Image

ഹന്നായുടെ ക്രിസ്തുമസ് (കഥ - അവസാന ഭാഗം : ഐപ്പ് മാത്യൂസ് )

Published on 13 December, 2022
ഹന്നായുടെ ക്രിസ്തുമസ് (കഥ - അവസാന ഭാഗം : ഐപ്പ് മാത്യൂസ് )

തിരികെ സത്രത്തിൽ എത്തിയ ഹന്നാ  വീണ്ടും അവളുടെ ജോലികളിൽ വ്യാപൃതയായി. ജോലിയേറെ ഉണ്ടായിരുന്നിട്ടും പറയാനാവാത്ത ഒരു സന്തോഷം അവളുടെ ഹൃദയത്തിൽ നിറഞ്ഞു; നിസ്സഹായരായ  രണ്ടു യാത്രക്കാരെ സഹായിക്കാൻ കഴിഞ്ഞതോർത്ത്. ഹന്നാ   ജോലികളൊക്കെ  തീർത്തപ്പോൾ രാവേറെയായി. ഗൂഹയിൽ പിറക്കാൻ പോകുന്ന കുഞ്ഞിനെ  ഓർത്ത് ഹന്നാ   പ്രാർത്ഥിച്ചുകൊണ്ടേയിരുന്നു. സത്രത്തിൽ 
അന്തിയുറങ്ങാൻ എത്തിയ യാത്രക്കാരും അവരുടെ മൃഗങ്ങളും ഉറക്കത്തിലായിട്ടും അവൾക്ക് ഉറങ്ങാൻ കഴിഞ്ഞില്ല.  ഒരു ചെറുജാലകത്തിലൂടെ യഹൂദിയൻമാനത്ത്  തെളിഞ്ഞു നിന്നിരുന്ന നക്ഷത്രങ്ങളെ നോക്കി അവൾ നിന്നു. ഏതോ മരച്ചില്ലയിൽ ഇരുന്ന് ഒരു രാപ്പാടി  മധുരമായി പാടുന്നതും, രാക്കാറ്റിന്റെ മൃദുസ്വരവും, അകലെ നിന്ന് ആടുകളുടെ കരച്ചിലും അവൾ  കേട്ടു.

പെട്ടന്ന് സകല ചരാചരങ്ങളും നിശബ്ദരായി.. പ്രപഞ്ചം മുഴുവനും ഒരുനിമിഷം   നിശ്ചലമായതുപോലെ ഹന്നായ്ക്ക് തോന്നി... ഒരനക്കവും ഇല്ല.. ഒരു ശബ്ദവും   കേൾക്കാനില്ല.... അപ്പോൾ ഗുഹയുടെ ദിശയിൽ  നിന്നും ഒരു നവജാതശിശുവിന്റെ  കരച്ചിൽ  ഹന്നാ   കേട്ടു. ആ നിമിഷം ഒരു വൻആഘോഷം തുടങ്ങുന്ന മട്ടിൽ പ്രപഞ്ചം വീണ്ടും ഉണർന്നു...പലയിടങ്ങളിൽ നിന്നും  വാനമ്പാടികൾ  പാടുന്നതും, ആടുകൾ  ശബ്ദം  ഉണ്ടാക്കുന്നതുമൊക്കെ അവൾ കേട്ടു. ഗുഹയിലേയ്ക്ക് ഓടി കുഞ്ഞിനെ കാണാൻ അവളുടെ മനസ്സ്  തുടിച്ചു. പുറത്തേയ്ക്ക് ഒരു ചുവടു വയ്ക്കാൻ തുടങ്ങിയപ്പോൾ  അഭൗമമായ ഒരു പ്രകാശം അവിടെയെങ്ങും നിറഞ്ഞു.  മാനത്ത്  പുതിയതായി പ്രത്യക്ഷപ്പെട്ട ഒരു വലിയ 
നക്ഷത്രമാണ് പ്രകാശത്തിന്റെ ഉറവിടം എന്ന് അവൾ തിരിച്ചറിഞ്ഞു. തെളിഞ്ഞതുപോലെ നക്ഷത്രം പെട്ടന്ന് മറഞ്ഞു.. എന്താണ്  
സംഭവിക്കുന്നതെന്നറിയാതെ  പകച്ചു നിന്നപ്പോൾ കുറച്ചകലെ കിഴക്ക് നിന്നും ഒരു ഗാനം മുഴങ്ങി.

" അത്യുന്നതങ്ങളിൽ ദൈവത്തിനു മഹത്വം. ഭൂമിയിൽ  ദൈവപ്രസാദം ഉള്ള മനുഷ്യർക്ക്   സമാധാനം" 

ആരായിരിക്കും ഈ രാത്രിയി ൽ  ഇത്രയും മനോഹരമായി പാടുന്നത്?   എന്താണ് സംഭവിക്കുന്നത് ?  ഒരു നൂറു സംശയങ്ങൾ.  അറിയാതെ ഒരു ഭയം  ഹന്നായെ  പിടികൂടി... ഭയം മാറ്റാൻ  അവൾ മുട്ടുകുത്തി പ്രാർത്ഥന തുടങ്ങി... എത്ര സമയം പ്രാർത്ഥനയിൽ ആയിരുന്നു എന്ന് അവൾക്കു തന്നെ ഓർമ്മയില്ല..   സത്രത്തിലേയ്ക്ക് ആരോ നടന്നടുക്കുന്നതായി   തോന്നിയപ്പോൾ   അവൾ പുറത്തിറങ്ങി. മങ്ങിയ വെട്ടത്തിൽ  അവൾ  ആഗതരെ തിരിച്ചറിഞ്ഞു.   അബിയായുടെ ചങ്ങതിമാരായ  ഒരുകൂട്ടം ഇടയന്മാരായിരുന്നു  അവർ. എന്നാൽ  ഒരു സ്ത്രീ അവരുടെ കൂടെ വരുന്നത് കണ്ട് അവൾ അത്ഭുതപ്പെട്ടു. ആഗതയുടെ  മുഖം ഒരു കമ്പിളി കൊണ്ട് മൂടിയിരുന്നതുകൊണ്ടും അവരുടെ രൂപം മുന്നിൽ നടന്നിരുന്ന ഇടയന്മാരാൽ പാതി മറയപ്പെട്ടതുകൊണ്ടും അതാരാണെന്ന്  ഹന്നാ  തിരിച്ചറിഞ്ഞില്ല. 

നടന്നു വന്നുകൊണ്ടിരുന്നവർ അവൾക്കു പരിചിതരായതുകൊണ്ട് , സത്രത്തിൽ നിന്നിറങ്ങി അവരുടെ നേരെ ഹന്നാ നടന്നു.

" ഹന്നാ ഞങ്ങളുടെ  കൂടെ നടന്നു വരുന്നത് ആരാണെന്ന് നോക്കിക്കേ?"  ഹന്നായെ  കണ്ട ഇടയന്മാരിൽ ഒരാൾ വിളിച്ചു പറഞ്ഞു. 

"  ആരാണത്?"  ഹന്നാ   കൗതുകത്തോടെ ചോദിച്ചു. 

" ഹന്നാ തന്നെ കണ്ടുപിടിക്ക്"  മറ്റൊരു ഇടയൻ പറഞ്ഞു. 

ആ നിമിഷം  നടന്നു വരുന്ന സ്ത്രീയെ തനിക്ക് എങ്ങനോ പരിചയമുണ്ടെന്ന്  ഹന്നായ്ക്കു തോന്നി. പക്ഷേ  വിചിത്രമായി തോന്നിയത് തനിക്ക് പരിചയമുള്ള വ്യക്തി വർഷങ്ങളായി ശയ്യാവലംബിയായ തന്റെ സ്വന്തം മാതാവാണ്. എന്നാൽ  നേരെ നടന്നു വരുന്ന വ്യക്തി ഉറച്ച കാലുകളോടെ നടക്കുകയാണ്. ഇത് അമ്മയെപ്പോലിരിക്കുന്ന മറ്റാരെങ്കിലുമാണോ? സംശയത്തോടെ ഏതാണ്ട് അടുത്തെത്തിയ ആ സ്ത്രീയെ അവൾ നോക്കി നിന്നു.  

" ഹന്നാ, എന്റെ  മകളെ  അത്ഭുതപ്പെടേണ്ട. ഇത് നിന്റെ അമ്മയാണ്" അമ്മയുടെ ശബ്ദം ഹന്നാ തിരിച്ചറിഞ്ഞു. അപ്പോഴും അവിശ്വാസത്തിന്റെ പിടിയിൽ ആയിരുന്ന അവൾ അറിയാതെ മുന്നോട്ടു നടന്നു. നിമിഷങ്ങൾക്കകം,  അമ്മയുടെ കരവലയങ്ങളിൽ ഒതുങ്ങി. 

" എന്റെ അമ്മേ, അമ്മയ്ക്ക് നടക്കാമോ?"  അപ്പോഴും അത്ഭുതം വിട്ടു മാറാതെ അവൾ ചോദിച്ചു. 

"  അതെ മകളെ, അമ്മയ്ക്ക് ഇപ്പോൾ നന്നായി നടക്കാം. ദൈവം നമ്മുടെ പ്രാർത്ഥന കേട്ടു." മകളെ  വീണ്ടും ആലിംഗനം ചെയ്തു കൊണ്ട് മിറിയം പറഞ്ഞു. 

കിടക്കയിൽ  അങ്ങോട്ടുമിങ്ങോട്ടും  തിരിയാനാവാതെ, അയൽപക്കംകാരുടെ ദാക്ഷിണ്യംകൊണ്ട് ജീവിച്ചിരുന്ന ആ  സാധു വിധവ എഴുന്നേറ്റ്  രാത്രിയിൽ, ബെയിത് സഹൂർ  മുതൽ ബെത്‌ലെഹെം വരെ  നടന്നിരിക്കുന്നു! ' ഇതെങ്ങനെ സംഭവിച്ചു'?  നടന്നത് അറിയാൻ  ഹന്നായ്ക്ക്   ആകാംഷയായി. 

അപ്പോൾ  മിറിയാം  ആ അത്ഭുതസൗഖ്യത്തിന്റെ പൊരുൾ അഴിച്ചു. സ്വന്തം അവസ്ഥയെയും മകളുടെ കഷ്ടപ്പാടിനേയും ഓർത്ത്‌ സങ്കടത്തോടെ, നിസ്സഹായയായി  ഉറക്കമില്ലാതെ കട്ടിലിൽ  കിടന്ന് അവർ   പ്രാർത്ഥിച്ചുകൊണ്ടിരുന്ന സമയം, ഹന്നാ  കേട്ട അതേ  പാട്ട് തൊട്ടടുത്ത കുന്നിൻചെരുവിൽ നിന്നും മുഴങ്ങിയത് മിറിയാമും ശ്രദ്ധിച്ചു.   പാട്ടിന്റെ ശബ്ദം നിലച്ച നിമിഷം മിറിയാമിന്റെ  മുറിയിൽ പെട്ടന്ന് ഒരു പ്രകാശം പരന്നു. ആ പ്രകാശത്തിൽ നിന്നും തന്റെ തളർന്ന  അവസ്ഥ  യഹോവ മാറ്റി അവളെ സുഖപ്പെടുത്തിയിരിക്കുന്നതായി ഒരു ശബ്ദവും കേട്ടു.  അപ്പോൾ തളർന്ന തന്റെ  കൈകാലുകളിലേയ്ക്ക്  ഒരു  വലിയ ശക്തി കടന്നുവരുന്നതായി  മിരിയാമിന് അനുഭവപ്പെട്ടു. തനിക്കു കൈകാലുകൾ അനക്കാനാവും എന്നുള്ള തിരിച്ചറിവ് എഴുന്നേൽക്കാൻ  അവരെ  പ്രേരിപ്പിച്ചു. ആരോഗ്യവതിയായ ഒരു യുവതിയുടെ  മട്ടിൽ  കട്ടിലിൽ നിന്നും ചാടി എഴുന്നേൽക്കാനായ നിമിഷം അവർ ആ മുറിയിലൂടെ ഓടി നടന്നു ദൈവത്തെ  ഉച്ചത്തിൽ പുകഴ്ത്തിപ്പാടുവാൻ തുടങ്ങി.  ആഹ്ലാദത്തിന്  അതിരില്ലെന്ന്  സ്വയം തോന്നി.   ആ സമയം   താഴ്‌വരയുടെ കിഴക്കു നിന്ന്  അവിടെത്തിയ   ഇടയന്മാർ  അവളുടെ സന്തോഷത്തിന്റെ    
കാരണമറിയാൻ വാതിലിൽ തട്ടി.  അവരോട്  അവൾ  നടന്നതൊക്കെ പറഞ്ഞു. ഇടയന്മാർക്കും ഉണ്ടായിരുന്നു  ഒരു മഹാസന്തോഷത്തിന്റെ കഥ പറയാൻ; യഹൂദൻമാർ  കാലങ്ങളായി കാത്തിരുന്ന രക്ഷകൻ പിറന്ന കഥ. ആടുകൾക്ക്  കാവലിരുന്നിരുന്ന  അവരുടെ മദ്ധ്യത്തിൽ മിന്നുന്ന വേഷമണിഞ്ഞ ഒരു ദൈവദൂതൻ  പ്രത്യക്ഷപ്പെട്ട് സർവമനുഷ്യർക്കുമുള്ള   നല്ല വാർത്തയായി  ബെത്ലെഹെമിൽ അവർ കാത്തിരുന്ന ലോകരക്ഷകൻ  പിറന്നത്  അറിയിച്ചതും, ശീലകളിൽ  പൊതിഞ്ഞ്  പുൽത്തൊഴുത്തിൽ  കിടത്തിയിരിക്കുന്ന ദിവ്യശിശുവിനെ പോയിക്കാണാൻ  നിർദേശിച്ചതും തുടർന്ന് മാലാഖമാരുടെ  എണ്ണിക്കൂടാനാവാത്ത ഒരുകൂട്ടം  സമാധാനത്തിന്റെ ദിവ്യസംഗീതം ആലപിച്ചതും  ഉൾപ്പെടെയുള്ള  അത്ഭുതകഥ കേട്ട്   മിറിയം കോരിത്തരിച്ചു. താൻ കുറെ മുൻപ്  കേട്ട അതേ പാട്ടാണ് ഇടയന്മാർ കേട്ടതെന്നും തനിക്കു ലഭിച്ച അത്ഭുതസൗഖ്യത്തിന്റെ കാരണം  വർഷങ്ങളായി  രോഗക്കിടക്കയിൽ തന്റെ പ്രത്യാശയും ശക്തിയുമായിരുന്ന    മിശിഹായുടെ  പിറവിയാണെന്നും   തിരിച്ചറിഞ്ഞ നിമിഷം തന്നേക്കൂടെ ബെത്‌ലഹേമിൽ കൊണ്ടുപോകണമെന്ന്  ഇടയന്മാരോട് മിറിയം അപേക്ഷിച്ചു.  അവർ സന്തോഷത്തോടെ സമ്മതിച്ചൂ. തനിക്കു ലഭിച്ച രോഗശാന്തിയെപ്പറ്റി ഹന്നായും അറിയണമെ ന്ന്  മിറിയം ആഗ്രഹിച്ചു.  അതിനാണ് അവർ ആദ്യം സത്രത്തിലേയ്ക്ക്   വന്നത്.

ഹന്നായുടെ ഹൃദയം ആഹ്ലാദം കൊണ്ട് നിറഞ്ഞു.  താനും അബിയായും നേരത്തെ  ചിന്തിച്ചതുപോലെ തന്നെ അസാധാരണമായ പല കാര്യങ്ങൾ   നടന്ന ഒരു രാത്രിയാണതെന്നു അവൾ തിരിച്ചറിഞ്ഞു; അത്ഭുതങ്ങളുടെ ഒരു രാത്രി,  അവളുടെ അമ്മയുടെ സൗഖ്യത്തിന്റെ രാത്രി,  യുഗങ്ങളായി  തങ്ങൾ കാത്തിരുന്ന മിശിഹാ പിറന്ന രാത്രി.  ആ ദിവ്യശിശു  പിറന്ന നേരം സർവ്വചരാചരങ്ങളും  നിശ്ചലമായതിന്റെ പൊരുളും അവൾക്ക്  മനസ്സിലായി. 

" ശിശു  ജനിച്ച സ്ഥലം നിങ്ങൾക്കറിയാമോ?"  ആട്ടിടയന്മാരിൽ ഒരാളോട് ഹന്നാ ചോദിച്ചു.

"  കൃത്യമായി അറിഞ്ഞുകൂടാ ദൈവദൂതൻ പറഞ്ഞത് ദാവീദിന്റെ നഗരത്തിൽ,  ഒരു പുൽത്തൊട്ടിയിൽ കുഞ്ഞു പിറന്നു എന്നാണ്. അടുത്തുള്ള ഗുഹകളിൽ ഏതിലെങ്കിലും ആയിരിക്കും ആ പുൽത്തൊട്ടി.  ഞങ്ങൾ അത് കണ്ടുപിടിക്കാൻ പോവുകയാണ്.  ഈ പ്രദേശത്ത്   മൃഗങ്ങളെ സൂക്ഷിക്കുന്ന ഗുഹകളെപ്പറ്റി ഞങ്ങൾക്ക് ഏകദേശം അറിയാം" ആട്ടിടയന്റെ മറുപടി കേട്ട്  ഹന്നാ പുഞ്ചിരിച്ചു. 

"  കഷ്ടപ്പെടേണ്ട. എനിക്കറിയാം  ഏതു ഗുഹയിലാണ്  മശിഹാ പിറന്നെതെന്ന്. ഞാൻ നിങ്ങളെ അവിടെക്കൊണ്ടുപോകാം."  ഹന്നാ അത്യാഹ്ലാദത്തോടെ പറഞ്ഞു.  ഹന്നായുടെ ആത്മവിശ്വാസം നിറഞ്ഞ വാക്കുകൾ ഇടയന്മാരെ അത്ഭുതപ്പെടുത്തി. 

ചുരുങ്ങിയ വാക്കുകളിൽ  യോസേഫിനെയും  മറിയയെയും കണ്ടുമുട്ടിയ കഥ ഹന്നാ ഇടയരോടും അമ്മ  മിറിയാമിനോടും പറഞ്ഞു. അന്നത്തെ  രാത്രിയാമങ്ങളിൽ സംഭവിച്ച കാര്യങ്ങൾ പറഞ്ഞു തീർത്ത ഉടൻ അവൾ ധൃതി കൂട്ടി. 

" നമുക്ക് ഉടൻ   നമ്മുടെ മിശിഹായെ കാണാം."   അങ്ങനെ പറഞ്ഞപ്പോഴും   ഒരു  ദുഃഖം മാത്രം ഹന്നായുടെ  മനസ്സിൽ ഉറഞ്ഞുകൂടിയിരുന്നു.  അബിയ എവിടെ എന്നന്വേഷിച്ചപ്പോൾ അവന്റെ  പിതാവ്   യെഹ്ഫെത്, മറ്റിടയന്മാരുടെ കൂടെ ബെത്ലെഹെമിലേയ്ക്ക് പോകാൻ   അവനെ അനുവദിച്ചില്ലെന്ന് ഇടയന്മാരിൽ ഒരുവൻ പറഞ്ഞതായിരുന്നു  ദുഃഖകാരണം.  ആടുകളെ നോക്കാൻ ആരെങ്കിലും വേണം എന്ന പിതാവിന്റെ  കൽപ്പനയ്ക്കു അവന്നു വഴങ്ങേണ്ടി  വന്നത്രെ! 

" അവൻ  ജോലി തീർത്തിട്ട്  രാവിലെ  ശിശുവിനെക്കാണാൻ വന്നോളും.  ഹന്നാ വിഷമിയ്ക്കേണ്ട". മറ്റൊരിടയൻ   അവളെ ആശ്വസിപ്പിച്ചു. 

ഇടയൻമാരും, സാധുവായ വിധവയും അവളുടെ മകളും ഗുഹയിലേയ്ക്ക്ക്  യാത്രയായി. രാത്രിയുടെ നിശബ്ദതയിൽ അവർ മുന്നോട്ടു നീങ്ങി. ആകാശത്ത്  കുറെ മുമ്പ്  തെളിഞ്ഞ താരകം അപ്പോൾ  കാണാനുണ്ടായിരുന്നില്ല.  മാലാഖമാരുടെ ഗാനം കേൾക്കാനുണ്ടായിരുന്നില്ല. എങ്കിലും ഗുഹ അടുക്കാറായപ്പോൾ, തങ്ങളുടെ രക്ഷിതാവിനെ വണങ്ങാൻ പോവുകയാണ് എന്ന ചിന്ത അവരുടെ ആഹ്ലാദം നൂറു മടങ്ങാക്കി. അവരുടെ എല്ലാ ദുഃഖങ്ങളും അവർ മറന്നു. 

ശീലകളിൽ ചുറ്റപ്പെട്ടു, പുൽത്തൊട്ടിയിൽ  കിടത്തിയിരുന്ന  അവരുടെ രക്ഷിതാവിനെ, അവർ  കൺകുളിർക്കെ കണ്ടുവണങ്ങി . ശിശു ശാന്തമായ  ഉറക്കത്തിൽ ആയിരുന്നു. ഹന്നായെക്കണ്ടപ്പോൾ യോസേഫ്  അവളെ നോക്കി നന്ദി നിറഞ്ഞ ഭാവത്തോടെ പുഞ്ചിരിച്ചു. ക്ഷീണിത ആയിരുന്നിട്ടും മറിയം എഴുന്നേറ്റ്   സത്രത്തിലെ അനിശ്‌ചിതത്വത്തിന്റെ   നടുവിൽ അവരുടെ സംരക്ഷകയായി   എത്തിയ  ഹന്നായെ ചേർത്ത് പിടിച്ചു തഴുകി. ഇടയന്മാരും, മിറിയാമും യോസേഫിനോടും   മറിയമിനോടും  ആ രാത്രിയിൽ സംഭവിച്ച അത്ഭുതകരമായ അനുഭവങ്ങൾ പങ്കിട്ടു. നസ്രേത്തിൽ വച്ച്   മറിയയ്ക്കു   ദൈവദൂതൻ പ്രത്യക്ഷപ്പെട്ട്  പരിശുദ്ധാത്മാവിനാൽ   ദൈവപുത്രനെ  ഗർഭം ധരിയ്ക്കുമെന്ന്  വെളിപ്പടുത്തിയത്  മുതലുള്ള കാര്യങ്ങൾ   യോസേഫിനും പറയാനുണ്ടായിരുന്നു. 

അപ്പോഴേയ്ക്കും നവജാതശിശു മെല്ലെ കണ്ണുകൾ തുറന്നു. താഴ്മയുടെ നിറകുടങ്ങളായിരുന്ന  ആഗതർ എല്ലാവരും  വീണ്ടും  അവരുടെ മിശിഹായെ താണുവീണു വണങ്ങി. ഏറെ സന്തോഷത്തോടെ അവർ ദൈവത്തെ വാഴ്ത്തി.  ഹന്നാ വീണ്ടും കുഞ്ഞിനെ നോക്കി. ആ ശിശു അവളെത്തന്നെ നോക്കുകയാണെന്ന് അപ്പോൾ അവൾക്കു  തോന്നി; സൃഷ്ടിതാവ്  സൃഷ്ടിയെ ആ കുഞ്ഞിക്കണ്ണുകളിൽ കൂടെ 
നോക്കുന്നതുപോലെ.  സന്തോഷാശ്രുക്കൾ അവളുടെ കവിളുകളിൽക്കൂടെ ഒഴുകിയപ്പോൾ,  ദൂതൻ അരുളി ചെയ്ത,   മനുഷ്യബുദ്ധിയ്ക്ക്  അപ്പുറമുള്ള, മഹാസന്തോഷം   ഹന്നായുടെ ഹൃദയത്തിൽ  ഒരു യാഥാർഥ്യമാവുകയായിരുന്നു. 

സർവ്വേശ്വരനെ  സ്തുതിച്ചും കൊണ്ട് ആ ചെറിയ കൂട്ടം ബെയ്ത് സഹൂറിലേയ്ക്ക്  മടങ്ങി.  അവർക്കുണ്ടായ അത്ഭുതാനുഭവങ്ങൾ എല്ലാവരോടും  പറഞ്ഞു നടന്നു.


ശുഭം

IPE MATHEWS' STORY # X'MAS

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക