Image

ആമസോണിൽ നിന്ന് ബ്രസിലിയെൻസിസ്‌, ത്രിപുരയിൽ നിന്ന്  വായൂഗുളിക  (കുര്യൻ പാമ്പാടി)

Published on 12 December, 2022
ആമസോണിൽ നിന്ന് ബ്രസിലിയെൻസിസ്‌, ത്രിപുരയിൽ നിന്ന്  വായൂഗുളിക  (കുര്യൻ പാമ്പാടി)

'ഹെവിയ ബ്രസിലിയെൻസിസ്‌' എന്ന് ശാസ്ത്രനാമമുള്ള പ്രകൃതിജന്യ റബർ ബ്രസീലിലെ ആമസോൺ വനങ്ങളിൽ കണ്ടെത്തിയിട്ടു ഒന്നര നൂറ്റാണ്ടായി. അവിടെ കുടിയേറി റബർ കൃഷി വ്യാപിപ്പിച്ച ഇംഗ്ലീഷുകാർ റബർകുരു കടത്തി സിലോണിൽ തോട്ടങ്ങൾ  പിടിപ്പിച്ചു. അവിടെ നിന്നു റബർ കുരു തിരുവിതാംകൂറിലേക്കു കൊണ്ടുവന്നു റബർകൃഷി തുടങ്ങി എന്നാണ് ചരിത്രം. 

ത്രിപുരയിലെ റബർതോട്ടം--ഇന്ത്യയിൽ രണ്ടാമത്

നിർഭാഗ്യം കൊണ്ട് ലോക കപ്പിന്റെ ക്വാർട്ടറിൽ തോറ്റ ബ്രസീലിനും തെക്കേ അമേരിക്കയിൽ ചേർന്നു  കിടക്കുന്ന അർജന്റീനക്കും വേണ്ടി ഭ്രാന്തമായ  ആവേശം കാണിക്കുന്ന കേരളത്തിലെ ആരാധകർ  ഒരു നൂറ്റാണ്ടായി കേരളീയ ജീവിതത്തിനു ഊടും പാവും നെയ്യുകയും മധ്യവർഗ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാവുകയും ചെയ്ത റബറിന്റെ പേരിലല്ല കോലാഹലം കൂട്ടുന്നതെന്നു വ്യകതമാണ്‌.

സിലോണിൽ റബർകൃഷി പഠിച്ച ജേക്കബ് തോമസ്, കൊണ്ടുവന്ന റബർ ഗ്രന്ഥം, കൊച്ചുമകൻ കെ. ജെ തോമസ്

കേരളത്തിൽ ഇടം  കിട്ടാതെവന്നപ്പോൾ മലയാളികൾ ബ്രസീലിലും ആഫ്രിക്കൻ രാജ്യങ്ങളിലും വരെ പോയി റബർ കൃഷിചെയ്യാൻ  ഉദ്യമിച്ചു എന്നത് ചരിത്രത്തിന്റെ ഭാഗമാണ്. ഇഎംഎസ് മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ബ്രസീലിലേക്ക് പോകാൻ ശ്രമം നടന്നത്. കത്തോലിക്കാ സഭ അതിനു പിന്തുണ നൽകി. പക്ഷെ  പല കാരണങ്ങളാൽ നടന്നില്ല.    

കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിൽ തറവാട്, അഞ്ചാം തലമുറയിലെ അശോക്, വിവേക്, അമ്മ റാണി

കാഞ്ഞിരപ്പള്ളി കരിപ്പാപ്പറമ്പിലെ ജേക്കബ് തോമസ് എന്ന ചാക്കോച്ചൻ പതിനേഴാം വയസിൽ സിലോണിലേക്കു കപ്പൽ കയറിയത് വീട്ടിൽ ആലോചിച്ച കല്യാണം പേടിച്ചാണെന്നു ശ്രുതിയുണ്ട്.  സായിപ്പുമാർ  നടത്തുന്ന തോട്ടത്തിൽ ജോലിക്കു കയറി റബർ കൃഷി പഠിക്കാനായിരുന്നുവെന്ന കേൾവിക്കാണ്‌ മുൻ‌തൂക്കം.

തൃശ്ശിനാപ്പള്ളി സെന്റ് ജോസഫ്‌സിൽ മെട്രിക്കുലേഷൻ പാസ്സായശേഷം 1900-ൽ കൊളംബോയിലെത്തിയ ചാക്കോച്ചൻ  ഇംഗ്ലീഷ് കാരുടെ തോട്ടത്തിൽ ജോലി ചെയ്തു. ഇംഗ്ലീഷ് പ്ലാന്റർമാർ  ബ്രസീലിൽ നിന്ന് കപ്പലിൽ   ഒളിപ്പിച്ചു കൊണ്ടുവന്നു പാകി കിളിർപ്പിച്ചു പടർത്തിയ റബർ ഭാവിയിൽ കേരളത്തിന് ഗുണകരമമാകുമെന്നു  ചാക്കോച്ചന് ബോധ്യമായി. 

റബർ ബോർഡ് എക്സി. ഡയ. കെ എൻ രാഘവൻ അഗർത്തല പാലപ്പിള്ളി  ഫാക്ടറിയിൽ, പിഎം വർഗീസ് (രണ്ടാമത്), ജോസി ജോസഫ് സമീപം. 

സിലോണിൽ പത്തു വർഷത്തോളം ജോലി ചെയ്‌ത്‌  മടങ്ങിയ ചാക്കോച്ചൻ റഥർഫോർഡിന്റെ  റബർകൃഷിയെക്കുറിച്ചുള്ള  ആധികാരിക ഗ്രന്ഥത്തിന്റെ ഒരു കോപ്പിയും  കൂടെ കൊണ്ടുപോന്നു--'പ്ലാന്റർഴ്സ് നോട്ടുബുക്ക്', എട്ടാം എഡിഷൻ, 1926,  ടൈംസ് ഓഫ് സിലോൺ, 20 രൂപ.  പുസ്തകം  ചാക്കോച്ചന്റെ പേരിൽ മണ്ണാർക്കാട് സ്ഥാപിച്ച കെ. ജേക്കബ് തോമസ് മെമ്മോറിയൽ സഹൃദയ ലൈബ്രയിൽ ഉണ്ടെന്നു ഗ്രേറ്റ്  ഗ്രാൻഡ്‌സൺ കെ.ജെ. തോമസ് എന്നോട് പറഞ്ഞു. 

ചാക്കോച്ചനും നാട്ടിലെ ആറേഴു പ്രമുഖരും ചേർന്നു സ്ഥാപിച്ച ഒരു "സിണ്ടിക്കേറ്റ്"  മണ്ണാർകാട്ടു മൂപ്പിൽ നായരുടെ കയ്യിൽ നിന്ന് മൂവായിരം ഏക്കർ വനഭൂമി പാട്ടത്തിനെടുത്ത് റബർകൃഷി തുടങ്ങി. 

മേഘാലയത്തിൽ  ഏഴുകോടിയുടെ ലാറ്റക്സ് ഫാക്ടറിക്കു മുഖ്യമന്ത്രി കോൺറാഡ് സംഗമ കല്ലിടുന്നു, സിസ്റ്റർ റോസ് കയത്തിങ്കൽ സമീപം 

അയർലണ്ടുകാരൻനായ ജോസഫ് ജോൺ മർഫി മുണ്ടക്കയത്തിനടുത്ത് കൂട്ടിക്കലിൽ തിരുവിതാംകൂറിലെ  ആദ്യത്തെ വൻകിട റബർ തോട്ടം ആരംഭിച്ചതായിരുന്നു ഏറ്റവും വലിയ പ്രചോദനം. 1902ലാണ് ഏന്തയാറിൽ 1200 ഏക്കറിൽ മർഫി തോട്ടം സ്ഥാപിക്കുന്നത്. 

ഡബ്ലിനിൽ   നിന്ന് ആദ്യം അദ്ദേഹം പോയത് സിലോണിലേക്ക്. അവിടെ നിന്ന് മുണ്ടക്കയത്തേക്കും.  1952  വരെ അദ്ദേഹം തോട്ടം നടത്തി. 1957ൽ അവിടെ മരിച്ചു. ഏന്തയാറിലെ ജെജെ മർഫി മെമ്മോറിയൽ ഹയർ സെക്കണ്ടറി സ്‌കൂൾ അദ്ദേഹത്തിന്റെ ശാശ്വത സ്മാരകം ആണ്. 

'പ്രിൻസ് ലി പ്ലാന്റർ' എന്നപേരിൽ കെവി തോമസ് പൊട്ടംകുളം എഴുതിയ ഒരു ലേഖനം അവസാനിക്കുന്നത്  ഇങ്ങിനെയാണ്‌: " കേരളത്തിനു പകരം ആമേരിക്കയിലേക്കാണ്  കുടിയേറിയിരുന്നതെങ്കിൽ  ജോൺ എഫ് കെന്നഡിക്കു മുമ്പ് അമേരിക്കൻ പ്രസിഡന്റ്  ആകുന്ന ആദ്യത്തെ അയർലണ്ടുക്കാരൻ ആകുമായിരുന്നു മർഫി."   

റബർ പൂവും കായും 

ചുരുക്കിപ്പറഞ്ഞാൽ   കാഞ്ഞിരപ്പള്ളിക്കാർ  തിരുവിതാംകൂറിൽ നിന്ന് മലബാറിലേക്കുള്ള കുടിയേറ്റത്തിനു വഴിത്താരയൊരുക്കി എന്ന് പറയണം. മിക്ക കുടിയേറ്റ ചരിത്രകാരന്മാരും അങ്ങിനെ രേഖപ്പെടുത്തിയിട്ടുണ്ട്,. അങ്ങിനെ  റബർകൃഷി വ്യാപിച്ചു കേരളത്തിലെ ഇടത്തരക്കാരായ ലക്ഷക്കണക്കിന് കൃഷിക്കാരുടെ സാമ്പത്തിക ഭദ്രതക്ക് അടിത്തറ പാകി. 

തിരുവിതാംകൂർ  കൊച്ചിയുമായി ചേർന്ന് തിരുക്കൊച്ചിയായി. പഴയ ബ്രിട്ടീഷ് മലബാറുമായിച്ചേർന്നു കേരളമായി. റബർ പടർന്നു പന്തലിച്ചു എട്ടരലക്ഷം ലക്ഷം ഹെക്റ്ററിൽ എത്തി. പത്തുലക്ഷത്തിലേറെ കൃഷിക്കാർ. ബഹുഭൂരിഭാഗവും  ചെറുകിട, ഇടത്തരം കർഷകർ.

വിയറ്റ് നാം കടന്നു വന്നതോടെ ലോകത്തിൽ റബറുൽപ്പാദിപ്പിക്കുന്ന രാജ്യങ്ങളിൽ ആറാം സ്ഥാനത്തേക്കു ഇന്ത്യ പിന്തള്ളപ്പെട്ടു. (തായ്‌ലൻഡ്, ഇൻഡോനേഷ്യ, വിയറ്റ് നാം, ചൈന, ഐവറി കോസ്റ്, ഇന്ത്യ). മലേഷ്യ ഏഴാമത്.   ഇന്ത്യയുടെ മൂന്നിരട്ടി വലിപ്പമുള്ള ബ്രസീലിനു പതിനൊന്നാം സ്ഥാനം.

മലയാളിക്കേ ഇങ്ങിനെ നില്ക്കാൻ കഴിയൂ--ചേന്നങ്കരിയിലെ ഫാ. കെജെ ജോസഫ്  ത്രിപുര റബർ തോട്ടത്തിൽ 

ഇന്ത്യ ഉത്പാദിപ്പിക്കുന്ന റബറിൽ  90  ശതമാനവും കേരളത്തിൽ ബാക്കി തമിഴ് നാട്ടിലും വടക്കുകിഴക്കേ ഇന്ത്യയിലും. 

ലോകത്തിൽ ഏറ്റവും കൂടുതൽ റബർ ഉപയോഗിക്കുന്ന രാജ്യങ്ങളിൽ രണ്ടാം സ്ഥാനവും ഇന്ത്യക്കാണ്. ആവശ്യത്തിനു  തികയാത്തതിനാൽ ഇന്ത്യക്കു  ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നു. 
റബർ പ്രധാനമായി ഉപയോഗിക്കുന്ന ടയർ നിർമ്മാതാക്കൾ,  ഉൽപ്പാദനച്ചെലവ് കുറഞ്ഞതിനാൽ   കുറഞ്ഞ നിരക്കിൽ റബർ വിൽക്കുന്ന അന്താരാഷ്ട്ര വിപണിയെ ആശ്രയിക്കുന്നു. അത് ഇന്ത്യൻ റബറിന്റെ വിലയിൽ ഇടിവുണ്ടാക്കുന്നു.

വടക്കു കിഴക്കേ ഇന്ത്യയിൽ റബർ കൃഷി തുടങ്ങിയിട്ട് നാല് പതിറ്റാണ്ടായി. ത്രിപുരയാണ് ഒന്നാം സ്ഥാനത്ത്. നോർത്ത് ഈസ്റ് ആകെ 1,91,330 ഹെക്റ്ററിൽ കൃഷിയുണ്ട്. ടാപ് ചെയ്യുന്നത് 1,17,180, വാർഷിക ഉത്പാദനം 1,41,500   ടൺ. 

ത്രിപുര: 86, 892 ഹെക്റ്റർ, ടാപ്പ്-70, 817. അവിടെ ആയിരത്തോളം റബർ വ്യാപാരികൾ  ഉണ്ട്, നാല് ലാറ്റക്സ് ഫാക്ടറികളും 8 ബ്ലോക്ക് റബർ ഫാക്ടറികളും 190 ഷീറ്റ് നിർമാണ യൂണിറ്റുകളുമുണ്ട്.  

മറ്റു സംസ്ഥാനങ്ങളിലെ വിസ്തൃതി: അസം:   58,897 . ടാപ്-29,051, മേഘാലയ: 17,054, ടാപ്-7283, നാഗാലാ‌ൻഡ്: 15,850 ടാപ്പ്-5865, അരുണാചൽ പ്രദേശ്: 5093, ടാപ്പ്-707, മണിപ്പൂർ: 3184, ടാപ്പ്  2145, മിസോറാം: 4358, ടാപ്പ്-550       

നന്ദു പണിക്കരും ഭാര്യ പ്രഫ. ഗീതയും; അച്ഛൻ പ്രൊഫ. പണിക്കർക്ക് ശ്രദ്ധാഞ്ജലി; അമ്മ സരസ്വതി    

റബർവില ആകാശത്തോളം ഉയർന്നത് ഒരു പതിറ്റാണ്ടു മുമ്പാണ്. ക്രൂഡോയിൽ വില കുത്തനെ ഉയർന്ന 2009-11കാലഘട്ടത്തിൽ റബറിന്റെ വില കിലോക്ക് 260 രൂപവരെ കുതിച്ചുയർന്നു. പിന്നീട്  ക്രമാനുഗതമായി താണ്‌ പകുതിയായി. ഇന്നത്തെ വില 135 രൂപ. തോട്ടങ്ങളിൽ പകുതിയും വെട്ടുകാരെ കിട്ടാതെ വെറുതെയിട്ടിരിക്കുന്നു. പലതിലും പകുതി വെട്ടും പങ്കുവെട്ടുമായി.
  
ഇക്കാരണത്താൽ കേരളത്തിൽ  ആവശ്യമായ റബർ തൈക്കും അതിനു അവശ്യം വേണ്ട റബർക്കുരുവിനും ക്ഷാമവും. കുരുവിന്റെ വില കിലോക്ക് 200  രൂപവരെ ഉയർന്നത്തോടെ കൃഷിക്കാരും നഴ്‌സറി ഉടമകളും അങ്കലാപ്പിലായി. 

അങ്ങിനെയാണ്  റബർ നന്നായി വളരുന്ന ത്രിപുരയിൽ നിന്ന് 24  ലക്ഷം കുരു  ഇറക്കുമതി ചെയ്യാൻ റബർ ബോർഡ് കരുക്കൾ നീക്കിയത്. കുരു ബോർഡിന്റെ മണിമലക്കടുത്ത മുക്കടയിലെ സെൻട്രൽ നഴ്‌സറിയിലും മേഖലാ  നഴ്‌സറികളിലും നട്ടു മുളപ്പിച് തൈകളാക്കി. 

ജെ.ജെ. മർഫിയുടെയും കെ. ജേക്കബ് തോമസിന്റെയും കാലത്തിനു ഒരു നൂറ്റാണ്ടു ശേഷം കേരളത്തിലെ റബർകൃഷിക്ക് വന്ന ഗതികേട് നോക്കുക! 

ടയർ നിർമാതാക്കളുടെ സഘടന 'ആൽമ'യുമായി ചേർന്ന് വടക്കുകിഴക്കേ ഇന്ത്യയിലും ബംഗാളിലും കൃഷി രണ്ടു ലക്ഷം ഹെക്ടറിലേക്ക് വ്യാപിപ്പിക്കാൻ ആരംഭിച്ചിട്ടുള്ള "എൻ ഇ മിത്ര" പദ്ധതിക്ക് വേണ്ടി കേരളത്തിൽ നിന്ന് ബഡ് തൈകളും കപ്പ് തൈകളും   കയറ്റി അയച്ച്‌ ഖ്യാതി നേടിയിരിക്കുമ്പോഴാണ് ഇടിത്തീ പോലെ റബർ കുരു ഇറക്കുമതിവാർത്ത എത്തുന്നത്.

"ത്രിപുര സുന്ദരി"യെ പങ്കാളിയാക്കിയ ജിനേഷ് അഗസ്റ്റിൻ; സമാജം പ്രസി. ബീന ടോം, സെക്ര. ഷംനാസ്

കന്യാകുമാരി ജില്ലയിലെ കുലശേഖരത്തും പരിസരത്തും ക്ളോണൽ മരങ്ങൾ ഉള്ള ധാരാളം  തോട്ടങ്ങൾ ഉണ്ട്. അവിടെനിന്നാണ് പ്രധാനമായും വിത്തുശേഖരണം നടക്കുന്നത്," അഗർത്തലയിലെ ഡെപ്യുട്ടി റബർ പ്രൊഡക്ഷൻ കമ്മീഷ്ണർ (ഇൻ ചാർജ്) സി ബി മധു റബർ മാസിക നവംബർ ലക്കത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു.

"തമിഴ് നാട്  മേഖലയിൽ രോഗബാധ കുറവും കാലാവസ്ഥ അനുകൂലവുമാണ്.  വിത്ത്  ധാരാളം ലഭ്യമാണ്. ആവശ്യത്തിന് തൊഴിലാളികളുമുണ്ട്. കേരളത്തിൽ കൂടുതലായി കൃഷി ചെയ്തിരിക്കുന്നത് ആർ ആർഐഐ 105 ഇനമാണ് ' അവയിൽ നിന്ന്  വിത്ത് കുറവാണ് താനും.

"നല്ല വിത്തുകൾ തെരഞ്ഞെടുത്തു നനഞ്ഞ കരിപ്പൊടി ചേർത്ത്  ചണച്ചാക്കുകളിൽ നിറച്ചു. കുരുവിന്റെ ജലാംശം നഷ്ടപ്പെടാതിരിക്കാൻ ഓരോ ചാക്കിലും ആറേഴു കിലോ നനഞ്ഞ കരിപ്പൊടി ചേർത്തു. അങ്ങിനെ 400 ചണച്ചാക്കുകളിലായി 12  മെട്രിക് ടൺ വിത്തുകൾ. എണ്ണം നോക്കിയാൽ  24 ലക്ഷം കുരു.

അസമിലെ കൃഷിക്കാർ ബോർഡ് ഓഫിസർമാരൊപ്പം- എം. രാധാമണി,  ബിനോയ് ലൂക്കോസ്, പ്രസന്നകുമാർ

അഗർത്തലയിൽ നിന്ന്  ലോറികളിൽ 280 കിലോമീറ്റർ അകലെ അസമിലെ സിൽച്ചറിൽ  എത്തിച്ച ചാക്കുകൾ എല്ലാ ചൊവ്വാഴ്ചകളിലും തിരുവനന്തപുരത്തേക്കു പോകുന്ന അരുണോയ് എക്സ്പ്രസിൽ കയറ്റി വിട്ടു. 24 മണിക്കൂർ കൊണ്ട് 60  സ്റ്റേഷനുകൾ കടന്നു തിരുവനന്തപുരത്തെത്തിയപ്പോൾ സഞ്ചരിച്ചത് 3926   കിമീ. 

നാലായിരം കിമീ ദൂരെ നിന്ന് റബർകുരു ഇറക്കുമതി ചെയ്യത്തക്കവിധം കേരളത്തിലെ റബർ കൃഷിക്കും ഉത്പ്പാദനത്തിനും സംഭവിച്ച അധോഗതിയെക്കുറിച്ച് കേരളത്തിലെ കർഷകരും ഒപ്പം സർക്കാരും ആലോചിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു!

ഇങ്ങിനിയൊക്കെ ആണെങ്കിലും, റബർ കൃഷിയിലും റബർ അധിഷ്ഠിത വ്യവസായത്തിലും നോർത്ത് ഈസ്റ്റിനു വഴികാണിക്കാൻ കേരളം മുൻപന്തിയിലുണ്ട്.. ഉദാഹരണത്തിന് അഗർത്തലയിൽ ഇന്ത്യയിലെ ഏറ്റവും വലിയ ക്രംബ് റബർ ഫാക്ടറിക്ക് ചുക്കാൻ പിടിക്കുന്നത് കോതമംഗലത്തെ പാലപ്പിള്ളിൽ കുടുംബം ആണ്. മാനേജിങ് ഡയറക്ടർ  പിഎം വർഗീസ്.
   
"ഞങ്ങളുടെ കുടുംബത്തിന് മുക്കാൽ നൂറ്റാണ്ടിലേറെയായി  റബറുമായി ബന്ധമുണ്ട്. ഏഴുവർഷമായി ഞാൻ പതിവായി അഗർത്തലയിലേക്കു യാത്രചെയ്യുന്നു" പാലപ്പിള്ളി റബേർഴ്സ് മാനേജിങ് ഡയറക്ടർ പിഎം വർഗീസ് എന്നോട് പറഞ്ഞു. തിങ്കളാഴ്ചയും അദ്ദേഹം വിമാനം കയറി 

"നാട്ടിൽ രണ്ടു യൂണിറ്റും അഗർത്തലയിൽ രണ്ടു യൂണിറ്റും ഉണ്ട്. പാലപ്പിള്ളി ടെക്‌നോ റബേഴ്‌സ് (പിടിആർ)  ഇന്ത്യ യിലെ വൻകിട ടയർ നിർമ്മിതാക്കൾക്കു ക്രമ്പ് റബർ സപ്ലൈ ചെയ്യുന്നു.  നാല് യുണിറ്റിലും കൂടിയാണ് രാജ്യത്തെ ഏറ്റവും വലിയ ക്രംപ്‌ റബർ ഉത്പാദകർ എന്ന സവിഷേത കമ്പനി നേടിയെടുത്തത്. ത്രിപുര  യുണിറ്റുകളിൽ അവിടത്തുകാരായ 200  പേർക്കെങ്കിലും ജോലി നൽകിയിട്ടുണ്ട്. പകുതിയും സ്ത്രീകളാണ്, ആണിനും പെണ്ണിനും തുല്യമായ വേതനം.   

പതിമൂന്നാം വയസിൽ നോർത്ത് ഈസ്റ്റിലെത്തിയ  സലേഷ്യൻ വൈദികൻ കുട്ടനാട് ചേന്നങ്കരി കിഴക്കേ ചേന്നാട് കെ ജെ ജോസഫ് ആണ് അഗർത്തലയിൽ ഫാക്ടറി തുടങ്ങാൻ തങ്ങളെ പ്രേരിപ്പിച്ചതെന്ന് വർഗീസ് അറിയിച്ചു. നോർത്ത് ഈസ്റ്റിൽ 55 വർഷം സേവനം ചെയ്ത, റബർകൃഷിക്കും വിപണനത്തിനും ജീവിതം ഉഴിഞ്ഞു വച്ച,   ഫാ. ജോസഫ് 2019 ൽ അന്തരിച്ചു.  അദ്ദേഹത്തിന്റെ ആലപ്പുഴയിലെ സഹോദരി പുത്രൻ ജോസി ജോസഫ് ആണ് കമ്പനിയുടെ ത്രിപുരയിലെ ജനറൽ മാനേജർ.

തിരുവിതാംകൂറിലേതു പോലെ രാജഭരണമായിരുന്നു ത്രിപുരയിലും. ബ്രിട്ടീഷ് ഗവർമെന്റ് പ്രഭു സ്ഥാനം നൽകി ബഹുമാനിച്ച മഹാരാജ ബിർ ബിക്രം നാൽപതു വർഷം  ഭരിച്ചു. അദ്ദേഹത്തിന്റെ പേരിൽ സ്‌കൂളും കോളജ്ഉം യൂണിവേഴ്‌സിറ്റിയും  ഉണ്ട്. എയർപോർട്ടും അദ്ദേഹത്തിന്റെ പേരിൽ.  അഗർത്തലയിൽ  നിന്ന് ന്യൂ ഡൽഹിക്കു രാജധാനി ഉൾപ്പെടെ  നേരിട്ട് ട്രെയിനുകൾ ഓടുന്നു. കേരളത്തിലേക്ക് നേരിട്ട് വരണമെങ്കിൽ 280   കിമീ പിന്നിലേക്ക് പോയി അസമിലെ സിൽച്ചറിൽ എത്തണം. 

മുട്ടിയുരുമ്മി കിടക്കുന്ന ബംഗ്ളാദേശിലൂടെ ത്രിപുരയെ കൊൽക്കട്ടയുമായി ബന്ധിപ്പിക്കുന്ന റെയിൽ ലൈൻ 2023ൽ തുറക്കുമ്പോക്കുമ്പോൾ  നേരിട്ടുള്ള ത്രിപുര-കേരള  റയിൽബന്ധം ഉണ്ടാവുമെന്നാണ് ആസൂത്രണ വകുപ്പിൽ ഡപ്യുട്ടി ഡയറക്ടർ ആയ നന്ദുകുമാർ പണിക്കരുടെ പ്രതീക്ഷ. 

ഹരിപ്പാട്ടുനിന്നു പാലക്കാട്ടെ ചിറ്റൂരിലേക്കു താമസം മാറ്റിയ നന്ദുവിന്റെ പിതാവ് പ്രൊഫ. ശങ്കർ മാധവ പണിക്കർ അറുപതു വർഷം മുമ്പ് 1961ൽ  അഗർത്തലയിൽ എത്തിയതാണ്. പിലാനിയിലെ ബിർള  ഇൻസ്റ്റിറ്റിയൂട്ടിൽ നിന്ന് എംഎസി എടുത്ത അദ്ദേഹം ബീർ ബിക്രം കോളജിൽ ഫിസിക്സ് പഠിപ്പിച്ചു. പ്രിൻസിപ്പലായി റിട്ടയർ ചെയ്തു.  

"56  ദിവസം പ്രായമുള്ളപ്പോൾ എന്നെ ഇവിടെ കൊണ്ടുവന്നു. ഇപ്പോൾ 56 വയസ് ആയി. 60 ആണ് ഇവിടെ റിട്ടയർമെന്റ് പ്രായം.  അഗർത്തല വിമസ് കോളജിൽ മാത്‍സ് പഠിപ്പിക്കുന്ന മലപ്പുറം സ്വദേശി കെവി ഗീതയാണ് ഭാര്യ,"  നന്ദു എന്നോട് പറഞ്ഞു. "അമ്മ സരസ്വതി ചിറ്റൂരിൽ  ഉണ്ട്. 81 വയസ് ആയി ഇടയ്ക്കിടെ വന്നു പോകും."  

സുവോളജി പ്രൊഫസറായി 1959ൽ  കോളജിൽ എത്തിയ ഡോ. പി വി നായർ ആയിരിക്കണം ഒരുപക്ഷെ ത്രിപുരയിലെ ആദ്യത്തെ മലയാളി. അന്ന് കെവി നൈനാനും അഗർത്തലയിൽ ഉണ്ടായിരുന്നു.  പ്രൊഫ. പണിക്കർ മുൻകൈ എടുത്താണ് ആദ്യത്തെ മലയാളി സമാജത്തിനു രൂപം കൊടുത്തത്. 

ത്രിപുരയിൽ   പരമാവധി  അഞ്ഞൂറ് മലയാളികൾ ഉണ്ടാവും. സൈന്യം,  ബിഎസ്എഫ് എല്ലാം ഉൾപ്പെടെ. അഗർത്തല മെഡിക്കൽ കോളജിൽ മേട്രൺ ആയ ബീന ടോം ആണ് ഇപ്പോൾ സംഘടനയുടെ പ്രസിഡണ്ട്. സ്റ്റേറ്റ് റൈഫിൾസിലെ എം ഷംനാസ് സെക്രട്ടറി. 

ത്രിപുരയിലെ ഉന്നത മലയാളികളിൽ ചീഫ് സെക്രട്ടറിമാരായിരുന്ന  എം. ദാമോദരൻ (പിന്നീട് സെബി മേധാവി ആയി),  വി. തുളസീദാസ് (ശബരി വിമാനത്താവളം പ്രോജക്ട് എംഡി), ഡിജിപി  ബിജെകെ തമ്പി, ഐജി എൻ രാജേന്ദ്രൻ (ലളിതാംബിക അന്തർജനത്തിന്റെ മകൻ) എന്നിവർ ഉൾപ്പെടുന്നു.   

ലാൽതൻലിയാനി  ദർലോങ് എന്ന "ത്രിപുര സുന്ദരി"യെ  ജീവിതപങ്കാളിയാക്കിയ ജിനേഷ് അഗസ്റ്റിനുമുണ്ട് കമ്മിറ്റിയിൽ. ഹോളിക്രോസ് കോളജിലെ ടെക്നിക്കൽ അസിസ്റ്റന്റ് ആണ് തൊടുപുഴ കരിമണ്ണൂർ സ്വദേശി ജിനേഷ്. ഭാര്യ ഹോളിക്രോസ് സ്‌കൂളിൽ അദ്ധ്യാപികയും. മർക്കോസും ഹന്നയും  മക്കൾ. ത്രിപുരക്കാരിയെ വിവാഹം കഴിച്ച ആളാണ് സമാജം സെക്രട്ടറി ഷംനാസ്. ഡിവൈഎസ്പി ആലപ്പുഴ കളത്തൂർ ജസ്റ്റിൻ ജോസ് വിവാഹം ചെയ് തിരിക്കുന്നതും ഡിവൈഎസ്പി തന്നെയായ നാട്ടുകാരിയെ. 
 
ആസാം അതിർത്തിയോടു തൊട്ടുരുമ്മി മേഘാലയത്തിലെ മെണ്ടിപത്തറിൽ   അര നൂറ്റാണ്ടായി സേവനം ചെയ്യുന്ന മെഡിക്കൽ മിഷൻ കന്യാസ്ത്രീ റോസ് കയത്തിങ്കൽ ആണ് നോർത്ത് ഈസ്റ്റിലെ റബർ പ്രമോട്ടർമാരിൽ പ്രമുഖയായ മറ്റൊരു മലയാളി. 80 എത്തിയിട്ടും അവർ നയിക്കുന്ന സഹകരണ സംഘം ഏഴുകോടി രൂപ മുടക്കി ഒരു സെന്റിഫ്യുജ്  ലാറ്റസ് ഫാക്ടറി തുടങ്ങുന്നു. 35 കിമീ അകലെ ഈസ്റ് ഗാരോ ഹിൽസിലെ നെങ്സാറ്റിൽ  ഫാക്ടറിയുടെ ശിലാസ്ഥാപനം മുഖ്യമന്ത്രി ഡോ. കോൺറാഡ് സംഗമ തിങ്കളാഴ്ച നിർവഹിച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക