Image

ഗവേഷണച്ചുവടുകള്‍ (വിജയ് സി. എച്ച് )

വിജയ് സി. എച്ച് Published on 12 December, 2022
ഗവേഷണച്ചുവടുകള്‍ (വിജയ് സി. എച്ച് )

ഈയിടെ പ്രഖ്യാപിച്ച കേന്ദ്ര സംഗീത നാടക അക്കാദമി പുരസ്‌കാരങ്ങളില്‍ മോഹിനിയാട്ടത്തിനുള്ളതു നേടിയ ഡോ. നീനാ പ്രസാദ് ഭാരതീയ ശാസ്ത്രീയ നൃത്താവതരണങ്ങളുടെ രംഗൈശ്വര്യം മാത്രമല്ല, നടനകലയുടെ ഉള്ളറകള്‍ തുറന്നു കണ്ട ജിജ്ഞാസുവായൊരു ഗവേഷകയും, ധിഷണാശാലിയായൊരു അക്കാഡമിക്കുമാണ്. 
അവ്യക്തമായ കളരി സമ്പ്രദായത്തില്‍ നിന്ന് കാര്‍ക്കശ്യമായൊരു ഭാഷ്യം രൂപപ്പെടുത്തി മോഹിനിയാട്ടത്തെ പുനര്‍നിര്‍മ്മിച്ച ഡോ. നീന, കേരളത്തിന്റെ തനതായ ലാസ്യച്ചുവടുകള്‍ക്ക് കാലോചിതമായ പരിഷ്‌കാരമാണ് സന്നിവേശിപ്പിച്ചിരിയ്ക്കുന്നത്. ഈ ഉദ്യമം സ്തുത്യര്‍ഹം! 

'മോഹിനിയാട്ടത്തിലെ വിവിധയിനം ആന്ദോളികകളെ അടിസ്ഥാനപ്പെടുത്തി കഴിഞ്ഞ ഒന്നര ദശകത്തില്‍ ഞാന്‍ ചെയ്ത ഗവേഷണവും നൃത്തത്തിന്റെ പുനഃസംവിധാനവും അംഗീകരിക്കപ്പെട്ടു. ദേശീയ പുരസ്‌കാരലബ്ദിയില്‍ വളരെ സന്തുഷ്ടയാണ്,' ഡോ. നീന പറഞ്ഞു തുടങ്ങി... 


?? പഠനവും കണ്ടെത്തലുകളും 
ശരീരത്തിന്റെ മന്ദവും മനോഹരവുമായ മൃദു ചലങ്ങളാണ് മോഹിനിയാട്ടത്തിന്റെ സ്വത്വം. അതാണ് മോഹിനിയാട്ടത്തെ മോഹനവും വശ്യവുമാക്കുന്നത്. എന്നാല്‍, നമ്മള്‍ ഇതുവരെ പിന്തുടര്‍ന്നുപോരുന്ന കച്ചേരി സമ്പ്രദായത്തില്‍, ഹൃദയഹാരിയായ ആ അംഗ ചലനങ്ങള്‍ എങ്ങനെ അവതരിപ്പിക്കണമെന്നതിന് കൃത്യമായ നിര്‍വചനങ്ങളില്ല. നൃത്താധ്യാപിക വിദ്യാര്‍ത്ഥിയോട് തല അല്‍പം ഇങ്ങോട്ടു ചെരിയ്ക്കൂ, ദേഹം കുറച്ചുകൂടെ അങ്ങോട്ടു വളയ്ക്കൂ എന്നിങ്ങനെയുള്ള അവ്യക്തമായ നിര്‍ദ്ദേശങ്ങളാണ് നല്‍കിക്കൊണ്ടിരിയ്ക്കുന്നത്. എത്രത്തോളം ചെരിയ്ക്കണമെന്നോ, വളയ്ക്കണമെന്നോ, ഏതുരീതിയിലതു നിര്‍വഹിക്കണമെന്നോ ഉള്ള വിശദ വിവരങ്ങള്‍ നല്‍കുന്നില്ല. അതിനാല്‍ ആഴത്തിലുള്ളൊരു പഠനം തന്നെ വേണ്ടിവന്നു. മോഹിനിയാട്ടത്തിന്റെ ശാരീരിക ഭാഷയുടെ പ്രത്യേക സ്വഭാവമാണ് സൂക്ഷ്മപഠത്തിനു വിധേയമാക്കിയത്. വിഭിന്നങ്ങളായ ആന്ദോളികകളാണ് മോഹിനിയാട്ടമെന്നും, പുനര്‍ക്രമീകരണങ്ങള്‍ കൊണ്ടുവരേണ്ടത് ഈ മേഖലയിലാണെന്നുമായിരുന്നു കണ്ടെത്തലുകളിലൊന്ന്. മോഹിനിയാട്ടത്തിന്റെ ശുദ്ധ അര്‍ത്ഥത്തിലുള്ള മുദ്രകളെയും മറ്റും പ്രതിപാദിക്കുന്ന ഉപപഠനങ്ങളും അവയില്‍ നിന്നുള്ള നിരീക്ഷണങ്ങളും വേറെയുമുണ്ട്. യഥാര്‍ത്ഥത്തില്‍, മോഹിനിയാട്ടത്തില്‍ എന്തെല്ലാമുണ്ടെന്നതല്ല എന്റെ പഠനം, മറിച്ചു ഈ നൃത്തരൂപം ശെരിയ്ക്കും മനസ്സിലാക്കിയതിനു ശേഷം, അതിനൊരു ഗ്ലോബല്‍ ഭാഷ എങ്ങനെയുണ്ടാക്കാം എന്നതായിരുന്നു!  
?? ആന്ദോളികകളുടെ പുനര്‍ക്രമീകരണം 
ലളിതമായി പറഞ്ഞാല്‍ നര്‍ത്തകിയുടെ ശരീര ചലനത്തിന്റെ മാനമാണ് ആന്ദോളിക. ഇംഗ്‌ളീഷില്‍ Oscillation എന്നതായിരിയ്ക്കാം തുല്യപദം. ആവിഷ്‌കാര സമയത്ത് ആന്ദോളികകളുടെ ഒരു പരമ്പര തന്നെ അരങ്ങേറുന്നു. അംഗചലനങ്ങളുടെ പഠന സൗകര്യാര്‍ത്ഥം ശരീരത്തെ രണ്ടു ഭാഗങ്ങളാക്കിയിരിക്കുന്നു. തല മുതല്‍ അരക്കെട്ടു വരെ ആദ്യത്തെയും, അരക്കെട്ടിനു താഴെ രണ്ടാമത്തെയും. ശിരസ്സിന്റെ കുത്തനെയും സമാന്തരവുമായ പല കോണുകളിലുള്ള ചലനങ്ങള്‍ മുതല്‍, ഒരു ചുവടു വെയ്ക്കുമ്പോള്‍ പാദത്തിന്റെ അടിവശം നിലത്ത് ഉരസി മുന്നോട്ടു നീങ്ങുന്ന നേരത്ത് സംഭവിയ്ക്കുന്ന നിമ്‌നോന്നതങ്ങള്‍ വരെ ബഹുവിധമായ ആന്ദോളികകളാണ്. ബൃഹത്തായ ഇത്തരം പഠനങ്ങളും കണ്ടെത്തലുകളുമാണ് എന്റെ ഗവേഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അക്കാദമിക സ്വഭാവം നല്‍കുന്നത്. ഉടലിന്റെയും (toros), കൈകലുകളുടെയും (limbs) ആന്ദോളികകളാണ് മോഹിനിയാട്ടത്തിന്റെ രചനാരീതി തന്നെ. എല്ലാം കണ്ടെത്തി, നിര്‍വചിച്ചു, പുനര്‍ക്രമീകരിച്ചു, ഔചിത്യപൂര്‍വം നാമകരണം ചെയ്തു. ഏറെ അധ്വാനിച്ചതിനൊടുവിലാണ് ആവിഷ്‌കാരത്തിലെ എല്ലാ അടവുകള്‍ക്കും നാമകരണം ചെയ്യുകയെന്ന ദൗത്യം വിജയം കണ്ടത്. പത്തു ലാസ്യാംഗങ്ങള്‍ നിര്‍മിച്ചതാണ് അഭിമാനം തോന്നുന്ന മറ്റൊരു നേട്ടം. ശാര്‍ങ്ഗദേവന്‍ രചിച്ച 'സംഗീതരത്‌നാകരം', ജയസേനാപതിയുടെ 'നൃത്തരത്‌നാവലി' മുതലായ ഗ്രന്ഥങ്ങളാണ് പഠനങ്ങള്‍ക്കും തുടര്‍ന്നുള്ള കണ്ടെത്തലുകള്‍ക്കും പിന്തുണയായത്. 


?? വേറിട്ട ചിന്തയ്ക്കു പുറകില്‍ 
കുഞ്ഞുംനാള്‍ തൊട്ടേ ഞാന്‍ നൃത്തവീഥിയിലുണ്ട്. പല ഗുരുക്കന്മാരില്‍ നിന്നും മറ്റു നൃത്തങ്ങള്‍ക്കൊപ്പം മോഹിനിയാട്ടവും അഭ്യസിച്ചു. എല്ലാവരില്‍ നിന്നും ഈ നൃത്തശാഖ അടുത്തറിയുവാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാല്‍, നൃത്തത്തിന്റെ ആന്തരീക ശൈലികളെക്കുറിച്ചു വിഭിന്നമായ കാഴ്ചപ്പാടുകളാണ് ഓരോരുത്തര്‍ക്കും ഉണ്ടായിരുന്നത്. മുതിര്‍ന്ന ഗുരുക്കന്മാരായ കലാമണ്ഡലം സുഗന്ധി ടീച്ചര്‍ക്കും, കലാമണ്ഡലം ക്ഷേമാവതി ടീച്ചര്‍ക്കു പോലും സമാനമായ ചിന്താഗതിയായിരുന്നില്ല. വിഭിന്ന ഭാഗങ്ങള്‍ ഒന്നിനു പുറകെ മറ്റൊന്നായി അവതരിപ്പിയ്ക്കുന്നുണ്ടെങ്കിലും, നൃത്തത്തിന്റെ വിഘടിച്ചു കിടക്കുന്ന ഘടനയും അവ്യക്തമായ നാട്യരീതിയും പ്രേക്ഷകര്‍ക്ക് നീരസമുളവാക്കുന്നതായിരുന്നു. തുടര്‍ന്ന്, മോഹിനിയാട്ടത്തിനൊരു പുത്തന്‍ ചട്ടക്കൂടു വേണമെന്ന ചിന്ത ഉള്ളില്‍ ശക്തിപ്പെട്ടു തുടങ്ങി. മറ്റു ശാസ്ത്രീയ നൃത്ത രൂപങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ പുരോഗമനത്തിന്റെ കിരണങ്ങള്‍ അധികം പതിയാത്തത് മോഹിനിയാട്ടത്തിലാണെന്ന വസ്തുത ഇതിനു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന വാഞ്ചയെ ത്വരിതപ്പെടുത്തി. 


?? കാലോചിതമായ മാറ്റങ്ങള്‍ വേണം 
ലാസ്യമാണ് മോഹിനിയാട്ടത്തിന്റെ മുഖമുദ്ര. ദ്രുതഗതിയില്‍ പ്രകടിപ്പിക്കുവാന്‍ കഴിയുന്നൊരു മനോഭാവമല്ല ലാസ്യം. പ്രതിദിനം ദ്രുതമായിക്കൊണ്ടിരിക്കുന്ന പുതിയ ലോകത്ത് ശീഘ്രഗതിയിലുള്ള ചുവടുകളും അംഗചലനങ്ങളുമുള്ള ഭരതനാട്യത്തിനും കുച്ചുപ്പുടിയ്ക്കും  സ്വീകാര്യതയേറുന്നത് സ്വാഭാവികമാണ്. പക്ഷെ, വിളംബ-മധ്യ കാലങ്ങളില്‍ അനായാസേനയുള്ള ശാരീരിക പ്രയോഗങ്ങളാല്‍ അനേകം ഭാവബിംബങ്ങള്‍ വാര്‍ത്തെടുക്കുവാനുള്ള ശേഷി ലാസ്യ-ലാവണ്യ സമ്പന്നമായ മോഹിനിയാട്ടത്തിനുണ്ട്. മോഹിനിയാട്ടത്തിന്റെ മന്ദഗതിയിലുള്ള ചുവടുകള്‍ പ്രേക്ഷകരില്‍ മടുപ്പ് ഉളവാക്കുന്നുവെങ്കില്‍, ഈ ആവിഷ്‌കാരം ജനപ്രിയമായി ഇപ്പോഴും നിലനില്‍ക്കുന്നതെങ്ങനെ? ലാസ്യവും അതിനാലുള്ള വിളംബവും ഹൃദ്യമായിത്തോന്നുന്ന പ്രേക്ഷകരുമുണ്ടല്ലൊ! ഏതു ആവിഷ്‌കാരവും അതുകൊണ്ടു ഉദ്ദേശിക്കുന്ന ആസ്വാദ്യത ഉറപ്പു വരുത്തുന്നത്ര മികവ് പുലര്‍ത്തണമെന്നു മാത്രം. നിലവാരമുള്ള അവതരണങ്ങള്‍ക്ക് കാണികളെ ലഭിയ്ക്കുമെന്നത് തീര്‍ച്ചയാണ്. ഗവേഷണങ്ങളും പഠനങ്ങളും ഏറ്റവുമധികം നടന്നുകൊണ്ടിരിക്കുന്നൊരു നൃത്തശാഖയുമാണിത്. അവതരണ-ആസ്വാദന ക്ഷമതകളില്‍ കാലോചിതമായ മാറ്റങ്ങള്‍ വിദഗ്ധമായി സന്നിവേശിപ്പിക്കുമ്പോഴാണ് കാലത്തിന്റെ പരീക്ഷണങ്ങളെ നേരിടുവാനുള്ള ശേഷി കലാരൂപങ്ങള്‍ക്ക് ലഭിക്കുന്നത്. തനിമ ചോര്‍ന്നു പോകാതെയുള്ള നവീകരണങ്ങള്‍ കലയെ കൂടുതല്‍ ശ്രേഷ്ഠമാക്കുകയും ചെയ്യുന്നു. 


?? സ്വതന്ത്രാവിഷ്‌കാരങ്ങള്‍ 
നിരവധി ചൊല്‍ക്കെട്ടുകള്‍ക്കും, ജതിസ്വരങ്ങള്‍ക്കും, കൃതികള്‍ക്കും, പദവര്‍ണ്ണങ്ങള്‍ക്കും, സ്വരജതികള്‍ക്കും, അഷ്ടപദികള്‍ക്കും, തില്ലാനകള്‍ക്കും നൃത്തസംവിധാനം നിര്‍വ്വഹിച്ചിട്ടുണ്ടെങ്കിലും, സ്വതന്ത്രാവിഷ്‌കാരങ്ങള്‍ വേറിട്ടു തന്നെ നിലകൊള്ളുന്നു. താന്‍ നേരിടുന്ന അപമാനത്തെ നേരിടുന്ന സ്ത്രീശക്തിയായ ശകുന്തള, രാമായണത്തില്‍ വായിക്കാതെ പോയ ത്യാഗത്തിന്റെ മുഖമായ ഊര്‍മ്മിള, കൂടാതെ ദ്രൗപദി, കുന്തി, രുഗ്മിണി മുതലായവര്‍ ഞാന്‍ ജീവന്‍ നല്‍കിയ ചില കഥാപാത്രങ്ങളാണ്. കോവിഡിനെതിരെ പൊരുതുവാന്‍ ഊര്‍ജം പകരുന്നതായിരുന്നു 'തരണം ചെയ്യാം' എന്ന സാമൂഹിക ആവിഷ്‌കാരം. അനേകം പ്രശസ്ത മലയാള കാവ്യങ്ങളും മോഹിനിയാട്ടത്തില്‍ ചിത്രീകരികരിച്ചു. ഇവയെല്ലാം ഒട്ടുമിക്ക ലോക രാഷ്ട്രങ്ങളിലും അവതരിപ്പിക്കുവാന്‍ സാധിച്ചു.  


?? യോഗ്യതകള്‍, സ്ഥാനങ്ങള്‍ 
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളേജില്‍ നിന്ന് ഇംഗ്‌ളീഷ് സാഹിത്യത്തില്‍ ബിരുദാനന്തരബിരുദം നേടി. 'ലാസ്യവും താണ്ഡവവും തെന്നിന്ത്യന്‍ നൃത്തങ്ങളില്‍ -- ഒരു വിശദ പഠനം' എന്നതിലാണ് ഡോക്ടറേറ്റ്. കൊല്‍ക്കൊത്തയിലെ രബീന്ദ്ര ഭാരതി യൂണിവേഴ്‌സിറ്റിയിലായിരുന്നു നൃത്തഗവേഷണം. ബ്രിട്ടനിലെ സറെ യൂനിവേഴ്‌സിറ്റിയില്‍ നിന്നാണ് പോസ്റ്റ് ഡോക്ടറേറ്റ് ഫെലോഷിപ്പ് ലഭിച്ചത്. കേരള കലാമണ്ഡലം ഡീംഡ് യൂനിവേഴ്‌സിറ്റിയില്‍ റിസര്‍ച്ച് കോര്‍ ഗൈഡായി പ്രവര്‍ത്തിക്കുന്നു. ദൂരദര്‍ശനിലെ ടോപ്പ്‌ഗ്രേഡ് ആര്‍ട്ടിസ്റ്റാണ്. ഭരതാഞ്ജലി അക്കാദമി ഓഫ് ഇന്ത്യന്‍ ഡാന്‍സ്, തിരുവനന്തപുരം; സൗഗന്ധിക സെന്റര്‍ ഫോര്‍ മോഹിനിയാട്ടം, ചെന്നെ, എന്നിവയുടെ പ്രിന്‍സിപ്പലുമാണ്.  


?? കുടുംബ പശ്ചാത്തലം 
തിരുവനന്തപുരത്തെ വഞ്ചിയൂരിലാണ് താമസം. ഭാസ്‌കര പ്രസാദും, ലളിതാഭായിയും അച്ഛനമ്മമാര്‍. കുട്ടിക്കാലം കടന്നു പോയത് തലശ്ശേരിയിലാണ്. അച്ഛന്‍ അന്ന് ബ്രണ്ണന്‍ കോളേജിലെ ഇംഗ്‌ളീഷ് പ്രൊഫസ്സറായിരുന്നു. ഗുരുവായൂരപ്പന്‍ കോളേജിലേയ്ക്കും, വിക്ടോറിയ കോളേജിലേയ്ക്കും അച്ഛന് സ്ഥലംമാറ്റം ലഭിച്ചപ്പോള്‍ കോഴിക്കോടും പാലക്കാടും താമസിച്ചിട്ടുണ്ട്. മൂന്നാം വയസ്സില്‍ നൃത്ത പരിശീലനം ആരംഭിച്ചു. മോഹിനിയാട്ടത്തിനു മുന്നെ, ഭരതനാട്യവും കുച്ചിപ്പുടിയും തുടങ്ങിയിരുന്നു. കലോത്സവങ്ങളില്‍ മികവു തെളിയിച്ച് കലാതിലകമായി തിരഞ്ഞെടുക്കപ്പെട്ടു. തുടര്‍ന്നെത്തിയ വര്‍ഷങ്ങളില്‍ കേരള സംഗീത നാടക അക്കാദമി പുരസ്‌കാരമുള്‍പ്പെടെ നിരവധി ദേശീയ-അന്തര്‍ദേശീയ അംഗീകാരങ്ങളും, സ്‌കോളര്‍ഷിപ്പുകളും, ഫെലോഷിപ്പുകളും തേടിയെത്തി. കവി നാലപ്പാടം പത്മനാഭന്‍ രചിച്ച 'നീനാപ്രസാദം' എന്റെ ജീവിതരേഖയാണ്. 
                                                                              
                                                                             -----------------------

Mohiniyattam-Dr.Neena Prasad

ഗവേഷണച്ചുവടുകള്‍ (വിജയ് സി. എച്ച് )ഗവേഷണച്ചുവടുകള്‍ (വിജയ് സി. എച്ച് )ഗവേഷണച്ചുവടുകള്‍ (വിജയ് സി. എച്ച് )ഗവേഷണച്ചുവടുകള്‍ (വിജയ് സി. എച്ച് )
Join WhatsApp News
Ninan Mathullah 2022-12-12 11:28:16
Thanks Vijay for that informative article on 'Mohiniyattam' and മോഹിനിയാട്ടത്തിനുള്ള പുരസ്‌കാരo നേടിയ ഡോ. നീനാ പ്രസാദ്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക