാലിയുടെയും പ്രസംഗകന്റെയും തിളക്കമുള്ള മുഖം ഇനി പറയുന്ന പ്രേഷിത ദൗത്യത്തില്‍ സ്ഥടികസ്പഷ്ടം:

ഫാ. ജോണ്‍ മേലേപ്പുറം: തൃശ്ശൂര്‍ ജില്ലയിലെ പോട്ടയില്‍ 1952 ല്‍ ജനനം. അച്ഛന്‍: പൊറിഞ്ചു, അമ്മ: കുഞ്ഞന്നം. എട്ട് മക്കളില്‍ നാലാമന്‍. സഹോദരിമാരില്‍ രണ്ടു പേര്‍ കന്യാസ്ത്രീകള്‍. ഇളയമ്മമാര്‍ രണ്ടു പേരും കന്യാസ്ത്രീകള്‍. ഒരു പിതൃസഹോദരന്‍ വൈദികന്‍. പോട്ട എല്‍.പി. സ്‌ക്കൂള്‍, ചാലക്കുടി ഗവ. ഹൈസ്‌ക്കൂള്‍, തൃശ്ശൂര്‍ തോപ്പ് മൈനര്‍ സെമിനാരി, വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി, തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഫിലോസഫി, തിയോളജി, ഇക്‌ണോമിക്‌സ് എന്നിവയില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദം.

1978 ഡിസംബര്‍ 27-#ാ#ം തീയതി മാര്‍ ജെയിംസ് പഴയാറ്റില്‍ മെത്രാനില്‍ നിന്ന് ഗുരുപ്പട്ട സ്വീകരണം. ഇരിങ്ങാലക്കുട രൂപതയിലെ ആദ്യവൈദിക ബാച്ചില്‍ പൗരോഹിത്യം സ്വീകരിച്ച എട്ടുപേരില്‍ ഒരാള്‍ ഫാ. ജോണ്‍ മേലേപ്പുറം. 15 വര്‍ഷം ഇരിഞ്ഞാലക്കുട രൂപതയില്‍ സേവനം.(1978-1993).

ഫാ. ജോണ്‍ മേലേപ്പുറം ഔദ്യോഗിക സേവനം തുടങ്ങുന്നത് പരപ്പുകര സെന്റ് ജോണ്‍സ് ഫൊറോനാ ചര്‍ച്ച് അസിസ്റ്റന്റ് വികാരിയായിട്ടാണ്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍പ്പള്ളി അസിസ്റ്റന്റ് വികാരിയായി 1979 മുതല്‍ 1981 വരെ സേവനം അനുഷ്ഠിച്ചു. കൊടുങ്ങ സെന്റ് സെബാസ്റ്റ്യന്‍ കാത്തലിക് ചര്‍ച്ചിലും ആമ്പനോളി, ചൊക്കാന എന്നിവിടങ്ങളിലെ പള്ളികളിലും വികാരിയായി (1981-1985) പ്രേഷിത ദൗത്യം നിര്‍വഹിച്ചു. പുത്തഞ്ചിറ ഈസ്റ്റ് സെന്റ് ജോസഫ് ചര്‍ച്ചിലും (1985-1987) കൊടകര സെന്റ് ജോസഫ് ചര്‍ച്ചിലും (1987-1989) വികാരിയായിരുന്നു. 15 സംവത്സരങ്ങള്‍ ഇരിങ്ങാലക്കുട രൂപതയിലെ ഏറെ ഉത്തരവാദിത്ത്വമുള്ള വിവിധ ഔദ്യോഗിക ചുമതലകളില്‍ സേവനം ചെയ്യുവാന്‍ മേലേപ്പുറത്തച്ചന് സാധിച്ചു. ഇരിങ്ങാലക്കുട ഡയോഷ്യന്‍ ലിറ്റര്‍ജി കമ്മീഷനില്‍ ഡയോഷ്യന്‍ കോര്‍ഡിനേറ്റര്‍(8 വര്‍ഷം), സെക്രട്ടറി: പ്രീസ്റ്റ് സെനറ്റ്, ഇരിങ്ങാലക്കുട രൂപത(3 വര്‍ഷം), മെംബര്‍: സീറോ മലബാര്‍ ചര്‍ച്ച് സെന്‍ട്രല്‍ ലിറ്റര്‍ജിക്കല്‍ കമ്മീഷന്‍, എറണാകുളം(8 വര്‍ഷം), മെംബര്‍ ഇരിങ്ങാലക്കുട ഡയോഷ്യന്‍ പാസ്ട്രല്‍ കൗണ്‍സില്‍(14 വര്‍ഷം), തിരു ബാലസഖ്യം രൂപതാ ഡയറക്ടര്‍(3 വര്‍ഷം), ഡയോഷ്യന്‍ ഫാമിലി അപ്പോസ്‌തൊലേറ്റ് രൂപതാ ഡയറക്ടര്‍(41/2 വര്‍ഷം), ഫൗണ്ടിംഗ് ഡയറക്ടര്‍ ഓഫ് നവചൈതന്യ ഡീ അഡിക്ഷന്‍ സെന്റര്‍, അലൂര്‍, മിഷന്‍ ട്രെയിനിംഗ് സെമിനാരി വൈസ് റെക്റ്റര്‍(4 വര്‍ഷം), അസിസ്റ്റന്റ് ഡയറക്ടര്‍: ബെറ്റര്‍ ലൈഫ് മൂവ്‌മെന്റ്(ബി.എല്‍.എം.) സെന്റര്‍, അലൂര്‍ (4 വര്‍ഷം).

ആളൂരിലെ നവചൈതന്യ ഡി അഡിക്ഷന്‍ സെന്ററിന്റെ സ്ഥാപകനാണ് ഫാ. ജോണ്‍ മേലേപ്പുറം. അനവധി സന്യാസ ഭവനങ്ങളുടെ സഹകരണവും സേവനശുശ്രൂഷയും ഈ മദ്യമുക്ത ദൗത്യ സ്ഥാപനത്തിന് നേടിയെടുക്കാന്‍ ജോണച്ചന്റെ സംഘാടക പാടവം സഹായകമായി. അനേകം മദ്യപരുടെ വിമോചന വേദിയാകാന്‍ മേലേപ്പുറത്തച്ചന്‍ സ്ഥാപിച്ച ഈ സെന്ററിന് കഴിഞ്ഞു. ഇന്നും ആ സേവനസ്ഥാപനം ആശാദീപമായി നിലകൊള്ളുന്നു.

ഇരിങ്ങാലക്കുട രൂപതയിലെ ഫാമിലി അപ്പസ്റ്റോലിന്റെ ഭാഗമായി പ്രീ കാനാ കോഴിസിന് എല്ലാവിധ ആസൂത്രണവും പ്രായോഗിക രൂപക്രമവും നിലവില്‍ കൊണ്ടുവന്നതും ജോണച്ചനാണ്. വിവാഹത്തിനു ആത്മീയവും വിദ്യാഭ്യാസപരവുമായ മുന്നൊരുക്കത്തിനുള്ള സെമിനാറുകള്‍ സംഘടിപ്പിച്ച് ഇരുപത്തയ്യായിരത്തിലധികം യുവതീ യുവാക്കളെ പുതിയ ജീവിതാന്തസ്സിലേക്ക് യോഗ്യതാ പത്രം നല്‍കി ഒരുക്കത്തോടെ നയിക്കുവാന്‍ കഴിഞ്ഞു. ആളൂര്‍ ബെറ്റര്‍ ലൈഫ് സെന്ററിന്റെ സ്ഥാപകനായിരുന്ന ഫാ. ജോസ് അക്കരകാരന്റെ അവിചാരിച ദേഹവിയോഗം ആ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തുടര്‍ച്ചയ്ക്ക് ഗതിയടച്ചപ്പോള്‍ സെന്ററിന്റെ പ്രവര്‍ത്തനം ഭംഗിയായി തുടരാന്‍ മാര്‍ ജെയിംസ് പഴയാറ്റില്‍ ചുമതലപ്പെടുത്തിയത് ഫാ. ജോണ്‍ മേലേപ്പുറത്തിനെയായിരുന്നു.

(തുടരും)
ഫാ. ജോണ്‍ മേലേപ്പുറം അറുപതിന്റെ നിറവില്‍ : പൗരോഹിത്യത്തിന്റെ അഗ്നിച്ചിറകുകള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക